വസ്തുക്കളെ ആവശ്യങ്ങൾക്കായി മാറ്റിമറിക്കുന്ന മാജിക്ക് കോഴ്സ് പഠിക്കാം, അറിയാം അവസരങ്ങളുടെ ലോകം

HIGHLIGHTS
  • വസ്തുക്കളുടെ ഘടനയിലേക്കും മറ്റുമുള്ള ആഴത്തിലുള്ള പഠനം മേഖലയിലുണ്ട്
  • ക്ഷമ, ഗവേഷണത്വര എന്നീ ഗുണങ്ങൾ ഈ മേഖല തിരഞ്ഞെടുക്കുന്നവർക്ക് അത്യാവശ്യമാണ്.
Representative Image. Photo Credit: Panksvatouny/ Shutterstock
Representative Image. Photo Credit: Panksvatouny/ Shutterstock
SHARE

മെറ്റലർജി, മെറ്റീരിയൽ സയൻസ് തുടങ്ങിയ ശാസ്ത്ര സാങ്കേതിക ശാഖകളിൽ വലിയ കുതിച്ചുചാട്ടം നടന്നുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. കോവിഡ് ചെറുക്കുന്ന, നാനോ കോട്ടിങ്ങോടെയുള്ള അതിനൂതന മാസ്കുകൾ, നാനോ മെഡിസിൻ തുടങ്ങി ഒട്ടേറെ സാധ്യതകൾ ശാസ്ത്രജ്ഞർ മുന്നോട്ടു വയ്ക്കുകയും ഇതി‍ൽ പരീക്ഷണം പുരോഗമിക്കുകയും ചെയ്യുകയാണ്. ഇത് മെറ്റീരിയൽ സയൻസിന്റെ വിവിധ പ്രായോഗികതകളിൽ ഒന്നുമാത്രം. 

സാങ്കേതികരംഗത്തെ പ്രമുഖ സ്ഥാപനമായ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ ആണവ ഫ്യൂഷൻ റിയാക്ടറുകളിൽ വൻ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന സവിശേഷ വൈദ്യുത കാന്തം നിർമിച്ചതും കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിൽ പങ്കുചേർന്ന മലയാളി ശാസ്ത്രജ്ഞനായ ഡോ. സിൽവസ്റ്റർ നൊറോന മെറ്റീരിയൽ സയൻസിലായിരുന്നു പിഎച്ച്ഡി ഗവേഷണം ചെയ്തത്. ചുരുക്കത്തിൽ നിത്യോപയോഗ മേഖല മുതൽ വൻകിട റിസർച് മേഖല വരെ വൻ സാധ്യതകളുള്ള രംഗമാണ് മെറ്റീരിയൽ സയൻസ്...വസ്തുക്കളെ ആവശ്യങ്ങൾക്കായി മാറ്റിമറിക്കുന്ന മാജിക്.

ലോഹങ്ങളുടെ കണ്ടുപിടുത്തത്തിലൂടെയാണ് മനുഷ്യർ ആധുനികജീവിതത്തിലേക്കുള്ള പ്രവേശിച്ചത്. ലോഹങ്ങളെ സങ്കരങ്ങളും കോംപസിറ്റുകളുമാക്കി പിൽക്കാലത്ത് സാങ്കേതികരംഗത്ത് വിപ്ലവങ്ങൾ നടന്നു. ആദ്യ തലമുറ കംപ്യൂട്ടറുകൾ വാക്വം ട്യൂബുകൾ ഉപയോഗിച്ചായിരുന്നു നിർമിച്ചത്. ബഹുനിലക്കെട്ടിടങ്ങളുടെ വലുപ്പമുള്ള അന്നത്തെ വാക്വം ട്യൂബുകളിൽ നിന്ന് ഇന്നത്തെ ചെറു ഡെസ്ക്ടോപ്പുകളും ലാപ്ടോപ്പുകളും സ്മാർട്ഫോണുകളുമൊക്കെ പിറവിയെടുത്തത് സെമിക്കണ്ടക്ടറുകളുടെ ഉദയത്തോടെയാണ്. ഇവയെല്ലാം മെറ്റീരിയൽ സയൻസ് എന്ന ശാസ്ത്രശാഖയുടെ കരുത്തിലാണ് സംഭവിച്ചത്.

കാലമൊരുപാടുമാറി. മെറ്റീരിയൽ സയൻസിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ അക്കാദമിക ലോകം ഇതിനെയൊരു പ്രത്യേക പഠനമേഖലയാക്കി ചിട്ടപ്പെടുത്തി. ഇന്ന് ഡോക്ടറൽ, മാസ്റ്റേഴ്സ് തലങ്ങൾക്കു പുറമേ ബിരുദതലത്തിലും ഈ മേഖലയിൽ കോഴ്സുകളുണ്ട്.ലോകത്തിന്റെ പ്രതീക്ഷകളായ നാനോ ടെക്നോളജി,ബയോമെറ്റീരിയൽസ് ടെക്നോളജി തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന കംപ്യൂട്ടേഷനൽ മേഖലയും വലിയ പ്രസക്തി നേടുന്നുണ്ട്.

∙എന്താണ് മെറ്റീരിയൽ സയൻസ്?

ഗവേഷണാധിഷ്ഠിതമാണ് മെറ്റീരിയൽ സയൻസ്, കെമിസ്ട്രിയും ഫിസിക്സും,മെറ്റലർജിയും എൻജിനീയറിങ്ങുമെല്ലാം സമന്വയിക്കുന്ന ഒരു സമഗ്രമേഖല മേഖല.തിയറ്ററ്റിക്കൽ,കംപ്യൂട്ടേഷനൽ, പ്രായോഗിക രീതികളിലുള്ള പഠനം ആവശ്യമാണ് ഇതിൽ. വസ്തുക്കളുടെ ഘടനയിലേക്കും മറ്റുമുള്ള ആഴത്തിലുള്ള പഠനം മേഖലയിലുണ്ട്. സ്കാനിങ്, ട്രാൻസ്മിഷൻ തുടങ്ങിയ ഇലക്ട്രോൺ മൈക്രോസ്കോപ്പുകൾ, രാമൻ, ഐആർ തുടങ്ങിയ സ്പെക്ട്രോസ്കോപിക് മാർഗങ്ങൾ എന്നിവയെല്ലാം മെറ്റീരിയൽ സയൻസ് മേഖലയിലുണ്ട്. ക്ഷമ, ഗവേഷണത്വര എന്നീ ഗുണങ്ങൾ ഈ മേഖല തിരഞ്ഞെടുക്കുന്നവർക്ക് അത്യാവശ്യമാണ്. ഉന്നത ഗവേഷണ ഡിഗ്രികളിലേക്കും പോസ്റ്റ് ഡോക് പഠനത്തിലേക്കും നീളുന്ന കരിയർ പ്ലാൻ ചെയ്തു വേണം മെറ്റീരിയൽ സയൻസ് തിരഞ്ഞെടുക്കാൻ.

∙ പഠനാവസരം

ഐഐടികൾ , എൻഐടികൾ തുടങ്ങി രാജ്യത്തെ ഒട്ടേറെ പ്രമുഖ എൻജിനീയറിങ് സ്ഥാപനങ്ങളിൽ മെറ്റീരിയൽ സയൻസ് ഡിഗ്രി ലഭിക്കും. കേരളത്തിലെ എൻഐടി കാലിക്കറ്റിലും മെറ്റീരിയൽ സയൻസ് വിഭാഗമുണ്ട്. കേരളത്തിലെ ചില പ്രമുഖ സ്വകാര്യ കോളജുകളിലും മെറ്റീരിയൽ സയൻസ് എൻജിനീയറിങ് കോഴ്സുകളുണ്ട്. ബിരുദാനന്തര ബിരുദ കോഴ്സായി ഇതു തിരഞ്ഞെടുക്കുന്നവരും കുറവല്ല. വിദേശത്തും മാസ്റ്റർ പഠനമെന്ന നിലയിൽ മെറ്റീരിയൽ സയൻസ് നൽകുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ഗവേഷണാവസരങ്ങൾ മെറ്റീരിയൽസ് സയൻസ് മേഖലകളിലുള്ളവർക്ക് ഉണ്ട്.

∙തൊഴിൽ അവസരം

ഇൻഡസ്ട്രി, അക്കാദമിക്, ഗവേഷണ മേഖലകളിൽ മെറ്റീരിയൽ സയൻസ് പഠിച്ചവർക്കു തൊഴിലവസരമുണ്ട്. ഗവേഷണം ചെയ്യുന്ന മേഖല ഇക്കാര്യത്തിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്നു. ഉദാഹരണമായി ബയോ വിഭാഗത്തിൽ ഗവേഷണം ചെയ്യുന്നവർക്കു മികവു തെളിയിച്ചാൽ ഈ മേഖലയിലുള്ള പ്രമുഖ കമ്പനികളിലേക്കു കയറാം. കൃത്രിമ അവയവങ്ങൾ മുതൽ പ്രോസ്തെറ്റിക്സ് വരെയുള്ള മേഖലകളിൽ വൻ കമ്പനികൾ ഇന്നു പണം മുടക്കുന്നുണ്ട്.

പഠന കാലയളവിലെ ഗവേഷണാഭിമുഖ്യം മെറ്റീരിയൽ സയൻസ് വിദ്യാർഥികളുടെ റെസ്യൂമെകൾക്കു കരുത്താണ്. രാജ്യാന്തര ജേണലുകളിൽ എത്ര പേപ്പറുകൾ പ്രസിദ്ധീകരിച്ചു‌? പേറ്റന്റുകൾ തുടങ്ങിയവയെല്ലാം പ്രാധാന്യമുള്ള ഘടകങ്ങളാണ്.ഈ ഘടകങ്ങളെല്ലാം അക്കാദമിക് രംഗത്തും സഹായകം തന്നെ. 

English Summary : Is Metallurgy A Good Career

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA