ADVERTISEMENT

സീത കൃഷ്ണമൂർത്തിയുടെ അച്ഛന്റെ പേരു പറഞ്ഞാൽ മലയാളികളെല്ലാം അറിയും. അത് അവസാനം പറയാം. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയ സീത, ക്യാംപസ് പ്ലേസ്മെന്റിലൂടെ രാജ്യാന്തര പ്രശസ്തമായ ABB യിൽ ജോലിക്കു കയറുന്നു. അവിടെ 5 വർഷം ജോലി ചെയ്യുന്നു.

 

സ്കൂൾ കാലം മുതലേ സീതയുടെ മനസ്സിലെ സ്വപ്നം സിവിൽ സർവീസായിരുന്നു. പൊതുസേവനമെന്ന മോഹവും എപ്പോഴും ഉള്ളിലുണ്ടായിരുന്നു. എബിബിയിലെ ജോലി രാജിവച്ച് സിവിൽ സർവീസ് പരീക്ഷാ തയാറെടുപ്പിനായി സീത ഡൽഹിക്കു പോയി. പക്ഷേ, ആദ്യ തവണ സിവിൽ സർവീസ് പരീക്ഷയിൽ കടന്നുകൂടാൻ കഴിഞ്ഞില്ല. വീണ്ടും എഴുതി. അപ്പോഴും വിജയിച്ചില്ല. അപ്പോഴൊന്നും സീത വെറുതെ ഇരുന്നില്ല. കോച്ചിങ് ക്ലാസിൽ പോകുന്നതിനു സമാന്തരമായി പല സന്നദ്ധസേവന സംഘടനകളിലും (എൻജിഒകൾ) ജോലി ചെയ്തു. ഒരിക്കൽക്കൂടി സിവിൽ സർവീസ് പരിശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ സീത വല്ലാതെ അസ്വസ്ഥയായി. 

Soorya Krishnamoorthy
സൂര്യ കൃഷ്ണമൂർത്തി

 

തമിഴ്നാട്ടിലെ പിഎസ്‍സി പരീക്ഷ എഴുതിനോക്കാൻ ചില അധ്യാപകരും സുഹൃത്തുക്കളും സീതയെ ഉപദേശിച്ചു. ആറു മാസത്തെ തീവ്രപരിശീലനത്തിനുശേഷം തമിഴ്നാട് പിഎ‍സ്‍സി പരീക്ഷ എഴുതി. ഏഴാം റാങ്കോടെ തമിഴ്നാട് പൊലീസിൽ ഡിവൈഎസ്പിയായി ജോലിയിൽ പ്രവേശിച്ചു. പഴയ മോഹം മനസ്സിൽ ഉറങ്ങിയിരുന്നില്ല. ഒരു തവണകൂടി യുപിഎസ്‌സിയിൽ കൈ നോക്കി. ആ വർഷം വിജയം സീതയെ അനുഗ്രഹിച്ചു! ഇന്ത്യൻ റവന്യു സർവീസിലാണു സീത പ്രവേശിച്ചത്. ഇപ്പോൾ ചെന്നൈയിൽ ആദായനികുതി ഡപ്യൂട്ടി കമ്മിഷണറാണു സീത. 

 

സിവിൽ സർവീസ് മോഹമുള്ള കുട്ടികൾ നമുക്കിടയിൽ വർധിച്ചുവരികയാണ്. പലരും ബിരുദം കഴിഞ്ഞ ഉടനെ മറ്റു ജോലിയൊന്നും നോക്കാതെ സിവിൽ സർവീസ് പരിശീലനം തുടങ്ങും. പക്ഷേ, പരിശ്രമങ്ങൾ വിജയത്തിലെത്താതെ, ഒടുവിൽ വല്ലാതെ നിരാശരായി, അപ്പോഴേക്കു മറ്റൊരു ജോലി നേടാനുള്ള പ്രായപരിധി എത്തിനിൽക്കുന്ന സാഹചര്യമെത്തിയിരിക്കും. പക്ഷേ, ഇങ്ങനെയല്ലാത്ത ഉദാഹരണങ്ങളും ഏറെയുണ്ട്. കേരളത്തിൽ ചീഫ് സെക്രട്ടറിയായി വിരമിച്ച പ്രശസ്ത കവി കൂടിയായ കെ. ജയകുമാർ സർവകലാശാലയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ സിവിൽ സർവീസ് നേടി ആ വഴിയിലേക്കു തിരിയുകയായിരുന്നു. 

 

ജീവിതത്തിൽ ലക്ഷ്യബോധം വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ, ഏതെങ്കിലും കാരണവശാൽ ആ ലക്ഷ്യത്തിൽ എത്തിയില്ലെങ്കിൽ എന്തു ചെയ്യണമെന്ന ബദൽ പദ്ധതിയും മനസ്സിൽ ഉണ്ടാകേണ്ടത് അതിപ്രധാനമാണ്. ഒന്നല്ല, മൂന്നോ നാലോ Alternate Plans തന്നെ ഉണ്ടായിരിക്കണം. അങ്ങനെയായാൽ വലിയ ആശങ്കയും അസ്വസ്ഥതയുമില്ലാതെ മുന്നോട്ടുപോകാം. ആശങ്കപ്പെടുംതോറും പരീക്ഷകളിലെ നമ്മുടെ പ്രകടനം മോശമാകും. 

 

പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം, ഐഎഎസിനു തയാറെടുക്കുന്നവർ സിവിൽ സർവീസിലെ മറ്റേതെങ്കിലും വിഭാഗത്തിൽ കയറിയശേഷം ഒരു തവണകൂടി എഴുതിയാൽ ഐഎഎസിൽതന്നെ എത്തിപ്പെടുന്നു എന്നതാണ്. ആത്മവിശ്വാസമാണ് ഈ സന്ദർഭത്തിൽ അവരെ പിന്തുണയ്ക്കുന്നത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അല്ലാതെ, ജീവിതമേ തീർന്നു എന്ന മട്ടിൽ പരീക്ഷയെ അഭിമുഖീകരിച്ചാൽ വിജയം കയ്യിലൊതുക്കാൻ സാധിക്കില്ല. സിവിൽ സർവീസിനു പോകാൻ താൽപര്യമുള്ള ജീവനക്കാർക്ക് ഒന്നോ രണ്ടോ വർഷം ലീവ് കൊടുക്കുന്ന ഐടി കമ്പനികൾപോലും ഇന്നുണ്ട്. 

 

സീതയുടെ ഉദാഹരണം എല്ലാവർക്കും മാതൃകയാക്കാവുന്ന നല്ലൊരു പാഠമാണ്. സൂര്യ കൃഷ്ണമൂർത്തി എന്ന സീതയുടെ അച്ഛനും അങ്ങനെതന്നെ. വിഎസ്‍എസ്‌യിലെ എൻജിനീയർ ജോലിയിൽനിന്ന് തന്റെ ഇഷ്ടമേഖലയായ സാംസ്കാരികലോകത്തേക്കു വഴിമാറി അവിടെ രാഷ്ട്രപതിയുടെ അംഗീകാരംവരെ ഉയർന്നതാണല്ലോ അദ്ദേഹവും?! 

English Summary: Career Column By G Vijayaraghavan: Success Story Of Seetha Krishnammorthy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com