ADVERTISEMENT

ചെലവുചുരുക്കലിന്റെ ഭാഗമായി സർക്കാർ വകുപ്പുകളിലെ അധിക തസ്തികകൾ കണ്ടെത്തി പുനർവിന്യസിക്കാനുള്ള തീരുമാനം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലെ നിയമനത്തെ ബാധിക്കുമെന്ന് ആശങ്ക. കാലഹരണപ്പെട്ടതും പുനഃക്രമീകരണം വേണ്ടതുമായ തസ്തികകൾ കണ്ടെത്താൻ 16 സംഘങ്ങളെയാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിയോഗിച്ചിരിക്കുന്നത്. 44 വകുപ്പുകളിലാണു പരിശോധന. രണ്ടാഴ്ച കൂടുമ്പോൾ റിപ്പോർട്ട് നൽകും. 

 

പ്രവർത്തനം അവസാനിപ്പിച്ച പദ്ധതികളിലെ ജീവനക്കാർ, കംപ്യൂട്ടർ ഉപയോഗിക്കുന്ന ഒാഫിസുകളിലെ ൈടപ്പിസ്റ്റുമാർ എന്നിവരുടെ പുനർവിന്യാസം, ഇവിടങ്ങളിലെ ഒാഫിസ് അറ്റൻഡന്റ് തസ്തികകൾ തദ്ദേശ സ്ഥാപനങ്ങളിലേക്കു മാറ്റൽ തുടങ്ങിയവയാണ് പരിഗണനയിൽ. പൂർണമായും കംപ്യൂട്ടർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന പല ഒാഫിസുകളിലും ടൈപ്പിസ്റ്റ് തസ്തികകൾ നിലവിലുണ്ട്. ഇവ കണ്ടെത്തി ഒഴിവാക്കുകയോ പുനർവിന്യസിക്കുകയോ ചെയ്യും. ഒരേ സേവനലക്ഷ്യവുമായി പ്രവർത്തിക്കുന്ന ക്ഷേമനിധികൾ, കമ്മിഷനുകൾ, സൊസൈറ്റികൾ, അതോറിറ്റികൾ എന്നിവ ഏകോപിപ്പിച്ചു തസ്തികകൾ പുനഃക്രമീകരിക്കും

 

ഒഴിവുകളും കുറയുന്നു

അധിക തസ്തിക കണ്ടെത്താനുള്ള പരിശോധന പ്രധാനമായും ബാധിക്കുക വിവിധ വകുപ്പുകളിലെ എൽഡി ടൈപ്പിസ്റ്റ്, ഒാഫിസ് അറ്റൻഡന്റ് (ലാസ്റ്റ് ഗ്രേഡ്) തസ്തികകളെയാണ്. കുറച്ചു കാലമായി രണ്ടിലും പുതിയ തസ്തിക സൃഷ്ടിച്ചിട്ടില്ല. വിരമിക്കൽ ഒഴിവ് മാത്രമാണു റിപ്പോർട്ട് ചെയ്യുന്നത്. ലാസ്റ്റ് ഗ്രേഡ് സർവന്റ്് തസ്തികയുടെ റാങ്ക് ലിസ്റ്റ് ഇപ്പോൾ നിലവിലില്ല. മുൻ റാങ്ക് ലിസ്റ്റുകൾ ഒാഗസ്റ്റ് 4നു റദ്ദായി. പതിനായിരത്തിലധികം പേർക്കു നിയമനം ലഭിക്കുമായിരുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ കഴിഞ്ഞ തവണ എണ്ണായിരത്തിൽ താഴെ മാത്രമായിരുന്നു നിയമന ശുപാർശ. ഒാരോ വർഷം കഴിയുമ്പോഴും ഒഴിവുകളുടെ എണ്ണം  കുറയുകയാണ്.  

 

14 ജില്ലകളിലും എൽഡി ടൈപ്പിസ്റ്റ് തസ്തികയ്ക്ക് റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. ഒരു വർഷ കാലാവധിയോടടുക്കുമ്പോൾ 607 പേർക്കു മാത്രമാണു നിയമന ശുപാർശ ലഭിച്ചത്. ഏറ്റവും കൂടുതൽ നിയമന ശുപാർശ എറണാകുളം ജില്ലയിൽ–80. കുറവ് വയനാട് ജില്ലയിൽ–18. 

തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ഒഴികെ ഒരു ജില്ലയിലും നിയമന ശുപാർശ 50 കടന്നിട്ടില്ല. ഒാഗസ്റ്റിൽ ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാത്രമാണു നിയമന ശുപാർശ നടന്നത്. വയനാട് ജില്ലയിൽ അവസാന നിയമന ശുപാർശ കഴിഞ്ഞ മാർച്ച് 16നായിരുന്നു. പാലക്കാട് ജില്ലയിൽ ജൂൺ 8നുശേഷം ആർക്കും ശുപാർശ ലഭിച്ചിട്ടില്ല. 

 

ശമ്പളപരിഷ്കരണ കമ്മിഷൻ ശുപാർശ

 

പെൻഷൻ പ്രായം 57 ആക്കണം; ആശ്രിതനിയമനം വേണ്ട

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56വയസ്സിൽനിന്ന് 57 ആക്കി ഉയർത്തണമെന്നു 11–ാം ശമ്പള പരിഷ്കരണ കമ്മിഷന്റെ ശുപാർശ. മുഖ്യമന്ത്രിക്കു കഴിഞ്ഞയാഴ്ച നൽകിയ അന്തിമ റിപ്പോർട്ടിലാണു നിർദേശം. പ്രവൃത്തിദിവസങ്ങൾ അഞ്ചാക്കുക, ആശ്രിതനിയമനം അവസാനിപ്പിക്കണം, സംവരണ ക്വോട്ടയുടെ 20% ആ വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കക്കാർക്കു നൽകുക തുടങ്ങിയ ശുപാർശകളും റിപ്പോർട്ടിലുണ്ട്.  

 

പ്രധാന ശുപാർശകൾ

∙വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിൽ സർക്കാരിന്റെ സാമ്പത്തിക ബാധ്യത ഒരു വർഷത്തേക്കു നീട്ടിവയ്ക്കാൻ വിരമിക്കൽ പ്രായം 57 ആക്കി വർധിപ്പിക്കണം. 

∙പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കണം. ദിവസവും ഒരു മണിക്കൂർ അധികമായി പ്രവൃത്തിസമയം നിശ്ചയിക്കാം. കേന്ദ്ര സർക്കാരിലെപ്പോലെ അവധി നിജപ്പെടുത്തുകയും അവധിദിനങ്ങളുടെ എണ്ണം കുറയ്ക്കുകയും വേണം. 

∙കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കു മൂന്നിലൊന്നു നേരിട്ടു നിയമനവും മൂന്നിൽ രണ്ട് സർക്കാർ ജീവനക്കാരിൽനിന്നുള്ള നിയമനവുമാണ് ഇപ്പോഴുള്ള അനുപാതം. ജീവനക്കാരുടെ ക്വോട്ട മൂന്നിലൊന്നാക്കണം. അഞ്ചു വർഷം കഴിഞ്ഞ്  പൂർണമായി ഒഴിവാക്കണം. 

∙മറ്റു പിന്നാക്ക വിഭാഗങ്ങൾക്കുള്ള 40% സംവരണത്തിൽ 20% 20% ഈ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സംവരണം െചയ്യണം. ഇതു പട്ടികജാതി, പട്ടികവർഗങ്ങൾക്കും വേണ്ടതാണെങ്കിലും ഭരണഘടനയും കോടതി വിധികളും അനുസരിച്ച് അതിന്റെ സാധ്യത പരിശോധിക്കണം.

∙സർവീസിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്കു സാമ്പത്തിക ആനുകൂല്യം നൽകണം. എന്നാൽ, സർവീസിലെ കാര്യക്ഷമത കുറയുന്നതും പൊതു ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുന്നതുമായ സാഹചര്യത്തിൽ ആശ്രിത നിയമനം പൂർണമായും ഒഴിവാക്കണം. 

∙എയ്ഡഡ് സ്കൂൾ അധ്യാപകരെയും കോളജ് അധ്യാപകരെയും മറ്റു ജീവനക്കാരെയും മെറിറ്റ് അനുസരിച്ചു സുതാര്യതയോടെ തിരഞ്ഞെടുക്കണം. മാനേജ്മെന്റുകളുടെ പങ്കാളിത്തത്തോടെ കേരള റിക്രൂട്മെന്റ് ബോർഡ് ഫോർ പ്രൈവറ്റ് സ്കൂൾസ് ആൻഡ് കോളജസ് രൂപീകരിക്കണം. അതുവരെ ഇന്റർവ്യൂകൾ വിഡിയോ റെക്കോർഡ് ചെയ്യുന്നതുൾപ്പെടെയുള്ള സംവിധാനം ഒരുക്കണം. പരാതി പരിശോധിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി ഒാംബുഡ്സ്മാനായ സംവിധാനം വേണം. 

∙ജീവനക്കാരുടെ പ്രമോഷൻ യോഗ്യതയിൽ ഇളവു നൽകുന്ന എല്ലാ വ്യവസ്ഥകളും ഒഴിവാക്കണം. സ്റ്റേറ്റ് സർവീസിൽ പ്രമോഷനു ടെസ്റ്റുകൾ പാസാകണം. വകുപ്പു മേധാവികളുടെ നിയമനത്തിനു ചീഫ് സെക്രട്ടറി അധ്യക്ഷനായ ബോർഡ് രൂപീകരിക്കണം. 

∙ടൈപ്പിസ്റ്റ്/കംപ്യൂട്ടർ അസിസ്റ്റന്റ്/പ്യൂൺ/ഒാഫിസ് അറ്റൻഡന്റ് തുടങ്ങിയ തസ്തികകളിലേക്കുള്ള പുതിയ നിയമനം ഒാരോ വകുപ്പിലെയും ആവശ്യകത പരിശോധിച്ച ശേഷമേ നടത്താവൂ. 

English Summary: Kerala PSC Posts And Pay Revision Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com