എന്തുകൊണ്ടാണ് പിഎസ്‌സി ജോലി കിട്ടാത്തത്? ഇങ്ങനെ ശ്രമിച്ചോളൂ; ഫലം ഉറപ്പ്

HIGHLIGHTS
  • കൃത്യമായ ആസൂത്രണത്തോടെയുള്ള പരിശീലനംകൊണ്ടേ ഇക്കാലത്തു കാര്യമുള്ളൂ
student
Representative Image. Photo Credit: Shashank Agarwal/ Shutterstock.com
SHARE

പിഎസ്‌സി പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നവരും  ജോലി കിട്ടിയവരും കിട്ടാതെ ശ്രമം തുടരുന്നവരുമായൊക്കെ പലപ്പോഴും സംസാരിക്കേണ്ടി വരാറുണ്ട്. പലർക്കും പലതാണ് ആശങ്ക. നേരിട്ടറിഞ്ഞ അത്തരം ആശങ്കകളിൽനിന്ന് എനിക്കുണ്ടായ ചില വിലയിരുത്തലുകളും നിർദേശങ്ങളുമാണിവിടെ പങ്കുവയ്ക്കുന്നത്. 

ഒന്നിനെ മാത്രം ലക്ഷ്യമിട്ടാൽ... 

പലരും ഏതെങ്കിലും ഒരു പരീക്ഷ മാത്രമാണു ലക്ഷ്യം വയ്ക്കുന്നത്. പത്തു വർഷമായി പിഎസ്‌സി പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നവർ പോലുമുണ്ട്, ഇക്കൂട്ടത്തിൽ. 

അതേ സമയം, ജോലി കിട്ടിയ പലരോടും സംസാരിക്കുമ്പോൾ കിട്ടുന്ന ചിത്രം മറ്റൊന്നാണ്. തുടർച്ചയായി പല പരീക്ഷകളും എഴുതിനോക്കുന്നവരാണ് ഈ വിഭാഗക്കാർ. ഇഷ്ടപ്പെട്ട ജോലി വരട്ടെ എന്നു മാത്രം കരുതി കാത്തിരിക്കുന്നവരല്ല, കഠിനമായ പ്രയത്നത്തിലൂടെ മുന്നിലുള്ള വഴികളൊക്കെ ശ്രമിച്ചുനോക്കുന്നവർ. 

പലരും സ്വയം തയാറെടുപ്പിലൂടെ ജോലി സ്വന്തമാക്കിയവരാണ്. ദിവസം രണ്ടര മണിക്കൂറും അഞ്ചു മണിക്കൂറുമൊക്കെ പിഎസ്‌സി പരീക്ഷാപരിശീലനത്തിനു മാറ്റിവയ്ക്കുന്നവരുമായി ഈയിടെ സംസാരിച്ചു. രണ്ടര മണിക്കൂർ കുറവാണെന്നോ അഞ്ചു മണിക്കൂർ അധികമാണെന്നോ പറയാനാവില്ല. കാരണം, അവരവർക്ക് എത്രത്തോളം സമയമെടുത്തു പഠിക്കേണ്ടത് ആവശ്യമാണെന്ന് അവർക്കു മാത്രമേ പറയാനാവൂ. എന്തായാലും, ഇത്രയും സമയം ഓരോ ദിവസവും ഇവർ പഠനത്തിനും പരിശീലനത്തിനുമായി ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഏറ്റവും പ്രധാന കാര്യം. ‘തൊഴിൽ വീഥി’ പോലുള്ള പ്രസിദ്ധീകരണങ്ങൾ വളരെയധികം ഉപയോഗപ്പെടുത്തുന്നവരാണ് ഇവർ. 

പല വഴികളിൽ സഞ്ചരിക്കണം 

ഓരോരുത്തരുടെയും യോഗ്യതയ്ക്കനുസരിച്ചു വരുന്ന അവസരങ്ങൾ പലതാണ്. പക്ഷേ, ചിലർ ചെയ്യുന്നത് ഒരേയൊരു പരീക്ഷയ്ക്കുവേണ്ടി മാത്രം തയാറെടുക്കുകയാണ്. അവരുടെ യോഗ്യത വച്ച് മറ്റു പല ജോലി സാധ്യതകളും മുന്നിൽക്കണ്ടാലും അവർ ആ വഴി ചിന്തിക്കില്ല. ഒഴിവുകളുടെ എണ്ണം പ്രധാനംതന്നെ. പക്ഷേ, കുറഞ്ഞ ഒഴിവുകളിലും നമുക്കൊരു വാതിൽ തുറക്കില്ലെന്നു മുൻകൂട്ടി തീരുമാനിക്കരുത്. 

മത്സരപ്പരീക്ഷകളിൽ ‘വലിയ’ വിജയം നേടുന്ന മിക്കവരും, വരുന്ന അവസരങ്ങളൊക്കെ പരീക്ഷിച്ചു നോക്കുന്നവരാണ്. മുൻകാല ചോദ്യ പേപ്പറുകൾ ഉപയോഗിച്ചുള്ള തയാറെടുപ്പും പ്രധാനമാണ്. റാങ്ക് ഫയലുകളുടെ പിറകെ പോകുമ്പോൾ, അതിന്റെ നിലവാരംകൂടി ഉറപ്പാക്കുക. മുൻപ് ആ പരീക്ഷ എഴുതി വിജയം വരിച്ചവരുമായുള്ള ചർച്ച ഏറെ ഗുണം ചെയ്യും. അതേ പരീക്ഷ എഴുതുന്നവരുമായി ഒരുമിച്ചിരുന്നുള്ള തയാറെടുപ്പും നല്ലതുതന്നെ. 

നിരന്തര ശ്രമം വിജയമാർഗം 

ലക്ഷ്യബോധത്തോടൊപ്പംതന്നെ പ്രധാനമാണ്, നിരന്തരമായ തയാറെടുപ്പ്. കുറേ ദിവസം പരിശീലിച്ചശേഷം മടി പിടികൂടിയാൽ പ്രശ്നമാകും. കുറേ പരീക്ഷകൾ എഴുതി കിട്ടാതെവന്നതുകൊണ്ടു നിരാശ ബാധിച്ചാൽ അതു നിങ്ങൾക്കുതന്നെ ദോഷമാകും. കൃത്യമായ ആസൂത്രണത്തോടെയുള്ള പരിശീലനംകൊണ്ടേ ഇക്കാലത്തു കാര്യമുള്ളൂ. അല്ലാതെ പരീക്ഷയ്ക്കു തൊട്ടുമുൻപു കുറേ വാരിവലിച്ചു പഠിച്ചതുകൊണ്ടു കാര്യമേയില്ല. 

ലക്ഷക്കണക്കിനാളുകൾ അപേക്ഷിക്കുമ്പോൾ ദുർലഭം ആളുകൾക്കാണു പിഎസ്‌സി വഴി ജോലി കിട്ടുന്നത് എന്നതു ശരിയാണ്. പക്ഷേ, ഈ ജോലികൾക്കുള്ള തയാറെടുപ്പ് മറ്റു പല മത്സരപ്പരീക്ഷകളിലും നിങ്ങളെ സഹായിക്കും എന്നുകൂടി മനസ്സിലാക്കുക. 

English Summary: Career Column By G Vijayaraghavan

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA