ADVERTISEMENT

പ്ലസ് ടു കഴിയുമ്പോൾ ഉപരി പഠനത്തിനായി വിദേശത്തു പോകണമെന്ന്  ആഗ്രഹിക്കുന്നവരാണ് ഇന്ന് ഇന്ത്യയിലെ പല വിദ്യാർഥികളും. ഇവരുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി കൊണ്ടാണ് കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിക്കുന്നത്. കോവിഡ് മൂലം പലരുടെയും പരീക്ഷകൾ മാറ്റി വെച്ചതാണ് തിരിച്ചടിയായത്. സിബിഎസ്ഇ ഉൾപ്പെടെയുള്ള പല ബോർഡുകളും പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു.

 

പരീക്ഷ നീട്ടി വച്ചതോടെ പരീക്ഷാഫലവും നീളുമെന്ന് ഉറപ്പായി. വിദേശത്തെ കോളജുകളിലേക്ക് അപേക്ഷിക്കാനും അതിനായുള്ള പരീക്ഷകൾക്കു തയാറെടുക്കാനും പ്രൊഫൈൽ നിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കും ഇതുമൂലം വളരെ കുറച്ചു സമയമേ ഇനി വിദ്യാർഥികൾക്ക് ലഭിക്കുകയുള്ളൂ. കോളജ് പ്രവേശനത്തെ സംബന്ധിച്ച അന്തിമ തീരുമാനം ലഭിക്കുന്ന സമയവും ക്ലാസുകൾ തുടങ്ങുന്ന സമയവും തമ്മിൽ വലിയ അന്തരം ഉണ്ടാവില്ല എന്നുള്ളതാണു മറ്റൊരു പ്രശ്നം.

 

മുൻപൊക്കെ പ്രവേശനം ലഭിക്കും എന്ന് ഉറപ്പായതിനു ശേഷം യാത്രയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനു യഥേഷ്ടം സമയം വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ലഭിച്ചിരുന്നു. കോവിഡ് മൂലം പരീക്ഷകൾ വൈകുന്നതോടെ ഈ സാവകാശമാണ് പലർക്കും നഷ്ടപ്പെടാൻ പോകുന്നത്.

 

മെയ് മാസം നടക്കുന്ന സാറ്റ് പരീക്ഷകൾ എഴുതാൻ ഇന്ത്യയിലെ പല വിദ്യാർഥികൾക്കും സാധിക്കില്ല. അതിനാൽ ഓഗസ്റ്റിൽ നടക്കുന്ന പരീക്ഷകൾക്ക് വേണ്ടി അവർക്ക് ഇനി കാത്തിരിക്കേണ്ടിവരും. ഓസ്ട്രേലിയയിലും യുകെയിലും ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികളെയാണ് ഇതു കാര്യമായി ബാധിക്കുക. ഇവിടുത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരീക്ഷാ ഫലം വന്നതിനു ശേഷം മാത്രം സ്ഥിരീകരിക്കുന്ന  ഉപാധികളോടെയുള്ള പ്രവേശനമാണ് നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് പ്രവേശനത്തെ സംബന്ധിച്ച അന്തിമ തീരുമാനം അറിയാൻ ജൂലൈ അവസാനം വരെയോ ഓഗസ്റ്റ് ആദ്യം വരെയോ കാത്തിരിക്കേണ്ടിവരും. അതിനുശേഷം കോഴ്സ് ആരംഭിക്കാൻ വലിയ താമസം ഉണ്ടാവില്ല താനും. എന്നാൽ ഇന്ത്യൻ വിദ്യാർഥികൾ ഈ കോളജുകളെ സംബന്ധിച്ച് പ്രധാനപ്പെട്ടതായതിനാൽ ചില ഇളവുകളൊക്കെ ലഭിക്കാൻ സാധ്യതയുണ്ട്.

 

കോളജ് അപേക്ഷ, പ്ലസ് ടു പരീക്ഷ എന്നിവയെല്ലാം ആയി വിദ്യാർഥികൾ തിരക്കിലാവും എന്നതിനാൽ മാതാപിതാക്കൾ ഫീസ് തുക, താമസ സൗകര്യം, വിസ എന്നിവയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ നടത്തേണ്ടതാണ്. 

 

കോവിഡ് മൂലം വിസ അപേക്ഷാ കേന്ദ്രങ്ങൾ പലതും അടച്ചിട്ടിരിക്കുന്നതും വെല്ലുവിളിയാണ്. പ്രവേശനം ലഭിക്കുന്ന പക്ഷം പെട്ടെന്ന് കൈമാറാവുന്ന തരത്തിൽ വിദ്യാഭ്യാസ ലോൺ തരപ്പെടുത്തി വയ്ക്കുന്നതും നന്നായിരിക്കും. പ്രവേശനം എടുക്കാൻ ഉദ്ദേശിക്കുന്ന കോളജിന്റെ പരിസരത്ത് താമസസൗകര്യങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണവും തുടങ്ങാവുന്നതാണ്.

 

ഓരോ വർഷവും ഒരു ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2019ൽ 10.9 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ പഠനത്തിനായി വിദേശത്തേക്ക് പോയി. 

English Summary: How Will Exam Postponement Impact Foreign Admissions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com