ADVERTISEMENT

പരസ്യങ്ങളുടെ വർണലോകം ഇന്ന് അനുദിനം മാറിവരുന്ന അവസരമാണ്. ഉൽപന്നം മെച്ചമായതുകൊണ്ടു മാത്രം കമ്പോളം പിടിച്ചെടുക്കാൻ കഴിയില്ല. മെച്ചമാണെന്ന കാര്യം ഉപഭോക്താക്കളെ ബോധ്യപ്പെടുത്താൻ നിരന്തരം പരസ്യം നൽകാത്തപക്ഷം മേന്മയേറിയ വസ്തുക്കൾപോലും കിടമത്സരത്തിൽപ്പെട്ടു പിൻതള്ളിപ്പോയെന്നു വരാം. മികവുറ്റതെന്നു പതിറ്റാണ്ടുകളായി അംഗീകാരം നേടിയ ഉൽപന്നങ്ങളുടെ പരസ്യങ്ങളും കാണാറുള്ളത് ഓർക്കുക.

 

പരസ്യരംഗത്തെ പ്രവർത്തനങ്ങൾക്കു യോജിച്ച വ്യക്തിത്വഗുണങ്ങളും താൽപര്യവും അഭിരുചിയും ഉള്ള യുവാക്കൾക്ക് വലിയ അവസരങ്ങളുണ്ട്. പക്ഷേ, വാസനയും പരിശ്രമശീലവും ഇല്ലാത്തവർക്കു പിടിച്ചുനിൽക്കാൻ കഴിയാത്തവിധം മത്സരമുള്ള രംഗമാണെന്ന കാര്യം വിസ്മരിച്ചുകുടാ.

 

മികച്ച ഭാഷാപ്രാവീണ്യം, സൗന്ദര്യം കണ്ടെത്താനുള്ള ശേഷി, പ്രശ്നങ്ങൾ വിശകലനം ചെയ്യാനുള്ള കഴിവ്‌, ആശയവിനിമയ വൈദഗ്ധ്യം, സർഗാത്മകചിന്ത, ജിജ്ഞാസ, അന്യരുടെ ശ്രദ്ധ പിടിച്ചുപറ്റത്തക്ക പ്രകൃതം, സമൂഹത്തിലെ നേരിയ മാറ്റങ്ങൾപോലും പെട്ടന്നു ഗ്രഹിക്കാൻ പോന്ന സംവേദനക്ഷമത, രൂപങ്ങൾ ഭാവനയിലൂടെ മെനഞ്ഞെടുക്കാനുള്ള മൗലികചിന്ത, കഠിനാധ്വാനശീലം, സമ്മർദങ്ങളെ നേരിട്ട്‌ സമയത്തു ജോലി തീർക്കാനുള്ള സന്നദ്ധത തുടങ്ങിയ ഗുണങ്ങളിൽ പലതും പല ജോലികൾക്കും വേണ്ടിവരും.

 

ജോലികൾ ഏതെല്ലാം?

∙കോപ്പി ഡിപ്പാർട്മെന്റ്: ഭാവനാശാലികളായ കലാകാരന്മാർക്കും എഴുത്തുകാർക്കും അവസരം നൽകുന്ന സുപ്രധാന വിഭാഗം. പരസ്യ,ങ്ങൾക്കു രൂപം നൽകുന്ന വകുപ്പിലെ ചില തസ്തികകളാണു മുഖ്യ കോപ്പിറൈറ്റർ, കോപ്പിറൈറ്റർ, ജൂനിയർ കോപ്പിറൈറ്റർ. ആർട്‌ ഡയറക്ടർ, കമേർഷ്യൽ ആർട്ടിസ്റ്റ്‌ എന്നിവ. പത്രങ്ങൾക്കും മറ്റും കൊടുക്കാനുള്ള പരസ്യവാക്യങ്ങളും മുദ്രാവാക്യങ്ങളും എഴുതുന്നതു കോപ്പിറൈറ്റർ. ചിത്രങ്ങൾ, ഫോട്ടോഗ്രാഫുകൾ, ലേ ഔട്ടുകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നത്‌ ആർട്‌ ഡയറക്ടർ. ചിത്രങ്ങൾ വരച്ചു ചേർക്കുന്നതും അന്തിമ തിരഞ്ഞെടുപ്പു സാധ്യമാക്കുംവിധം വിവിധ പരസ്യരുപങ്ങൾ ഭാവനാപൂർണമായി തയാഠാക്കുന്നത്യും കമേർഷ്യൽ ആർട്ടിസ്റ്റിന്റെ ഉത്തരവാദിത്തത്തിൽപ്പെടും. പ്രിന്റ്, റേഡിയോ, ടെലിവിഷൻ, സിനിമാ റീലുകൾ, വിഡിയോകൾ തുടങ്ങി വിവിധ മാധ്യമങ്ങളിലെ പരസ്യങ്ങൾ രൂപകൽപന ചെയ്യാൻ തിരക്കഥയെഴുത്തുകാർ, കാർട്ടൂണിസ്റ്റുകൾ, മൾട്ടിമീഡിയ/അനിമേഷൻ വിദഗ്ധർ എന്നിവർക്കു പുറമേ സംവിധായകരും പ്രൊഡ്യൂസർമാരും ആവശ്യമാണ്‌.

 

∙ആർട്‌ ഡിപ്പാർട്മെന്റ്: ചെറിയ സ്ഥാപനങ്ങളിൽ ഇതു കോപ്പി ഡിപ്പാർട്മെന്റിന്റെ ഭാഗമായിരിക്കുമെങ്കിലും ആർട്‌ സ്റ്റുഡിയോ ഉൾപ്പെടുന്ന കലാവിഭാഗം പലയിടത്തും പ്രത്യേക വകുപ്പായി പ്രവർത്തിക്കുന്നു. 

 

മീഡിയ ഡിപ്പാർട്മെന്റ്: പരസ്യത്തിനു പല മാധ്യമങ്ങളുണ്ട്-സിനിമ, ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ, വിഡിയോ–ടേപ്‌, ദിനപത്രം, മാഗസിനുകൾ, ഡയറക്ടറി, കലണ്ടർ, പരസ്യ ബോർഡുകൾ, വാഹനം, പ്രദർശനം, നേരിട്ടുള്ള കത്ത്/ഇമെയിൽ, ഗൃഹസന്ദർശനം തുടങ്ങിയവ. ഉൽപന്നത്തിന് ഏറ്റവും പറ്റിയ മാധ്യമം ഏതെന്നു നിശ്ചയിക്കുന്നത്‌ ഉത്തരവാദിത്തമേറിയ കാര്യം. മുടക്കുന്ന പണത്തിനു ഏറ്റവും കൂടുതൽ ഉപഭോക്താക്കളെ സ്വാധീനിക്കാൻ കഴിയുക എന്നതായിരിക്കും വിപണനക്കാരന്റെ താൽപര്യം. മീഡിയ മാനേജർ, മീഡിയ എക്സിക്യൂട്ടീവ്‌, മീഡിയ അസിസ്റ്റന്റ്‌, സ്പേസ്‌ ബയർ (Buyer), ടൈം ബയർ (റേഡിയോ/ടെലിവിഷൻ പരസ്യങ്ങൾക്കു സമയം വാങ്ങുന്ന ചുമതലക്കാരൻ) എന്നിങ്ങനെ പല തസ്തികകളും ഈ വകുപ്പിലൂണ്ട് .

 

English Summary: Career Scope Of Advertisment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com