കണക്കും കണിശതയും കിട്ടിയത് ആ പശ്ചാത്തലത്തിൽനിന്ന്; പാട്ടിനു വിട്ട പണികളെ കുറിച്ച് ശ്രീകുമാരൻ തമ്പി

HIGHLIGHTS
  • 11–ാം വയസ്സിൽത്തന്നെ ഞാൻ ആദ്യത്തെ കവിത എഴുതി–കുന്നും കുഴിയും
sreekumaran-thampi
SHARE

പഠനത്തിൽ ചെറുപ്പത്തിലേ ഞാൻ മോശമല്ലായിരുന്നു. ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും ഒന്നാമനുമായിരുന്നു. അതേ സമയം, പാട്ടിലും എഴുത്തിലും നല്ല വാസനയുമുണ്ട്. ഹരിപ്പാട് ബോയ്സ് സ്കൂളിലെ പഠനകാലത്തു 11–ാം വയസ്സിൽത്തന്നെ ഞാൻ ആദ്യത്തെ കവിത എഴുതി–കുന്നും കുഴിയും. 16 വയസ്സിനുള്ളിൽ മുന്നൂറോളം കവിതകൾ എഴുതി. ആലപ്പുഴ എസ്ഡി കോളജിൽനിന്നു ഗണിതത്തിൽ ബിരുദം കഴിയുമ്പോഴേക്കു ഞാനൊരു പാട്ടെഴുത്തുകാരനും നോവലിസ്റ്റുമായിക്കഴിഞ്ഞിരുന്നു. ആകാശവാണിയിലൂടെ എന്റെ ഗാനങ്ങൾ നാട്ടുകാർ കേട്ടുതുടങ്ങിയിരുന്നു. 

ഗണിതാധ്യാപകനായാണ് ആദ്യ ജോലി എനിക്കു വിധിച്ചിരുന്നത്. മലയാളത്തിൽ എംഎ ചെയ്യണമെന്നു തീവ്രമായി ആഗ്രഹിച്ചെങ്കിലും ചേട്ടൻമാരുടെ നിലപാട് അനുകൂലമായിരുന്നില്ല. അതിനിടയിലാണ്, കോഴിക്കോട് കടലുണ്ടിക്കടുത്തു ചാലിയത്തെ ഉമ്പിച്ചി സെക്കൻഡറി സ്കൂളിൽ ഗണിതാധ്യാപകന്റെ ഒഴിവുണ്ടെന്നു പത്രപ്പരസ്യം കണ്ട് അപേക്ഷിച്ചത്. ഉടനെ ജോലിയും കിട്ടി. എട്ടു മാസം മാത്രമേ അവിടെ പഠിപ്പിച്ചുള്ളൂ. പക്ഷേ, എന്നെക്കാൾ വളരെ കുറച്ചു പ്രായവ്യത്യാസം മാത്രമുള്ള ധാരാളം ശിഷ്യരെ അന്നവിടെ കിട്ടി! 

ഞാൻ എൻജിനീയറിങ് പഠിക്കണമെന്നു രണ്ടാമത്തെ ചേട്ടൻ പി.ജി.തമ്പി ആഗ്രഹം പ്രകടിപ്പിച്ചതോടെ എന്റെ ആദ്യ ജോലി ഒരു കൊല്ലംപോലും പൂർത്തിയാകാതെ അവസാനിച്ചു. മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്നോളജിയിൽ (ഐഐഇടി) സിവിൽ എൻജിനീയറിങ് പഠനത്തിനു ചേർന്നു. കടുകട്ടിയാണ് എഎംഐഇ കോഴ്സ്. എന്റെ ബാച്ചിലെ 103 പേരിൽ, കോഴ്സിന്റെ സെക്‌ഷൻ എ പാസായതു ഞാൻ മാത്രം. സെക്‌ഷൻ ബി തുടങ്ങാനുള്ള ഇടവേളയിലാണ് ഈ കോഴ്സ് തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ തുടങ്ങിയത്. ഞാൻ പഠനം അങ്ങോട്ടു മാറ്റി. ആദ്യശ്രമത്തിൽത്തന്നെ സെക്‌ഷൻ ബിയും പാസായെങ്കിലും, വിജയശതമാനം തീരെ കുറവായതിനാൽ ആ ഒറ്റ ബാച്ചോടെ തൃശൂർ എൻജിനീയറിങ് കോളജിൽ ഈ കോഴ്സ് നിർത്തലാക്കി. 

പത്തറുപതു കൊല്ലം മുൻപ് ഒരു എൻജിനീയറാവുന്നതിന്റെ പത്രാസ് അത്ര ചെറുതല്ല. എൻജിനീയറായി വീണ്ടും ജോലിയുടെ നിയോഗമെത്തിയതും കോഴിക്കോട്ടുതന്നെ. കോഴിക്കോട്ട് അസിസ്റ്റന്റ് ടൗൺ പ്ലാനറായി ജോലി കിട്ടി. പക്ഷേ, മനസ്സ് അപ്പോഴേക്കു പാട്ടിലും സാഹിത്യത്തിലും പിടിമുറുക്കിയിരുന്നു. അധികകാലം സർക്കാർ ജോലിയിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നു ഞാൻ എന്നോടുതന്നെ പറഞ്ഞുതുടങ്ങി. ഒന്നരക്കൊല്ലത്തിനുള്ളിൽ ജോലി രാജിവച്ച് നാട്ടിലെത്തി. 

ചേട്ടൻ അഡ്വ. പി.ജി.തമ്പി, അദ്ദേഹത്തിന്റെ ഇരുപതാം വയസ്സിൽ ഹരിപ്പാട്ട് ‘തമ്പീസ് കോളജ്’ എന്ന സമാന്തര വിദ്യാഭ്യാസസ്ഥാപനം തുടങ്ങിയിരുന്നു. ജോലി ഉപേക്ഷിച്ചെത്തിയ ഞാൻ അവിടെ അധ്യാപകനായി. മോശമില്ലാത്ത വരുമാനമുണ്ട്. പക്ഷേ, മനസ്സിൽ പാട്ടിന്റെ മണിമുഴക്കം നിലയ്ക്കുന്നില്ല. അതിനു പറ്റിയ ദേശം മദ്രാസാണ്. അങ്ങോട്ടു വച്ചുപിടിക്കാൻ വഴി ആലോചിക്കുമ്പോഴാണ്, മദ്രാസ് കോർപറേഷനിൽ ടൗൺ പ്ലാനറുടെ ജോലി ഒത്തുവരുന്നത്. പാട്ടും പണിയും ഒന്നിച്ചുകൊണ്ടുപോകാൻ കിട്ടിയ അസുലഭ അവസരം! പക്ഷേ, ഒറ്റ ദിവസമേ ആ ജോലിയിൽ ഞാൻ ഇരുന്നുള്ളൂ. പണിയെ അതിന്റെ പാട്ടിനു വിട്ട് പിന്നെ ഞാൻ പാട്ടിന്റെ വഴിയിലേക്കു മാത്രം നടന്നു. 

പതിനെട്ടാം വയസ്സിൽ എഴുതിയ ‘കാക്കത്തമ്പുരാട്ടി’ എന്ന നോവലുമായി മെരിലാൻഡ് സ്റ്റുഡിയോ ഉടമ പി.സുബ്രഹ്മണ്യത്തെ കാണാൻ പോകുമ്പോൾ എനിക്കു പ്രായം 24. സിനിമയ്ക്കു കഥ പറയാൻ ചെന്നതാണ്. പക്ഷേ, എന്റെ പാട്ടുതാൽപര്യം കണ്ട് സുബ്രഹ്മണ്യം മുതലാളി ഗാനരചനയ്ക്കും അവസരം നൽകി. അങ്ങനെ 1966 ൽ മെരിലാൻഡിന്റെ ‘കാട്ടുമല്ലിക’യിലൂടെ എന്റെ പാട്ടുകൾ തിരശ്ശീലയ്ക്കു പിന്നിലൂടെ മുഴങ്ങിത്തുടങ്ങി. രണ്ടായിരത്തിലേറെ സിനിമാഗാനങ്ങൾ, 85 സിനിമകളുടെ തിരക്കഥകൾ, 29 സിനിമകളുടെ സംവിധാനം, 26 സിനിമകളുടെ നിർമാണം, 48 ഡോക്യുമെന്ററികളുടെ സംവിധാനം, 13 സീരിയൽ സംവിധാനം... ഈ അൻപത്താറാം വർഷവും എന്നെയും എന്റെ കുടുംബത്തെയും പോറ്റുന്ന തൊഴിൽ സിനിമ മാത്രമാണ്. 

പക്ഷേ, ഉള്ളിലെ എൻജിനീയറും അധ്യാപകനും എന്റെ ജീവിതത്തിന്റെ ഓരോ അംശത്തിലും ഇപ്പോഴുമുണ്ട്. കണക്കും കണിശതയും എനിക്കു കിട്ടിയത് ആ പശ്ചാത്തലത്തിൽനിന്നു തന്നെയായിരിക്കാം! 

തൊഴിൽ എന്നെ പഠിപ്പിച്ചത് 

നമ്മുടെ സർഗപരമായ കഴിവുകളെ ജോലി തൃപ്തിപ്പെടുത്തണമെന്നില്ല. അതുകൊണ്ടുതന്നെ തൊഴിലിനെ തൊഴിലായും മനസ്സിലെ തീവ്രാഭിലാഷങ്ങളെ (Passion) അതിന്റേതായ നിലയിലും ഉപയോഗപ്പെടുത്തുക. നൈസർഗികമായ കഴിവോ താൽപര്യമോ തൊഴിലിനെ ഒരിക്കലും അലോസരപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം. അഥവാ അതിനു സാധിക്കുന്നില്ലെങ്കിൽ തൊഴിൽ ഉപേക്ഷിച്ച് ഇഷ്ടമേഖലയിലേക്കു തിരിയുകയായിരിക്കും നല്ലത്. അപ്പോഴും, നഷ്ടപ്പെടുത്തിയതിനെ ഓർത്തു കുറ്റബോധം തോന്നാതിരിക്കുകയും വേണം. തൊഴിലിൽനിന്നു കൃത്യമായ വരുമാനം കിട്ടും. Passion ഉള്ള മേഖല തിരഞ്ഞെടുത്താൽ അതു സാധിക്കണമെന്നില്ല. ഇതിൽ ഏതു വേണമെന്ന കൃത്യമായ ബോധ്യം ഉള്ളവർക്കേ ഒരു മേഖല വിട്ടു മറ്റൊന്നു തിരഞ്ഞെടുക്കാൻ എളുപ്പത്തിൽ കഴിയൂ. 

English Summary: Career And First Job Experience of Sreekumaran Thampi

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA