ഒന്നാംറാങ്ക് കിട്ടും മുൻപ് ബാങ്ക്ജോലി കിട്ടി, അധ്യാപനമുപേക്ഷിച്ച് സിനിമയിലെത്തി ജീവിതം വഴിമാറിയതിങ്ങനെ : ജഗദീഷ്

HIGHLIGHTS
  • നടൻ ജഗദീഷ് ഏതെങ്കിലും കോളജിൽ പ്രിൻസിപ്പലായി റിട്ടയർ ചെയ്യേണ്ടതായിരുന്നു!
ente-adya-joli-column-jagadish-s-first-job-experience
ജഗദീഷ്
SHARE

ഞങ്ങൾ ആറു മക്കളാണു വീട്ടിൽ. ആരും പഠനത്തിൽ മോശക്കാരല്ല. സ്കൂളിലും കോളജിലും പഠിക്കുമ്പോൾ ഞാൻ കലാരംഗത്തു സജീവമായിരുന്നു. പക്ഷേ, പഠനം ഉഴപ്പി ഒരിക്കലും കലയുടെ വഴിയേ പോയില്ല. സിനിമ കാണാൻ താൽപര്യം കലശലായിരുന്നപ്പോഴും ക്ലാസ് കട്ട് ചെയ്തു പടം കണ്ടിട്ടേയില്ല. 

അച്ഛനു പത്രങ്ങളും ആനുകാലികങ്ങളും വായിച്ചുകൊടുക്കുന്ന ജോലി ചെറുപ്പത്തിൽ എനിക്കായിരുന്നു. രാവിലെ ഏഴേകാലിനുള്ള ബസ്സിനു സ്കൂളിലേക്കു പോകാൻ അച്ഛന് ആറരയ്ക്കുതന്നെ വീട്ടിൽനിന്ന് ഇറങ്ങണം. അച്ഛൻ ഒരുങ്ങുന്ന സമയത്താണു പത്രങ്ങൾ വായിച്ചുകൊടുക്കുന്ന എന്റെ ഡ്യൂട്ടി. അച്ഛൻ നാട്ടുവിവരങ്ങൾ മനസ്സിലാക്കിയപ്പോൾ എന്റെ ഉള്ളിലും ‘വിവരം’ (Knowledge) ഇത്തിരിയിത്തിരി കൂടിവന്നു. സ്കൂളിലെ പൊതുവിജ്ഞാന പരീക്ഷകളിൽ പതിവായി വിജയിയായി. 

തിരുവനന്തപുരം ഗവ. ആർട്സ് കോളജിലായിരുന്നു എന്റെ പ്രീഡിഗ്രി, ഡിഗ്രി (ബികോം) പഠനം. അവിടെ മൂന്നു വർഷം ആർട്സ് ക്ലബ് സെക്രട്ടറിയായി. എംകോമിനു മാർ ഇവാനിയോസ് കോളജിൽ ചേർന്നപ്പോൾ കോളജ് യൂണിയൻ ചെയർമാനായി. പക്ഷേ, അതൊന്നും പഠനത്തെ ബാധിക്കാതെ കൊണ്ടുപോകാൻ സാധിച്ചത്, ഹെഡ്മാസ്റ്ററായിരുന്ന അച്ഛന്റെ സ്വാധീനംകൊണ്ടു കൂടിയായിരുന്നു. ഒരിക്കലും ക്ലാസ് കട്ട് ചെയ്യാത്തതിന്, മാർ ഇവാനിയോസിലെ അധ്യാപകൻ ജേക്കബ് സാർ പ്രത്യേകം അഭിനന്ദിച്ച ഓർമ ഇവിടെ പങ്കുവയ്ക്കാതിരിക്കാനാവില്ല. 

വെള്ളിയാഴ്ചകളിലാണല്ലോ സിനിമാ റിലീസ്? ഒന്നുകിൽ കെഎസ്‌യുക്കാർ, അല്ലെങ്കിൽ എസ്എഫ്ഐക്കാർ അന്നൊരു സമരം നടത്തും. അതോടെ ക്ലാസ് കട്ട് ചെയ്യാതെ സിനിമയ്ക്കു പോകാൻ വഴിതുറക്കും. സുധീഷ് എന്ന കൂട്ടുകാരനാണു സിനിമകാണലിൽ എന്റെ സ്ഥിരം കൂട്ടാളി. സിനിമകാണലും പഠനവും സമാസമരം ചേർത്തു മുന്നോട്ടുപോകുന്നതിനിടയിലാണു ജീവിതം വഴിമാറി ഒഴുകിയത്. 

ente-adya-joli-column-jagadish-s-first-job-experience-illustration
ജഗദീഷ്. വര: നാരായണൻ കൃഷ്ണ

കാനറ ബാങ്കിൽ ജോലി ഒഴിവു കണ്ട് അപേക്ഷിക്കുമ്പോൾ എംകോം പൂർത്തിയായിട്ടില്ല. ഇന്റർവ്യൂവിൽ രണ്ടുമൂന്നു ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞെങ്കിലും അടുത്ത ചോദ്യത്തിൽ എനിക്ക് ഉത്തരംമുട്ടി. പക്ഷേ, കലാമത്സരങ്ങൾക്കു കിട്ടിയ സർട്ടിഫിക്കറ്റുകൾ അവരുടെ ശ്രദ്ധയിൽപ്പെട്ടതു രക്ഷയായി. മിമിക്രി, മോണോ ആക്ട്, സമൂഹഗാനം, ബെസ്റ്റ് ആക്ടർ, ഓൺ റൗണ്ടർ... എന്നിങ്ങനെ സർട്ടിഫിക്കറ്റുകൾ ധാരാളം. അഭിമുഖക്കാർ ആ കലകളിൽ ചിലത് അവതരിപ്പിക്കാൻ നിർദേശിച്ചു. അതോടെ ഇന്റർവ്യൂവിന്റെ ഗൗരവം കലയിലലിഞ്ഞു. ഒന്നാം റാങ്കോടെ എംകോം പാസാകുംമുൻപേ എനിക്കു കാനറ ബാങ്കിൽ ജോലിയും കിട്ടി. 

മലപ്പുറം ജില്ലയിലെ എടപ്പാളിലായിരുന്നു ആദ്യ പോസ്റ്റിങ്. പിന്നീടു തിരുവനന്തപുരത്തേക്കു സ്ഥലംമാറ്റം കിട്ടിയെങ്കിലും, അപ്പോഴേക്ക് ഇഷ്ടജോലിക്കുള്ള അന്വേഷണം ഞാൻ സജീവമാക്കി. എൻഎസ്എസ് കോളജുകളിൽ കൊമേഴ്സ് അധ്യാപകനാകാനുള്ള പരസ്യം കണ്ട് അപേക്ഷ അയച്ചു. ബാങ്ക് ജോലി കളയരുതെന്നു പലരും പറഞ്ഞു. പക്ഷേ, മനസ്സിലെ അധ്യാപകൻ എന്നെ ആ വഴിക്കുതന്നെ നയിച്ചു. 

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ എൻഎസ്എസ് കോളജിലായിരുന്നു ആദ്യ പോസ്റ്റിങ്. വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുമിച്ചാണു ഹോസ്റ്റൽ. കല്യാണമൊന്നും കഴിച്ചിട്ടില്ലാത്തതിനാൽ അവധിദിവസങ്ങളിലും ഞാൻ ഹോസ്റ്റലിൽത്തന്നെയുണ്ടാകും. പിള്ളേരുമായി വലിയ കമ്പനിയായപ്പോൾ കോളജിലെ എൻസിസി ഓഫിസറാകാമോയെന്നു പ്രിൻസിപ്പൽ ചോദിച്ചു. സന്തോഷപൂർവം ഞാൻ ആ ചുമതല ഏറ്റെടുത്തു. നാഗ്പുരിൽ പോയി മൂന്നു മാസത്തെ പ്രത്യേക പരിശീലനം പൂർത്തിയാക്കി. ശനിയാഴ്ചകളിൽ എൻസിസി ട്രെയിനിങ്, ഞായറാഴ്ചകളിൽ കണ്ണൂരിൽ പോയി സിനിമ കാണൽ. 

വൈകാതെ തിരുവനന്തപുരം എംജി കോളജിലേക്കു സ്ഥലംമാറ്റം കിട്ടി. ഈ സമയത്തായിരുന്നു വിവാഹം. സിനിമ ഇഷ്ടമായിരുന്നെങ്കിലും അത് എന്നെ സംബന്ധിച്ചു കയ്യെത്താവുന്നതിലേറെ ഉയരത്തിലുള്ള സ്വപ്നമായിരുന്നു. അതിലേറെ ഇഷ്ടം അധ്യാപനത്തോട് ഉണ്ടായിരുന്നുതാനും. അതുകൊണ്ടൊക്കെ സിനിമാഭിനയം തൊഴിലാകുമെന്നു ഞാൻ കരുതിയതേയില്ല. മിമിക്രിയും മോണോ ആക്ടും തുണച്ചതുകൊണ്ടാണു ‘മൈ ഡിയർ കുട്ടിച്ചാത്തനി’ൽ ഒരു ചെറിയ വേഷം കിട്ടിയത്. രണ്ടാമത്തെ സിനിമ പ്രിയദർശന്റെ ‘ഓടരുതമ്മാവാ ആളറിയാം’. അതു ബ്രേക്കായി. പിന്നെ തുടർച്ചയായി സിനിമകൾ കിട്ടിത്തുടങ്ങി. 

അക്കാലത്ത് അഭിനയത്തിരക്കിനിടയിലും എക്സ്ട്രാ ക്ലാസെടുത്തു പോർഷനുകൾ പൂർത്തിയാക്കിയിരുന്നു. പക്ഷേ, അതിനും സമയം കിട്ടാത്ത തിരക്കായതോടെ സ്വപ്നജോലി മാറ്റിവച്ചു സിനിമയുടെ സ്വപ്നലോകത്തുതന്നെ ചുവടുറപ്പിക്കേണ്ടിവന്നു. ഏഴു വർഷത്തോളം അധ്യാപകനായി. ഇന്നത്തെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉൾപ്പെടെ ധാരാളം ‘വലിയ’ ശിഷ്യരെ കാണുമ്പോൾ ഞാൻ ഇപ്പോഴും മനസ്സുകൊണ്ട് ആ പഴയ കോളജ് അധ്യാപകനാകും! 

തൊഴിൽ എന്നെ പഠിപ്പിച്ചത് 

∙ ഒരു അറിവും ചെറുതല്ല. ഒരിക്കലും പഠിച്ച കാര്യങ്ങൾ വെറുതെയാകില്ല. എവിടെയെങ്കിലും അതു സഹായകമാകും. 

∙  ഒരേ സ്ഥിരോത്സഹത്തോടെ പരിശ്രമിച്ചുകൊണ്ടേയിരിക്കുക, പ്രതീക്ഷയോടെ മുന്നോട്ടുപോവുക. എത്രത്തോളം അധ്വാനിക്കുന്നോ അത്രയും ഫലമുണ്ടാകും. 

∙  അറിവു സമ്പത്താണ്. അതു മറ്റുള്ളവർക്കു പകർന്നു നൽകാൻ മടിക്കുകയും ചെയ്യരുത്. 

തയാറാക്കിയത്: ടി.വരുൺ കുമാർ 

Content Summary : Ente Adya Joli Column - Actor Jagadish's first job experience

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS