ADVERTISEMENT

വർക് ഫ്രം ഹോമിനു മുഖവുര വേണ്ട. എന്നാൽ ഇക്കൂട്ടത്തിൽ അൽപം വ്യത്യസ്തമാണ് പന്തളം തെക്കേമണ്ണിൽ കിഴക്കതിൽ എസ്.പ്രവീണിന്റെ കാര്യം. ദക്ഷിണ കൊറിയയിലെ കമ്പനിയിൽ ചേർന്ന പ്രവീൺ ജോലി ചെയ്യുന്നത് വീട്ടിലിരുന്നാണ്. ദക്ഷിണ കൊറിയയിലെ നിലവാരത്തിലുള്ള ശമ്പളം; ഇൻസെന്റീവുകൾ ‘ടൺ’ എന്ന ക്രിപ്റ്റോകറൻസി വഴിയും. പുതുകാലത്തിന്റെ (വരുംകാലത്തിന്റെയും) ഡിജിറ്റൽ കയ്യൊപ്പ് പതിഞ്ഞുകിടക്കുന്ന അക്കഥ ഇങ്ങനെ.

 

ജോലിയുടെ ഡിജിറ്റൽ വഴി

praveen

ബ്ലോക്ചെയിനാണു പ്രവീണിന്റെ മേഖല. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ കോളജിലെ കംപ്യൂട്ടർ സയൻസ് ബിടെക്കിനു ശേഷം 3 വർഷം ഇൻഫോസിസിലായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് കേരള ബ്ലോക്ചെയിൻ അക്കാദമിയിൽ ബ്ലോക്ചെയിൻ റിസർച് സയന്റിസ്റ്റും ട്രെയിനറുമായി. ഐടി മേഖലയിൽ ഏറെ ആവശ്യക്കാരുള്ള സാങ്കേതികവിദ്യയാണ് ബ്ലോക്ചെയിൻ.

 

ഇതിനിടെ സമൂഹമാധ്യമമായ ലിങ്ക്ഡ്ഇൻ വഴി കൊറിയയിലെ ഓന്ഥർ എന്ന ബ്ലോക്ചെയിൻ കമ്പനിയിൽ ജോലിക്ക് അപേക്ഷിച്ചു. ഓൺലൈനിൽ മൂന്ന് ഇന്റർവ്യൂവിനു ശേഷം  ബ്ലോക്ചെയിൻ ടെക് റിസർച്ചറായി ഓഫർ ലെറ്റർ. 

 

ഇന്ത്യയിലെ ഏക ജീവനക്കാരൻ

ഓന്ഥറിന് ഇന്ത്യയിലുള്ള ഒരേയൊരു ജീവനക്കാരനാണ് പ്രവീൺ. മറ്റുള്ളവരിൽ ഭൂരിഭാഗവും ദക്ഷിണ കൊറിയ, യുഎസ്, ബ്രിട്ടൻ, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. ദക്ഷിണ കൊറിയയിലെത്തിയോ ഇന്ത്യയിൽ തന്നെ തുടർന്നുകൊണ്ടോ ജോലി ചെയ്യാമെന്നു കമ്പനി അറിയിച്ചു. അങ്ങനെയാണ് വർക് ഫ്രം ഹോം രീതി സ്വീകരിച്ചത്. ശമ്പളവും ഇൻസെന്റീവുകളും ക്രിപ്റ്റോകറൻസിയിൽ സ്വീകരിക്കാം. ഇന്ത്യൻ സാമ്പത്തികനിയമങ്ങൾ പ്രകാരം ഇന്നും ക്രിപ്റ്റോ മുഖ്യധാരയിലെത്താത്തതിനാൽ ശമ്പളം ബാങ്ക് വയർ ട്രാൻസ്ഫർ വഴിയും ഇൻസെന്റീവുകൾ ക്രിപ്റ്റോ വഴിയുമാക്കി.

 

സോഷ്യലൈസിങ് കുറവ്

പ്രായോഗിക പ്രശ്നങ്ങൾ ഇല്ലെന്നല്ല. ഇന്ത്യയിൽ ഓഫിസില്ലാത്തതിനാൽ ഇവിടത്തെ ഇൻകംടാക്സ് ഫോമുകളും മറ്റും കമ്പനിക്കു ലഭ്യമല്ല. പകരം ചാർട്ടേഡ് അക്കൗണ്ടന്റുമാരെ ആശ്രയിക്കണം. 

 

ഓഫിസ് അന്തരീക്ഷം ഇല്ലാതാകുമ്പോഴുള്ള നഷ്ടങ്ങളും കണക്കിലെടുക്കണം. ജോലി മാത്രമല്ല, ആളുകളുമായി ഇടപഴകാനുള്ള അവസരം കൂടിയാണ് ഓഫിസുകളിൽ നമുക്കു കിട്ടുന്നത്. ഇതു റിമോട്ട് വർക്കിങ് രീതിയിൽ കുറവാണ്. കോഫി ടൈം, വീക്‌ലി കോൾ എന്നീ പേരുകളിലുള്ള ഓൺലൈൻ സെഷനുകളിലൂടെ ഈ കുറവ് പരിഹരിക്കാൻ പ്രവീണിന്റെ കമ്പനി ശ്രമിക്കുന്നു.

 

തുടക്കക്കാർക്കു കമ്പനികൾ നൽകാറുള്ള ഓറിയന്റേഷൻ ട്രെയിനിങ് റിമോട്ട് വർക്കിങ് രീതിയിൽ അത്ര ഫലപ്രദമല്ല. ഇതിനും ആശ്രയം ഓൺലൈൻ മാർഗങ്ങൾ തന്നെ. എങ്കിലും രാജ്യാന്തര മികവുള്ള പ്രഫഷനലുകളുമൊത്തുള്ള ജോലിയിൽ ലഭിക്കുന്ന എക്സ്പോഷർ വളരെ വലുതാണ്.

 

വർക് ഫ്രം എനിവെയർ

കോവിഡും ലോക്ഡൗണും വർക് ഫ്രം ഹോം രീതിയെ പൊടുന്നനെ മുഖ്യധാരയിലേക്കെത്തിച്ചു. തുടർന്നാണ് വർക് ഫ്രം എനിവെയർ എന്ന ആശയത്തിലേക്ക് രാജ്യാന്തര കമ്പനികൾ എത്തിച്ചേർന്നത്. ഐടി കമ്പനികളാണ് ഇതിന്റെ മുൻനിരയിൽ. കോവിഡ് മൂലം പല മേഖലകളിലും തകർച്ച അനുഭവപ്പെട്ടപ്പോഴും ഐടിയിൽ ബൂമിന്റെ കാലമായിരുന്നു. വൈദഗ്ധ്യമുള്ള പ്രഫഷനലുകൾക്ക് കൈനിറയെ അവസരങ്ങൾ കിട്ടിത്തുടങ്ങി. കമ്പനികൾക്ക് ജീവനക്കാരെ പിടിച്ചുനിർത്തേണ്ടത് ആവശ്യമായിത്തുടങ്ങി. കൊഴിഞ്ഞുപോക്ക് തടയാൻ കൂടുതൽ കമ്പനികൾ വർക്ക് ഫ്രം എനിവെയർ ശൈലി അവലംബിക്കാൻ സാധ്യതയുണ്ടെന്ന് ടെക്‌ക്രഞ്ച്, ഹാർവഡ് ബിസിനസ് റിവ്യു തുടങ്ങിയ സ്ഥാപനങ്ങൾ പറയുന്നു. 

 

ലിങ്ക്ഡ് ഇൻ പ്ലാറ്റ്ഫോം ഇത്തരം ജോലികളുടെ പറുദീസയാണ്. പുറത്ത് ലിസ്റ്റ് ചെയ്യപ്പെടാത്ത ജോലികളെക്കുറിച്ചും ശക്തമായ ലിങ്ക്ഡ് ഇൻ കണക്‌ഷനുള്ളവർക്ക് അറിയാൻ സാധിക്കുന്നതായി കണ്ടുവരുന്നു. 

English Summary: Work From Home: Career And Success Tips By S Praveen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com