തിരിച്ചെത്തിയവരൊക്കെ വിജയം കുറിച്ച ചരിത്രമുണ്ട്; വിവാഹശേഷം ജോലി ഉപേക്ഷിക്കുന്നവരറിയാൻ...

HIGHLIGHTS
  • കരിയറിലേക്കു മടങ്ങിവരാൻ ആഗ്രഹിക്കുന്ന വനിതകൾക്കു പരിഗണന കൊടുത്തുകൂടേ?
  • സ്ത്രീകൾ വീട്ടിലെ ജോലി മാത്രം നോക്കട്ടെ എന്ന സങ്കൽപമുള്ളവർ ഇന്നും ഇല്ലാതില്ല
teacher-working-women-image
Photo Representative. Photo Credit : AJP / Shutterstock.com
SHARE

തൊണ്ണൂറുകളുടെ അവസാനമോ രണ്ടായിരത്തിന്റെ തുടക്കത്തിലോ ആണ്, വ്യോമസേനയിൽ ഓഫിസറായ ഒരാൾ വിആർഎസ് എടുത്തു തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിൽനിന്നു വളരെ ഉയർന്ന മാർക്കോടെ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ ബ്രാഞ്ച് പാസായ പെൺകുട്ടിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ആ യുവതിക്കു പറ്റിയ ജോലി എന്തെങ്കിലുമുണ്ടോയെന്ന് അവരുടെ പിതാവാണ് എന്നോടു ചോദിച്ചത്. 

അപ്പോഴേക്ക് അവർക്കു രണ്ടു കുട്ടികൾ ജനിച്ചിരുന്നു. എൻജിനീയറിങ് പാസായിട്ട് ആറോ ഏഴോ വർഷമായി. ടെക്നോപാർക്കിലെ ഒരു കമ്പനി മേധാവിയോടു ഞാൻ ചോദിച്ചു: ‘കരിയറിലേക്കു മടങ്ങിവരാൻ ആഗ്രഹിക്കുന്ന വനിതകൾക്കു പരിഗണന കൊടുത്തുകൂടേ?’. ഒന്നുകിൽ ഒരു ബ്രേക്ക്, അല്ലെങ്കിൽ നല്ല വിദ്യാഭ്യാസമുണ്ടായിരുന്നിട്ടും ജോലിക്കു പോകാൻ പല സാഹചര്യംകൊണ്ടും സാധിക്കാത്തവർക്ക് ഒരവസരം. 

ഏതായാലും, ഞാൻ പറഞ്ഞുവന്ന പെൺകുട്ടി ടെക്നോപാർക്കിൽ ജോലിക്കു കയറി. മൂന്നു വർഷംകൊണ്ട്, നഷ്ടപ്പെട്ട 6 വർഷത്തെ നിലയിലേക്ക് അവർ ഉയർന്നു. ഭർത്താവും മാതാപിതാക്കളുമൊക്കെ നൽകിയ പിന്തുണ ഇതിൽ പ്രധാനമായിരുന്നു. ഐടി രംഗം വിട്ടു നാലഞ്ചു വർഷം കഴിഞ്ഞവരെ, ‘തിരികെ വരാൻ താൽപര്യമുണ്ടോ?’ എന്ന് അന്വേഷിച്ചു കണ്ടുപിടിക്കുന്ന സംഭവങ്ങളും സമീപകാലത്തായി ഏറെ നടക്കുന്നുണ്ട്. തിരിച്ചെത്തിയവരൊക്കെ വിജയം കുറിച്ചു എന്നും എടുത്തുപറയേണ്ടതുണ്ട്.അഞ്ചാറു വർഷം ജൂനിയറായവരോടൊപ്പം എൻട്രി ജോബ് ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് കമ്പനികൾ ഇത്തരക്കാരെ പലപ്പോഴും തഴയുകയാണു പതിവ്. എന്നാൽ, അവരുടെ പക്വത പുതുതായി ജോലിക്കെത്തുന്നവർക്ക് ഉണ്ടാകണമെന്നില്ല എന്നതൊരു യാഥാർഥ്യമാണ്.  

working-women-employement-image
Photo Representative. Photo Credit : Marvet / Shutterstock.com

കൈപിടിക്കണം, സമൂഹം 

ഇന്ത്യയിൽ ഏതു സംസ്ഥാനത്തേക്കാളും അഭ്യസ്തവിദ്യരായ വനിതകൾ കേരളത്തിലാണ്. എന്നാൽ, ശതമാനക്കണക്കിൽ നോക്കിയാൽ Educated Unemployed/Under employed Women വളരെ ഉയർന്ന നിരക്കിലുള്ള സംസ്ഥാനമാണു കേരളം. പതിവുപോലെ, ‘സർക്കാർ എന്തു ചെയ്തു?’ എന്നൊരു ചോദ്യമാകാം ഇതിനു മറുപടിയായി മനസ്സിലുയരുക. സമൂഹം എന്ന നിലയിൽ നമ്മൾ എന്തു ചെയ്തു എന്നുകൂടി ചോദിക്കണം. നല്ല വിദ്യാഭ്യാസമുള്ള പെൺകുട്ടിയെയും, എങ്ങനെയെങ്കിലും വേഗം വിവാഹം കഴിപ്പിക്കുക എന്ന ചിന്തയാണ് ഇപ്പോഴും നമ്മുടെ പൊതുസമൂഹത്തിൽ കൂടുതലുമുള്ളത്. ജോലി നേടുകയെന്നതു രണ്ടാം പരിഗണനയായി മാറുന്നു. കുടുംബമായ ശേഷം ജോലി നോക്കാമെന്ന പതിവുപല്ലവിയാകും 99% വീടുകളിലും ഉയരുക. ഭർത്താവിന്റെ ജോലിക്കു കണക്കായി സ്വന്തം ജോലി ഉപേക്ഷിക്കേണ്ടിവരുന്ന പെൺകുട്ടികളുമുണ്ട്. 

കുടുംബജീവിതം സുപ്രധാനംതന്നെ. പക്ഷേ, ആ പെൺകുട്ടി നന്നായി പഠിച്ചു ജോലി നേടിയതിന്റെ പ്രയോജനം സമൂഹത്തിനു കിട്ടുന്നുണ്ടോ എന്നതാണു ചോദ്യം. സ്ത്രീകൾ വീട്ടിലെ ജോലി മാത്രം നോക്കട്ടെ എന്ന സങ്കൽപമുള്ളവർ ഇന്നും ഇല്ലാതില്ല. ഈ മനോഭാവത്തിൽ നഷ്ടമാകുന്നതു സ്ത്രീകളുടെ വ്യക്തിത്വം കൂടിയാണ് എന്ന് ഇവർ മനസ്സിലാക്കുന്നില്ല. 

പഠനത്തിന്റെ തുടർച്ചയായി കിട്ടാവുന്നതോ കിട്ടിയതോ ആയ ജോലി നഷ്ടപ്പെടുമ്പോൾ കാലക്രമേണ ആ പെൺകുട്ടികൾ പിറകോട്ടു പോകുന്നു എന്നതൊരു യാഥാർഥ്യമാണ്. വിവാഹശേഷം ജോലി ഉപേക്ഷിക്കുന്നവർക്ക്, കുട്ടികൾ അൽപം വളർന്നശേഷം ജോലി നോക്കാൻ ആത്മവിശ്വാസം നഷ്ടപ്പെടാറുമുണ്ട്. 

ജോലി ചെയ്യാൻ തയാറെടുക്കുന്ന സമയം മുതൽ നിരന്തരമായി അതിനു മനസ്സൊരുക്കുക എന്നതു പിഎസ്‍സി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു പരിശീലിക്കുന്നവർക്കും സുപ്രധാനമാണ്. കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവും അതിലേറെ പ്രധാനം. നമ്മുടെയൊക്കെ വീടുകളിൽ സ്ത്രീകൾക്കു നല്ല ജോലിയിലേക്ക് ഉയരാൻ എത്രത്തോളം അവസരം ഒരുക്കുന്നുണ്ടെന്നത് എല്ലാവരും നടത്തേണ്ട ഒരു സ്വംയപരിശോധന തന്നെയാണ്. 

working-women-fashion-designer
Photo Representative. Photo Credit : Loreanto / Shutterstock.com

Content Summary : Vijayatheerangal Column by G. Vijayaraghavan - Attitude towards Women's Employment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA