എൽപി, യുപി അധ്യാപക മൂല്യനിർണയം തീരാറായി; റാങ്ക് ലിസ്റ്റ് വൈകും

HIGHLIGHTS
  • പരീക്ഷകളുടെ മൂല്യനിർണയം അവസാനഘട്ടത്തിൽ
Teacher
SHARE

എൽപിഎസ്ടി, യുപിഎസ്ടി പരീക്ഷകളുടെ മൂല്യനിർണയം അവസാനഘട്ടത്തിൽ. രണ്ടു തസ്തികകളുടെയും ഉത്തരക്കടലാസ് ബി പാർട്ട് (ഉത്തരങ്ങൾ രേഖപ്പെടുത്തിയ ഭാഗം) മൂല്യനിർണയം പൂർത്തിയായി. യുപിഎസ്ടിയുടെ എ പാർട്ട് സ്കാനിങ് പൂർത്തിയായി. എൽപിഎസ്ടി എ പാർട്ട് സ്കാനിങ് തുടങ്ങിയിട്ടില്ല. ഇതും പൂർത്തിയാക്കി എ, ബി പാർട്ടുകൾ മെർജ് ചെയ്ത‌ശേഷമേ ലിസ്റ്റ് തയാറാക്കൂ. ഏപ്രിൽ അവസാനമോ മേയിലോ ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണു വിവരം. 

മാനുവൽ മൂല്യനിർണയം

എൽപിഎസ്ടി, യുപിഎസ്ടി തസ്തികകളിലെ ആയിരത്തോളം ഉത്തരക്കടലാസുകൾക്കു മാനുവൽ മൂല്യനിർണയമായിരിക്കും. വലിപ്പവ്യത്യാസം കാരണം ഒഎംആർ സ്കാനറിൽ റീഡ് ചെയ്യാൻ കഴിയാത്തതും രണ്ടു തവണ സ്കാൻ ചെയ്യുമ്പോൾ വ്യത്യസ്ത മാർക്ക് ലഭിക്കുന്നതുമായ ഉത്തരക്കടലാസുകളുടെ മൂല്യനിർണയമാണ് ഇങ്ങനെ നടത്തുക. ഉത്തരക്കടലാസിന്റെ വലിപ്പത്തിൽ ചെറിയ വ്യത്യാസമുണ്ടായാൽപോലും സ്കാൻ െചയ്തുള്ള മൂല്യനിർണയം അസാധ്യമാകും. എല്ലാ തസ്തികയിലും കുറച്ച് ഉത്തരക്കടലാസുകൾ ഈ രീതിയിൽ മൂല്യനിർണയം നടത്തേണ്ടിവരാറുണ്ട്. യുപിഎസ്ടി ഉത്തരക്കടലാസുകളാണു മാനുവൽ മൂല്യനിർണയം നടത്തുന്നതിൽ കൂടുതൽ. 

റാങ്ക് ലിസ്റ്റുകൾ വൈകും

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ഒഴികെയുള്ള ജില്ലകളിലെ എൽപിഎസ്ടി റാങ്ക് ലിസ്റ്റ് വൈകും. നിലവിലെ ലിസ്റ്റുകൾക്ക് ഈ വർഷം അവസാനം വരെ കാലാവധി ലഭിക്കുന്നതിനാലാണിത്. 

ഈ ജില്ലകളിൽ മെയിൻ ലിസ്റ്റിൽ ഉദ്യോഗാർഥികൾ ഇല്ലാത്തത്തിനാൽ, റാങ്ക് ലിസ്റ്റ് അവസാനിച്ചെങ്കിലും കോടതി നിർദേശപ്രകാരം ലിസ്റ്റുകൾ നിലനിർത്തിയിരിക്കുകയാണ്. കോടതിയുടെ അന്തിമ ഉത്തരവിനു വിധേയമായാണ് ഈ ജില്ലകളിലെ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. 

യുപിഎസ്ടിയുടെ കാസർകോട് ഒഴികെയുള്ള ജില്ലകളിൽ റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. ഇവ 3 വർഷ കാലാവധി പൂർത്തിയാക്കിയ ശേഷമേ പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കൂ.   

ഇതുവരെ 8,848 ശുപാർശ

എൽപിഎസ്ടി, യുപിഎസ്ടി റാങ്ക് ലിസ്റ്റുകളിൽനിന്ന് ഇതുവരെ 8,848 പേർക്കു നിയമന ശുപാർശ നൽകി. എൽപിഎസ്ടി–5,810, യുപിഎസ്ടി–3,038 വീതം. 

എൽപിഎസ്ടിക്ക് ഏറ്റവും കൂടുതൽ നിയമന ശുപാർശ മലപ്പുറം ജില്ലയിലാണ്–1,181. കുറവ് ഇടുക്കി ജില്ലയിൽ–188. മലപ്പുറത്തു നിയമന ശുപാർശ 1,000 കടന്നു. ബാക്കി ജില്ലകളിലൊന്നും ഇതിന്റെ പകുതി പോലും ശുപാർശ നടന്നിട്ടില്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിൽ ശുപാർശ 300 കടന്നിട്ടില്ല. 

യുപിഎസ്ടിക്ക് ഏറ്റവും കൂടുതൽ നിയമന ശുപാർശ മലപ്പുറം ജില്ലയിലാണ്–653. കുറവ് കോട്ടയം ജില്ലയിൽ–57. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ 100 പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ല. മുന്നൂറിലധികം നിയമനം 2 ജില്ലകളിൽ (പാലക്കാട്, മലപ്പുറം) മാത്രം. 

സ്കൂളുകൾ പൂർണതോതിൽ തുറക്കാത്തതാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ തടസ്സം. അടുത്ത അധ്യയന വർഷരാംഭത്തോടെ നിലവിലെ ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ വിവിധ ജില്ലകളിൽ കുറച്ചു പേർക്കുകൂടി നിയമന ശുപാർശ ലഭിക്കും.

ഷോർട് ലിസ്റ്റിൽ 22,500 പേർ

എൽപിഎസ്ടി, യുപിഎസ്ടി ഷോർട് ലിസ്റ്റുകളിൽ 22,500 പേരെ ഉൾപ്പെടുത്താനാണു തീരുമാനം–എൽപിഎസ്ടി 12,600, യുപിഎസ്ടി 9,900 വീതം. മെയിൻ ലിസ്റ്റിൽ യഥാക്രമം 6,300, 4,950 പേരെയും ഉൾപ്പെടുത്തും. 

വിവിധ ജില്ലകളിൽ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചവരുടെ എണ്ണം (എൽപിഎസ്ടി, യുപിഎസ്ടി ക്രമത്തിൽ): തിരുവനന്തപുരം–450, 400. കൊല്ലം–450, 400. പത്തനംതിട്ട–300, 150. ആലപ്പുഴ–400, 200. കോട്ടയം–300, 150. ഇടുക്കി–300, 300. എറണാകുളം–400, 300. തൃശൂർ–450, 300. പാലക്കാട്–450, 450. മലപ്പുറം–1000, 1000. കോഴിക്കോട്–400, 300. വയനാട്–400, 300. കണ്ണൂർ–400, 300. കാസർകോട്–600, 400. 

English Summary: Kerala PSC LP, UP Teacher Short List

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA