എട്ടാം ക്ലാസ് മുതൽ മനസ്സിലെ വലിയ മോഹമായിരുന്നു പോളിടെക്നിക്കിൽ ചേരണമെന്നത്. അന്നൊന്നും എഴുത്തോ കഥയോ ഒന്നും മനസ്സിലില്ല. പോളിടെക്നിക്....അതു മാത്രം.
പക്ഷേ, പത്താം ക്ലാസിലെ മാർക്ക് കൊണ്ടു പോളിടെക്നിക്കിൽ പ്രവേശനം കിട്ടിയില്ല. അന്ന് ഒത്തിരി സങ്കടപ്പെട്ടു. പ്രീഡിഗ്രിക്കു ചേർന്നതു പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ. സെക്കൻഡ് ഗ്രൂപ്പിനാണ് അഡ്മിഷൻ കിട്ടിയത്. വായന ഗൗരവമായി തുടങ്ങിയത് അവിടെവച്ചാണ്. ബയോളജിയൊക്കെ തലയ്ക്കു മീതേ പോകുന്നതിനാൽ വായിക്കാൻ സമയം ഇഷ്ടംപോലെയുണ്ടായിരുന്നു!
പ്രീഡിഗ്രി കഴിഞ്ഞിട്ടും പോളിടെക്നിക് മോഹം മനസ്സിൽ അങ്ങനെ തിളങ്ങിക്കൊണ്ടിരുന്നു. തിരുപ്പൂരിൽ പോളിടെക്നിക്കിൽ േചർന്നു. കുളനടയെന്ന കൊച്ചുഗ്രാമത്തിൽനിന്നു മറ്റൊരു ലോകത്തേക്കു തുറന്ന ആദ്യ വാതിലായിരുന്നു അത്. ഭാഷാപരമായ പ്രശ്നങ്ങളൊക്കെ തുടക്കത്തിൽ വില്ലനായെങ്കിലും അതിവേഗം അതു പരിഹരിക്കാൻ കഴിഞ്ഞു. തമിഴ് എഴുതാനും വായിക്കാനും അവിടെനിന്നു പഠിച്ചു. തമിഴ് പത്രങ്ങളടക്കം വായിക്കുകയും ചെയ്തു.
കോഴ്സ് കഴിഞ്ഞയുടനെ ഗൾഫിലേക്ക് അവസരമുണ്ടെന്നു പറയുന്നത് അടുത്ത ബന്ധുവാണ്. എന്റെ നീണ്ട പ്രവാസകാലം തുടങ്ങുകയായിരുന്നു. 1992 ലാണു ഗൾഫിലേക്കുള്ള പറിച്ചുനടൽ. യാത്രയ്ക്കു മുന്നോടിയായി മുംബൈയിലെത്തി. നടപടിക്രമങ്ങൾക്കായി 21 ദിവസം അവിടെ തങ്ങി. അതു കഴിഞ്ഞു കടൽ കടന്നു ബഹ്റൈനിലേക്ക്. 21 വർഷം നീണ്ട പ്രവാസജീവിതം തുടങ്ങുകയായിരുന്നു.

ഒരു കമ്പനിയുടെ സാദാ െടക്നിക്കൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. ആയിരക്കണക്കിനു സാധാരണ മലയാളികളിൽ ഒരാൾ. ഇലക്്ട്രോമെക്കാനിക്കൽ വിഭാഗങ്ങളുടെ മെയിന്റനൻസ് ആയിരുന്നു ജോലി. മെയിന്റനൻസ് ആവശ്യമുള്ള അവസരങ്ങളിൽ മാത്രം അതതു സ്ഥലങ്ങളിലെത്തി ജോലി തീർക്കണം. ബാക്കി സമയം ഫ്രീയാണ്. മലയാളിസമാജം അടക്കമുള്ള സംഘടനകൾ ബഹ്റൈനിൽ ഏറെ സജീവം. സ്വകാര്യ ലൈബ്രറികളും ധാരാളം. വായന ജീവിതത്തിന്റെ ഭാഗമായി മാറി.
അന്ന് എന്റെ മേലധികാരി പറഞ്ഞു: ‘എന്നെങ്കിലും തിരിച്ചുവരുമ്പോൾ നീ ഇവിടേക്കു തന്നെ വരണം. ഇവിടെ നിനക്ക് ഒരിടമുണ്ട്
സാഹിത്യം മാത്രമല്ല, കണ്ണിൽക്കണ്ട എല്ലാ വിഷയങ്ങളിലേക്കും വായന നീണ്ടു. അതു ജീവിതത്തിന്റെ പ്രധാന ചര്യയായി. പിന്നെ അതേ കമ്പനിയിൽ മെയിന്റനൻസ് വിഭാഗത്തിൽ പ്രോജക്ട് മാനേജരായി. ബഹ്റൈനിലെ യുഎസ് സൈനികത്താവളത്തിലെ വിവിധ പ്രോജക്ടുകളിലായിരുന്നു ജോലി. കൃത്യനിഷ്ഠ, അച്ചടക്കം, ശീലങ്ങളിലെ കൃത്യത തുടങ്ങിയ യഥാർഥ പട്ടാളച്ചിട്ട പഠിച്ചത് അവിടെവച്ചാണ്. ജോലി സ്ഥലത്തെ സുരക്ഷ, പരിസ്ഥിതി അവബോധം തുടങ്ങി വിവിധ വിഷയങ്ങളിലെ ക്ലാസുകളും പ്രത്യേക കോഴ്സുകളും അവിടെയുണ്ടായിരുന്നു. കരാർ ജോലിക്കാരനാണെങ്കിലും മറ്റു സൈനിക ജീവനക്കാരുടെ അതേ പരിഗണന അവിടെയുണ്ടായിരുന്നു.
ഓരോ പ്രോജക്ടും ഏറ്റവും മികച്ച രീതിയിൽ ചെയ്യാനായെന്ന ആത്മവിശ്വാസവും സംതൃപ്തിയും ഇന്ന് ആലോചിക്കുമ്പോഴും മനസ്സിൽ നിറയുന്നു. ഇക്കാലത്താണു കംപ്യൂട്ടർ പഠിക്കുന്നത്. സ്വയം പഠിച്ചെടുക്കുകയായിരുന്നു. എഴുതിത്തുടങ്ങിയതു കംപ്യൂട്ടറിലാണ്. ൈടപ്പിങ് ഭാവിയുടെ വാഗ്ദാനമാണെന്ന് അന്നേ തോന്നിയിരുന്നു. എഴുത്തിനോടുള്ള താൽപര്യം കൂടിക്കൂടി വന്നതും പ്രവാസകാലത്തുതന്നെ. എഴുത്താണ് ഇനി ജീവിതമെന്ന തോന്നൽ ശക്തമായതോടെ പ്രവാസം മതിയാക്കിയത്. അന്ന് എന്റെ മേലധികാരി പറഞ്ഞു: ‘എന്നെങ്കിലും തിരിച്ചുവരുമ്പോൾ നീ ഇവിടേക്കു തന്നെ വരണം. ഇവിടെ നിനക്ക് ഒരിടമുണ്ട്’. 21 വർഷത്തെ ഗൾഫ് ജോലിക്കാലത്തെ ഏറ്റവും വലിയ മെഡലായി ആ വാക്കുകൾ ഇപ്പോഴും മനസ്സിൽ തിളങ്ങുന്നു.
അന്നും ഇന്നും ജോലിയോട് അതീവസ്നേഹവും താൽപര്യവുമാണ്. പക്ഷേ, എന്റെ മനസ്സിലുള്ളത് എഴുതേണ്ടതു ഞാൻ മാത്രമാണല്ലോ. അതുകൊണ്ടു ജോലി ഉപേക്ഷിക്കേണ്ടിവന്നു എന്നു മാത്രം.

തൊഴിൽ എന്നെ പഠിപ്പിച്ചത്
സാഹിത്യവും കലയുമൊക്കെയാണു ക്രിയേറ്റിവിറ്റി എന്നു നമ്മൾ ചിന്തിക്കും. പക്ഷേ, എൻജിനീയറിങ്ങിലും ക്രിയേറ്റിവിറ്റിയുണ്ട്. ഒരു കൃതി രചിക്കുന്ന അതേ സന്തോഷം ഓരോ പ്രോജക്ടും പൂർത്തിയാകുമ്പോഴും ഞാൻ അനുഭവിച്ചിട്ടുണ്ട്. ചെയ്ത ഓരോ പ്രോജക്ടും ഓരോ ഡ്രോയിങ്ങും എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഏതു നോവലിനോളവും പ്രധാനം തന്നെ. പൂർണ തൃപ്തിയോടെയാണ് ഓരോ ദിവസവും ജോലി ചെയ്തത്. വരണ്ട ഇടമായി ഗൾഫ് ഒരിക്കലും എനിക്കു തോന്നിയിട്ടില്ല. ജോലിയെ സ്നേഹിക്കുക, അതിന്റെ എല്ലാ വിശദാംശവും മനസ്സിലേക്കെടുക്കുക. സന്തോഷത്തോടെ മാത്രം ഓരോ കാര്യത്തെയും സമീപിക്കുക. അതേസമയം, മനസ്സിന്റെ വിളിക്കു കാതോർക്കുകയും ചെയ്യുക.
തയാറാക്കിയത്: ശ്രീദേവി നമ്പ്യാർ
Content Summary : Ente Adya Joli Column - Benyamin's first job experience