ആനപ്പുറത്തിരുന്നു വേലി പൊളിക്കരുത്

HIGHLIGHTS
  • അധികാരികൾക്കു വേണ്ട മുഖ്യഗുണം കാരുണ്യമാണ്
arrogant
Representative Image. Photo Credit : Asier Romero/ Shutterstock.com
SHARE

ഏതാനും വർഷം മുൻപ് വലിയ സംസ്ഥാനത്തെ സർക്കാർ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറായി വിരമിച്ചയാൾ പ്രമുഖ ദേശീയപത്രത്തിൽ നർമ്മലേഖനം എഴുതി. കോടിക്കണക്കിനു പൊതുപ്പണം ചെലവിടുന്ന നിർമ്മാണജോലികൾ, ലക്ഷങ്ങൾ പൊരികടലപോലെ കൈകാര്യം ചെയ്യുന്ന കോൺട്രാക്റ്റർമാർ, സത്യസന്ധരും ‘കോഴകാംക്ഷി’കളുമടങ്ങുന്ന ജീവനക്കാരുടെ വൻപട. ഇവയുടെയെല്ലാം തലപ്പത്തിരുന്നു ചുക്കാൻപിടിക്കേണ്ട ഭാരിച്ച ജോലി. മന്ത്രിമാരും മറ്റു രാഷ്ട്രീയക്കാരും ഉൾപ്പെടെ വൻതോക്കുകളുടെ ധാരമുറിയാത്ത ടെലിഫോൺ കോളുകൾ. ഏറെ സഹികെട്ട ദിനങ്ങൾ. ടെലിഫോണിനെ ശത്രുവിനെപ്പോലെ കണ്ടു. അതിന്റെ നാദം മരണമണിമുഴക്കം പോലെ. അങ്ങനെയിരിക്കെ ജോലിയിൽ നിന്നു വിരമിച്ചു. ദീർഘനിശ്വാസം വിട്ടു.

രണ്ടുമൂന്നു നാൾ സ്വൈരമായിക്കഴിഞ്ഞു. ടെലിഫോൺ ശബ്ദിക്കുന്നേയില്ല. തുടർന്നുള്ള ദിനങ്ങളിൽ ടെലിഫോണിന്റെ നിശ്ശബ്ദത വേദനയായി, ക്രമേണ ക്രൂരനിശ്ശബ്ദത കൊടുംവേദനയായി. ഉള്ളുരുകി പ്രാർത്ഥിച്ചു. ഈ ഫോണിന്റെ മധുരമണിനാദം ഒരു തവണയെങ്കിലും കേട്ടിരുന്നെങ്കിൽ! കാതിൽ തേൻപൊഴിയുമായിരുന്നു. ഉള്ളിൽ കുളിരു കോരിയിടുമായിരുന്നു. 

അദ്ദേഹം കരുതിയത് പഴയ ഫോൺ കോളുകളെല്ലാം തനിക്കുള്ളതാണെന്ന്. സത്യമതല്ല. കോളുകളെല്ലാം ചീഫ് എൻജിനീയർക്കുള്ളതായിരുന്നു. അദ്ദേഹം വിരമിച്ച് പിറ്റേന്ന് ആ കോളുകളെല്ലാം പുതിയ ചീഫ് എൻജിനീയറിലെത്തിയിരിക്കും. ഫോണിന്റെ മാത്രം കാര്യമല്ലിത്. അദ്ദേഹത്തിനു കിട്ടിയിരുന്ന പ്രാധാന്യവും, അദ്ദേഹത്തെ എതിരേറ്റിരുന്ന കൊട്ടും കുരവയും, ഓച്ഛാനിക്കുന്ന അടിമഭാവവുമെല്ലാം ആ വലിയ തസ്തികയുടേതായിരുന്നു. ചിലർ ഇതു തിരിച്ചറിയും. അറിയാത്തവർ കസേര പോകുമ്പോൾ അന്തംവിട്ടു നിൽക്കും. അവഗണനയുടെ പടുകുഴിയിലേക്കു കാലം തള്ളിയിട്ടതുപോലെ തോന്നി വിഷാദിക്കും.

അധികാരസ്ഥാനത്തിരുന്ന് വീമ്പു പറയുകയും അന്യരെ വിഷമിപ്പിക്കുകയും ചെയ്തവർക്ക് സ്ഥാനം നഷ്ടപ്പെടുമ്പോൾ അരക്ഷിതബോധം സാധാരണമാണ്. കീഴ്ജീവനക്കാരായിരുന്നവർ തിരിഞ്ഞുനോക്കില്ല. തരംകിട്ടിയാൽ പരിഹസിച്ചെന്നുമിരിക്കും. നീതിപൂർവം പ്രവർത്തിക്കാനുള്ള വരദാനമാണ് അധികാരസ്ഥാനമെന്നു കരുതണം. അവിടിരുന്ന് അന്യരോട് അഹങ്കാരത്തോടെ പെരുമാറുക, ധിക്കാരത്തോടെ സംസാരിക്കുക, ഭീഷണിപ്പെടുത്തുക, നീതിരഹിതമായി ശിക്ഷിക്കുക മുതലായവ ചെയ്യുന്ന സാഡിസ്റ്റുകളേറെ. വേദനിക്കുന്നവർക്ക് തന്നോട് ഒരു ചുക്കും ചെയ്യാനാവില്ലെന്ന അമിതവിശ്വാസംമൂലം അധികാരക്കസേരയുടെ ആനപ്പുറത്തിരുന്ന് പല വേലിയും പൊളിക്കുന്നവരുണ്ട്.

വ്യക്തിയുടെ മഹിമയല്ല, സ്ഥാനത്തിന്റെ വിലയാണ് ഇത്തരക്കാരുടേതെന്ന് 25 നൂറ്റാണ്ടുകൾക്കുമുൻപ് ഈസോപ് പറഞ്ഞ രസകരമായ കഥ പ്രശസ്തമായി.

ദേവാലയത്തിലേക്കുള്ള വിഗ്രഹം ചുമക്കുന്ന കഴുത. പുരോഹിതരും പൗരമുഖ്യരുമടക്കം വലിയ ജനാവലി നിരത്തുനിറഞ്ഞ് ആഹ്ലാദത്തോടെ പങ്കെടുക്കുന്ന വൻപിച്ച ഘോഷയാത്ര. മന്ത്രോച്ചാരണങ്ങൾ, പുഷ്പാർച്ചനകൾ. തെരുവോരത്തെ ജനങ്ങളെല്ലാം ഭക്തിപൂർവം താണുവണങ്ങി. വന്ദിക്കുന്നത് എന്നെയാണെന്നു ധരിച്ചുവശായ കഴുതയുടെ ചെവികളുയർന്നു. വാൽ ഉത്സാഹത്തോടെ ഇളകിയാടി. ‘താനെത്ര ഗംഭീരൻ’ എന്ന് ചിന്തിച്ച് അഹങ്കരിച്ചു. 

ജനങ്ങൾ വീണ്ടുംവീണ്ടും അത്യാദരപൂർവം വണങ്ങുന്നു. ചിലർ മുട്ടുകുത്തി കണ്ണടച്ചു പ്രാർത്ഥിക്കുന്നു. കഴുതയുടെ അഹംഭാവം അതിരുവിട്ടു. അവൻ നടപ്പുനിർത്തി. ഡംഭോടെ ഉറക്കെ വിളിച്ച് സ്വസംഗീതം ആസ്വദിക്കാൻ തുടങ്ങി. കഴ‌ുതയുടെ രോഗം മനസ്സിലാക്കിയ കഴുതക്കാരൻ വടിയെടുത്ത് നിർദ്ദയം അടിച്ചുകൊണ്ടു പറഞ്ഞു, ‘എടാ, വിഡ്ഢിക്കഴുതേ ! ഈ ആദരം നിനക്കുള്ളതല്ല. ഈ വിഗ്രഹത്തിനുള്ളതാണ്. വല്ലവർക്കുമുള്ള ആദരം നീ കവർന്നെടുക്കാൻ ശ്രമിക്കേണ്ട. നടക്കെടാ മുന്നോട്ട്.’ ആ കഴുതയ്ക്കു ബോധമുദിച്ചു. പക്ഷേ തിരിച്ചറിവില്ലാത്ത കഴുതകളേറെ.

കവർന്നെടുക്കുന്ന പ്രകൃതം അത്യുന്നതന്മാരും കാട്ടാറുണ്ട്. ശാസ്ത്രഗവേഷണരംഗത്തും മറ്റും വർഷങ്ങളോളം കണ്ണിലെണ്ണയൊഴിച്ച് കഷ്ടപ്പെട്ട് കാര്യമായ എന്തെങ്കിലും കണ്ടെത്തുന്ന ജൂനിയർ ഗവേഷകൻ പ്രഫഷനൽ–പേപ്പർ പ്രസിദ്ധപ്പെടുത്താറാകുമ്പോൾ, സീനിയർ നിസ്സാരമട്ടിൽപ്പറയും എന്റെ പേർ കൂടി വച്ചേക്കുക. സ്വാഭാവികമായും സീനിയറിന്റെ പേർ ആദ്യം വയ്ക്കും. പിന്നീട് ഈ പേപ്പർ മറ്റിടങ്ങളിൽ സൂചിപ്പിക്കുമ്പോൾ വരുക ആ സീനിയറും കൂട്ടരും (et al) എന്നായിരിക്കും. ജീവൻ പണയംവച്ച് വായുവേഗത്തിലോടി ഒന്നാം സ്ഥാനത്തെത്തുന്ന പന്തയക്കുതിര കാണുന്നത് കുതിരക്കാരൻ ട്രോഫി വാങ്ങി ആരാധിക്കപ്പെടുന്നതാവും. മണ്ണുംചാരി നിന്ന പലരും പെണ്ണുംകൊണ്ടു പോകാറുണ്ടെന്ന ദുഃഖസത്യം സമൂഹത്തിലുണ്ട്.

അധികാരികൾക്കു വേണ്ട മുഖ്യഗുണം കാരുണ്യമാണ്. തങ്ങളുടെ കഴിവുകൾ എങ്ങനെ ജനങ്ങൾക്കു സഹായകരമാക്കാമെന്നു ചിന്തിക്കാം. നിയമത്തിന്റെ പരിധിക്കകത്തു നിന്നുകൊണ്ട് നിയമം വ്യാഖ്യാനിച്ച് സഹായിക്കുകയോ ഉപദ്രവിക്കുകയോ ആകാം. ഇവയിലേതു വേണമെന്ന  തീരുമാനമാണ് അധികാരിയുടെ മികവ് നിർണയിക്കുന്നത്. താഴെയുള്ളവർ നിസ്സഹായരായിരിക്കാം. ആ സാഹചര്യം മുതലെടുക്കാതെ മാന്യമായി പെരുമാറാൻ മേലധികാരികൾ ശ്രദ്ധിക്കുന്ന സ്ഥാപനങ്ങളാണ് വിജയിക്കുക.

താഴേത്തട്ടിലെ കാര്യമെന്നു പറഞ്ഞാലും ഏഴു പതിറ്റാണ്ടിലേറെ മുൻപ് നടക്കാറുള്ള സംഭവത്തിന്റെ ഒളിമങ്ങാത്ത ചിത്രം. 12–13 വയസ്സുള്ള എട്ടാം ക്ലാസുകാർ. സമർത്ഥനായ അധ്യാപകന് വലിയ ദൗർബല്യമുണ്ടായിരുന്നു. മാസത്തിലൊരു ദിനം ‘കുറ്റക്കാരായ’ കുട്ടികളുടെമേൽ ക്ലാസ്മുറിയിൽ നടപ്പാക്കുന്ന ദണ്ഡനമുറ. രണ്ടുമുന്നുപേരെ ക്ലാസിന്റെ നടുവിൽ നിരത്തിനിർത്തും. നടുവിരൽവണ്ണമുള്ള നീണ്ട ചൂരലെടുത്ത് ആറടി വീതം ഇവർക്കു നൽകുമെന്ന് പ്രഖ്യാപിക്കും. ആ  ദീർഘകായൻ ദൃഢപേശികളുള്ള നീണ്ട കൈകൊണ്ട് ചൂരൽ ആഞ്ഞുവീശി കാൽമുട്ടിനു താഴെ വലിയ ശബ്ദം കേൾക്കുംവിധം അടിക്കും. കുട്ടി ‘അയ്യോ’ എന്ന് വിളിച്ചുകരയും. എനിക്കും നാളെയിതു വരുമെന്നോർത്ത് കണ്ടിരിക്കുന്ന ഓരോകുട്ടിയും കിടിലംകൊള്ളും. ഓരോ അടിയും കഴിഞ്ഞ് ചെറിയ ഇടവേളയിട്ട് കുറ്റത്തെപ്പറ്റി ചെറുപ്രഭാഷണം. ഇന്റർവൽ സമയത്ത് പുറത്തുപോയി നിലക്കടല വാങ്ങിവന്ന് ക്ലാസിലിരുന്നു കൊറിച്ചതുപോലുള്ള കുറ്റങ്ങൾ. അടിയെക്കാൾ കഷ്ടം അടുത്ത അടി പ്രതീക്ഷിച്ചുനിൽക്കുന്ന ഇടവേളയാണെന്ന് അടികൊണ്ടവർ പറയാറുണ്ട്. ‘അയ്യോ, സാറേ, ഇനി അടിക്കല്ലേ’ എന്നു കണ്ണീരൊലിച്ചു യാചിക്കുന്ന നിസ്സഹായരായ കൂട്ടുകാരുടെ ദയനീയചിത്രം മറക്കാനാവില്ല. വീട്ടിൽ തമിഴ്പറയുന്ന കുട്ടി വേദനിച്ചുപുളഞ്ഞ് സ്വാഭാവികമായി തമിഴിൽ യാചിച്ചുപോയപ്പോൾ, ‘തമിഴിൽ കരയുന്നോടാ?’ എന്നു ചോദിച്ച് ഒരു ബോണസ് അടിയും കൊടുത്തു. ശരീരം വേദനിപ്പിച്ച് കുട്ടികളെ ശിക്ഷിക്കരുതെന്ന് ട്രെയിനിങ് കാലത്ത് പഠിച്ച അദ്ധ്യാപകനാണല്ലോ ഇങ്ങനെയൊക്കെ കാട്ടിയത്.

അധികാരക്കൊതി കുറവായവർ തീരെക്കുറവാണ്. അധികാരശക്തിയേറുന്തോറും അതിന്റെ ദുരുപയോഗവും ഏറുമെന്ന് ഐറിഷ് രാഷ്ട്രീയദാർശനികൻ എ‍ഡ്മണ്ട് ബർക് (1729–97). ഇക്കാര്യത്തിൽ ഏറ്റവും പ്രശസ്തമായ അഭിപ്രായം ഇംഗ്ലിഷ് ചരിത്രകാരൻ ലോർഡ് ആക്റ്റന്റേത് (1834–1902) : ‘അധികാരം അഴിമതിക്കു വഴിവയ്ക്കും, പരമാധികാരം പരിപൂർണമായ അഴിമതിക്കും.’ ഏകാധിപതികളുടെ കൈയിൽ നിയമം പപ്പടംപോലെ പൊടിയുമെന്ന് നമുക്കറിയാം. സർക്കാരിലെ അധികാരധൂർത്ത് കണ്ടുമടുത്ത അമേരിക്കൻ പരിസ്ഥിതിപ്രവർത്തകനായ എഡ്വേർഡ് ആബേ (1927–1989) നർമ്മത്തിൽ കുഴച്ചു പറഞ്ഞു, ‘രാജ്യസ്നേഹികളുടെ കടമ രാജ്യത്തെ സർക്കാരിൽനിന്ന് രക്ഷിച്ചുനിറുത്തുകയാണ്.’

ചെറുതായാലു വലുതായാലും അധികാരം സേവനത്തിന് എന്നു കരുതിയാൽ ആർക്കും പരാതിവരില്ല. ശക്തന്റെ കാരുണ്യം ഏവർക്കും അനുഗ്രഹമാകും. ‘പൂവിന്റെ പരിമളം കാറ്റടിക്കുന്ന ദിക്കിലേക്കു മാത്രം. മനുഷ്യന്റെ നന്മ എല്ലാ ദിക്കിലേക്കും’ എന്ന് ചാണക്യൻ.’ 

English Summary: Career Column By BS Warrier

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA