ADVERTISEMENT

‘അയ്യോ, ഞാൻ മറന്നുപോയല്ലോ’ എന്നു പറയാനിടയാകുന്നത് എന്തുകൊണ്ട്? മനുഷ്യർക്കു മറവി സഹജം എന്നു മുട്ടുന്യായം പറയാം. എങ്കിൽ, ഞാനും നിങ്ങളും നമ്മുടെ അച്ഛനമ്മമാരുടെ പേരുകൾ മറക്കാത്തതെന്തുകൊണ്ട്? മറക്കാൻ കഴിയാത്തതു കൊണ്ട്. മറക്കാൻ പാടില്ലാത്തതുകൊണ്ട്. മറ്റു പലതും മറന്നാലും തകരാറില്ലെന്നു കരുതുന്നതുകാരണം അവ മറന്നെന്നിരിക്കും, മറന്നില്ലെന്നുമിരിക്കും.  

 

മറക്കരുതെന്നു മനസ്സുവച്ചാൽ മറക്കില്ലെന്നു സാരം. പിന്നെ മറ്റൊന്നുണ്ട്. മറന്നുപോയെന്നു പറയുന്ന കാര്യം ഒരിക്കൽപ്പോലും ശ്രദ്ധിച്ചു മനസ്സിൽ പതിച്ചിട്ടുണ്ടാവില്ല. മനസ്സിലാക്കാതെതന്നെ മനസ്സിലാക്കിയെന്നു വെറുതേ ഭാവിക്കുന്നവരേറെ. 

 

താഴ്ന്ന ക്ലാസിലെ പാഠം സംബന്ധിച്ചു ‌സംശയം ചോദിക്കുന്ന കുട്ടികളോട് പല അച്ഛനമ്മമാരും ‘ഓ, അതു ഞാൻ മറന്നുപോയി’ എന്നു പറഞ്ഞ് തടിതപ്പാറുണ്ട്. അവർ അതു വേണ്ടകാലത്ത് വേണ്ടവിധം പഠിക്കാത്തതുമാകാം. പരീക്ഷയിൽ ജയിക്കാൻ, കാണാതെ പഠിച്ചോ മറ്റോ വല്ലതും  തട്ടിക്കൂട്ടിയതാണെന്നു വരാം. സാരം മനസ്സിലാക്കാതെ പഠിച്ചെന്നു വരുത്തിയാൽ എങ്ങനെ ദീർഘകാലം ഓർമ്മ നിൽക്കും?

 

ചിലതെല്ലാം അൽപ്പനേരം ഓർമ്മ വച്ചാൽ മതി. പണമിടപാടിന് ബാങ്ക് നൽകുന്ന ഒടിപി (വൺ–ടൈം പാസ്‌വേഡ്) പോലെ. താൽക്കാലിക ഓർമ്മ മതി അതിന്. ഏതാനും സെക്കൻഡ് നേരത്തേക്കു മാത്രം. പക്ഷേ പഠനം അങ്ങനെയല്ല. താൽക്കാലിക ഓർമ്മയെ ദീർഘകാല ഓർമ്മയാക്കി മാറ്റുന്ന പ്രക്രിയ ഏതു പഠനത്തിലും അന്തർഭവിക്കും. 

 

കംപ്യുട്ടർ–ഫയലുകളെന്നപോലെ തലച്ചോറിൽ നാം വിവരങ്ങൾ ശേഖരിച്ചുവയ്ക്കുന്നു. നല്ല ഐടി പ്രഫഷനൽ, ആവശ്യമില്ലാത്ത ഫയലുകളെല്ലാം കഴിവതും വേഗം ഡിലീറ്റ് ചെയ്തുകളയും. ആവശ്യമുള്ളവ പൊന്നുപോലെ ചിട്ടയോടെ സൂക്ഷിച്ച്, ആവശ്യാനുസരണം തിരിഞ്ഞെടുത്ത്, ഉപയോഗിക്കുകയും ചെയ്യും. ഓർമ്മകൾ പൂന്തോട്ടം പോലെയാണത്രേ; മനോഹരമായ പൂക്കളെ നിർത്തി, കളകളെ നിരന്തരം വെട്ടിക്കളയണം. മനസ്സുവച്ചാൽ സാധാരണജീവിതത്തിലും ആ വിധത്തിലാകാം. ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കുന്ന വിവരമാണെങ്കിൽ പെട്ടെന്ന് ഓർമ്മയിൽ വന്നുകൊള്ളും. 

 

ഓർമ്മ വയ്ക്കാൻ വഴികൾ

പരീക്ഷയ്ക്കു പഠിക്കുന്ന കുട്ടികളടക്കം മറവികാരണം പ്രയാസപ്പെടാറുന്നവരേറെ. ഓർമ്മ മെച്ചമാക്കാൻ പല വഴികളും മനഃശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ചില സൂചനകൾ :  

∙ ഓർമ്മിക്കണമെന്ന് തീവ്രമായി ആഗ്രഹിച്ച് ഏകാഗ്രതയോടെ മനസ്സിലാക്കുക

∙വിവരങ്ങളിലെ യുക്തിയും പരസ്പരബന്ധവും ഗ്രഹിക്കുക

∙മുന്നറിവുമായി ബന്ധിപ്പിക്കുക

∙കുറെപ്പേരെ പഠിപ്പിക്കുന്നെന്ന് സങ്കല്പിച്ചു പറഞ്ഞുനോക്കുക (മോക് ടീച്ചിങ്)

∙VIBGYOR പോലുള്ള ഓർമ്മസൂത്രങ്ങളുണ്ടാക്കുക പഠിക്കുക (Mnemonics : Acronyms / Acrostics)

∙കവിതയും മറ്റും ഉരുവിട്ടു പഠിച്ചതിനു ശേഷം, വീണ്ടും പഠിക്കുക (അതിപഠനം)

∙വിവരങ്ങൾ ചിത്രങ്ങളോ ചാർട്ടുകളോ പ്രാസമുള്ള പദ്യങ്ങളോ ആക്കുക 

∙ലോസൈ (Loci) രീതി (14 രാഷ്ട്രപതിമാരെ ക്രമത്തിലോർക്കാൻ അവർ വീട്ടിലെ പൂമുഖത്തിൽ തുടങ്ങി, പല മുറികളിൽ വിശേഷവേഷത്തിൽ വ്യത്യസ്തകൃത്യങ്ങൾ ചെയ്തിരിക്കുന്ന മനച്ചിത്രം രചിച്ചുപയോഗിക്കുന്നത് ദൃഷ്ടാന്തം)

∙നീണ്ട ഫോൺ നമ്പറുകളുടെ കാര്യത്തിലെന്നപോലെ കഷണങ്ങളാക്കി ഓർമ്മിക്കുക

 

100 വസ്തുക്കളുടെ പേർ ഒരിക്കൽ കേട്ട് അവ ക്രമത്തിൽ ആവർത്തിച്ച് ഓർമ്മശക്തികൊണ്ട് ഇന്ദ്രജാലം കാട്ടുന്നവർ (Memory Wizards) ‘പെഗ്’ സമ്പ്രദായം സ്വീകരിക്കാറുണ്ട്. ant, butterfly, cat, dog, elephant, fox, giraffe…..zebra, apple, banana, cherry, dates,… എന്നോ മറ്റോ 100 വസ്തുക്കൾ അക്ഷരക്രമത്തിൽ നേരത്തേ മനഃപാഠമാക്കി വച്ചിരിക്കും. ഇവ പെഗ്ഗുകൾ (കുറ്റികൾ) ആണ്. കേൾക്കുന്ന ഓരോന്നും ഓരോ കുറ്റിയുമായി ബന്ധിപ്പിച്ച ചിത്രം മനസ്സിൽ പെട്ടെന്നുണ്ടാക്കി ഓർമ്മിക്കുന്ന രീതി.

 

കാര്യക്ഷമമായ ഏതു പ്രവർത്തനത്തിലും ഓർമ്മശക്തി നിർണായകമാണ്. ഏത് പരീക്ഷയിലും ഓർമ്മശക്തിക്കു പ്രാധാന്യമുണ്ട്. ബുദ്ധിശക്തിപരിശോധനയിൽപ്പോലും. കുറ്റാന്വേഷണകഥകളുടെ തമ്പുരാനായ ആർതർ കോണൻ ഡോയ്ൽ: ‘സർവതും കടിച്ചകത്താക്കുന്ന വായനക്കാരനാണു ഞാൻ. ഏറ്റവും നിസ്സാരമായ കാര്യങ്ങൾ മനസ്സിൽ വയ്ക്കുന്ന ശീലമെനിക്കുണ്ട്.’     

ഓർമ്മ : വ്യത്യസ്തചിന്തകൾ

ചിലതെല്ലാം മറക്കാൻ കഴിഞ്ഞെങ്കിൽ എന്ന് നാം ആഗ്രഹിക്കാറുണ്ട്. ഓർമ്മ കയ്പ്പും മറവി മധുരവുമായി തോന്നുന്ന നിമിഷങ്ങൾ. മറവി മനുഷ്യന് അനുഗ്രഹമെന്ന ചൊല്ലു തന്നെയുണ്ട്. നേരി‍ൽക്കണ്ട ദുരന്തങ്ങളോ, അനുഭവിക്കേണ്ടിവന്ന തീവ്രദുഃഖങ്ങളോ, വേദനിപ്പിക്കുന്ന കാഴ്ചകളോ മറക്കാൻ നാം മനഃപൂർവം ശ്രമിക്കും. പക്ഷേ പലർക്കും വിപരീതഫലമാണ് അനുഭവപ്പെടാറ്. കാലംകഴിയുമ്പോൾ ചിലതെല്ലാം ക്രമേണ മാഞ്ഞുമറക്കുമെന്നുമാത്രം. ഓർമ്മ മോഷ്ടിക്കുന്ന കള്ളനാണ് കാലം.

 

‘മറവിക്കാർ അനുഗ്രഹീതർ. ചെയ്ത മണ്ടത്തരങ്ങളെ അവർ തോൽപ്പിക്കുന്നു’ എന്ന് ജർമ്മൻ ദാർശനികൻ ഫ്രീഡ്രിക് നീഷേ. പക്ഷേ ശരീരത്തിലെയെന്നപോലെ മനസ്സിലെയും മുറിപ്പാടുകൾ നമ്മെ പലതും ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും. ഓർമ്മക്കുറവ് സുഖജീവിതത്തിന് ഉതകാം.

ഏതിലും നർമ്മം കണ്ടെത്തുന്ന മാർക് ട്വൈൻ :‘മനഃസാക്ഷി അതിശുദ്ധമെന്ന ചിന്ത ഓർമ്മക്കുറവിന്റെ ലക്ഷണം.’ പലരുടെയും ആഗ്രഹം ഞാൻ പോയിക്കഴിഞ്ഞാൽ, ഞാൻ നന്മ നിറഞ്ഞവനായിരുന്നെന്ന് എല്ലാവരും ഓർമ്മിക്കണേ എന്ന്. പക്ഷേ അങ്ങനെ ഓർമ്മിക്കണമെങ്കിൽ, ജീവിക്കുമ്പോൾ നന്മ ചെയ്തിരിക്കണം. ശവപ്പറമ്പിലെ ഏറ്റവും വലിയ ധനികർ സന്തോഷകരമായ ഓർമ്മകൾ  അവശേഷിപ്പിച്ചു പോയവർ എന്ന് കസുവോ ഇഷ്യോറോ എന്ന ജാപ്പനീസ് നോവലിസ്റ്റ്. മരണം വലിയ ഹൃദയവേദനയുണ്ടാക്കുമെങ്കിലും, സ്നേഹം ആർക്കും മായ്ക്കാനാവാത്ത ഓർമ്മയായി അവശേഷിക്കുമെന്നത് നമുക്കു സമാധാനം പകരും.

 

പല ഓർമ്മകളും യഥാർത്ഥരൂപത്തിലാവില്ല. സന്തോഷിപ്പിച്ചവ ഓർക്കാനും ദുഃഖിപ്പിച്ചവ മറക്കാനും മനസ്സു കൊതിക്കും. ‘പണ്ട് എല്ലാം എത്ര സുഖമായിരുന്നു, ഇന്നെല്ലാം കഷ്ടപ്പാട്’ എന്ന വിലാപത്തിൽ സത്യം കുറവാകാം. ഇതുമായി ബന്ധപ്പെട്ട് ‘നൊസ്റ്റൽജിയ’ എന്ന ഇംഗ്ലിഷ് വാക്ക് പരിശോധിക്കുന്നതു രസകരം. ഗൃഹാതുരത്വം എന്ന് നമ്മുടെ വിവർത്തനം. വീട്ടിലേക്കു മടങ്ങിപ്പോകുന്നതിലെ സുഖമാണ് സൂചന. മടങ്ങിപ്പോക്ക് എന്ന് അർത്ഥമുള്ള നോസ്റ്റം, ദുഃഖം / വേദന എന്നെല്ലാം അർത്ഥമുള്ള അൽഗോസ് എന്നീ ഗ്രീക് പദങ്ങളിൽ നിന്നാണ് നൊസ്റ്റൽജിയ എന്ന വാക്കുണ്ടായത്. വീട്ടിലേക്കു മടങ്ങുകയെന്നു പറയുമ്പോൾ, ദുഃഖം മറക്കുകയും സുഖങ്ങൾ ഓർക്കുകയും ചെയ്യുന്നു. 

 

ഓർമ്മകളെപ്പറ്റി പല പ്രഗല്ഭരും പറഞ്ഞിട്ടുണ്ട്. ഓർമ്മകൾ അപകടം പിടിച്ചവയാണ്, ഓരോ മൂലയും സ്പർശിച്ചു പൂർണമായി മനസ്സിലാക്കിക്കഴിഞ്ഞാലും ചില വക്കുകൾ കൈമുറിച്ചുകളയും. വാങ്ങിക്കൂട്ടുന്ന സാധനങ്ങൾ കുറെക്കാലമേ നിലനിൽക്കൂ; അമൂല്യ വരദാനമായ ഓർമ്മകൾ ജീവിതകാലം മുഴുവൻ കൂടെ നിൽക്കും. ആത്മാവിന്റെ ആഴങ്ങളിൽ കരുതിവയ്ക്കുന്ന നിധികൾ. സ്മൃതിസ്വപ്നങ്ങളുടെ സ്വർഗത്തിൽ നിന്നു നമ്മെ പടിയിറക്കാൻ ആർക്കും കഴിയില്ല. ഓർമ്മകൾ നമ്മിലോരോരുത്തരുടെയും സ്വകാര്യസമ്പാദ്യങ്ങളാണ്. അവ എപ്പോഴും കൂടെക്കാണും.

 

ഇതിനെല്ലാം വിപരീതമായി പറയുന്നവരുമുണ്ട്. പഴയതിനെ നാളെയ്ക്കു വേണ്ടി കരുതിവയ്ക്കുന്നവർ വിഡ്ഢികളാണത്രേ. വെടിയുണ്ടകളാണ് ഓർമ്മകൾ; ചിലവ ഭയപ്പെടുത്തും, മറ്റു ചിലവ നമ്മെ തുണ്ടുതുണ്ടായിക്കീറും.

 

ഓരോരുത്തരും അനുഭവവും ഭാവനയും അടിസ്ഥാനമാക്കി പറയുന്ന അഭിപ്രായങ്ങൾ. ഓർമ്മ മെച്ചപ്പെടുത്തുന്നത് ജീവിതത്തിൽ പ്രധാനം. ഏതു പ്രവർത്തനം ഭംഗിയാക്കാനും അതു കൂടിയേ തീരൂ. 

English Summary: Career Column By B. S Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com