ADVERTISEMENT

തലയിൽ വട്ടത്തൊപ്പിയും കറുത്ത ഗൗണും കണ്ണടയും ധരിച്ചൊരു ആൺ രൂപം. ഡിറ്റക്ടീവ് എന്ന് കേൾക്കുമ്പോൾ നമ്മൾ മലയാളികളുടെ മനസ്സിൽ തെളിയുക ഇതു തന്നെയാണ്. പൊലീസ് യൂണിഫോമിന്റെ പരിരക്ഷയോ അകമ്പടികളോ ഇല്ലാതെ, പാഷൻ എന്ന ഒറ്റ കാര്യത്തിലൂന്നി കേസുകൾക്കു പിന്നാലെ നിതാന്തമായി യാത്ര ചെയ്യുന്ന ഈ അന്വേഷണ ഉദ്യോഗസ്ഥർ നമ്മളെ സംബന്ധിച്ച് ഇപ്പോഴും ഒരു ഫാന്റസിയാണ്. ആ മേഖലയിൽ പേരെടുത്തവരിലൊരാളാണ് ആഗ്നസ് എന്ന കൊച്ചിക്കാരി. നഗരത്തിൽ ഐവാച്ച് എന്ന ഏജൻസിയുമായി, കാൽനൂറ്റാണ്ടിലേറെയായി ആഗ്നസ് കേസുകൾക്കു പിന്നാലെയുണ്ട്. ഇനി ആഗ്നസിനെ കേൾക്കാം:

 

ക്രിമിനോളജി പഠിക്കാൻ പോയത്...

 

ചെന്നൈയിലേക്ക് ക്രിമിനോളജി പഠിക്കാൻ പോയതാണ് ഞാൻ. പെൺകുട്ടികൾ സ്വാഭാവികമായും ആ ബാച്ചിൽ കുറവായിരുന്നു. പഠനത്തിന്റെ അവസാന നാളുകളിലാണ് ഒരു ഡിറ്റക്ടീവ് ഏജൻസിയിലേക്ക് ഒരു പുതുമുഖത്തെ വേണമെന്ന പത്രപ്പരസ്യം കാണുന്നത്. തിരഞ്ഞെടുക്കപ്പെടും എന്ന യാതൊരു പ്രതീക്ഷയും ഇല്ലാതെ തമാശയ്ക്ക് അപേക്ഷ നൽകിയതാണ്. 350 ഓളം ആളുകളിൽ നിന്നാണ് എന്നെ തിരഞ്ഞെടുത്തത്. നീണ്ട പരിശീലനമായിരുന്നു. മുംബൈ, ഹൈദരാബാദ്, ഡൽഹി, ബെംഗളൂരു അങ്ങനെ ഇന്ത്യയിലെ എല്ലാ വൻ നഗരങ്ങളിലും പരിശീലന പരിപാടികളിൽ പങ്കെടുപ്പിച്ചു. അതിനുശേഷമാണ് കൊച്ചി ഓഫിസിൽ ജോയിൻ ചെയ്യുന്നത്. പിന്നെ ഇതെന്റെ പ്രവർത്തനമേഖലയായി മാറുകയായിരുന്നു.

 

ആദ്യം തോന്നിയത് ഭയം

 

ഒരു വനിത എന്ന നിലയിൽ, കേസുകൾ കൈകാര്യം ചെയ്യാനും അതുമായി ബന്ധപ്പെട്ട് ആളുകളെ സമീപിക്കാനും റിപ്പോർട്ട് തയാറാക്കാനുമൊക്കെ ആദ്യം ആശങ്കയും ആത്മവിശ്വാസക്കുറവുമുണ്ടായിരുന്നു. പക്ഷേ സമയം കളയാനില്ലാതിരുന്നതിനാൽ അതൊക്കെ അവഗണിച്ചു. ഞാൻ ജോലി ചെയ്ത സ്ഥാപനത്തിലേക്ക് ഒന്നിനുപുറകെ ഒന്നായി കേസുകൾ വന്നുകൊണ്ടിരുന്നു. മിക്കതും ഉത്തരേന്ത്യയിലെ വലിയ കമ്പനികളുടെ കേസുകൾ. അതിനുവേണ്ടി നിരന്തരം യാത്രകളും കൂടിക്കാഴ്ചകളുമൊക്കെ വേണ്ടിയിരുന്നു. 

ആൾക്കാരുമായി ഇടപഴകാനും കമ്പനികളിൽ പോയി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനും അഭിഭാഷകരെയും അന്വേഷണ ഉദ്യോഗസ്ഥരെയും ബന്ധപ്പെടാനും നിയമവശങ്ങൾ പഠിക്കാനുമൊക്കെ അന്നത്തെ സഹപ്രവർത്തകർ അവസരം തന്നു. എനിക്കത് ആവേശവുമായിരുന്നു. അങ്ങനെ പതിയെ ആത്മവിശ്വാസക്കുറവ് ഇല്ലാതായി.

 

വലിയ സ്വീകാര്യത ഉണ്ടായിരുന്നില്ല എങ്കിലും...

 

എന്റെ കുടുംബത്തിൽനിന്ന് വലിയ പിന്തുണയൊന്നും ഇല്ലായിരുന്നു. അച്ഛന് ഞാൻ അഭിഭാഷകയാകണമെന്നായിരുന്നു താൽപര്യം. പക്ഷേ ഒരു ചട്ടക്കൂട്ടിൽ നിന്നുകൊണ്ടുള്ള ജോലിയോട് എനിക്ക് വലിയ ആകർഷണം തോന്നിയില്ല. എതിർപ്പുകൾ മറികടന്ന് ഞാൻ ഈ പ്രഫഷനിലേക്കു വന്നതിനുശേഷം അവരും അതിനൊത്തു മുന്നോട്ടു പോയി. എന്റെ വീട്ടുകാരും ജീവിതപങ്കാളിയും മക്കളും എല്ലാം അങ്ങനെ ഒരു തീരുമാനം എടുത്തില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ  ഈ പ്രഫഷനിൽ മുന്നേറാൻ സാധിക്കുമായിരുന്നില്ലെന്നു മാത്രമല്ല അതിന് എന്നേ ഫുൾസ്റ്റോപ്പും വീണേനേ.

 

ശബരിമല ഒഴികെ മറ്റെല്ലായിടത്തേക്കും

 

യാത്രകളാണ് പ്രധാനം, എവിടെയും യാത്രചെയ്യാനുള്ള മനസ്സാണ് ഒരു ഡിറ്റക്ടീവിന് ആദ്യം വേണ്ടത്. ചെന്നൈയിലെ കമ്പനി നടത്തിയ റിക്രൂട്ട്മെന്റിൽ ഞാൻ തിരഞ്ഞെടുക്കപ്പെടാൻതന്നെ കാരണം  യാത്ര ചെയ്യാനുള്ള എന്റെ ആവേശവും അതിനോടുള്ള വളരെ തുറന്ന നിലപാടും അവർ മനസ്സിലാക്കിയതു കൊണ്ടാകണം. കേരളത്തിൽ ശബരിമല ഒഴികെ ബാക്കി എല്ലാ ഇടങ്ങളിലും കേസുമായി ബന്ധപ്പെട്ട് ഞാൻ യാത്ര ചെയ്തിട്ടുണ്ട്. അതിന് എനിക്ക് ഒരു മടിയുമില്ല. ഏതു സ്ഥലത്തേക്കും കയറിച്ചെല്ലാൻ ഒരു ആത്മവിശ്വാസക്കുറവുമില്ല. പക്ഷേ വനിത എന്ന നിലയിൽ എടുക്കേണ്ട മുൻകരുതലുകൾ എല്ലായ്പ്പോഴും കൈക്കൊണ്ടിരുന്നു. താമസിക്കാനുള്ള സ്ഥലവും യാത്രചെയ്യുന്ന വാഹനവുമൊക്കെ കുറച്ചു മുൻനിരയിലുള്ളത് മാത്രമേ തിരഞ്ഞെടുക്കാറുള്ളു. മിക്കപ്പോഴും എന്റെ വാഹനത്തിൽ തന്നെയായിരുന്നു യാത്ര.

 

അന്വേഷണവും ആ ലോകവും

 

മാധ്യമങ്ങളിൽ വളരെ സെൻസേഷനലായ കേസുകളൊക്കെ വരുമ്പോൾ ആലോചിക്കാറുണ്ട് ഇത് നമുക്കു ചെയ്യാവുന്ന കേസ് ആയിരുന്നല്ലോ എന്നൊക്കെ. പക്ഷേ ഒരു ഡിറ്റക്ടീവ് ഏജൻസിയിലേക്ക് അത്തരം കേസുകൾ എത്താനുള്ള സാധ്യതയും സാഹചര്യങ്ങളും കുറവാണ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ, തട്ടിപ്പുകൾ, ചീറ്റിങ് കേസുകൾ, വ്യക്തികളെ കൂടുതൽ അറിയാനുള്ള അന്വേഷണങ്ങൾ എന്നിവയായിരുന്നു മുഖ്യമായും വന്നുകൊണ്ടിരുന്നത്. വിശ്വാസ്യത നേടിയെടുക്കുക എന്നതാണ് ഒരു ഡിറ്റക്ടീവിനെയും അവർ ജോലി ചെയ്യുന്ന ഏജൻസിയെയും സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം. ഒരു തവണ കേസ് തന്നവരിൽനിന്നുതന്നെ പിന്നെയും കേസ് കിട്ടിക്കൊണ്ടേയിരുന്നു എന്നത്, ആ വിശ്വാസ്യത നേടാനായി എന്നതിന്റെ തെളിവായി. 35000 ൽ  അധികം കേസുകൾ ഇതിനോടകം അന്വേഷിച്ചു കണ്ടുപിടിക്കാനായി. ഇന്റർപോളിന്റെ രണ്ടു കേസുകളുടെ ഭാഗമാകാനായി. വിദേശ രാജ്യങ്ങളിലേക്കു നിരവധി പ്രാവശ്യം പോയി കേസുകൾ തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥരുമായും ഔദ്യോഗിക വൃത്തിയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥരുമായും മികച്ച ബന്ധം നിലനിർത്താനായി. അഭിഭാഷകരായിരുന്നു പ്രധാനമായും കേസുകൾ അന്വേഷണത്തിന് ഏൽപ്പിച്ചിരുന്നത്. കേസുകൾ ഏൽപിക്കുക മാത്രമല്ല അവരുടെ ജീവിതത്തിലെ ശ്രദ്ധേയമായ കേസുകളും അന്വേഷണത്തിനു വേണ്ടിയുള്ള ടിപ്പുകളും വിവരങ്ങളും അവരുടെ അന്വേഷണ റിപ്പോർട്ടുകളുമൊക്കെ ഞാനുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അങ്ങനെ കുറ്റാന്വേഷണ ലോകത്ത് എനിക്കുണ്ടായത് സൗഹൃദത്തിലൂന്നിയ മികച്ച പ്രഫഷനൽ ജീവിതമായിരുന്നു.

 

ഇഷ്ടമൊക്കെ ഒരുപാടു പേർക്കുണ്ട്, പക്ഷേ...

 

ഒരുപാട് പേർക്ക് ഇഷ്ടമുള്ള ഒരു പ്രഫഷൻ ആണിത്. പക്ഷേ വനിതകൾക്ക് ഈ മേഖലയിലേക്ക് ധൈര്യപൂർവം കടന്നു വരാൻ സാധിക്കുമോ എന്നുള്ളത് അവരുടെ സാഹചര്യത്തെ ആശ്രയിച്ചിരിക്കും. എവിടേക്കും ഏതു നിമിഷവും ഏതു സാഹചര്യത്തിലും യാത്ര ചെയ്യാൻ സന്നദ്ധയായിരിക്കുക, മോശമല്ലാത്ത ഒരു സാമ്പത്തിക അടിത്തറ ഉണ്ടായിരിക്കുക, അതായത് ചിലപ്പോഴൊക്കെ സുരക്ഷയ്ക്കായി സ്വന്തം കൈയിൽനിന്നു പൈസ ചെലവാക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. അതെനിക്ക് പലവട്ടം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. കമ്പനി തരുന്ന ട്രാവൽ അലവൻസുകളും മറ്റും കൂടാതെ, കൂടുതൽ മെച്ചപ്പെട്ട യാത്ര സൗകര്യത്തിനും സുരക്ഷയെ കരുതിയും കയ്യിൽനിന്നു പണം മുടക്കി മുറിയെടുക്കുകയും യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു നമുക്കു ശമ്പളത്തിന്റെ കാര്യത്തിൽ കൃത്യമായി ഒരു നിബന്ധന വയ്ക്കാൻ സാധിക്കുകയില്ല. പിടിച്ചുനിൽക്കാൻ തന്നെ കുറേക്കാലം വേണ്ടിവരും. ആ സമയത്തു നമ്മൾ ഉദ്ദേശിക്കുന്ന ശമ്പളം കിട്ടിയെന്നുവരില്ല. ഒരു വനിതയെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ മേഖലയിൽ നിൽക്കുക എന്നത് കുടുംബത്തിന്റെ പിന്തുണ കൂടി ഉണ്ടെങ്കിലേ സാധിക്കുകയുള്ളൂ. എല്ലാവർക്കും അങ്ങനെ ഒരു പിന്തുണ സാധ്യമല്ലല്ലോ.  എന്നെ സംബന്ധിച്ചാണെങ്കിൽ സഹോദരങ്ങളും അച്ഛനും അമ്മയും ഒക്കെ താൽപര്യമില്ലെങ്കിൽ കൂടി എനിക്കൊപ്പം നിന്നു. അതുപോലെ പങ്കാളിയായി വന്നയാളും. അദ്ദേഹം വിദേശത്താണു വർഷങ്ങളായി ജോലി ചെയ്തുകൊണ്ടിരുന്നത്.  അദ്ദേഹവും എന്റെ രണ്ടു മക്കളും കണ്ടറിഞ്ഞ് പ്രവർത്തിക്കുകയാണുണ്ടായത്. അദ്ദേഹം തിരിച്ചുവരികയും മക്കളൊക്കെ ജീവിതത്തിൽ ഓരോ നിലകളിലെത്തുകയും ചെയ്തതിനുശേഷം ഞാനിപ്പോൾ കുറച്ചുനാളുകളായി അധികം കേസുകളൊന്നും എടുക്കാറില്ല. എന്തെങ്കിലും രണ്ടുമൂന്നു കൊല്ലം മുമ്പ് ശ്രീലങ്കയിൽ പോയി ഒരു കേസ് അന്വേഷിച്ചിരുന്നു.

 

പാഷനാണു കാര്യം...

 

വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ ഒരു കാലത്തിലൂടെയാണ് ഞാനും കടന്നു പോയത്. കുറച്ചധികം വെല്ലുവിളികൾ നേരിടുന്ന ഒരു മേഖല സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഒരു വനിത തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ നേരിടേണ്ടിവരുമോ, അതൊക്കെ ഞാനും നേരിട്ടിട്ടുണ്ട്. പക്ഷേ എന്നെ ഈ പ്രഫഷനിൽ പിടിച്ചുനിർത്തിയ ഒരേയൊരു കാര്യം, ഓരോ കേസ് കഴിയുമ്പോഴും നമ്മുടെ ജീവിതത്തിലേക്ക് ചേർക്കപ്പെടുന്ന അനുഭവങ്ങളായിരുന്നു. ഓരോ കേസും ഓരോ അനുഭവമാണ്. അതു നമ്മുടെ പ്രഫഷനൽ ജീവിതത്തിൽ ഒരു പൊൻതൂവൽ ചാർത്തിത്തരിക മാത്രമല്ല; അതിനു വേണ്ടി പരിചയപ്പെടുന്ന ആളുകൾ, പോകുന്ന സ്ഥലങ്ങൾ, അവരെ കൈകാര്യം ചെയ്യുന്ന രീതി അതെല്ലാം നമ്മൾ എന്ന വ്യക്തിയെക്കൂടി രൂപപ്പെടുത്തുന്നതായിരുന്നു. ഇഷ്ടപ്പെട്ട പ്രഫഷൻ ചെയ്തു നല്ല പേരെടുക്കാനും സാമ്പത്തികമായി മുന്നേറാനും ഒപ്പം നമ്മൾ എന്ന വ്യക്തിയെ കൂടുതൽ കരുത്തുറ്റതാക്കാനും കഴിയുകയെന്നതാണ് കാര്യം.

English Summary: Career And Success Story Of Agnes Lady Detective 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com