sections
MORE

വയസ്സ് 29: ലേറ്റായാലും ലേറ്റസ്റ്റായി നോനു, ഇനി ക്വീൻ മേരീ സർവകലാശാലയിൽ ഗവേഷണം

HIGHLIGHTS
  • ലണ്ടൻ ക്വീൻ മേരി– ഓക്സ്ഫ‍ഡ് ഗവേഷണ പ്രോഗ്രാമിൽ ഇടം നേടി തൃശൂർ സ്വദേശി
nonu-vargjese-london-queen-mary-faculty-of-engineering-fellowship-achiever
ക്വീൻ മേരി സർവകലാശാലയ്ക്ക് മുന്നിൽ നോനു
SHARE

29–ാം വയസ്സ്. അധികമാളുകളും ജോലിയിൽ പ്രവേശിച്ച് കരിയർ കെട്ടിപ്പടുക്കുന്ന പ്രായം. ഈ പ്രായത്തിൽ പിഎച്ച്ഡി ഗവേഷണത്തിനൊരുങ്ങുകയാണ് തൃശൂർ സ്വദേശി നോനു വർഗീസ്. വെറും പിഎച്ച്ഡിയല്ല, ബ്രിട്ടനിലെ പ്രശസ്തമായ ലണ്ടൻ ക്വീൻ മേരി സർവകലാശാല ഓക്സ്ഫ‍ഡ് സർവകലാശാലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്പോൺസേ‍ഡ് ഗവേഷണ പദ്ധതിയിലാണ് അവസരം. 

 ഓക്സ്ഫഡിലെ ലാബ് സൗകര്യങ്ങൾ ഉപയോഗിച്ചുള്ള ഗവേഷണത്തിന് ഒരു കോടി രൂപയുടെ ഫണ്ടിങ്ങും ലഭിക്കും. 

കാലിക്കറ്റ് സർവകലാശാലയിൽനിന്നു ഫിസിക്സിൽ ബിരുദം നേടിയ നോനു എംഎസ്‌സി പാസായത് എംജി സർവകലാശാലയിൽനിന്നാണ്. അതിനു ശേഷം ഒമാനിൽ ഒരു കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ ജോലിക്കു കയറി. ഇതിനിടെയാണു ഗവേഷണത്തിലേക്കു തിരിയണമെന്ന ആഗ്രഹം ഉടലെടുത്തത്. തിരിച്ചുവന്ന ശേഷം തമിഴ്നാട്ടിലെ പിഎസ്ജി, നാഷനൽ എയ്റോസ്പേസ് ലബോറട്ടറി എന്നിവിടങ്ങളിൽ സീനിയർ റിസർച് ഫെലോയായി ഗവേഷണം ചെയ്തു. രണ്ടു ജേണലുകളിൽ ശാസ്ത്ര പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. പിഎസ്ജിയിൽ ഓർഗാനിക് സോളർ സെൽസ്, എൻഎഎല്ലിൽ തെർമോ ഇലക്ട്രിക് മെറ്റീരിയൽസ് എന്നീ മേഖലകളിലായിരുന്നു ഗവേഷണം.

ഈ സമയത്തും പുറത്തുപോയി പിഎച്ച്‍ഡി ചെയ്യണമെന്നായിരുന്നു ആഗ്രഹം. വിദേശ പിഎച്ച്ഡിക്ക് നേരത്തേ തന്നെ അവസരങ്ങൾ നോനുവിനു ലഭിച്ചിരുന്നു. ദക്ഷിണ കൊറിയയിലും ഓസ്ട്രേലിയയിലും അവസരങ്ങൾ ലഭിച്ചെങ്കിലും കൂടുതൽ മികവുറ്റ അവസരത്തിനായി കാത്തു, ഒടുവിൽ അതു സാധ്യമായി.

ക്വീൻ മേരിയിലേക്കുള്ള വഴി 

പിഎച്ച്ഡി ചെയ്യാൻ തീരുമാനിച്ചശേഷം വിദേശത്ത് ഓരോ വർഷവും ലഭ്യമാകുന്ന ഉന്നത സ്കോളർഷിപ്പുകൾ കണ്ടെത്താൻ നോനു പരിശ്രമിച്ചു. പരമ്പരാഗത പ്രിന്റിങ് മുതൽ 3ഡി പ്രിന്റിങ് വരെ വിവിധ ഉപയോഗങ്ങളുള്ള ‘ലിക്വിഡ് ഡ്രോപ്സ്’ മേഖലയിലാണു ഗവേഷണത്തിനു തീരുമാനിച്ചത്. ഫിസിക്സിൽ അത്ര ഗവേഷണങ്ങൾ നടക്കാത്ത, എന്നാൽ വലിയ സാധ്യതകളുള്ള മേഖല. ലണ്ടൻ സർവകലാശാലയ്ക്കു കീഴിലുള്ള പ്രത്യേക റിസർച് സർവകലാശാലയാണ് 1887 ൽ സ്ഥാപിതമായ ക്വീൻ മേരി. അവിടത്തെ പ്രഫസറായ റാഫ കാസ്റ്ററോൺ പിറ്റാ ഈ മേഖലയിൽ ഗവേഷകനാണ്. ഇമെയിൽ വഴി അദ്ദേഹവുമായി ബന്ധപ്പെട്ടു. തുടർന്ന് സർവകലാശാലയിൽ അപേക്ഷിച്ച് റിസർച് പ്രപ്പോസൽ കൈമാറി. ഓൺലൈൻ പരീക്ഷയും തുടർന്ന് ഇന്റർവ്യൂവും ഉണ്ടായിരുന്നു. അടുത്ത 5–6 വർഷം ഗവേഷണ മേഖലയിൽ നിൽക്കാനും തിരികെ ഇന്ത്യയിലെത്തി അക്കാദമിക് രംഗത്ത് ജോലിയിൽ പ്രവേശിക്കാനുമാണ് നോനുവിന്റെ പ്ലാൻ. ഗ്രാമഭാരതം ഡയറക്ടറായ തൃശൂ‍ർ വള്ളക്കുന്ന്  തൊടുപറമ്പിൽ വർഗീസ് തൊടുപാറയും ഷീലയുമാണ് മാതാപിതാക്കൾ. ഭാര്യ റോസ്മേരി ഡേവിസ് കോഴിക്കോട് എൻഐടിയിൽ ഗവേഷക വിദ്യാർഥിയാണ്. 

ഓർക്കാൻ 5 കാര്യങ്ങൾ 

വിദേശത്തു ഗവേഷണം ലക്ഷ്യമിടുന്നവർക്കായി നോനുവിന്റെ 5 മാർഗനിർദേശങ്ങൾ: 

  • വിദേശ പിഎച്ച്ഡി സ്വപ്നം കാണുന്നവർ നല്ല റിസർച് പ്രൊഫൈൽ തയാറാക്കുകയാണ് ആദ്യം വേണ്ടത്. ഗവേഷണ മേഖലയെക്കുറിച്ചു നല്ല ധാരണ വേണം. ബന്ധപ്പെട്ട റിസർച് ജേണലുകൾ വായിക്കുന്നതു സഹായകമാകും. ഇതു കൂടാതെ, സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസും (എസ്ഒപി) നൽകേണ്ടി വരും. ഇതിൽ നേട്ടങ്ങൾക്കും സാങ്കേതികതയ്ക്കുമപ്പുറം ബന്ധപ്പെട്ട മേഖലയിലുള്ള താൽപര്യവും ജിജ്ഞാസയും പ്രകടമാക്കണം. 

  •  മാസ്റ്റേഴ്സ് തലത്തിലെ പ്രോജക്ടുകൾ അലംഭാവമില്ലാതെ നന്നായി ചെയ്ത് നല്ല ഇംപാക്ട് ഫാക്ടറുള്ള ജേണലുകളിൽ പ്രസിദ്ധീകരിക്കുന്നതു ഗുണം ചെയ്യും. സ്ഥിരതയുള്ള അക്കാദമിക പ്രകടനം വേണം. 

  •  നമ്മുടെ നൈപുണ്യങ്ങളും ശേഷികളും കൃത്യമായി വിവരിക്കുന്ന മികച്ച സിവി തയാറാക്കണം. 

  •   വിദേശ പ്രഫസർമാരോട് ഗവേഷണ താൽപര്യം അറിയിക്കാനും ആശയവിനിമയം നടത്താനും പലരും മടികാട്ടാറുണ്ട്. അതു പാടില്ല. വിദ്യാർഥിയുടെ ഗവേഷണ താൽപര്യം, സന്നദ്ധത, പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ എണ്ണം, അക്കാദമിക നേട്ടങ്ങൾ എന്നിവയാണ് അവർ പ്രധാനമായും പരിഗണിക്കുക. 
  •  പല രാജ്യങ്ങളിലെയും സർവകലാശാലകളിൽ പലതരത്തിലുള്ള ഭാഷാനൈപുണ്യമാകും വേണ്ടിവരിക. ഇംഗ്ലണ്ടിൽ ഐഇഎൽടിഎസ് പരീക്ഷയ്ക്ക് 6.5 സ്കോർ വേണം.

English Summary : Nonu Varghese, School of Engineering and Materials Science Research Student, Queen Mary College, London

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA