ADVERTISEMENT

ഒരു പത്രവാർത്തയിൽനിന്നാണ് ഈ കോളത്തിലേക്കുള്ള വഴി തുടങ്ങുന്നത്. അതെഴുതിയ ലേഖകനെ കുറേ കഷ്ടപ്പെട്ടു ഞാൻ കണ്ടുപിടിച്ചു. അദ്ദേഹം വഴി വാർത്തയിലെ കഥാപാത്രങ്ങളെയും കണ്ടെത്തി. ഇനി ആ കഥ (അല്ല സംഭവകഥ) പറയാം. 

 

കരുനാഗപ്പള്ളിയിലെ ഒരു ചെറിയ പഴക്കടയാണ് ഈ കഥയിലെ പ്രധാന വേദി. വാമദേവൻ എന്നയാളാണു കട നടത്തുന്നത്. അദ്ദേഹത്തിന്റെ മകൻ ബൈജു പ്രൈവറ്റായി ബിഎ ഹിസ്റ്ററി പഠിക്കുകയായിരുന്നു. ഒപ്പം അച്ഛനെ കടയിൽ സഹായിക്കുന്നു. കടയിലെ ഒഴിവുവേളകളിൽ ബൈജു പിഎസ്‌സി പഠനം തുടങ്ങി. കടയുടെ പിന്നിൽ സാധനങ്ങളെല്ലാം സൂക്ഷിക്കുന്ന ചെറിയ ഗോഡൗണായിരുന്നു ബൈജുവിന്റെ പഠനസ്ഥലം. 

 

കടയിൽ സ്ഥിരമായി വന്നിരുന്ന ഓട്ടോ ഡ്രൈവർ മഹേഷാണു ബൈജുവിന്റെ ഈ ‘പാർട് ടൈം പഠനം’ ആദ്യം ശ്രദ്ധിച്ചത്. വിവരം തിരക്കിവന്നപ്പോൾ മഹേഷിനും ആവേശമായി. ‘പഠിക്കാൻ ഞാനും കൂടട്ടെ?’ എന്നു ചോദിച്ചു. അങ്ങനെ മഹേഷ് ബൈജുവിന്റെ പഠനക്കൂട്ടാളിയായി. രാജേഷ് എന്ന സുഹൃത്തിനെ വൈകാതെ മഹേഷ് ഈ കൂട്ടായ്മയിലേക്കു കൊണ്ടുവന്നു. പിന്നെ രഞ്ജിത്ത് എത്തി, രാജേഷ് എത്തി, രജിത് രാജ് എത്തി, ബേബി ഷൈൻ വന്നു, കൃഷ്ണകുമാർ വരുന്നു... അങ്ങനെ അത് എട്ടംഗ പഠനക്കൂട്ടായി വളർന്നു. പകൽ പല ജോലിയും ചെയ്തു രാത്രി മൂന്നര–നാലു മണിക്കൂർ ചിട്ടയായ പഠനം. ഇവരാരും മുൻപു പരസ്പരം പരിചയമുള്ളവരായിരുന്നില്ല. 

 

എന്നും വൈകുന്നേരം ഇവർ എട്ടു പേരും കൂടിയിരുന്നു പഠിക്കാൻ തുടങ്ങി. പരസ്പരം ചർച്ച, സംശയങ്ങൾ തീർക്കൽ, തെറ്റു തിരുത്തൽ... ഇങ്ങനെ പഠനം മുന്നോട്ടുനീങ്ങി. വലിയ തുക ചെലവിട്ടു പഠിക്കാൻ ശേഷിയോ സൗകര്യമോ ഇല്ലായിരുന്ന ഇവരെല്ലാം പരസ്പരം അറിവുകൾ പങ്കുവച്ച് ആ കുറവുകൾ നികത്തുകയായിരുന്നു. പിഎസ്‌സി പരീക്ഷകൾ മുടങ്ങാതെ എഴുതിക്കൊണ്ടിരുന്ന ഇവർ എട്ടു പേരും ഇന്നു വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നു. 

 

കൂട്ടായ്മയിൽനിന്ന് ആദ്യം ജോലി കിട്ടിയതു മഹേഷിനായിരുന്നു. ഇപ്പോൾ ഫയർ ഫോഴ്സിൽ ഡ്രൈവറാണു മഹേഷ്. ബൈജു ഇപ്പോൾ ജലവിഭവ വകുപ്പിൽ ലാസ്കറാണ്. രാജേഷ് റജിസ്ട്രേഷൻ വകുപ്പിൽ കയറി, രഞ്ജിത്ത് റെയിൽവേയിൽ, മറ്റൊരു രാജേഷ് എൽഡി ക്ലാർക്കാണിപ്പോൾ, രജിത് രാജ് പൊതുമരാമത്ത് വകുപ്പിൽ, ഷൈൻ മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്നു, കൃഷ്ണകുമാർ ഓഫിസ് അസിസ്റ്റന്റായി ചങ്ങനാശേരിയിൽ. ആദ്യം ജോലി കിട്ടിയവർ അതോടെ പഠനം നിർത്തിയില്ല. ബാക്കിയുള്ളവർക്കു ജോലി കിട്ടുന്നതുവരെ അവർ ആ കൂട്ടായ്മയുടെ ദീപം തെളിച്ചുനിർത്തി. എല്ലാവരും ഒന്നിലേറെ ലിസ്റ്റുകളിൽ ഉൾപ്പെട്ടു. 15 ലിസ്റ്റുകളിൽവരെ ഉൾപ്പെട്ടവരുണ്ട്. 

 

ഒരു കൊച്ചു പഴക്കടയിൽനിന്ന് എട്ടു പേർ സർക്കാർ ജോലി നേടിപ്പോയ ഈ കഥയ്ക്കു പിന്നിലെ കഠിനാധ്വാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും വഴികളിൽ മനസ്സുകൊണ്ടു കുമ്പിട്ടുപോകുന്നു. ഇപ്പോഴും അവർ പഠനം നിർത്തിയിട്ടില്ല. കൂടുതൽ ലക്ഷ്യങ്ങൾ തേടി പരിശ്രമം തുടരുകയാണ്. അവസരങ്ങൾ എങ്ങനെ പിടിച്ചെടുക്കണമെന്ന് ഇനി അധികം വിശേഷിപ്പിക്കേണ്ടതില്ലല്ലോ. കൂട്ടായി വിജയം നേടിയെടുത്ത ഈ കൂട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട് നൽകട്ടെ. 

English Summary:Career Column Vijayatheerangal By G Vijayaraghavan- Success Stories of Kerala PSC

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com