പറന്നുയരാം, എയർ ഹോസ്റ്റസായി

HIGHLIGHTS
  • ഏതു ദിവസവും ഏതു നേരവും ഡ്യൂട്ടി വരാം
air-hostess
Representative Image. Photo Credit: ESB Professiona/ Shutterstock.com
SHARE

പകിട്ടേറിയ പ്രഫഷൻ എന്ന നിലയിൽ ഏറെ പെൺകുട്ടികളെ ആകർഷിക്കുന്ന കരിയറാണ്‌ എയർ ഹോസ്റ്റസിന്റേത്‌. പക്ഷേ, ആ പകിട്ടിനും തിളക്കത്തിനും പിന്നിൽ കഠിനാധ്വാനം ഏറെ ആവശ്യമാണെന്ന കാര്യം മറന്നുകൂടാ. 

ഉത്തരവാദിത്തങ്ങൾ ഏറെ

യാത്രക്കാർ വിമാനത്തിൽ കയറുന്ന നിമിഷം മുതൽ അവരുടെ സുഖസൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്ന ചുമതല ഹോസ്റ്റസിനുണ്ട്‌. യാത്രക്കാരെ പുഞ്ചിരിയോടെ വണങ്ങി സ്വീകരിച്ച്‌ നിർദിഷ്ട സീറ്റിൽ കൊണ്ടിരുത്തുക, ഹാൻഡ്‌ ബാഗേജ്‌ യഥാസ്ഥാനം വയ്ക്കാൻ സഹായിക്കുക, സീറ്റ്‌ ബെൽറ്റ്‌ കെട്ടിയെന്ന്‌ ഉറപ്പുവരുത്തുക, സുരക്ഷ സംബന്ധിച്ച അറിയിപ്പു നൽകുക, ഓക്സിജൻ മാസ്ക്‌, ലൈഫ്‌ ജാക്കറ്റ്‌ എന്നിവയുടെ ഉപയോഗരീതി പ്രദർശിപ്പിക്കുക, സീറ്റിന്റെ നില വേണ്ടവിധമാക്കാൻ നിർദേശിക്കുക, വിമാനത്തിന്റെ വാതിലുകൾ ഭദ്രമായി അടച്ചെന്ന്‌ ഉറപ്പുവരുത്തുക എന്നിവ യാത്ര തുടങ്ങുംമുൻപ്‌ ഹോസ്റ്റസ്‌ ചെയ്യേണ്ടതുണ്ട്‌. വിമാനത്തിനുളളിലെ ശുചിത്വം ഉറപ്പുവരുത്തുകയും സീറ്റ്‌ പോക്കറ്റുകളിൽ സുരക്ഷാനിർദേശങ്ങളും വായനയ്ക്കുള്ള പ്രസിദ്ധീകരണങ്ങളും ഉണ്ടെന്ന്‌ ഉറപ്പാക്കുകയും വേണം.

യാത്രാവേളയിൽ സൗഹൃദഭാവത്തോടെ ഭക്ഷണപാനീയങ്ങൾ യഥാസമയം നൽകുന്നതടക്കം ആതിഥ്യമര്യാദ പാലിച്ച്, എല്ലാ കൃത്യങ്ങളും പ്രസന്നതയോടെ നിർവഹിച്ച്‌ യാത്രക്കാരെ തൃപ്തിപ്പെടുത്തുന്നതിൽ എയർ ഹോസ്റ്റസുമാർ നിരന്തരം ജാഗരൂകരായിരിക്കണം. 

വയോധികർ, ഭിന്നശേഷിക്കാർ, ശിശുക്കൾ, ഒറ്റയ്ക്കു യാത്ര ചെയ്യുന്ന കൂട്ടികൾ മുതലായവർക്കു വേണ്ട സഹായങ്ങൾ ‌ചെയ്തുകൊടുക്കുകയും വേണം. 

പെരുമാറ്റം പ്രധാനം 

എയർലൈനുകൾ തമ്മിൽ കിടമത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇൻഫ്ലൈറ്റ് സേവനങ്ങളുടെ ഗുണമേന്മ വാണിജ്യപരമായി നിർണായകമാണ്‌. യാത്രക്കാരുമായി മുഖാമുഖം വരുന്ന എയർലൈൻ പ്രതിനിധികൾ മുഖ്യമായും എയർ ഹോസ്റ്റസുമാരും ഫ്ലൈറ്റ്‌ സ്റ്റ്യൂവാർഡുമാരും ആകയാൽ, എയർലൈനെ സംബന്ധിച്ച മതിപ്പ്‌ അവരുടെ പെരുമാറ്റത്തെയും സേവനവ്യഗ്രതയെയും ആശ്രയിച്ചിരിക്കുന്നു. ഇവരെ ഫ്ലൈറ്റ് അറ്റൻഡന്റ് എന്നും വിളിക്കും. ഹോസ്റ്റസുമാരിൽ മുഖ്യ ചുമതല വഹിക്കുന്നയാളെ ഫ്ലൈറ്റ് പഴ്സർ എന്നും പറയാറുണ്ട്. ഇവരെല്ലാംതന്നെ കാബിൻ ക്രൂ വിഭാഗത്തിൽപ്പെടും.

ആകാശസുന്ദരിമാരെന്നും ചിത്രശലഭങ്ങളെന്നും മറ്റും വളരെ നല്ല അർഥത്തിൽത്തന്നെയുള്ള പ്രയോഗങ്ങൾ കേട്ടു മോഹിക്കുന്ന പെൺകുട്ടികൾ എയർ ഹോസ്റ്റസിന്റെ അധ്വാനഭാരവും പ്രയാസങ്ങളും മറക്കരുത്‌. വിമാനത്തിലെ ഇടനാഴികളിലൂടെ മണിക്കൂറുകളോളം നടക്കുക, പലതരത്തിലുംപെട്ടവരോടു അസ്വാരസ്യം തോന്നിയാലും പ്രകടിപ്പിക്കാതെ ഇടപെടുക, ക്ഷീണമോ വിഷമമോ ഉള്ളപ്പോഴും മുഖപ്രസാദം നിലനിർത്തൂക, മാന്യത വിട്ട പെരുമാറ്റത്തിനു മൂന്നിൽ സമചിത്തത പുലർത്തി തന്ത്രപൂർവം പെരുമാറുക എന്നിവ ജോലിയുടെ ഭാഗമാണ്‌. 

ഏതു സാഹചര്യത്തിലും... 

ഹൈജാക്കിങ്‌, ബോംബ്‌ ഭീഷണി, ഫോഴ്‌സ്‌ ലാൻഡിങ്‌ മുതലായ അസാധാരണ സാഹചര്യങ്ങളിൽ ക്ഷമയും പക്വതയും പുലർത്താൻ കഴിയണം.

വിവിധ രാജ്യങ്ങളും സ്ഥലങ്ങളും കാണാൻ സൗകര്യം കിട്ടുമെങ്കിലും, രാപകലില്ലാതെ പണിയെടുക്കുകയും വീട്ടിൽനിന്ന്‌ ഏറെ അകന്നു കഴിയുകയും വേണ്ടിവരും. സ്റ്റാർ ഹോട്ടലിൽ താമസിക്കാമെന്നു പറഞ്ഞാലും ഉറക്കമിളപ്പും ജെറ്റ്ലാഗും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കും. ഏതു ദിവസവും ഏതു നേരവും ഡ്യൂട്ടി വരാം. ക്ലേശങ്ങൾ ഉള്ളപ്പോഴും ഉല്ലാസവതിയായി പെരുമാറിയേ മതിയാകൂ. കൃത്യനിർവഹണത്തിലെ സമർപ്പണബോധം പ്രധാനം.

അവസരങ്ങൾ പലതും 

ഭേദപ്പെട്ട ശമ്പളം, സൗജന്യയാത്ര തുടങ്ങിയവയും പലതരം ആനുകൂല്യങ്ങളും ലഭിക്കും. കുറേക്കാലം വിമാനത്തിൽ ജോലി ചെയ്തശേഷം ഗ്രൗണ്ട്‌ ഡ്യൂട്ടിയിലേക്കു മാറാനും കഴിഞ്ഞേക്കാം. ട്രാവൽ & ടൂറിസം രംഗത്തേക്കും ഹോസ്റ്റസ്‌ പരിശീലനമേഖലയിലേക്കും ചുവടു മാറ്റുന്നവരുമുണ്ട്‌. ദേശീയവും രാജ്യാന്തരവുമായ പല എയർലൈനുകളിലും അവസരങ്ങളുണ്ട്‌. സേവനദൈർഘ്യവും കാര്യക്ഷമതയും ആധാരമാക്കി സീനിയർ എയർ ഹോസ്റ്റസ്‌, ഡപ്യൂട്ടി ചീഫ്‌ എയർഹോസ്റ്റസ്‌, ചീഫ്‌ എയർഹോസ്റ്റസ്‌ മുതലായ തലങ്ങളിലേക്കു കയറ്റം കിട്ടുകയും ചെയ്യാം.

യോഗ്യതകൾ

എയർലൈനുകൾ തമ്മിൽ യോഗ്യതയുടെ കാര്യത്തിൽ നേരിയ വൃത്യാസങ്ങൾ വരാം. എങ്കിലും ഏകദേശ മാനദണ്ഡങ്ങൾ ഇങ്ങനെ:

ഉയരം: 157.5 സെമീ എങ്കിലും വേണം, പ്രായം: 18-26. കണ്ണട കൂടാതെ നല്ല കാഴ്ചശക്തി, ഉയരത്തിനു തക്ക ഭാരം. സർവകലാശാലാ ബിരുദം, അഥവാ പ്ലസ്‌ ടുവും ഹോട്ടൽ മാനേജ്‌മെന്റിലെ 3 വർഷ ഡിപ്ലോമയും. ഒഴുക്കോടെ ഇംഗ്ലിഷ്‌ പറയാൻ കഴിയണം. ഇന്ത്യയിലെ എയർലൈനുകളിൽ നല്ല ഹിന്ദിയും വേണം. അറബി, ഫ്രഞ്ച്‌, സ്പാനിഷ്, ജർമൻ ഭാഷകളിലെ സംഭാഷണ പ്രാവീണ്യത്തിനു മുൻതൂക്കം ലഭിക്കും. ഇന്ത്യൻ പാസ്പോർട്‌ ലഭിക്കാൻ അർഹതയുള്ള അവിവാഹിതയായിരിക്കണം.

സൗന്ദര്യത്തെക്കുറിച്ചു പലരിലും തെറ്റായ ധാരണയുണ്ട്‌. അഴകളവിന്റെ അക്കങ്ങളല്ല പ്രധാനം. ആകർഷകമായ മുഖം, നല്ല ദന്തനിര, പ്രസന്നമായ പെരുമാറ്റം, യുക്തമായ സ്വരഭേദത്തോടെ സംസാരിക്കാനുള്ള കഴിവ്‌ എന്നിവ വേണം. ഭാവവും മൊത്തത്തിലുള്ള വ്യക്തിത്വവുമാണു മുഖ്യമായും പരിശോധിക്കുക. 

ചില എയർലൈനുകൾ ഹോസ്റ്റസ് ജോലി ആഗ്രഹിക്കുന്നവരുടെ അപേക്ഷകൾ ഫയൽ ചെയ്തുവയ്ക്കുകയും, ആവശ്യമുള്ളപ്പോൾ ഇന്റർവ്യൂവിനു ക്ഷണിക്കുകയും ചെയ്യാറുണ്ട്. സർക്കാർ ജോലിക്കെന്നപോലെ പരസ്യങ്ങൾ നൽകി അപേക്ഷ ക്ഷണിച്ചാവില്ല പലപ്പോഴും നിയമനം.

ഫ്ളെറ്റ്‌ സ്റ്റ്യൂവാർഡായി നിയമനത്തിനു ശ്രമിക്കുന്ന പുരുഷന്മാർക്കു 170 സെ.മീ. ഉയരം, 26 വയസ്സ്‌ എന്നീ കണക്കുകൾ സാധാരണമാണ്‌, മറ്റു യോഗ്യതകൾ ഹോസ്റ്റസിന്റേതു തന്നെ.

നമ്മുടെ നാട്ടിലെ സാധാരണ പെൺകുട്ടികൾക്ക്‌ അവശ്യശേഷികൾ ആർജിക്കാൻ ആറു മാസത്തെയെങ്കിലും പരിശീലനം വേണ്ടിവരും. വളരെ ഉയർന്ന ഫീസ്‌ വാങ്ങി അഞ്ചോ ആറോ ആഴ്ചത്തെ പരിശീലനംവഴി എയർഹോസ്റ്റസായി നിയമനം ഏർപ്പെടുത്തിത്തരാം എന്ന മട്ടിൽ ഇന്റർവ്യൂവിനു ക്ഷണിക്കുന്ന പരിശീലന സ്ഥാപനങ്ങളുടെ കാര്യത്തിൽ രക്ഷിതാക്കൾ വേണ്ടത്ര ശ്രദ്ധപതിപ്പിച്ചു കൊള്ളണം.

ചില കാബിൻ ക്രൂ പരിശീലനസ്ഥാപനങ്ങൾ

∙Frankfinn Institute of Air Hostess Training, Thiruvananthapuram, Kochi, Kozhikode, Delhi, Mumbai etc.

∙IATA Cabin Crew Training: Speedwings Academy for Aviation Studies, Kochi/Institute of Air Travel Studies Adoor, Cochin/Alhind Academy, Calicut/VIMS Aviation & Hospitality Thiruvananthapuram, Kayamkulam, Pathanamthitta/Vision Academy, Thrissur, Calicut 

∙Air India Cabin Crew Training School (CCTS), Hyderabad

∙PTC Aviation Academy, Chennai, Bengaluru 

∙Indira Gandhi Institute of Aeronautics–New Delhi, Jaipur

∙WingsWay Global Training Academy, Hyderabad: IATA Airline Cabin Crew Training for Leadership & Management 

English Summary: Career And Scope Of Air Hostess

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA