പത്രാധിപരുടെ ആദ്യ വേഷം, അവസാനത്തേതും; അന്നേ ഞാനൊരു ‘ന്യൂജെൻ’ ആയിരുന്നു!

perumbadavam-sreedharan-image
SHARE

സിനിമാമാസികയുടെ പത്രാധിപരായി ജോലി തുടങ്ങി പിൽക്കാലത്ത് എഴുത്തുതന്നെ തൊഴിലാക്കിയ വഴികളിലൂടെ സഞ്ചരിക്കുന്നു, സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ

എന്നെ ഞാൻ ആദ്യം പഠിപ്പിച്ചത്, ഒരു സ്വപ്നങ്ങളും പാടില്ലെന്നാണ്. ആ ഞാനാണ് എത്രയോ കഥകളിലും നോവലുകളിലുമായി സ്വപ്നാടനം നടത്തിയത്. എഴുത്തിന്റെ ഭ്രമാത്മക തലങ്ങളിലൂടെ സ‍ഞ്ചരിച്ച് ‘ഒരു സങ്കീർത്തനംപോലെ’ എന്ന നോവലൊരുക്കിയത്. എനിക്കുതന്നെ വിസ്മയം തോന്നുന്ന ജീവിതയാത്രകളാണിതൊക്കെ. 

എറണാകുളം ജില്ലയിൽ കൂത്താട്ടുകുളത്തിനടുത്ത് ഇലഞ്ഞിയിലെ പെരുമ്പടവമാണ് എന്റെ ദേശം. വലിയ സാമ്പത്തികമില്ലാത്ത വീട്ടിലെ കുട്ടിയായിരുന്നു ഞാൻ. എനിക്കു നാലു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. അമ്മയും അനിയത്തിയും ഞാനും മാത്രമായി. സ്നേഹിതരുടെ സൗഭാഗ്യങ്ങളിൽനിന്നു ഞാൻ സ്വാഭാവികമായി വഴിമാറി നടന്നു. 

ഇലഞ്ഞിയിലെ ലൈബ്രറിയിൽ പോയി പുസ്തകമെടുത്തു വായിക്കലായിരുന്നു പ്രധാന സന്തോഷം. വായിച്ചുവായിച്ച് കവിതകൾ കുറിച്ചുതുടങ്ങി. പിന്നെ കഥകളുണ്ടായി. നാടും വീടും മുന്നിൽക്കണ്ട് എഴുതിയെഴുതി വന്നപ്പോൾ അതൊരു നോവലായി. ‘സർപ്പക്കാവ്’ എന്നു പേരിട്ടു. ‘ജനയുഗം’ ആഴ്ചപ്പതിപ്പിനയച്ചു. അത് അച്ചടിച്ചുവന്നു. 

perumbadavam-sreedharan

അപ്പോൾപ്പിന്നെ അറിയാതെ ഞാൻ എഴുത്തുകാരനായതാണോയെന്നു പലരും ചോദിക്കാറുണ്ട്. എഴുത്ത് എനിക്കു തൊഴിലല്ല, ജീവിതംതന്നെയാണ്. പക്ഷേ, സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കി മദ്രാസിലേക്കു പോയപ്പോൾ ജീവിക്കാനായി വേറൊരു തൊഴിൽ ആവശ്യമായിവന്നു. അങ്ങനെയാണ് എന്റെ ആദ്യ ജോലിപ്രവേശം. ‘ചലച്ചിത്രം’ മാസികയുടെ പത്രാധിപരായി ഞാൻ ജോലി തുടങ്ങി. പക്ഷേ, സിനിമാമാസികയിൽ സാഹിത്യം നിറയ്ക്കാനുള്ള എന്റെ ശ്രമംകൊണ്ടാകാം, അധികകാലം കഴിയുംമുൻപേ ആ ജോലി നഷ്ടപ്പെട്ടു. 

തിരികെ നാട്ടിലെത്തി. എഴുത്തിലേക്കു മാത്രമല്ല, കൃഷിയിലേക്കും കൂടിയായിരുന്നു ആ മടക്കം. ജീവിക്കാനുള്ള വഴി മനസ്സ് പരതിക്കൊണ്ടിരുന്നു. മൂവാറ്റുപുഴ കേന്ദ്രമായി കൂട്ടുകാർക്കൊപ്പം ‘കലാവേദി’ മാസിക തുടങ്ങി. വൈകാതെ ആ പരീക്ഷണവും പൊളിഞ്ഞു. 

‘അഭയം’ നോവലിന്റെ കയ്യെഴുത്തുപ്രതിയുമായാണു തിരുവനന്തപുരത്തേക്കു പോകുന്നത്. അവിടെ എം.ടി.അപ്പന്റെ ക്ഷണപ്രകാരം വീണ്ടുമൊരു പത്രാധിപവേഷം കിട്ടി. ‘കർമഭൂമി’ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. അനന്തപുരിയിൽ അഭയം തേടിയ എന്നെ ‘അഭയം’ കൈവിട്ടില്ല. ‘കേരളശബ്ദം’ നോവൽ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടി. വൈകാതെ ‘കുങ്കുമ’ത്തിൽ അതു പ്രസിദ്ധീകരിച്ചു. പുസ്തകവും സിനിമയുമായി. 

പത്രപ്രവർത്തനത്തിന്റെ ഒരധ്യായംകൂടി പരീക്ഷിച്ച് ഞാൻ എന്റെ പുറംതൊഴിലുകൾ പൂർണമായി അവസാനിപ്പിച്ചു. ‘മലയാളനാടി’ലായിരുന്നു പത്രപ്രവർത്തകനായുള്ള അവസാനവേഷം. പിന്നീട് നാലു പതിറ്റാണ്ടിലേറെയായി എഴുത്തു മാത്രമാണ് എന്റെ തൊഴിൽ. എഴുതിക്കിട്ടുന്നതു മാത്രമാണ് എന്റെ അന്നം. ഇന്നത്തെ ചെറുപ്പക്കാരൊക്കെ ജോലി തേടി ചാടിച്ചാടിപ്പോകുന്നതു കാണുമ്പോൾ, എനിക്കുതോന്നും അന്നേ ഞാനൊരു ‘ന്യൂജെൻ’ ആയിരുന്നെന്ന്! 

തൊഴിൽ എന്നെ പഠിപ്പിച്ചത് 

എനിക്കു സഞ്ചരിക്കാനുള്ള വഴി വിദൂരതയിലേക്കും എനിക്കു കയറിപ്പോകാനുള്ള പടവുകൾ ഉയരങ്ങളിലേക്കും നീണ്ടുകിടക്കുന്നു എന്ന തിരിച്ചറിവ് എപ്പോഴും ഞാൻ മനസ്സിൽ സൂക്ഷിച്ചിരുന്നു. തൊഴിൽ എന്നത് വരുമാനമാണെന്നതു സുപ്രധാനം. ഒപ്പം അതൊരു ഉൾപ്പുളകം കൂടിയാവണം. എഴുതിക്കിട്ടുന്ന തുക എത്രയായാലും, അതെന്റെ ഉള്ളിൽ നിറയ്ക്കുന്ന ആനന്ദം പറഞ്ഞറിയിക്കാനാവാത്തതാണ്. ഏതു തൊഴിൽ തേടുന്നവരും, ഉള്ളിലെ ഉൽക്കടമായ ആഗ്രഹത്തെ (Passion) ഉലയിലെ തീപോലെ എപ്പോഴും നിലനിർത്തണമെന്നാണ് എനിക്കു പറയാനുള്ളത്. 

English Summary: Career And First Job Experience Of Perumbadavam Sreedharan

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA