ADVERTISEMENT

തിരുച്ചി എൻഐടിയിൽ നിന്ന് എൻജിനീയറിങ് ബിരുദം. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സ്ലോൻ സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് എംബിഎ.ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്. പ്രഫഷണൽ കരിയറിന്റെ തുടക്കം അമേരിക്കയിലെ ലീമാൻ ബ്രദേഴ്സിൽ. പിന്നീട് സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ മാനേജിങ് ഡയറക്ടർ. പറഞ്ഞു വരുന്നത് ഏതെങ്കിലും ആഗോള കോർപ്പറേറ്റ് കമ്പനി മേധാവിയുടെ യോഗ്യതകൾ അല്ല. ഇത് നമ്മുടെ നാട്ടിലെ ഒരു രാഷ്ട്രീയക്കാരന്റെ വിദ്യാഭ്യാസ കരിയർ പ്രൊഫൈൽ ആണ്. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ പുതിയ ധനമന്ത്രി പളനിവേൽ ത്യാഗരാജനാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ നിന്നും രാഷ്ട്രീയത്തിലെത്തി പുതു പ്രതീക്ഷയാകുന്നത്.

 

ഉയർന്ന വിദ്യാഭ്യാസവും ആഗോള കാഴ്ചപ്പാടുകളുമുള്ള പളനിവേലിനെ പോലെയുള്ളവർ  രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ദിശാമാറ്റത്തിന്റെ സൂചിക കൂടിയാണ്. കരിയറിൽ മാത്രമല്ല ജീവിതത്തിലും തനി ഗ്ലോബൽ ആണ് പളനിവേൽ. വിവാഹം കഴിച്ചിരിക്കുന്നത് അമേരിക്കക്കാരി മാർഗരറ്റിനെ. ഈ ദമ്പതികൾക്ക് പളനി തേവൻ രാജൻ, വേൽ ത്യാഗരാജൻ എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.

 

2015ലാണ് പളനിവേൽ ത്യാഗരാജൻ ദ്രാവിഡ മുന്നേറ്റ കഴകത്തിലൂടെ തമിഴ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. കോർപ്പറേറ്റ് പ്രൊഫഷണൽ ആയിരുന്നെങ്കിലും രാഷ്ട്രീയത്തിലേക്കുള്ള പളനിവേലിന്റെ പ്രവേശനം യാദൃശ്ചികമായിരുന്നില്ല. പരമ്പരാഗത രാഷ്ട്രീയ കുടുംബത്തിൽ പിറന്ന പളനിവേലിന്റെ അച്ഛനും മുത്തച്ഛനുമെല്ലാം രാഷ്ട്രീയക്കാർ ആയിരുന്നു. 2006ൽ മരിച്ച പിതാവ് പി ടി ആർ പളനിവേൽ രാജൻ ഡിഎംകെയുടെ പ്രധാന നേതാവും തമിഴ്നാട് നിയമസഭയിൽ സ്പീക്കറും മന്ത്രിയുമൊക്കെയായിരുന്നു. മുത്തച്ഛൻ പി ടി രാജൻ ആകട്ടെ 1936ൽ മദ്രാസ് പ്രവിശ്യയുടെ മുഖ്യമന്ത്രിയും ജസ്റ്റീസ് പാർട്ടിയുടെ നേതാവുമായിരുന്നു.

 

തന്റെ ഇരുപതുകളിൽ പിതാവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുകൾ കൈകാര്യം ചെയ്തുകൊണ്ടായിരുന്നു പളനിവേൽ രാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. 1996ൽ ഡിഎംകെ സ്ഥാനാർഥി ആയെങ്കിലും വീണ്ടും മൂന്ന് ദശാബ്ദങ്ങൾ കൂടി കഴിഞ്ഞു ഔദ്യോഗികമായി പാർട്ടിയിൽ അംഗത്വമെടുക്കാൻ. 20 വർഷത്തോളം യുഎസിലും സിംഗപ്പൂരിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ഇൻവെസ്റ്റ്മെന്റ് ബാങ്കറായി പളനിവേൽ ജോലി ചെയ്തു.

 

2001-2008 കാലഘട്ടത്തിൽ പളനിവേൽ ലീമാൻ ബ്രദേഴ്സിൽ ജോലി ചെയ്യുമ്പോഴാണ് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരവാദികൾ ആക്രമിക്കുന്നത്. അതേ കെട്ടിടത്തിൽ ജോലിചെയ്തിരുന്ന പളനിവേൽ അത്ഭുതകരമായാണ് അന്ന് രക്ഷപ്പെട്ടത്. 2006ൽ  പിതാവ് മരണപ്പെട്ടപ്പോൾ ഇന്ത്യയിൽ തിരിച്ചെത്തി തിരഞ്ഞെടുപ്പിൽ മത്സരിക്കാനും മന്ത്രിസഭയിൽ ചേരാനും കരുണാനിധി പളനിവേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭാര്യ മാർഗരറ്റ് ഗർഭിണി ആയിരുന്നതിനാൽ ആ സമയത്ത് പളനിവേൽ കരുണാനിധിയുടെ ഓഫർ നിരസിച്ചു. 2011ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയെങ്കിലും സ്റ്റാലിൻ അഴഗിരി വഴക്കിനെ തുടർന്ന് ആ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് ലഭിച്ചില്ല.

 

2016ലും 2021ലും മധുരൈ സെൻട്രൽ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് പളനിവേൽ സഭയിൽ എത്തിയത്. ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ നിന്നും വിദേശ പഠനത്തിൽ നിന്നും ലഭിച്ച ആശയങ്ങൾ തമിഴ്നാട്ടിൽ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് പളനിവേൽ. ബാങ്കിങ്-ധന മേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള പളനിവേലിനെ പോലെയൊരാൾ ധനമന്ത്രിയായി എത്തുമ്പോൾ തമിഴകത്തിന്റെ പ്രതീക്ഷകൾ വാനോളമാണ്. അഞ്ച് ലക്ഷം കോടി രൂപയുടെ കടത്തിൽ നിന്നും ഒന്നര ലക്ഷം കോടി രൂപയുടെ റവന്യൂകമ്മിയിൽ നിന്നും തമിഴ്നാടിനെ രക്ഷിക്കാൻ പളനിവേലിനു സാധിക്കുമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയും ജനങ്ങളും ഉറച്ചു വിശ്വസിക്കുന്നു.

English Summary: Palanivel Thiagarajan Finance Minister of Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com