ADVERTISEMENT

തമിഴ്നാട്ടിലായിരുന്നു എന്റെ കോളജ് വിദ്യാഭ്യാസം. ചെന്നൈ ലൊയോള കോളജിൽനിന്നു ബികോമും കോയമ്പത്തൂർ പിഎസ്ജി കോളജ് ഓഫ് ടെക്നോളജിയിൽനിന്നു മാർക്കറ്റിങ്ങിൽ എംബിഎയും നേടി. എംബിഎ പഠനത്തിനിടെ പ്രോജക്ടിന്റെ ഭാഗമായാണു സെയിൽസ് ജോലി എന്തെന്ന് അറിയുന്നത്. സർവേയ്ക്കായി തമിഴ്നാട്ടിലെയും കേരളത്തിലെയും പല കടകൾ വെയിലത്തും മഴയത്തും കയറി ഇറങ്ങി. ഒരുപാടു പേരോടു സംസാരിച്ചു. സെയിൽസ് ജോലിയോടുള്ള താൽപര്യം അങ്ങനെ മനസ്സിൽ കയറിക്കൂടി. 

പ്രഫഷനൽ വിദ്യാർഥികളെപ്പോലെ ക്യാംപസ് റിക്രൂട്മെന്റ് ഒന്നും ഞങ്ങൾക്ക് അന്നില്ല. ബിപിഎൽ ഇലക്ട്രോണിക്സ് എന്ന കമ്പനിയിൽ സെയിൽസിലേക്ക് ആളെ എടുക്കുന്നതായി കണ്ട് അപേക്ഷ കൊടുത്തു. ഇന്റർവ്യൂ പാസായി ട്രെയിനി ആയി ജോലിയിൽ പ്രവേശിക്കാൻ വലിയ താമസമുണ്ടായില്ല. ബിപിഎല്ലിന്റെ ബെംഗളൂരുവിലെ ഹെഡ് ഓഫിസിൽ ആയിരുന്നു ആദ്യ നിയമനം. അച്ചാച്ചൻ (കെ.എം.മാണി) രാഷ്ട്രീയത്തിൽ കത്തിനിൽക്കുന്ന അക്കാലത്ത്, ആ വഴിയിലേ അല്ലാതെ ഞാൻ ഇലക്ട്രോണിക്സ് സെയിൽസിന്റെ പുതുവഴിയിലേക്കു കാൽ വച്ചു. 

കൂടുതൽ ട്രെയിനിങ് ഒന്നും ലഭിച്ചിരുന്നില്ല. ‘പോയി വിറ്റിട്ടു വാ’ എന്നു പറഞ്ഞ് അങ്ങു വിടുകയാണു പതിവ്. വിൽക്കുന്ന ഉപകരണങ്ങളെക്കുറിച്ചുള്ള അറിവാണ് ആദ്യം വേണ്ടിയിരുന്നത്. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സാങ്കേതികവശം പഠിച്ചു. കമ്പനിയിൽ എംഡി നിലയിലുള്ള ആളുകളെ എങ്ങനെ കാണാൻ കഴിയുമെന്നും പഠിച്ചു. വിൽപന നടത്താൻ ഒരാളുടെ പിറകെ ചിലപ്പോൾ ദിവസങ്ങളോളം നടക്കേണ്ടി വന്നേക്കാം. മഴയത്തും വെയിലത്തും പണി എടുത്തു. പല തരത്തിലുള്ള മനുഷ്യരായി ഇടപെട്ടു. പല ഭാഷകളിൽ സംസാരിക്കേണ്ടി വന്നു. പിന്നീടു കേരളത്തിലേക്കു സ്ഥലംമാറ്റം കിട്ടി. 

ente-adya-joli-column-jose-k-mani-first-job-experience-illustration
വര : നാരായണൻ കൃഷ്ണ

മൂന്നു വർഷം ബിപിഎല്ലിൽ ജോലി ചെയ്തു. ഏതൊരു ജോലിയിൽ നിൽക്കുമ്പോഴും അടുത്തത് എന്തെന്നുള്ള ചിന്ത എല്ലാവരിലും കാണും. കുറച്ചുകൂടി മെച്ചപ്പെട്ട, അലച്ചിൽ കുറവുള്ള ജോലി വേണമെന്നായി പിന്നീടു തോന്നൽ. അങ്ങനെയാണു ജനറൽ ഇൻഷുറൻസ് കമ്പനിയിൽ (ജിഐസി) ഭവനവായ്പാ തസ്തികയിലേക്ക് അപേക്ഷ നൽകുന്നത്. ആ അപേക്ഷയും എന്നെ കൈവിട്ടില്ല. ബിപിഎല്ലിലെപ്പോലെ ഹെഡ് ഓഫിസിൽത്തന്നെ (ഇത്തവണ മുംബൈയിൽ) ആദ്യ നിയമനം വന്നു. 

തുടക്കത്തിൽ ഹൗസിങ് ലോൺ വിഭാഗമായിരുന്നു എനിക്കു കൈകാര്യം ചെയ്യേണ്ടിയിരുന്നത്. ബ്രാഞ്ചുകളുടെ പ്രവർത്തനം, ലോൺ നൽകാനുള്ള പല വശങ്ങൾ എന്നിവ എളുപ്പത്തിൽ പഠിച്ചു. കുറച്ചു കാലത്തിനകം മുംബൈയിൽനിന്ന് എറണാകുളത്തേക്കു സ്ഥലംമാറ്റമായി. പിന്നീടാണു തിരുവനന്തപുരത്തു ജിഐസി ബ്രാഞ്ച് തുടങ്ങാൻ എന്നെ നിയോഗിച്ചത്. ഞാനായിരുന്നു മാനേജർ. 

ലോൺ എടുക്കാൻ  വരുന്നവർ തിരിച്ചടയ്ക്കുമെന്ന് ഉറപ്പു വരുത്തൽ അത്ര എളുപ്പമല്ല. അതു നമുക്കു നേരിൽ ചോദിക്കാൻ കഴിഞ്ഞെന്നു വരില്ല. ഒരാളുടെ പെരുമാറ്റത്തിൽനിന്നു ചില കാര്യങ്ങൾ കണ്ടെത്തുവാൻ കഴിയും. മദ്യപിച്ചു ലോണിനായി വന്ന ഒരാൾക്കും ഞാൻ കൊടുത്തിട്ടില്ല. സമ്പന്നരാണെങ്കിലും അവർ തിരിച്ചടയ്ക്കാനുള്ള എല്ലാ സാധ്യതകളും കണക്കിലെടുത്തിരുന്നു. 

രാജ്യത്തെ മികച്ച ബ്രാഞ്ചിനുള്ള അവാർഡ് പല തവണ തിരുവനന്തപുരത്തിനായി ഏറ്റുവാങ്ങാൻ എനിക്ക് അവസരമുണ്ടായി. ലോൺ തുക തിരിച്ചടയ്ക്കുന്നതിലും തിരുവനന്തപുരം ബ്രാഞ്ച് തന്നെ ആയിരുന്നു ഒന്നാമത്. 4 വർഷം ജിഐസിയിൽ ജോലി ചെയ്തശേഷമായിരുന്നു പൊതുപ്രവർത്തനത്തിലേക്കുള്ള വഴിമാറ്റം. 

ente-adya-joli-column-jose-k-mani-first-job-experience-joe-k-mani-k-m-mani
ജോസ് കെ.മാണിയും പിതാവ് കെ. എം. മാണിയും

രണ്ടു ജോലിക്കും അച്ചാച്ചന്റെ ശുപാർശ ഞാൻ ഉപയോഗിച്ചിട്ടില്ല. ചിലപ്പോൾ സ്ഥാപനങ്ങൾ വിവരങ്ങൾ ശേഖരിക്കുമ്പോൾ പേരു കണ്ടിട്ടുണ്ടാവും. അതു ഗുണം ചെയ്തിട്ടുണ്ടാകാം, ദോഷമായിട്ടുണ്ടാകാം. അച്ചാച്ചന്റെ സ്ഥാനങ്ങൾ ഒരിക്കൽപ്പോലും ഞാൻ ദുരുപയോഗം ചെയ്തിട്ടില്ല. എനിക്ക് ആദ്യ ജോലി ലഭിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അച്ചാച്ചൻ തന്നെയായിരുന്നു. ഇന്നിപ്പോൾ അച്ചാച്ചന്റെ ഓർമകളുമായി പൊതുരംഗത്തു നിൽക്കുമ്പോൾ, അതുമൊരു അഭിനിവേശമാണെനിക്ക്. 

തൊഴിൽ എന്നെ പഠിപ്പിച്ചത് 

നിനക്കു ജോലിക്കു പോകേണ്ട ആവശ്യം ഉണ്ടോയെന്നു സുഹൃത്തുക്കൾ ചോദിക്കുമായിരുന്നു. എന്നാൽ, സ്വന്തം കാലിൽ നിൽക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സ്വന്തമായി ബിസിനസ് ഉള്ളവരും ജോലി ചെയ്യണം. കാരണം തെറ്റുകൾ സംഭവിക്കാതിരിക്കാൻ അതു സഹായിക്കും. ജോലി എനിക്കൊരു വരുമാനമാർഗം മാത്രമല്ലായിരുന്നു. വരവിന് അനുസരിച്ചുള്ള ചെലവിൽ ജീവിക്കാൻ ജോലി എന്നെ പഠിപ്പിച്ചു. കൂടുതൽ ആത്മവിശ്വാസം നേടിത്തന്നതു തൊഴിലാണ്. ജീവിതത്തിൽ ഇന്നും കൂടെ കൊണ്ടുനടക്കുന്ന അച്ചടക്കം പഠിച്ചെടുത്തതും തൊഴിലിൽനിന്നു തന്നെ ആയിരുന്നു. 

തയാറാക്കിയത്: ജോ മാത്യു 

Content Summary : Ente Adya Joli Column - Kerala Congress (M) Chairman Jose K. Mani's first job experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com