ADVERTISEMENT

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഓഫിസർ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഴുവൻ ഉത്തരക്കടലാസുകളും സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ. പരീക്ഷ എഴുതിയ ആർക്കും ഉത്തരക്കടലാസിന്റെ പകർപ്പും ടാബുലേഷൻ ഷീറ്റും നൽകാൻ പിഎസ്‌സി തയാറാണ്.

 

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ശേഷമേ മാർക്ക് പുറത്തു വിടാവൂ എന്നാണു ചട്ടം. റാങ്ക് പട്ടിക വന്നാൽ ഉത്തരക്കടലാസിനും ടാബുലേഷൻ ഷീറ്റിനും അപേക്ഷിക്കാം. എല്ലാവർക്കും അതു നൽകും. ഈ പരീക്ഷ എഴുതിയ മുഴുവൻ പേരുടെയും മൂല്യനിർണയവും ടാബുലേഷനും പൂർത്തിയാക്കി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിട്ടു ദിവസങ്ങളായി. ഇന്റർവ്യൂ തുടങ്ങാനിരിക്കെയാണ് ഉത്തരക്കടലാസ് കാണാനില്ലെന്ന ആരോപണം ചിലർ ഉന്നയിക്കുന്നത്. 

 

ഉത്തരക്കടലാസ് സ്കാൻ ചെയ്തു കംപ്യൂട്ടർ സ്ക്രീനിൽ അധ്യാപകർക്കു ലഭ്യമാക്കുന്ന ഓൺസ്ക്രീൻ മാർക്കിങ് രീതിയാണ് മൂല്യനിർണയത്തിന് ഉപയോഗിച്ചത്. കംപ്യൂട്ടറിൽ കാണുന്ന ഉത്തരക്കടലാസിൽ മാർക്കിടാൻ സാധിക്കില്ല. ഒരു പേപ്പർ 2 അധ്യാപകർ നോക്കും. രണ്ടു പേരും ഇട്ട മാർക്കുകൾ നേരെ ടാബുലേഷൻ സെക്‌ഷനിലേക്കു പോകുകയും അവിടെ നിന്നു മാർക്ക് ഷീറ്റ് തയാറാക്കുകയുമാണ് ചെയ്യുന്നത്.

 

അധ്യാപകർക്കു വായിക്കാൻ കംപ്യൂട്ടറിൽ സ്കാൻ ചെയ്തു കയറ്റിയ ഉത്തരക്കടലാസിന്റെ പകർപ്പുകൾ കാണാതായെന്നാണ് ആരോപണം. യഥാർഥ ഉത്തരക്കടലാസ് മുഴുവൻ സുരക്ഷിത സെർവറിൽ സൂക്ഷിച്ചിട്ടുണ്ട്. അതല്ല കംപ്യൂട്ടറിൽ സ്കാൻ ചെയ്തു കയറ്റിയ പകർപ്പ് കാണാതായെന്നു സംശയം ഉള്ളവർക്ക് കംപ്യൂട്ടർ സ്ക്രീനിൽ നൽകിയ പകർപ്പിന്റെ പ്രിന്റൗട്ട് എടുത്തു നൽകാനും പിഎസ്‌സി തയാറാണ്. 

 

തെറ്റായ വാർത്ത: നിയമ നടപടി സ്വീകരിക്കും

കെഎഎസ് ഓഫിസർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടെന്ന രീതിയിൽ തെറ്റായ വാർത്ത തയാറാക്കിയവർക്ക് എതിരെ നിയമനടപടി സ്വീകരിക്കാൻ പിഎസ്‌സി. സിറ്റി പൊലീസ് കമ്മിഷണർക്കു പിഎസ്‌സി സെക്രട്ടറി പരാതി നൽകും. നടപടികൾ സ്വീകരിക്കാൻ പിഎസ്‌സിയുടെ വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

English Summary: Kerala PSC KAS Examination Answer Sheet Missing Allegation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com