ADVERTISEMENT

മീറ്റിങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന പലരും മുൻനിരയിൽ ഒഴിഞ്ഞ കസേരകളുണ്ടെങ്കിലും അവയിലിരിക്കാറില്ല. അൽപം പിന്നിലേക്കു മാറിയോ ഏറ്റവും പിൻവരിയിലോ ഇരിക്കുക പതിവാക്കിയവരുണ്ട്. ഒരു തരത്തിൽ ഇത് ആത്മവിശ്വാസക്കുറവിന്റെ സൂചനയാണ്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ നേരത്തേ ഇറങ്ങിപ്പോകേണ്ടവരുടെ കാര്യമല്ല ഇവിടെ സൂചിപ്പിക്കുന്നത്.

 

മുൻവരിയിലിരുന്നാൽ ഞാൻ ശ്രദ്ധാകേന്ദ്രമാകുമോയെന്ന ഭയമുള്ളവരേറെ. പ്രഫഷനൽ ഛായയുള്ള പല യോഗങ്ങളിലും മുഖ്യപ്രഭാഷണം കഴിഞ്ഞ് ശ്രോതാക്കൾക്കു ചോദ്യം ചോദിക്കാൻ അവസരം നൽകിവരുന്നു. ആദ്യം ചോദിക്കാൻ ‘ധൈര്യം’ കാട്ടുന്നവർ തീരെച്ചുരുക്കം. എന്നല്ല, സംശയമുണ്ടെങ്കിലും ചിലർ ചോദ്യം ചോദിക്കില്ല.  യോഗം കഴിഞ്ഞ് പ്രഭാഷകനെ സമീപിച്ച്  നേരിട്ടു സംശയപരിഹാരത്തിനു ശ്രമിക്കുകയും ചെയ്യും. ഇതെല്ലാം ആത്മവിശ്വാസക്കുറവിന്റെ പ്രതിഫലനങ്ങളത്രേ.

 

രണ്ടോ മൂന്നോ പേരുള്ളപ്പോൾ സംസാരിച്ചുതകർക്കുന്ന ചിലർ നൂറു പേരിരിക്കുന്ന യോഗത്തിൽ വേദിയിലെത്തി നാലു വാക്കു പറയാൻ  ധൈര്യപ്പെടാറില്ല. എന്നല്ല, വർഷങ്ങളോളം കോളജ് ക്ലാസുകളിൽ പഠിപ്പിച്ച് നല്ല പരിചയമുള്ള മികച്ച അധ്യാപകരിൽ ചിലർ ഏറെപ്പേരുള്ള യോഗത്തിൽ 15 മിനിറ്റ് പ്രസംഗിക്കാൻ ഭയപ്പെടാറുണ്ട്. ഇവർ  ഒഴികഴിവു പറഞ്ഞ് മാറിക്കളയുന്നത് സാധാരണം.

 

ഭാഷയും ആശയങ്ങളുമുണ്ടെങ്കിലും വേദിയിൽ എന്തെങ്കിലും തെറ്റു  പറഞ്ഞുപോകുമോ, അങ്ങനെ വന്നാൽ ഞാൻ നിലനിർത്തിപ്പോകുന്ന മതിപ്പിന് ഇടിവു വരില്ലേ, പ്രസംഗത്തിനിടയിൽ കാര്യങ്ങൾ മറന്നുപോകു‌മോ,. കൃത്യമായ വാക്കുകൾ കിട്ടാതെ തപ്പിത്തടയാനിടയാകുമോ, ഞാൻ പരിഹാസ്യനാകുമോ, എന്തിനു  പുലിവാലു പിടിക്കണം, ‘മൗനം വിദ്വാനു ഭൂഷണം’ എന്ന രീതി  സ്വീകരിച്ച് പൊല്ലാപ്പ് ഒഴിവാക്കാമല്ലോ എന്നെല്ലാമാവാം ഇവരുടെ മന‌സ്സിൽ. 

 

തന്നിൽത്തന്നെ വിശ്വാസമില്ലാത്ത അവസ്ഥയാണിത്. യുക്തിയോടെ  ചിന്തിച്ചാൽ ഇവയെല്ലാം അടിസ്ഥാനമില്ലാത്ത സംശയങ്ങളാണെന്നു കാണാം. ധൈര്യം സംഭരിച്ചു പ്രവർത്തിച്ചാൽ ജയം സുനിശ്ചിതം. വിഭവങ്ങൾ പരിമിതമായ ചിലർ ധൈര്യത്തോടെ വേദി കൈയടക്കുന്നതും പതിവാണ്. അവരുടെ കൈമുതൽ ഉറച്ച  ആത്മവിശ്വാസമാണ്. പത്തുപേർക്കു കഴിയുമെങ്കിൽ എനിക്കും തീർച്ചയായും കഴിയും എന്നതിൽ അവർക്കു സംശയമില്ല. പല കഴിവുകളുമുള്ള സംശയാലുക്കളെ പിൻതള്ളി അവർ ജീവിതത്തിൽ മുന്നേറുന്നതും സാധാരണം.

 

സംഗീതം നല്ലവണ്ണം അഭ്യസിച്ച് മനോഹരമായി പാടാൻ  കഴിയുന്ന ചില കുട്ടികൾ പത്തു പേരുടെ മുന്നിൽ പാടാൻ സന്നദ്ധരാകാതെ നാണിച്ചുനിൽക്കുന്നത് അടിസ്ഥാനരഹിതമായ ഭയം കൊണ്ടാണ്. നാണിക്കു വിദ്യയില്ലെന്നു പഴമൊഴി. കഥയും കവിതയും ലേഖനവും എന്നല്ല നോവൽ പോലും എഴുതി വച്ചിട്ട് പ്രസിദ്ധപ്പെടുത്താൻ അയച്ചുകൊടുക്കാത്തവരുണ്ട്. പേർ അച്ചടിച്ചുകാണാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും സംശയത്തിനു കീഴടങ്ങുന്നവർ. പത്രാധിപരോ പ്രസാധകനോ തിരസ്കരിച്ചാലോ, ആകെ നാണക്കേടാവില്ലേ എന്നെല്ലാം ചിന്തിച്ച് അർഹിക്കുന്ന അംഗീകാരം നഷ്ടപ്പെടുത്തുന്നവർ.

 

പത്താം ക്ലാസ് ജയിക്കാത്ത എത്രയോ പേർ നമ്മുടെ രാജ്യത്ത് മുഖ്യമന്ത്രിമാരായിരിക്കുന്നു! ഉന്നതബിരുദങ്ങളുള്ള നിരവധി പേരുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനാവുന്ന സ്ഥാനങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കുന്നതിൽ അവരിൽ പലരും വിജയിച്ചിട്ടുമുണ്ട്. ഇതിന്റെ രഹസ്യം തികഞ്ഞ ആത്മവിശ്വാസമാണ്. പരീക്ഷയിൽ കിട്ടുന്ന ഉയർന്ന മാർക്ക് മാത്രമല്ല ജീവിതവിജയത്തിന് അടിസ്ഥാനം.സുപ്രധാനപരീക്ഷകളിൽ ഒന്നാം റാങ്കു നേട‌ിയ പലരും ജീവിതത്തിൽ പറയത്തക്ക റാങ്കൊന്നും നേടാതെ കാലംകഴിച്ച് കടന്നുപോയിട്ടുണ്ട്. പരീക്ഷയിൽ നല്ല മാർക്ക് നേടുന്നതിനു മാത്രം പ്രോത്സാഹനം നൽകുന്നതിൽ ശ്രദ്ധിക്കുന്ന രക്ഷിതാക്കൾ കുട്ടികളുടെ മറ്റു ശേഷിക‌ൾ മെച്ചപ്പെടുത്താനും പ്രേരണ നൽകേണ്ടതുണ്ട്.

 

വന്യമൃഗങ്ങളെ സർക്കസ്സിൽ അനുവദിച്ചിരുന്ന കാലത്തെ കാഴ്ചകൾ ഓർമ്മയുള്ളർ അദ്ഭുതപ്പെട്ടിരുന്ന കാര്യമുണ്ട്. അഞ്ചോ ആറോ സിംഹവും കടുവയും കൂടിനിൽക്കുന്ന വലിയ കൂട്ടിൽ കേവലം ചാട്ടയുമായി അവയ്ക്കിടയൽനിന്ന് അനുസരിപ്പിച്ച് അഭ്യാസങ്ങൾ കാട്ടിക്കുന്ന മനുഷ്യനെ. ഇവയിലൊരു മൃഗം ഒന്നു തോണ്ടിയാൽ അയാളുടെ കഥകഴിയാൻ നിമിഷങ്ങൾ മതിയാകും. പക്ഷേ തികഞ്ഞ ആത്മവിശ്വാസം മാത്രം കൈമുതലായി അയാൾ നിത്യവും അപായകരമായ സാഹചര്യത്തിൽ ചെന്നു നിന്ന് സാഹസികതകൊണ്ട് കാണികളെ വിസ്മയിപ്പിക്കുന്നു.

 

മറ്റെന്തെല്ലാം ശേഷികളുണ്ടെങ്കിലും ആത്മവിശ്വാസമില്ലെങ്കിൽ ജീവിതവിജയം കിട്ടാക്കനിയാകും. രണ്ടു വിത്തുകളുടെ കുട്ടിക്കഥ നിങ്ങൾ കേട്ടിരിക്കും. വളക്കൂറുള്ള മണ്ണിൽ രണ്ടു വിത്തുകൾ വീണിരുന്നു. ആദ്യത്തെ വിത്ത് :‘എനിക്കു വളരണം. എന്റെ വേരുകളെ ഞാൻ ആഴത്തിലിറക്കും. മൊട്ടുകൾ മണ്ണുതുളച്ച് ഉയർത്തി തളിരിലകൾ നാലുപാടും വീശിക്കും. വളർന്ന് വസന്തത്തിന്റെ വരവറിയിക്കുംവിധം പൂക്കൾ വിരിയിച്ച് പരിമളം പ്രസരിപ്പിക്കും. മൃദുലദലങ്ങളിലെ മഞ്ഞുതുള്ളികളിലൂടെ പ്രഭാതരശ്മികൾ കടത്തിവിട്ട് വർണരാജി വിരിയിക്കും. മധ്യാഹ്നസുര്യന്റെ ചൂടും വെളിച്ചവും വാങ്ങി എന്റെ ദേഹം പോഷകസമൃദ്ധമാക്കും. കായും കനിയും നൽകി മനുഷ്യനു തുണയേകും.’ 

 

രണ്ടാമത്തെ വിത്ത് :‘എന്റെ വേരുകളെ അജ്ഞാതമായ അന്ധകാരത്തിലേക്കു താഴ്ത്തിയാൽ അവയ്ക്കെന്തു സംഭവിക്കുമെന്ന് എനിക്ക് നിശ്ചയമില്ല. ആ സാഹസത്തിനു ഞാനില്ല. മണ്ണു തുളച്ച് ഉയരാൻ വിട്ടാൽ എന്റെ മൊട്ടെല്ലാം തകരും. ഇല്ലെങ്കിലും പ്രാണികൾ അവ തിന്നുതീർക്കും. പൂ വിരിഞ്ഞാൽ കുസൃതിപ്പിള്ളേർ പറിച്ചു  ചീന്തിയെറിയും. ഈ സാഹസത്തിനൊന്നും പോകാതെ അതീവ സുരക്ഷിതയായി  ഞാനിവിടെ വെറുതേ സുഖിച്ചിരിക്കും.’

 

ആദ്യവിത്ത് പറഞ്ഞതെല്ലാം നേടി. ഒരു കോഴിവന്ന് രണ്ടാമത്തേത് കൊത്തിത്തിന്നുകയും ചെയ്തു.

ഭാവനയിൽ കണ്ട്, ആഗ്രഹിച്ച്, എനിക്കിതു കഴിയുമെന്നു വിശ്വസിച്ചു പ്രവർത്തിക്കുന്നവർ വിജയിക്കുന്നു. നിങ്ങൾക്കിതു കഴിയുമെന്നു വിശ്വസിച്ചാൽ പാതിവഴി എത്തിക്കഴിഞ്ഞെന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന തിയഡോർ  റൂസ്‌വെൽറ്റ്. പറക്കാൻ കഴിയുമോയെന്നു സംശയിക്കുന്നയാൾ പറക്കുകില്ല. സർഗാത്മകതയുടെ വൻശത്രു തന്നെക്കുറിച്ചുള്ള സംശയമാണ്. സ്വയം അംഗീകരിക്കാത്തയാളെ ലോകം അംഗീകരിക്കുന്നതെങ്ങനെ?

 

നേത്രരോഗവിദഗ്ധയും പ്രചോദകമേഖലയിലെ ഇന്ത്യൻ ഗ്രന്ഥകർത്തിയുമായ ഡോ.രൂപ്‌ലീൻ :‘ Confront your fear and turn the mental blocks into building blocks.’ (ഭയത്തെ ധീരമായി നേരിടുക. വേണ്ടാ, വേണ്ടാ, എനിക്കിതു കഴിയില്ല എന്ന തരത്തിൽ മനസ്സുണ്ടാക്കുന്ന തടസ്സങ്ങളെ വളർച്ച പണിതുയർത്താനുള്ള ഇഷ്ടികകളാക്കി മാറ്റുക).

ഗുരുവചനം പോലും വിശ്വസിക്കാത്ത സംശയാലു നശിക്കുന്നു എന്ന് ഭഗവദ്ഗീത (സംശയാത്മാ വിനശ്യതി – 4:40).

സംശയക്കാര്യത്തിൽ ക്രിസ്തുശിഷ്യനായ തോമസിനെ വെല്ലാൻ ആരുമില്ല. ആരൊക്കെപ്പറഞ്ഞാലും ക്രിസ്തു ഉയിർത്തെഴുനേറ്റെന്ന് തോമസ് വിശ്വസിക്കില്ല. ‘ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്താലല്ലാതെ ഞാൻ വിശ്വസിക്കില്ല’ എന്ന് സംശയാലു (യോഹന്നാൻ 20:25). പക്ഷേ ഇത്തരം സംശയങ്ങൾ സത്യാന്വേഷണത്തിന്റെ ഘടകങ്ങളാണെന്നും കരുതേണ്ടതുണ്ട്.

 

‘ശക്തമായ ആത്മവിശ്വാസം, ധീരത, ദൃഢനിശ്ചയം  എന്നിവകൊണ്ട് വളർന്നുയർന്നവർ ലോകചരിത്രത്തിൽ നിറഞ്ഞിരിക്കുന്നു’ എന്നു ഗാന്ധിജി. ഏതു പ്രവർത്തനവും വിജയിക്കാൻ ആത്മവിശ്വാസത്തിന്റെ പിൻബലം കൂടിയേ തീരൂ. ഒട്ടും സംശയിക്കാതെ നമുക്ക് മുൻനിരക്കസേരയിൽത്തന്നെ പോയിരിക്കാം.

 

Content Summary: Is confidence the key to success?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com