ADVERTISEMENT

തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 40 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നു മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. ഗുണമേൻമയുള്ള ജീവിതം നയിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും അടുത്ത 5 വർഷം തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം. അഭ്യസ്തവിദ്യരായ വീട്ടമ്മമാർ ഉൾപ്പെടെ 20 ലക്ഷത്തോളം പേർക്കു തൊഴിൽ ലക്ഷ്യമിട്ടുള്ള ബൃഹദ് പദ്ധതി ഉദ്ദേശിക്കുന്നു.

 

തദ്ദേശസ്ഥാപനങ്ങളുടെ കൂടി സഹായത്തോടെ നിശ്ചിത പോർട്ടലിൽ അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് അവരുടെ പേരും വിദ്യാഭ്യാസയോഗ്യതയും തൊഴിൽപരിചയവും റജിസ്റ്റർ ചെയ്യാം. തുടർന്നു സർക്കാർ ഐടി മേഖലയിൽ ഉൾപ്പെടെ വിവിധ കമ്പനികളുമായി ചർച്ച ചെയ്ത് ഇവരുടെ സേവനം ഉപയോഗപ്പെടുത്താൻ ആവശ്യമായ അഭിമുഖവും പരീക്ഷയും ഓൺലൈനിൽ നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു ജോലിക്കു ചേരാം. ഓൺലൈനിൽ ജോലി സാധ്യമാകുന്നവർക്ക് അങ്ങനെ തുടരാനും ഈ പദ്ധതി വഴി അവസരമൊരുക്കും.

 

മറ്റൊന്ന് ഉൽപാദനമേഖലുമായി ബന്ധപ്പെട്ടാണ്. കാർഷികമേഖലയിലെ ഉൽപന്നങ്ങളുടെ മൂല്യം വർധിപ്പിച്ചും മറ്റും കൂടുതൽ തൊഴിൽമേഖലകൾ കണ്ടെത്തുകയാണു ലക്ഷ്യം. സംഭരണം, ശീതീകരണം, വിതരണം എന്നിവയ്ക്കായി തദ്ദേശസ്ഥാപനങ്ങളുടെയും വിദേശമലയാളികളുടെയും മറ്റും സഹായത്തോടെ സംരംഭങ്ങൾ ഒരുക്കി അവ വിജയിപ്പിച്ചു തൊഴിൽസാധ്യത പ്രയോജനപ്പെടുത്തണം. ഇങ്ങനെ 20 ലക്ഷം പേർക്കു തൊഴിൽ കണ്ടെത്താനാകുമെന്നാണു പ്രതീക്ഷ.

 

സർക്കാർ മേഖലയിൽ ഫാം വർക്കേഴ്സിനായി അപേക്ഷ ക്ഷണിച്ചാൽ ലക്ഷക്കണക്കിനു പേർ അപേക്ഷിക്കും. എന്നാൽ, നാട്ടിൽ കൂലിപ്പണിയും കർഷകത്തൊഴിലാളിയും ഇല്ല. മിക്കവരും അഭ്യസ്തവിദ്യരാണ്. എല്ലാവർക്കും സർക്കാർ മേഖലയിൽ തൊഴിൽ നൽകാനാകില്ല. നിശ്ചിത മാസവരുമാനം ഉറപ്പാകുന്ന തരത്തിൽ ഉൽപാദനമേഖലയെ പരിവർത്തനം ചെയ്യുകയാണു വേണ്ടത്. പഴയ ഫ്യൂഡൽ മാതൃകയിൽ തൊഴിൽദാതാവും തൊഴിലാളിയും എന്ന സമീപനം ഇനിയുള്ള കാലത്തു സാധ്യമല്ല – മന്ത്രി പറഞ്ഞു.

English Summary: 40 Lakh Employment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com