ADVERTISEMENT

ലോകമെമ്പാടും അതിദ്രുതം വളരുന്ന സേവനമേഖലയാണ് ആരോഗ്യരംഗം. സ്വാഭാവികമായും ഹെൽത്ത് പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ചും  നഴ്സിങ് യോഗ്യതകളുള്ളവർക്ക് പ്രതിദിനം ഡിമാൻഡ് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ആതുരശുശ്രൂഷാ രംഗത്തിന് അത്ഭുതകരമായ വളർച്ച ആശുപത്രികളിലും അനുബന്ധ സ്ഥാപനങ്ങളിലും നിരവധി  തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നഴ്സിങ് പഠനം മികച്ച രീതിയിൽ പൂർത്തിയാക്കിയവർക്ക് ഹോസ്പിറ്റൽ നഴ്സിങ്, മിലിട്ടറി നഴ്സിങ്, കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ്, പ്രൈവറ്റ് ഡ്യൂട്ടി നഴ്സിങ്, അധ്യാപനം എന്നിങ്ങനെ വിവിധ തലങ്ങളിൽ അവസരങ്ങളുണ്ട്. ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലുമെല്ലാം പതിനായിരക്കണക്കിന് മലയാളി നഴ്‌സുമാർ മികച്ച രീതിയിൽ  ജോലി ചെയ്തുവരുന്നുണ്ട്. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള മലയാളി നഴ്സുമാരുടെ  റിക്രൂട്ട്മെൻ്റുകൾക്ക് ഇപ്പോൾ വേഗതയും കൂടിയിരിക്കുന്നു.2021 മാർച്ചിൽ മാത്രം 250ലധികം നഴ്സുമാർ Overseas Development Employment Promotion Council എന്ന കേരള സർക്കാർ സ്ഥാപനം വഴി വിദേശ രാജ്യങ്ങളിൽ ജോലി നേടിക്കഴിഞ്ഞു.

 

അച്ചടക്കം,ലാളിത്യം, സേവന മനോഭാവം, ക്ഷമ, ത്യാഗസന്നദ്ധത, ഉത്തരവാദിത്തബോധം, സഹാനുഭൂതി എന്നിവ ഈ മേഖലയിൽ പ്രവേശിക്കുന്നവർക്ക് അത്യാവശ്യം. സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവും കെമിസ്ട്രിയിലും ബയോളജിയിലുമുള്ള താൽപ്പര്യവും അഭിലഷണീയം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (PCB) വിഷയങ്ങളോടെ 10+2 കഴിഞ്ഞവർക്ക് ചേരാവുന്ന General Nursing and Mid wifery അഥവാ GNM (3.5 വർഷം), BSc Nursing (4 വർഷം), Auxiliary Nursing Midwifery അഥവാ ANM (2 വർഷം) കോഴ്സുകളാണ് ഈ മേഖലയിലെ പ്രാഥമികകോഴ്സുകൾ.GNM കഴിഞ്ഞ് 2 വർഷം ദൈർഘ്യമുള്ള Post Basic B.Sc Nursing കോഴ്സിന് ചേരാം. ഈ കോഴ്സോ B.Sc Nursing കോഴ്സോ പൂർത്തിയാക്കിയവർക്ക് MSc നഴ്സിങ്ങിനും പ്രവേശനം ലഭിക്കും.

 

കേരളത്തിൽ B.Sc നഴ്സിങ് കോഴ്സുകൾക്കുള്ള മേൽനോട്ടം LBS നാണ്. PCB വിഷയങ്ങളിൽ 50% മാർക്ക് വേണം. മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രായപരിധിയുമില്ല . കേരളത്തിലെ സ്ഥാപനങ്ങളെക്കുറിച്ചും കോഴ്സുകളെക്കുറിച്ചും അറിയാൻ www.nursing council.kerala.gov.in എന്ന സൈറ്റ് പ്രയോജനപ്രദമാവും. SC/ST വിദ്യാർഥികൾക്ക് മാത്രം പ്രവേശനം നൽകുന്ന Govt.School of Nursing കൊല്ലത്ത് ആശ്രാമത്ത് പ്രവർത്തിക്കുന്നു. കേരളത്തിൽ ആകെ നഴ്സിങ് സീറ്റുകൾ 6055. ആയിരങ്ങൾ പട്ടികയിൽ പുറത്താവുന്നതുകൊണ്ടുതന്നെ അന്യസംസ്ഥാനങ്ങളിലേയ്ക്ക് നഴ്സിങ് പഠനത്തിനു വേണ്ടി ചേക്കേറുന്ന എത്രയോ മലയാളി വിദ്യാർഥികളുണ്ട്. സ്ഥാപനങ്ങൾക്ക് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കി മാത്രം പ്രവേശനം നേടുക.

 

അവിവാഹിതരോ വിധവകളോ വിവാഹബന്ധം വേർപിരിഞ്ഞവരോ ആയ സ്ത്രീകൾക്ക് മിലിട്ടറി നഴ്സിങ് കോളേജുകൾ നടത്തുന്ന GNM / BSc Nursing കോഴ്സുകൾക്ക് ചേരാം. എഴുത്തുപരീക്ഷയിലൂടെയാണ് പ്രവേശനം.പഠനം സൗജന്യമാണ്. പഠന ശേഷം മിലിട്ടറി നഴ്സിങ് സർവീസസിൽ 5 വർഷമെങ്കിലും പ്രവർത്തിക്കാമെന്നുള്ള കരാറിലേർപ്പെടേണ്ടി വരും.AllMS, JIPMER പോണ്ടിച്ചേരി, KMC മണിപ്പാൽ, CMC വെല്ലൂർ, ചണ്ഡിഗഡ് സർവകലാശാല, AFMC പൂന, King George's Medical University, Lucknow എന്നിവ ഏറ്റവും മികച്ച പഠനസൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു.

 

നഴ്സിങ്ങിൽ പ്രാഥമിക യോഗ്യതകൾ നേടിയവർക്ക് വിദൂര വിദ്യാഭ്യാസ മാതൃകയിൽ പoനം തുടരാൻ IGNOU അവസരങ്ങൾ നൽകുന്നുണ്ട് . GNM പൂർത്തിയാക്കി 2 വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് BSc (Post Basic) Nursing ;.BSc Nursing/GNM യോഗ്യതയുള്ളവർക്ക് Diploma in Critical Care Nursing,  Diplomain Nursing Administration എന്നീ കോഴ്സുകൾക്ക് ചേരാം.

 

ആശുപത്രികളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ആയി പ്രവർത്തിക്കാനുള്ള യോഗ്യതയാണ് ഓക്സിലറി നഴ്സ് ആൻഡ് മിഡ് വൈഫറി. (ANM)

പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് ചേരാവുന്ന ഈ കോഴ്സിന്റെ ദൈർഘ്യം 2 വർഷമാണ്. വിശദ വിവരങ്ങൾക്ക്: https://www.dhs.kerala.gov.in/

BSc Nursing കഴിഞ്ഞാൽ ToEFL/IELTS, NCLEX പരീക്ഷകളെഴുതി USലും കാനഡയിലും രജിസ്റ്റേഡ് നഴ്സായി ജോലി ചെയ്യാം. ഗൾഫ് രാജ്യങ്ങളിൽ ഈ കടമ്പകളില്ലാതെയും ജോലി ലഭിക്കും.Diplo ma യോഗ്യതയുള്ളവർ CGFNS, IELTS/TOEFL. പരീക്ഷകൾ വിജയിച്ച് വിദേശജോലികൾക്ക് ശ്രമിക്കാം. നഴ്സിങ്ങിൽ MSc യോഗ്യത നേടിയതിനു ശേഷം Medical, Pharma cy, Nursing കോളേജുകളിൽ അധ്യാപകരായും പ്രവർത്തിക്കാം.

 

നഴ്സിങ് പഠനത്തിനു ശേഷം ക്ലിനിക്കൽ റിസർച്ച്, പബ്ലിക് ഹെൽത്ത് ,ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ബയോകെമിസ്ട്രി, ഹെൽത്ത് പോളിസി, മാനേജ്മെന്റ്, ഇമ്മ്യൂണോളജി, സൈക്കോളജി, സോഷ്യൽ വർക്ക് എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ഉപരി പഠന സാധ്യതകളുണ്ട്. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിററ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & ടെക്നോളജിയുടെ PG Diploma in perfusion Technology, Diploma in Neuro Nursing, Cardio vascular Nursing and Thoracic Nursing ;Diploma in Public Health എന്നീ കോഴ്സുകൾക്കും നഴ്സിങ്ങ് ബിരുദധാരികൾക്ക് പ്രവേശനമുണ്ട്.

 

SSLC യോഗ്യതയുള്ളവർക്ക് ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എജ്യുക്കേഷൻ നടത്തുന്ന ആയുർവേദ നഴ്സിങ് കോഴ്സുകൾക്കും ചേരാം. വിവിധ സർക്കാർ/സ്വകാര്യ ആയുർവേദ കോളേജുകളിൽ കോഴ്സുകൾ നടത്തിവരുന്നു.

 

'നഴ്സുമാർ മാലാഖമാരല്ല; പക്ഷേ മാലാഖ മാരുടെ തൊട്ടടുത്ത് നിൽക്കുന്നവരാണവർ ' എന്ന ചൊല്ലിൽ ഈ പ്രൊഫഷന്റെ വിശുദ്ധി മുഴുവനും അടങ്ങിയിരിക്കുന്നുണ്ട്. 100 % തൊഴിൽ സാധ്യതയുള്ളതാണ് ഈ പഠനമേഖല. പഠനത്തോടൊപ്പം ഇംഗ്ലീഷ് ഭാഷാനൈപുണ്യവും കഴിയുമെങ്കിൽ അറബിക്, ജർമൻ, ഇറ്റാലിയൻ, ഫ്രഞ്ച് പോലെ മറ്റൊരു ഭാഷയിലുള്ള പ്രാവീണ്യവും നേടിയെടുത്താൽ വിദേശ രാജ്യങ്ങളിൽ ' മികച്ച തൊഴിൽ നേടുക എളുപ്പമാണ്. ഇന്ത്യയിലും സർക്കാർ, സ്വകാര്യ മേഖലകളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് നഴ്സിങ് പ്രൊഫഷണലുകളെ കാത്തിരിക്കുന്നത്.

 

English Summary: Career Scope Of Nursing

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com