sections
MORE

പെൺപടയൊരുക്കം; ഓഫിസർ ഇതര തസ്തികകളിലും സൈന്യത്തിൽ ചേരാം

HIGHLIGHTS
  • പരിശീലന സമയത്ത് 30,000 രൂപ ശമ്പളം
army
SHARE

ഓഫിസർ ഇതര തസ്തികയിൽ ആദ്യമായി വനിതകളെ റിക്രൂട് ചെയ്ത വാർത്ത വന്നപ്പോൾ ഏറെപ്പേർ അന്വേഷിച്ചത് നിയമന രീതിയും പരിശീലനവും എങ്ങനെ എന്നതായിരുന്നു. പുരുഷ സൈനികർക്കായുള്ളതു പോലെ റിക്രൂട്മെന്റ് റാലിയിലൂടെയാണ്ഇവരുടെയും തിരഞ്ഞെടുപ്പ്. കേരളത്തിൽനിന്നുള്ളവർക്കു കഴിഞ്ഞവർഷം ബെംഗളൂരുവിലായിരുന്നു റാലി.

2 ലക്ഷം അപേക്ഷകർ: അവസരം 100 പേർക്ക്

രണ്ടു ലക്ഷം അപേക്ഷകരിൽനിന്നു മിലിറ്ററി പൊലീസിലേക്ക് ആദ്യമായി റിക്രൂട് ചെയ്ത 100 വനിതകളിൽ ആറുപേരാണു മലയാളികൾ. 45 % മാർക്കോടെ പത്താം ക്ലാസ് വിജയമാണ് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷകരിൽനിന്ന് ഒഴിവുകൾക്ക് ആനുപാതികമായി കട്ട്ഓഫ് മാർക്ക് നിശ്ചയിച്ചാണ് റിക്രൂട്മെന്റ് റാലിക്ക് എത്തേണ്ടവരെ തിരഞ്ഞെടുക്കുന്നത്. 86 % മാർക്കായിരുന്നു ആദ്യ ബാച്ചിനുള്ള കട്ട്ഓഫ്. മേയിൽ പരീശിലനം ആരംഭിക്കാനിരിക്കുന്ന രണ്ടാം ബാച്ചിന് ഇത് 85 % ആയി. അപേക്ഷകർക്ക് എഴുത്തുപരീക്ഷയും നിശ്ചിത ശാരീരിക, കായികക്ഷമതാ മാനദണ്ഡങ്ങളുമുണ്ട്. പ്രായപരിധി 17 1/2 - 21. അവിവാഹിതരായിരിക്കണം. കുട്ടികളില്ലാത്ത വിവാഹമോചിതർക്കും വിധവകൾക്കും വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം. 2020 ജനുവരി 6നു പരിശീലനം തുടങ്ങിയ ആദ്യ ബാച്ചിൽ 21 പേർ ബിരുദധാരികളാണ്. 51 പേർക്കും എൻസിസി പശ്ചാത്തലമുണ്ട്.

മാറ്റിയെടുക്കും, അടിമുടി

6 ആഴ്ച അവധി ഉൾപ്പെടെ മൊത്തം 61 ആഴ്ചയാണു പരിശീലനം. ആദ്യ 29 ആഴ്ച പ്രധാനമായും കായികശേഷി മെച്ചപ്പെടുത്താനുള്ള പരിശീലനമാണ്. നിറയൊഴിക്കൽ, ജീപ്പും ബുള്ളറ്റും ഓടിക്കൽ, നീന്തൽ തുടങ്ങിയവ ഈ കാലയളവിൽ പരിശീലിപ്പിക്കും. കൺട്രോൾ റൂം മാനേജ്മെന്റ്, ട്രാഫിക് മാനേജ്മെന്റ് വനിതകൾക്കെതിരായ കുറ്റകൃത്യങ്ങളും മറ്റും കണ്ടുപിടിക്കാനുള്ള പരിശീലനം തുടങ്ങിയവ പിന്നീടുള്ള 26 ആഴ്ചകളിലുണ്ടാകും. യൂണിഫോം മുതൽ ഹെയർസ്റ്റൈൽ വരെയുള്ള കാര്യങ്ങളിലെല്ലാം പുരുഷ സൈനികർക്കുള്ള അതേ വ്യവസ്ഥകളാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ആദ്യമായി നാട്ടിൽ അവധിക്കു പോകുമ്പോഴേക്കും പലരും തിരിച്ചറിയാൻ പറ്റാത്ത വിധം മാറിപ്പോയിരുന്നു. ഞായറാഴ്ച 2 മണിക്കൂർ വീട്ടിൽ വിളിക്കാൻ അനുമതിയുണ്ട്.

പരിശീലന സമയത്ത് 30,000 രൂപ ശമ്പളം

പരിശീലന സമയത്ത് 22,000 രൂപ അടിസ്ഥാന ശമ്പളം ഉൾപ്പെടെ 30,000 രൂപയാകും ലഭിക്കുക. ആദ്യ ബാച്ചിനെ മേയ് 8നു പാസിങ് ഒൗട്ട് പരേഡിനു ശേഷം ലാൻസ് നായിക് റാങ്കിൽ നിയമിക്കും. ശമ്പളവും വർധിക്കും. യുദ്ധ-സമാധാന മേഖലകളിൽ മിലിറ്ററി പൊലീസിലെ പുരുഷ സൈനികർ ചെയ്യുന്ന എല്ലാ സേവനങ്ങളിലേക്കും ഇവരെയും നിയോഗിക്കും. 17 വർഷം കൊണ്ട് 1700 വനിതകളെ റിക്രൂട് ചെയ്യുകയാണു സൈന്യത്തിന്റെ ലക്ഷ്യം.

കരസേനയിലെ ക്രമസമാധാന പാലനം, അച്ചടക്കം തുടങ്ങിയവയുടെ ചുമതല മിലിറ്ററി പൊലീസിനാണ്. ലൈംഗിക പീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കുക, കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, അതിർത്തിയിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്നു പ്രദേശവാസികളെ ഒഴിപ്പിക്കുക, ഇവിടെയുള്ള സ്ത്രീകളെയും മറ്റും പരിശോധിക്കുക, യുദ്ധത്തടവുകാരെ പാർപ്പിക്കാനുള്ള പ്രത്യേക ക്യാംപുകൾ നടത്തുക തുടങ്ങിയവയാകും ഇവരുടെ പ്രധാന ചുമതലകൾ.

കൂടുതൽ വിവരങ്ങൾക്ക്: www.joinindianarmy.nic.in

പൊരുത്തപ്പെടാനുള്ള സമയമായിരുന്നു ആദ്യത്തെ മൂന്നാഴ്ച. 

തുടക്കത്തിൽ കായിക പരിശീലനത്തിൽ ചെറിയ ഇളവുകളുണ്ടെന്നതു മാറ്റിനിർത്തിയാൽ ബാക്കിയെല്ലാ പരിശീലനരീതികളും പുരുഷന്മാർക്കു സമം. രാവിലെ 5.20നു ഡ്രിൽ ആരംഭിക്കും. ചില ദിവസങ്ങളിൽ രാത്രി 8.30 വരെ പരിശീലനം നീളും.

ലഫ്.കേണൽ ജൂലി,

കോർ ഓഫ് മിലിറ്ററി പൊലീസ് (സിഎംപി) സെന്റർ ആൻഡ് സ്കൂൾ, ബെംഗളൂരു

English Summary: Career Scope Of Women In Indian Army

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA