ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് ഇന്ത്യയിലെ ആദ്യ പോര്‍ട്ടല്‍

HIGHLIGHTS
  • ഭിന്നശേഷിക്കാരിലെ തൊഴിലില്ലായ്മ നിരക്ക് 70 ശതമാനത്തില്‍ അധികമാണ്
job-portal-for-people-with-disabilities
Representative Image. Photo Credit : Natee K Jindakum/ Shutterstock.com
SHARE

റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ  Equiv.in  ന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ തൊഴില്‍ക്ഷമതയുള്ള 1.34 കോടി ഭിന്നശേഷിക്കാരാണുള്ളത്. എന്നാല്‍ ഇതില്‍ എന്തെങ്കിലും തരത്തിലുള്ള ജോലിയുള്ളവര്‍ 34 ലക്ഷം മാത്രമാണ്. അതായത്  ഭിന്നശേഷിക്കാരിലെ തൊഴിലില്ലായ്മ നിരക്ക് 70 ശതമാനത്തില്‍ അധികമാണ്. കോവിഡ് മഹാമാരിയും ലോക്ഡൗണുമെല്ലാം വന്നതോടെ സ്ഥിതി രൂക്ഷമായി. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായവരിലും നല്ലൊരു പങ്ക് ഭിന്നശേഷിക്കാരാണ്. ഈ അവസ്ഥയ്‌ക്കൊരു മാറ്റമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് atypicaladvantage എന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള തൊഴില്‍-ടാലന്റ് പോര്‍ട്ടല്‍. ഫ്യൂച്ചര്‍ ഗ്രൂപ്പിലെ ബിസിനസ്സ് എക്‌സിക്യൂട്ടീവും ജംഷഡ്പൂര്‍ സ്വദേശിയുമായ വിനീത് സരായ്‌വാലയാണ് ഈ സംരംഭത്തിന് പിന്നില്‍. 

റെറ്റിനിട്ടിസ് പിഗ്മെന്റോസ എന്ന കാഴ്ച പരിമിതിയുള്ള വിനീത് തന്റെ ചുറ്റുമുള്ള നിരവധി ഭിന്നശേഷിക്കാരുടെ ദുരിതാവസ്ഥ കണ്ടാണ് ഇത്തരമൊരു പോര്‍ട്ടലിന് തുടക്കം കുറിച്ചത്. കഴിവുകളുള്ള നിരവധി ഭിന്നശേഷിക്കാരുണ്ടെങ്കിലും അത് പ്രകടിപ്പിക്കാനോ അതിലൂടെ വരുമാനമോ തൊഴിലോ കണ്ടെത്താന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നില്ലെന്ന് വിനീത് പറയുന്നു. മഹാമാരിക്കാലത്ത് നിരവധി ഭിന്നശേഷിക്കാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ജോലി അഭ്യര്‍ത്ഥിച്ച് വിനീതിനെ സമീപിച്ചിരുന്നു. ഇതാണ് ഒരു സ്ഥാപനവത്കൃത സംവിധാനം ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനായി ഒരുക്കാന്‍ വിനീതിനെ പ്രേരിപ്പിച്ചത്. 

ഭിന്നശേഷിക്കാര്‍ക്ക് തങ്ങളുടെ പ്രൊഫൈല്‍ കരിയര്‍ പോര്‍ട്ടലുകളിലെന്ന പോലെ atypicaladvantage ല്‍ സൃഷ്ടിക്കാം. ഇന്ത്യയിലെമ്പാടുമുള്ള വോളന്റിയര്‍മാരുടെ സഹായത്തോടെ  ഭിന്നശേഷിക്കാരെയും അവരുടെ കുടുംബങ്ങളെയും ബന്ധപ്പെട്ട് വിനീത് ഓരോരുത്തരുടെയും വിശദമായ പ്രൊഫൈല്‍ തയ്യാറാക്കി. സാമൂഹിക മാധ്യമങ്ങളും എന്‍ജിഒ ശൃംഖലകളും ഉപയോഗിച്ച് ഇതിനെ സംബന്ധിച്ച വിവരങ്ങള്‍ ഭിന്നശേഷി സമൂഹത്തിലേക്ക് എത്തിച്ചു. 

vineet-saraiwala
Vineet Saraiwala. Photo Credit :twitter.com/vineetsaraiwala

ഫോട്ടോ സംഘടിപ്പിക്കുന്നത് മുതല്‍ പ്രാദേശിക ഭാഷകളിലുള്ള ബയോഡേറ്റകള്‍ പരിഭാഷപ്പെടുത്തുന്നത് വരെ എല്ലാം ഫോണിലൂടെയാണ് ചെയ്തത്. 2020 ഡിസംബറില്‍ 200 പേരുടെ പ്രൊഫൈലുമായി പോര്‍ട്ടല്‍ ആരംഭിച്ചു. പാട്ട്, നൃത്തം, ഫോട്ടോഗ്രാഫി, ആംഗ്യഭാഷ വിവര്‍ത്തകര്‍, ഫിസിയോ തെറാപ്പി, മാജിക് എന്നിങ്ങനെ ഇരുപതോളം വിഭാഗങ്ങളിലായിട്ടാണ് പ്രൊഫൈലുകള്‍ ഈ പോര്‍ട്ടലില്‍ അവതരിപ്പിച്ചത്. ഇതിലൂടെ മുഖ്യധാരയില്‍ അവതരിപ്പിക്കപ്പെട്ട ഭിന്നശേഷിക്കാരുടെ കഴിവുകള്‍ കണ്ടറിഞ്ഞ് അവര്‍ക്ക് ജോലി നല്‍കാന്‍ സന്നദ്ധരായി റിക്രൂട്ടര്‍മാരുമെത്തി. 

റിക്രൂട്ടര്‍മാരുമായി സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് മധ്യസ്ഥ സേവനവും പോര്‍ട്ടല്‍ നല്‍കുന്നു. ചില സമയത്ത് കൂടുതല്‍ മെച്ചപ്പെട്ട ശമ്പള പാക്കേജ് ലഭ്യമാക്കാനും വിനീതും സംഘവും സഹായമേകുന്നു. നാഗ്പൂരില്‍ നിന്നുള്ള ശ്രവണ വൈകല്യമുള്ള ശീതല്‍ ടോകിയോ എഡല്‍വിസിനു വേണ്ടി 10 മിനിട്ട് ദൈര്‍ഘ്യമുള്ള മാജിക് ഷോ നടത്തുന്നതിന് ചോദിച്ച തുക 500 രൂപ മാത്രമായിരുന്നു. ചെയ്യുന്ന പ്രവര്‍ത്തിയുടെ മൂല്യം ശീതളിനെ ബോധ്യപ്പെടുത്തി 4000 രൂപയ്ക്കാണ് ആ ഡീല്‍ atypicaladvantage വോളന്റിയര്‍മാര്‍ ഉറപ്പിച്ചത്. 

ഈ പോര്‍ട്ടലിലൂടെ പ്രണബ് ഭക്ഷി എന്ന ഓട്ടിസം ബാധിച്ച ഗ്രാഫിക് ഡിസൈനര്‍ക്ക് ലണ്ടന്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഗ്രാഫിക് ഡിസൈനിങ്ങ് പ്രോജക്ടില്‍ ജോലി ലഭിച്ചു. പഠന വൈകല്യമുള്ള 15കാരി തരിണി ഛദ്ദയാകട്ടെ ആമസോണിന്റെ ഡിജിറ്റല്‍ പരസ്യത്തിനുള്ള മോഡലായി തിരഞ്ഞെടുക്കപ്പെട്ടു. കാഴ്ചപരിമിതിയുള്ള ഫിസിയോതെറാപിസ്റ്റ് ആല്‍ഫിയക്ക് പോര്‍ട്ടലിലൂടെ തന്റെ കഴിവുകള്‍ ലോകം അറിഞ്ഞപ്പോള്‍ ലഭിച്ചത് തന്റെ ക്ലിനിക്കിലേക്ക് പുതിയ രോഗികളെയാണ്.

ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ വില്‍പനയ്ക്കായുള്ള പ്ലാറ്റ്‌ഫോം ആയും atypicaladvantage പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ നിന്നുള്ള അജയ് ജയപ്രകാശ് തന്റെ 20 അപ്‌സൈഡ്-ഡൗണ്‍ പോര്‍ട്രയ്റ്റുകളാണ് ഇതിലൂടെ വിറ്റഴിച്ചത്. മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച പായല്‍ ശ്രിഷുമാല്‍, ഡൗണ്‍ സിന്‍ഡ്രോം ബാധിതയായ കരിഷ്മ എന്നിങ്ങനെ നിരവധി പേര്‍ക്കാണ് atypicaladvantage സഹായഹസ്തമേകിയത്. 

ഭിന്നശേഷിക്കാര്‍ക്ക് ആവശ്യം സമൂഹത്തിന് സഹതാപമല്ല, മറിച്ച് തങ്ങളുടെ കഴിവുകള്‍ക്കുള്ള അംഗീകാരമാണെന്ന് atypicaladvantage  ഉറക്കെ പ്രഖ്യാപിക്കുന്നു. തുല്യരായ മനുഷ്യരായി ഭിന്നശേഷിക്കാരെ സമൂഹം പരിഗണിക്കണമെന്നും അതാണ് തങ്ങളുടെ സംരംഭത്തിന്റെ ലക്ഷ്യമെന്നും വിനീത് കൂട്ടിച്ചേര്‍ക്കുന്നു. 400 ലധികം പ്രൊഫൈലുകളാണ് നിലവില്‍ വെബ്‌സൈറ്റിലുള്ളത്.

English Summary: Atypical Advantage is India’s first hiring platform exclusively for people with disabilities

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA