ADVERTISEMENT

മക്കളെ കുറിച്ച് മാതാപിതാക്കള്‍ക്ക് വലിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ പ്രതീക്ഷകളുടെ ഭാരം അമിതമാകുമ്പോള്‍ മക്കള്‍ അതു നിറവേറ്റാന്‍ സഹിക്കേണ്ടി വരുന്ന സമ്മർദ്ദങ്ങളെ കുറിച്ച് പലരും ഓര്‍ക്കാറില്ല. ഇന്ത്യയിലെ പല മാതാപിതാക്കളുടെയും സ്വപ്‌നമാണു രാജ്യത്തെ ഏറ്റവും മുന്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികളില്‍ മക്കള്‍ക്കു പ്രവേശനം ലഭിക്കണമെന്നുള്ളത്. എന്നാല്‍ ഇതിനു വേണ്ടിയുള്ള പ്രവേശനപരീക്ഷാ പരിശീലനം പലപ്പോഴും വിദ്യാര്‍ഥികള്‍ക്കു ബാലികേറാമലയാകാറുണ്ട്. ഈ സമ്മർദ്ദം താങ്ങാന്‍ കഴിയാതെ ആത്മഹത്യ ചെയ്യേണ്ടി വന്നവരും നിരവധി. 

 

എന്നാല്‍ മകനു കളിക്കാനും ചിരിക്കാനും ജീവിക്കാനും പോലും സമയം നല്‍കാത്ത ഈ ഐഐടി എന്‍ട്രന്‍സ് പരിശീലനം വേണ്ടെന്നു വച്ച ഒരു പിതാവിനെ പരിചയപ്പെടാം. കോച്ചിങ് സ്ഥാപനത്തിന്റെ പടിവാതിക്കല്‍ നിന്നു തന്റെ കൈയും പിടിച്ച് തിരിച്ചിറങ്ങിയ ഇത്തരത്തിലൊരു 

സൂപ്പര്‍ കൂള്‍ പിതാവിനെ കുറിച്ചുള്ള ഒരു മകന്റെ കുറിപ്പ്  അടുത്തിടെ  സാമൂഹിക മാധ്യമങ്ങളില്‍  വൈറലായി.  ലളിത് കുമാര്‍ ജയിന്‍ എന്ന ആ പിതാവ് എടുത്ത ധീരമായ തീരുമാനത്തിനു നന്ദി പറയുകയാണ് 17 വര്‍ഷങ്ങള്‍ക്കിപ്പുറം നിഷാന്ത് ജയിന്‍ എന്ന മകന്‍. കോച്ചിങ് വ്യവസായത്തിന് വിട്ടു കൊടുക്കാതെ ലളിത് കുമാര്‍  മകന് സമ്മാനിച്ച ആ രണ്ട് വര്‍ഷങ്ങളാണ് നിഷാന്തിനെ ഇന്നൊരു എഴുത്തുകാരനും കലാകാരനും വെബ് കോമിക് സൃഷ്ടാവും കാര്‍ട്ടൂണിസ്റ്റുമൊക്കെയാക്കി തീര്‍ത്തത്. തന്റെ സര്‍ഗ്ഗാത്മക ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ കാലഘട്ടമെന്ന് ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ച്  ട്വിറ്ററില്‍ പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പില്‍ നിഷാന്ത് പറയുന്നു.

 

നഗരങ്ങളിലെ പലയിടങ്ങളില്‍ ചെന്നിരുന്ന് ജനങ്ങളെ നിരീക്ഷിച്ചും പശ്ചാത്തലം പകര്‍ത്തിയുമെല്ലാം പടം വരയ്ക്കുന്ന സ്‌നീക്കി ആര്‍ട്ട് എന്ന സങ്കേതമാണ് നിഷാന്തിന് പ്രശസ്തനാക്കിയത്. കാനഡയിലെ വാന്‍കൂവറിലാണ് ഈ 33 കാരന്റെ താമസം. 11-ാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു നിഷാന്ത് പിതാവിനൊപ്പം ഒരു ജെഇഇ പരിശീലന സ്ഥാപനത്തില്‍ പ്രവേശനത്തിനായി ചെന്നത്. ഫീസടച്ച് അഡ്മിഷന്‍ എടുക്കും മുന്‍പ് ഇരുവരും അവിടുത്തെ അക്കാദമിക് കൗണ്‍സിലറുമായി സംസാരിച്ചു. കുട്ടികള്‍ തങ്ങളുടെ അടുത്ത രണ്ട് വര്‍ഷങ്ങള്‍ മറ്റെല്ലാം ഉപേക്ഷിച്ച് ജെഇഇ പരിശീലനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കൗണ്‍സിലര്‍ അറിയിച്ചു. കളി, മറ്റ് വിനോദങ്ങള്‍ പോലെ ശ്രദ്ധ തെറ്റുന്ന ഒന്നും അനുവദിക്കില്ലെന്നും അയാള്‍ വ്യക്തമാക്കി. ഇത് ലളിത് കുമാര്‍ ജയിനിനെ ഞെട്ടിച്ചു. പക്ഷേ, തുടര്‍ന്ന് അദ്ദേഹം ചെയ്ത കാര്യം കൗണ്‍സിലറെയും നിഷാന്തിനെയും അദ്ഭുതപ്പെടുത്തി കളഞ്ഞു. 

sneaky-artist

 

ഇത്തരത്തില്‍ ജീവിതത്തിലെ മറ്റെല്ലാ സന്തോഷവും ത്യജിച്ച് മകന് ഒരു ഐഐടി പ്രവേശനം ആവശ്യമില്ലെന്ന് പറഞ്ഞ ലളിത് നിഷാന്തിന്റെ കൈയും പിടിച്ച് കോച്ചിങ് കേന്ദ്രത്തിന്റെ പടിയിറങ്ങി. എന്നാല്‍ നിഷാന്ത് പിന്നീട് എന്‍ട്രന്‍സ് പരീക്ഷ എഴുതാതിരുന്നില്ല. ഇതിനു വേണ്ടി ജീവിതത്തിലെ വിലപ്പെട്ട രണ്ട് വര്‍ഷങ്ങള്‍ ഹോമിച്ചു കളഞ്ഞില്ല എന്ന് മാത്രം.  പുസ്തകങ്ങള്‍ വായിച്ചും, ബ്ലോഗ് എഴുതിയും കളിച്ചും ഒഴിവ് സമയങ്ങള്‍ ആസ്വദിച്ചും നിഷാന്ത് പഠിച്ചു. പതിനൊന്നാം ക്ലാസില്‍ വച്ച് നിഷാന്ത് ആരംഭിച്ച ബ്ലോഗ് ആണ് പിന്നീടൊരു വെബ് കോമിക് ആയും ഇന്ന് ദ സ്‌നീക്കി ആര്‍ട്ടിസ്റ്റ് എന്ന വെബ്‌സൈറ്റായുമൊക്കെ മാറിയത്. 

 

മണിപ്പാലില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് 8.5 നും 9നും ഇടയില്‍ ജിപിഎ നിലനിര്‍ത്തിക്കൊണ്ട് നിഷാന്ത് പാസ്സായി. മണിപ്പാലിലും നിഷാന്ത് അക്കാദമിക പഠനത്തില്‍ മാത്രം ഒതുങ്ങിയില്ല. പിന്നീട് നെതര്‍ലാന്‍ഡ്‌സിലെ ഡെല്‍ഫ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബയോമെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടി. തുടര്‍ന്ന് പിഎച്ച്ഡിക്ക് ചേര്‍ന്നു. ഗവേഷണം തുടങ്ങി രണ്ടര വര്‍ഷത്തിനു ശേഷം ഇത് തന്റെ മേഖലയല്ലെന്നും സര്‍ഗ്ഗാത്മകമായി എന്തെങ്കിലും ചെയ്യുന്നതിലുമാണ് തന്റെ കഴിവെന്നും നിഷാന്ത് തിരിച്ചറിഞ്ഞു. എഴുത്തും വരയുമൊക്കെയാണ് തന്നെ ശരിക്കും സന്തോഷവാനാക്കുന്നതെന്ന് മാതാപിതാക്കളോട് പറഞ്ഞ്, ആ വഴി നിഷാന്ത് തിരഞ്ഞെടുക്കുകയായിരുന്നു. 

 

മകന്റെ വാദങ്ങളിലെ യുക്തി തിരിച്ചറിഞ്ഞ ലളിതും ഭാര്യയും നിഷാന്തിന് ആവശ്യമായ പിന്തുണ നല്‍കി കട്ടയ്ക്ക് കൂടെ നിന്നു. പിതാവിനെ കണ്ടാണ് താന്‍ പല കാര്യങ്ങളും പഠിച്ചതെന്നും അദ്ദേഹത്തിനൊപ്പം  നടത്തിയ ഊണ്‍മേശ സംവാദങ്ങളും ബാഡ്മിന്റണ്‍ കളികളുമൊക്കെയാണ് തന്നെ ഒരു വ്യക്തിയെന്ന നിലയില്‍ രൂപപ്പെടുത്തിയതെന്നും നിഷാന്ത് പറയുന്നു. നിഷാന്തിന്റെ ട്വിറ്റര്‍ പോസ്റ്റുകളെ തുടര്‍ന്ന് നിരവധി പേരാണ് അദ്ദേഹത്തിന്റെ പിതാവിന് അഭിനന്ദനങ്ങളും കൈയ്യടികളുമായി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടത്. അക്കാദമിക മികവിന്റെയും പഠന സമയത്തിന്റെയുമൊക്കെ പേരില്‍ മക്കളെ ശ്വാസം മുട്ടിക്കുന്ന മാതാപിതാക്കള്‍ക്കുള്ള ജീവിക്കുന്ന മാതൃകയാണ് ലളിത് കുമാര്‍ ജയിന്‍. 

English Summary: Success Story of Nitin Jain Sneaky Artist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com