എന്റെ അമ്മ അതേപ്പറ്റി എന്തു വിചാരിക്കും?; ചരിത്രത്തിൽനിന്ന് ചില ഓർമപ്പെടുത്തലുകൾ

HIGHLIGHTS
  • ഈശ്വരന് എല്ലായിടത്തും എത്തിപ്പറ്റാൻ കഴിയാത്തതിനാൽ അമ്മമാരെ സൃഷ്ടിച്ചു
motivational-column-by-b-s-warrier-honesty-of-the-long-distance-runner-ivan-fernandez-ananya
Photo Credit : YouTube (Screen Shot)
SHARE

കെനിയൻ ദീർഘദൂര ഓട്ടക്കാരനായ അബേൽ മുടായ് 2012 ഡിസംബർ രണ്ടിന് സ്പെയിനിലെ ബുർളാദയിൽ ഓട്ടമത്സരത്തിൽ പങ്കെടുക്കുകയായിരുന്നു. 2012 ലണ്ടൻ ഒളിമ്പിക്സിലെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയിസ് വെങ്കല മെഡലടക്കം പല നേട്ടങ്ങളും  കൈവരിച്ച ഇരുപത്തിനാലുകാരൻ.

ബുർളാദയിലെ ദീർഘദൂരമത്സരത്തിൽ ഏറ്റവും മുന്നിലോടിയ അബേൽ, ഫിനിഷിങ് ലൈനിന് അൽപം മുൻപ് അടയാളങ്ങൾ തിരിച്ചറിയാൻ കഴിയാതെ, ദൂരം പൂർത്തിയായെന്നു തെറ്റിദ്ധരിച്ച്,  ഓട്ടം നിറുത്തി. രണ്ടാമതായി കുറെ പിന്നിലോടിയിരുന്ന സ്പെയിൻകാരൻ ഇവാൻ ഫെർണാൻഡസ്, അബേലിന്റെ  അബദ്ധം തിരിച്ചറിഞ്ഞു. ഇവാന് വെറുതേയോടി ഒന്നാം സ്ഥാനം നേടാവുന്ന സന്ദർഭം. പക്ഷേ അദ്ദേഹം ചെയ്തതു മറ്റൊന്നായിരുന്നു. ഓടി അബേലിനു തൊട്ടുപിന്നിലെത്തി ‘ഓട്, ഓട്’ എന്നു വിളിച്ചുപറഞ്ഞു. സ്പാനിഷ് ഭാഷ അറിയാത്ത അബേലിനു കാര്യം പിടികിട്ടിയില്ല. തുടർന്ന് ഇവാൻ എന്ന യഥാർത്ഥ സ്പോട്സ്മൻ, അബേലിനെ ഫിനിഷിങ് ലൈനിലേക്കു തള്ളി ഒന്നാം സ്ഥാനക്കാരനാക്കി.

പത്രക്കാർ ഇവാനെ വളഞ്ഞ്, അദ്ദേഹത്തിന്റെ ‘മണ്ടത്തര’ത്തെപ്പറ്റി ചോദിച്ചു.

‘എന്തിനു നിങ്ങൾ അങ്ങനെ ചെയ്തു?’

‘എനിക്ക് സ്വപ്നമുണ്ട്. നാമെല്ലാം പരസ്പരം സഹായിച്ചും പ്രോത്സാഹിപ്പിച്ചും കഴിയുന്ന സമൂഹം.’

‘പക്ഷേ എന്തിനു നിങ്ങൾ ആ കെനിയക്കാരനെ വിജയിക്കാൻ അനുവദിച്ചു?’

‘ഞാൻ അനുവദിച്ചതല്ല. അയാൾ ജയിക്കാൻ പോകുകയായിരുന്നു. മത്സരം അയാളുടേതായിരുന്നു.’

പത്രക്കാരൻ വിടുന്ന ഭാവമില്ല.

‘പക്ഷേ നിങ്ങൾക്കു ജയിക്കാമായിരുന്നല്ലോ.’

‘ആ വിജയത്തിന് എന്തു ഗുണമാണുള്ളത്? എന്തു മാന്യതയാണ് ആ മെഡലിന്? എന്റെ അമ്മ അതെപ്പറ്റി എന്തു വിചാരിക്കും?’

ഇവാൻ ഫെർണാൻഡസിന്റേത് മൂല്യത്തിന്റെ വാക്കുകളായിരുന്നു. തലമുറകൾ കൈമാറി പകർന്നു വരുന്ന മൂല്യങ്ങൾ. തെറ്റു ചെയ്യാൻ സാധ്യതയുള്ള നിമിഷങ്ങളിൽ അമ്മ പഠിപ്പിച്ച മൂല്യങ്ങളോർത്ത് സന്മാർഗത്തിലേക്കു തിരിഞ്ഞ യൂവാവ്. പ്രസിദ്ധമൊഴിയുണ്ട്: ‘ഈശ്വരന് എല്ലായിടത്തും എത്തിപ്പറ്റാൻ കഴിയാത്തതിനാൽ അമ്മമാരെ സൃഷ്ടിച്ചു,’ 

നല്ല വഴി മാത്രം പഠിപ്പിക്കുന്ന അമ്മയുടെ സാന്നിദ്ധ്യം മനസ്സിലുള്ളവർ തെറ്റിലേക്കു ചായാൻ തുടങ്ങിയാൽ, നിശ്ശബ്ദസന്ദേശം വരും, ‘നീ ചെളിക്കുഴിയിൽ വീഴരുത്; നല്ല വഴിയേ പോകുക.’ അമ്മയുെട മാത്രമല്ല, നന്മയുടെ പാഠങ്ങൾ വാത്സല്യത്തോടെ പകർന്നു തന്നവരുടെ സാന്നിദ്ധ്യം. അച്ഛനും അദ്ധ്യാപകർക്കും ഗുണകാംക്ഷികൾക്കുമെല്ലാം ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്

ഇവാൻ ഫെർണാൻഡസിന്റേതിനെക്കാൾ വലുതെന്നു പറയേണ്ട ത്യാഗം വെസ്റ്റിന്ത്യൻ ക്രിക്കറ്റർ കോർട്നി വാൾഷ് ചെയ്ത സംഭവമുണ്ട്. 1987 വേൾഡ് കപ്പിലെ നിർണായകമത്സരങ്ങളിലൊന്ന് ലഹോറിൽ. പാകിസ്ഥാനെതിരെ അവസാനപന്ത് ബൗൾ ചെയ്യാനെത്തുകയാണ് വാൾഷ്.  ആ പന്തിൽ രണ്ടു റണ്ണെടുത്താൽ പാകിസ്ഥാൻ സെമിയിലെത്തും. അതിനു കഴിഞ്ഞില്ലെങ്കിൽ വെസ്റ്റിൻഡീസ് വിജയിക്കും. ബാറ്റ് ചെയ്യാൻ അബ്ദുൽ ഖാദിർ തയാറായി നിൽക്കുന്നു. നോൺ–സ്ട്രൈക്കറായ സലിം ജാഫർ ആവേശം മുത്ത് ക്രീ‌സിനു പുറത്ത്് മുന്നോട്ടു കയറി നിൽക്കുന്നു. ചുമ്മാതെ ജയിക്കാൻ വാൾഷിന് അവസരം. പന്തു വെറുതേ തൊട്ടുമുൻപിലുള്ള വിക്കറ്റിലേക്ക് ഇട്ടാൽ ജാഫർ റണ്ണൗട്ടായി, പാകിസ്ഥാൻ തോൽക്കും. പക്ഷേ അദ്ദേഹം ചെയതതു മറ്റൊന്ന്. ജാഫർക്കു മുന്നറിയിപ്പു നൽകി, ബൗൾ ചെയ്യാതെ റണ്ണപ്പിലേക്കു മടങ്ങി വീണ്ടും ബൗൾ ചെയ്തു. ഖാദിർ രണ്ടു റണ്ണെടുത്ത് പാകിസ്ഥാനെ സെമിയിലെത്തിച്ചു. വെസ്റ്റിൻഡീസ് തോറ്റു. പക്ഷേ ക്രിക്കറ്റ് ജയിച്ചു. വെസ്റ്റിൻഡീസിനു ശോഭ പകർന്ന് കോർട്നി വാൾഷ് സോപ്ട്സ്മൻ സ്പിരിറ്റിന്റെ ഉജ്ജ്വല പ്രതീകമായി ചരിത്രത്തിലേക്കു കടന്നുകയറി.

ഏത് അധർമ്മം ചെയ്തും എനിക്കു ജയിക്കണം എന്നു ചിന്തിക്കുന്നവർ ബഹുഭൂരിപക്ഷമായ സമൂഹത്തിൽ, ഇത്തരം ത്യാഗങ്ങൾ നമ്മെ പുളകം കൊള്ളിക്കും. മൂല്യത്തകർച്ചയുടെ കൂരിരുട്ടിൽപ്പോലും മൂല്യങ്ങളുടെ തിളക്കം ചുരുക്കമായെങ്കിലും കാണാം. 

സ്ഫുടതാരകൾ കൂരിരുട്ടിലു-

ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ (ചിന്താവിഷ്്ടയായ സീത, 26 : കുമാരനാശാൻ)

ഏതിരുട്ടിലും കാണും ചില നക്ഷത്രങ്ങൾ. ദ്വീപില്ലാത്ത സമുദ്രമില്ല. കാർമേഘത്തിനു ചുറ്റും വെള്ളിവര കാണാം.

നാം പറഞ്ഞുവന്നതു കളിയുടെ കാര്യം. മാനവജീവിതമെന്ന മഹാനാടകത്തിലേക്കു  കടക്കുമ്പോൾ അധർമ്മത്തെ ചെറുക്കുന്ന ത്യാഗത്തിന്റെ പല കഥകളും  ഇതൾവിരിയുന്നു. അനീതിക്കെതിരെ പോരാടി, അക്കാരണംകൊണ്ടു തന്നെ എതിർപക്ഷത്താൽ 40–ാം വയസ്സിൽ വധിക്കപ്പെട്ട മാർട്ടിൻ ലൂഥർ കിങ് ജൂനിയർ : ‘മാനവപുരോഗതി സ്വയം സംഭവിക്കുന്നതല്ല. നീതിയെന്ന ലക്ഷ്യത്തിലേക്കുള്ള ഓരോ ചുവടിനും ത്യാഗവും യാതനയും പോരാട്ടവും വേണം. സമർപ്പിതചേതസ്സുകളുടെ അക്ഷീണമായ അദ്ധ്വാനവും അത്യുത്കടമായ  ഉത്കണ്ഠയും അതിനു പിന്നിലുണ്ടാവണം.’ 

ത്യാഗത്തിന്റെ ഗുണഫലം അനുഭവിക്കുന്നവർ തന്റെ  ത്യാഗം തിരിച്ചറിയില്ലെന്ന  ഉറപ്പോടെ ചെയ്യുന്ന ത്യാഗമാണ് പവിത്രമായ ത്യാഗം. ഇന്നത്തെ ത്യാഗം നാളെ  ലാഭം കൊയ്യാൻ വേണ്ടിയാകരുത്. ത്യാഗം ചെയ്തിട്ട് പിന്നീട് കണക്കുപറ​ഞ്ഞ് പ്രതിഫലം ചോദിക്കുന്നവരുണ്ട്. അക്കൂട്ടർക്കു മനസ്സിൽ വയ്ക്കാവുന്ന പ്രസിദ്ധവരി ഭഗവദ്ഗീതയിലുണ്ട്: 

‘കർമണ്യേവാധികാരസ്തേ

മാ ഫലേഷു കദാചന’ (2:47)

‘കർമ്മം ചെയ്യുന്നതിനേ നിനക്ക്  അധികാരമുള്ളൂ; അതിന്റെ ഫലങ്ങളിലില്ല.’ ഫലം പ്രതീക്ഷിച്ചു മാത്രം  കർമ്മം ചെയ്യരുതെന്നു സാരം.

തേനെടുക്കാൻ പോകുന്നയാൾ തേനീച്ചയുടെ കുത്തേൽക്കാൻ തയാറായിരിക്കേണ്ടേ? ഗാന്ധിജി എടുത്തു പറഞ്ഞ  ഏഴു മഹാപാപങ്ങളുണ്ട് : ജോലി ചെയ്യാതെ കിട്ടിയ സ്വത്ത്, മനഃസാക്ഷിയില്ലാത്ത സുഖങ്ങൾ, മാനവികതയില്ലാത്ത ശാസ്ത്രം, സ്വഭാവശുദ്ധിയില്ലാത്ത വിജ്ഞാനം, തത്ത്വദീക്ഷയില്ലാത്ത രാഷ്ട്രീയം, ധാർമ്മികതയില്ലാത്ത കച്ചവടം, ത്യാഗമില്ലാത്ത ആരാധന.

മിക്കവരും പറയാൻ ധൈര്യപ്പെടാത്ത ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയ ഗാന്ധിയെപ്പറ്റി വള്ളത്തോൾ :

‘ത്യാഗമെന്നതേ നേട്ടം, താഴ്മ താനഭ്യുന്നതി

യോഗവിത്തേവം ജയിക്കുന്നതെൻ ഗുരുനാഥൻ’ (എന്റെ ഗുരുനാഥൻ)

‘ത്യാഗിയെ ദുഃഖിപ്പിക്കുന്ന ത്യാഗം ത്യാഗമല്ല. യഥാർത്ഥത്യാഗം മനസ്സിനെ പ്രകാശപൂരിതമാക്കുന്നു, ത്യാഗിക്ക് ശാന്തിയും സന്തോഷവും പകർന്നു നൽകുന്നു. ബുദ്ധൻ സുഖങ്ങളെ ത്യജിച്ചത്, അവ വേദനിപ്പിച്ചതുകൊണ്ട്’ എന്നും ഗാന്ധിജി. 

‘പൊന്മണിക്കിരീടവും ചെങ്കോലും ദൂരത്തിട്ട് ദണ്ഡുമായലഞ്ഞ്’ ധർമ്മത്തിന്റെ മഹാസന്ദേശം മാനവരാശിക്കു നൽകി അനശ്വരനായ ബുദ്ധദേവൻ ത്യാഗത്തിന്റെ പവിത്രമൂല്യം നിത്യവും നമ്മെ ഓർമ്മിപ്പിക്കുന്നു.

ഏതു കൃത്യം ചെയ്യുമ്പോഴും ‘അമ്മയെന്തു വിചാരിക്കും?’ എന്നുകൂടി ഓർക്കുന്നത് ധർമ്മത്തിന്റെ പാതവിട്ടു ചരിക്കാതെ നമ്മെ കാത്തുസൂക്ഷിക്കും.

Content Summary : Motivational Column by B.S.Warrier - Honesty of the long- distance runner Ivan Fernandez Anaya 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA