കാഴ്ചശേഷിയില്ല, 9-ാം ക്ലാസിൽ വിവാഹം, രണ്ടു വർഷത്തിനകം വിവാഹമോചനം, ഒടുവിൽ അവൾ വിധിയെ പരാജയപ്പെടുത്തി

success
Representative Image. Photo Credit: yogendrasingh.in/ Shutterstock.com
SHARE

തളർന്നുപോകേണ്ടിയിരുന്ന സാഹചര്യങ്ങളിൽനിന്ന് പിടിച്ചുകയറി ഒന്നിലേറെ സർക്കാർ ജോലികൾ നേടിയെടുത്തവരാണ് ഈ രണ്ടു ചെറുപ്പക്കാർ. കേരള പിഎസ്‌സി അംഗം ആർ.പാർവതീദേവിയുമായി അടുത്തിടെ സംസാരിച്ചിരുന്നു. സംസാരത്തിനിടെ അവർ പറഞ്ഞ, രണ്ട് ഉദ്യോഗാർഥികളുടെ അമ്പരപ്പിക്കുന്ന ജീവിതാനുഭവങ്ങളാണ് ഇവിടെ എഴുതുന്നത്. 

മലപ്പുറത്തുകാരിയായ ഒരു പെൺകുട്ടി. ഒൻപതാം ക്ലാസ് കഴിഞ്ഞപ്പോൾ അവളുടെ വിവാഹം കഴിഞ്ഞു. തീർത്തും കാഴ്ചശേഷിയില്ലാത്ത കുട്ടിയാണവൾ. ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ അവൾക്ക് ഒരു കുഞ്ഞുണ്ടായി. കഷ്ടിച്ച് രണ്ടു വർഷത്തിനകം ആ പെൺകുട്ടിയെ ഭർത്താവ് ഉപേക്ഷിച്ചു. പക്ഷേ, തളരാതെ അവൾ തുടർന്നു പഠിച്ചു. ശേഷം പിഎസ്‌സി ജോലികൾക്കു തയാറെടുത്തുതുടങ്ങി. ഉൾക്കാഴ്ചയുടെ ശക്തിയിൽ അവൾ ജോലി നേടുകയും ചെയ്തു. 

ജോലിയിലിരിക്കെ അവൾ ബിഎഡും പഠിച്ചു പാസായി. അതിനും ശേഷമാണു പാർവതീദേവി അവളെ കാണുന്നത്. അപ്പോൾ അവൾ ഹൈസ്കൂൾ അധ്യാപക ജോലിയിലേക്കു പ്രവേശിക്കാനിരിക്കുകയായിരുന്നു. അവൾക്ക് 28 വയസ്സായി, പത്തോ പന്ത്രണ്ടോ വയസ്സുള്ള മകളുണ്ട്. ശ്രദ്ധിക്കുക, ചെറുപ്പത്തിലേ ഇത്രയേറെ ദുരനുഭവങ്ങൾ ഉണ്ടായെന്നു മാത്രമല്ല, അവൾക്കു കാഴ്ചശേഷിയും തീരെയില്ല. എന്നിട്ടും അവൾ ലക്ഷ്യത്തിലേക്കെത്തുകയായിരുന്നു. പിഎസ്‌സി വഴി ഒന്നല്ല, രണ്ടു ജോലികൾ അവൾ നേടിയെടുത്തു. ഈ പെൺകുട്ടിയുടെ കഥയറിയുമ്പോഴെങ്കിലും, ജോലിക്കായുള്ള പരിശ്രമത്തിൽ തളർന്നുപോകുന്ന പലർക്കും ഊർജം കിട്ടേണ്ടതാണ്. 

മറ്റൊരു സമാനകഥ. കാസർകോട്ടോ വയനാട്ടിലോ ഉള്ള പട്ടികവർഗക്കാരായ മാതാപിതാക്കളുടെ മകൻ. നന്നായി പഠിക്കുന്ന കുട്ടിയാണവൻ. വീട്ടിൽനിന്നു ദൂരെ ട്രൈബൽ സ്കൂളുകളിൽ പോയാണ് പഠിച്ചതൊക്കെ. വിദ്യാഭ്യാസകാലം കഴിഞ്ഞു വൈകാതെ അവൻ സർക്കാർ ജോലി നേടി. വീണ്ടും പിഎസ്‌സി പരീക്ഷകൾ എഴുതിക്കൊണ്ടിരുന്നു. അങ്ങനെ അവന്റെ ആറാമത്തെ ജോലിക്കുള്ള ഇന്റർവ്യൂവിനു ചെന്നപ്പോഴാണു പാർവതീദേവി ആ ചെറുപ്പക്കാരനെ കാണുന്നത്. 

അഭിമുഖത്തിനിടെ അവനോടു ചോദിച്ചു: ‘പലരും ജീവിതകാലം മുഴുവൻ പിഎസ്‌സി വഴി ജോലിക്കായി പരിശ്രമിച്ചു നിരാശരാകുമ്പോൾ, താങ്കൾക്ക് എങ്ങനെ ആറു ജോലി നേടിയെടുക്കാൻ സാധിച്ചു?; പ്രത്യേകിച്ച്, വളരെ പ്രയാസമുള്ളൊരു പശ്ചാത്തലത്തിൽ വളർന്നും പഠിച്ചും വന്നൊരാൾ?!’. അയാളുടെ മറുപടി ഇങ്ങനെയായിരുന്നു: ‘ട്യൂഷൻ സെന്ററിലൊന്നും പോകാതെയാണു ഞാൻ പഠിച്ചത്. പക്ഷേ, എന്നെപ്പോലെ സർക്കാർ ജോലിക്കു ശ്രമിക്കുന്നവരുടെ ഒരു ചെറിയ സംഘമായിരുന്നു പഠനത്തിന്റെ പിൻബലം. ഞങ്ങൾ അറിവും ചോദ്യങ്ങളും പാഠങ്ങളുമൊക്കെ പരസ്പരം പങ്കിട്ടു പഠിച്ചു. ഒരുമിച്ചിരുന്നുള്ള പഠനമാണ് എനിക്ക് ഇത്രയും പരീക്ഷകളിൽ വിജയം നേടിത്തന്നത്’. 

ജോലി കിട്ടിക്കഴിഞ്ഞിട്ടും, ദിവസം ആറും ഏഴും മണിക്കൂർ പഠനത്തിനായി അവൻ ചെലവഴിക്കാറുണ്ടായിരുന്നു. ആദ്യത്തെ പരീക്ഷയ്ക്കു തയാറെടുത്ത അതേ ഗൗരവം മറ്റു പരീക്ഷകൾക്കും അവൻ നൽകി. ലക്ഷ്യബോധവും കഠിനാധ്വാനവും സമന്വയിച്ച ഈ ജീവിതകഥയും സർക്കാർ ജോലിക്കു തയാറെടുക്കുന്നവർ പിന്തുടരേണ്ടതാണ്. 

ഇത്രയൊന്നും പ്രയാസമുള്ള പശ്ചാത്തലമുള്ളവരാകണമെന്നില്ല, ഇതു വായിക്കുന്ന നിങ്ങളിൽ പലരും. അതുകൊണ്ട് ചെറിയ പ്രയാസങ്ങളിൽ മടുക്കാതെ മുന്നേറുക, വിജയം കൂടെ വന്നിരിക്കും. 

Content Summary : Vijayatheerangal Column by G. Vijayaraghavan -Kerala PSC Success Stories

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA