ADVERTISEMENT

കഴിഞ്ഞകാലസംഭവങ്ങൾ അന്വേഷിച്ചു കണ്ടെത്തി രേഖപ്പെടുത്തുന്നത് ചരിത്രത്തിന്റെ മേഖല. കേവലം രാജവംശങ്ങളുടെയോ യുദ്ധങ്ങളുടെയോ ഭരണക്രമങ്ങളുടെയോ കഥകളല്ല, മറിച്ച് മനുഷ്യരാശി കടന്നുപോന്ന സാംസ്കാരികവ്യതിയാനങ്ങൾ, ആശയവിപ്ലവങ്ങൾ, സാമ്പത്തിക മുന്നേറ്റങ്ങൾ മുതലായവയും പഠനവിധേയമാകും. സ്വന്തം പൈതൃകമറിയാതെ ഒരു ജനതയ്ക്കും അഭിമാനകരമായ പുരോഗതി കൈവരിക്കാനാവില്ല. നടന്നുപോയ സംഭവങ്ങൾ വിശകലനം ചെയ്ത്,  വന്നുപോയ വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലെടുക്കാനും ചരിത്രപഠനം സഹായകമാണ്.

ചരിത്രം പഠിച്ചവർക്കുള്ള ഉപരിപഠനമാർഗ്ഗങ്ങളിലൊന്നാണു പുരാവസ്തു വിജ്ഞാനം (ആർക്കിയോളജി). ഏറെപ്പേർ ശ്രദ്ധിക്കാത്തത്. ഹിസ്റ്ററി ബിഎ കഴിഞ്ഞാൽ എംഎ അഥവാ ബിഎഡ്‌ / എൽഎൽബി എന്നീ കോഴ്സുകളിൽ ഒതുങ്ങുന്ന രീതിയിലാണ്‌ മിക്കവരും ചിന്തിക്കുക.  അതിനപ്പുറം വൈവിധ്യമാർന്ന മേഖലകൾ വേറെയുമുണ്ട്‌. ഇവയെപ്പറ്റി ഒട്ടൊക്കെ സമഗ്രമായി നമുക്കു ചിന്തിക്കാം.

ചരിത്രം പഠിച്ചവർക്കു സ്വന്തമെന്നു പറയാവുന്ന മേഖലകൾ ഏതൊക്കെ? ഈ ചോദ്യത്തിനു സമാധാനം പറയണമെങ്കിൽ ചരിത്രപഠനത്തിന്റെ സവിശേഷതകൾ എന്തെല്ലാമെന്നു നാം ചിന്തിക്കേണ്ടതുണ്ട്‌. ഗതകാലസംഭവങ്ങളെപ്പറ്റിയുള്ള പഠനമാണു ചരിത്രത്തിലുള്ളത്‌. സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ പലതും മാനവചരിത്രത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നു. വർത്തമാനകാലം ഉരുത്തിരിഞ്ഞതിന്റെ പശ്ചാത്തലവും പുരോഗതിയുടെ ഗതിവേഗവും സശ്രദ്ധം വിശകലനം ചെയ്യുന്നതു ഭാവിയെപ്പറ്റി അർഥപൂർണമായ പ്രതീക്ഷകൾക്കു വകനൽകും.

ഹിസ്റ്ററി ബിഎ കഴിഞ്ഞ്‌ എംഎയ്ക്കു പോകാമെന്ന്‌ ഏവർക്കും അറിയാം. ഇത്തരം പിജി കോഴ്‌സുകൾ വ്യത്യസ്ത വിഷയങ്ങളിലുണ്ട്‌. പ്രാചീന ഇന്ത്യാചരിത്രം, മധ്യകാല ചരിത്രം, പാശ്ചാത്യചരിത്രം, അറബി സംസ്‌കാരവും നാഗരികതയും, ഇന്ത്യയുടെ കലാ സാംസ്കാരികചരിത്രം, ആധുനിക ചരിത്രം, ഇസ്‌ലാമികസംസ്‌കാരം, ഇസ്‌ലാമിക ചരിത്രം, ലോകചരിത്രം എന്നിങ്ങനെ പല മേഖലകളിൽ ഊന്നൽ നൽകുന്ന കോഴ്‌സുകൾ പല സർവകലാശാലകളിലുമുണ്ട്‌. 

 

എംഎ കോഴ്‌സുകൾക്കു പുറമെ പ്രഫഷനൽ ശൈലിയിലുള്ള പഠനമാർഗങ്ങളും നിലവിലുണ്ട്‌.

∙ ARCHAEOLOGY : പുരാവസ്തു വിജ്ഞാനം 

പണ്ടുപയോഗിച്ചിരുന്ന സാധനങ്ങളുടെ അവശിഷ്ടങ്ങൾ ഭൂമി കുഴിച്ചും മറ്റും കണ്ടെത്തി, വിവിധ കാലങ്ങളിൽ ജീവിച്ചിരുന്നവരുടെ സാമൂഹിക സാംസ്‌കാരിക ശൈലികൾ ഗവേഷണംവഴി മനസ്സിലാക്കുന്ന പഠനശാഖയാണിത്‌. പ്രാചീനശിലായുഗം, നവീനശിലായുഗം, വെള്ളോട്ടുയുഗം, അയോയുഗം എന്നൊക്കെ സാംസ്കാരികഘട്ടങ്ങളെ തരംതിരിച്ചിട്ടുണ്ട്. പുരാവസ്തുഗവേഷണം ഫലപ്രദമാകണമെങ്കിൽ ചരിത്രബോധത്തോടൊപ്പം ജിയോളജി, നരവംശശാസ്ത്രം (ആന്ത്രപ്പോളജി), രസതന്ത്രം, എൻജിനീയറിങ്‌ മുതലായ വിവിധ വിജ്ഞാനശാഖകളിലെ പ്രസക്ത ഘടകങ്ങളെപ്പറ്റിയുള്ള ധാരണയും വേണം. കണ്ടെടുത്ത അവശിഷ്ടങ്ങൾ കേടുകൂടാതെ സംരക്ഷിക്കുന്നതിനുള്ള (പ്രിസർവേഷൻ) സാങ്കേതികരീതികളും ഗ്രഹിച്ചിരിക്കണം. ശിലാലിഖിതങ്ങൾ, പ്രതിമകൾ, സ്മാരകങ്ങൾ, ഗൃഹനിർമാണവസ്തുക്കൾ, പാത്രങ്ങൾ, ആഭരണങ്ങൾ, ചെമ്പോലകൾ, താളിയോലഗ്രന്ഥങ്ങൾ തുടങ്ങിയ പ്രാചീനാവശിഷ്ടങ്ങളിൽനിന്ന്‌ ജനജീവിതത്തിന്റെ ശൈലി ഗണിച്ചെടുക്കാനുള്ള ഉൾക്കാഴ്ചയും വിരുതും ആർക്കിയോളജിസ്റ്റിന്‌ ഉണ്ടായിരിക്കണം.

പല ആർക്കിയോളജിസ്റ്റുകളും ഏതെങ്കിലുമൊരു പ്രത്യേക മേഖലയിൽ സ്പെഷലൈസ്‌ ചെയ്യാറുണ്ട്‌.

 

∙ NUMISMATICS : ന്യൂമിസ്മാറ്റിക്സ്‌

നാണയങ്ങൾ, മെഡലുകൾ മുതലായവയുടെ ഘടനയും അവയിലെ എഴുത്തുകളും നിഷ്കൃഷ്ടമായി പഠിച്ച്, പഴമയുടെ മുഖങ്ങളിലേക്ക്‌ വെളിച്ചം വീശുന്ന വിജ്ഞാനശാഖ. നാണയങ്ങൾ നിർമിക്കാനുപയോഗിച്ച ലോഹക്കൂട്ടുകൾ തിരിച്ചറിഞ്ഞ് ആ രംഗത്തെ സാങ്കേതികജ്ഞാനം വിലയിരുത്താം. മാത്രമല്ല, നാണയങ്ങളും കറൻസിയും, പണംകൈമാറ്റരീതികൾ, വാണിജ്യബന്ധങ്ങൾ തുടങ്ങിയവയിലേക്കും ന്യൂമിസ്മാറ്റിക്സ് കടന്നുചെല്ലും.

 

∙ EPIGRAPHY : എപിഗ്രഫി 

ശിലാലിഖിതങ്ങളെ മുഖ്യമായും ആധാരമാക്കുന്ന പഠനമാണിത്‌. ക്ഷേത്രങ്ങൾ, സ്തൂപങ്ങൾ, സ്മാരകങ്ങൾ, ചെമ്പുതകിടുകൾ മുതലായവയിലെ എഴുത്തുകൾ നേരിട്ടും പകർപ്പെടുത്തും വിശകലനംചെയ്ത്‌ ചരിത്രത്തിന്റെ ഇരുളടഞ്ഞ ഏടുകൾ വെളിച്ചത്തുകൊണ്ടുവരുന്ന ശ്രമങ്ങൾ ഇതിന്റെ ഭാഗമാണ്‌. അക്കാലങ്ങളിലെ ലിപി, ഭാഷ, സംസ്കാരം തുടങ്ങിയവയും തിരിച്ചറിയാൻ കല്ലിൽകൊത്തിയ എഴുത്തുകൾ സഹായിക്കും. അശോകചക്രവർത്തിയുടെ ശിലാലിഖിതങ്ങൾ പ്രസിദ്ധം.

 

∙ MUSEOLOGY : മ്യൂസിയോളജി

കാഴ്ചബംഗ്ലാവുകളുടെ സ്ഥാപനം, ഘടന, നടത്തിപ്പ്‌, പ്രദർശനവസ്തുക്കളുടെ ശേഖരണവും വിന്യാസവും സംരക്ഷണവും എന്നിവയെപ്പറ്റി

യുള്ള ആധികാരികപഠനമാണു മ്യൂസിയോളജി. നല്ല മ്യൂസിയങ്ങൾ നിലനിർത്താൻ പ്രഫഷനൽ വിജ്ഞാനവും സമീപനവുമുള്ള ക്യൂറേറ്റർമാർ കൂടിയേ തീരൂ.

 

∙ ARCHIVES :  ആർക്കൈവുകൾ

ഗ്രന്ഥങ്ങൾ, താളിയോലകൾ, കയ്യെഴുത്തുകൾ എന്നിവയടക്കം ചരിത്രപ്രാധാന്യമുള്ള രേഖകൾ ശേഖരിച്ച്‌ ചിട്ടപ്പെടുത്തി സംരക്ഷിക്കുകയും, ഗവേഷണങ്ങൾക്ക് ഉതകുംവിധം അവ കാറ്റലോഗ്‌ ചെയ്തു ലഭ്യമാക്കുകയും ചരിത്രജ്ഞാനമുള്ള വിദഗ്ധർക്കു നിർവഹിക്കാവുന്ന ഉത്തരവാദിത്തങ്ങളാണ്‌. സർക്കാർ റെക്കോർഡുകൾ സശ്രദ്ധം സൂക്ഷിക്കുന്ന ആർക്കൈവുകൾ ഏതു രാജ്യത്തിന്റെയും ഭരണസാംസ്‌കാരിക ചരിത്രങ്ങളുടെ അടിത്തറയിലേക്കു വെളിച്ചം വീശും.

 

സ്ഥാപനങ്ങളും കോഴ്‌സുകളും

 

ARCHAEOLOGY

∙ MA in Archaeology : University of Kerala, Kariavattom (Eligibility – Any BA or BSc) 

∙ MA : MS University Baroda, Vadodara /Gujarat University,   Ahmedabad / University of Calcutta 

∙  MA in Ancient Indian History, Culture & Archaeology : Deccan College – PG & Research Institute, Deemed University, Pune 

∙ MA in Ancient History & Archaeology : University of Mysore / University of Madras / Andhra University, Waltair  

∙ Master in Archaeology and Heritage Management : Delhi Institute of Heritage Research & Management  

∙ PG Programs also at Karnatak University, Dharwad / Banaras Hindu University /Nagpur University / Viswabharati, Santiniketan / Jiwaji University, Gwalior  / Patna University 

∙ Institute of Archaeology (Archaelogical Survey of India), Delhi:  PG Dip in Archaeology. Eligibility - Master’s Degree in Ancient or Medieval Indian History / Archaeology / Anthropology/ Geology with knowledge of Pleistocene age / Indian Classical languages

∙ PG Diploma in Epigraphy & Archaeology, 2 years - Institute of Archaeology, Department of Archaeology, Government of Tamil Nadu   

∙ Centre for Heritage Studies, Hill Palace, Tripunithura : 1 year PG Diploma  courses in Archaeology / Museology / Archival Studies /Conservation (Eligibility – Any Degree; Degree with Chemistry for Conservation)

∙ Kerala Council for Historical Research: The Indian Institute of Archaeology, North Paravur, Kerala : PG Diploma Course in Archaeology, 52 weeks. (Eligibility: Any PG or professional degree with 60% marks)

 

MUSEOLOGY 

1.  National Museum Institute of History of Art, Conservation & Museology, Janpath, New Delhi 

∙ MA (History of Art) : Eligibility - BA in History of Art, Fine Arts, History, Archaeology, Sociology, Anthropology, Philosophy, Comparative Aesthetics, Literature, Classical Languages. 

∙ MA (Conservation & Restoration of Works of Art) : Eligibility - BSc with Chemistry or Physics as one of the main subjects or BFA. 

∙ MA (Museology): Eligibility - BA in any branch of Humanities / Social Sciences / Fine Arts / Archaeology, or Diploma in Museology.                   

∙  Also PhD in these three subjects 

2.       MA  Museology : MS University Vadodara / Banaras Hindu University / Vikram University, Ujjain / Calcutta University (Calcutta University has MSc also with admission for Science graduates)  

3.  Post-MSc Diploma  & PhD in Museology : Aligarh Muslim University 

4. University College of Arts & Social Sciences, Osmania University, Hyderabad:  PG Diploma in Museology

 

EPIGRAPHY

∙ Mahatma Gandhi Memorial College, Udupi : Certificate / Diploma / Advanced Diploma in Epigraphy

∙ Gandhigram Rural Institute : PG Dip in Epigraphy

∙  Poornaprajna College & Post Graduate Centre, Udupi : Certificate in Epigraphy

∙  Karnatak University, Dharwad : PG Dip. in    Ancient Indian History & Epigraphy

∙ University of Mumbai : Diploma in Epigraphy

∙  St Xavier’s College, Mumbai : Online Certificate in Epigraphy & Numismatics of Ancient India

∙ Tamil University, Thanjavur : MPhil & PhD in History, Epigraphy & Archaeology

∙ Bharathiar University, Coimbatore : PG Diploma in Epigraphy

 

ARCHIVES

∙       The School of Archival Studies ( National Archives of India, New Delhi : 1 year Diploma Archives & Records Studies–Eligibility: MA HIstory

∙       University College of Arts & Social Sciences, Osmania University, Hyderabad:  PG Diploma in Archival Science and Manuscriptology

∙   ആർക്കൈവ്‌സ് മാനേജ്മെന്റ് സർട്ടിഫിക്കറ്റ്: കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ദേശീയ ആർക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ കീഴിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് ആർക്കൈവൽ സ്‌റ്റഡീസിലെ ‘ആർക്കൈവ്‌സ് മാനേജ്മെന്റ് സർട്ടിഫിക്കറ്റ്’ കോഴ്സ്. അഞ്ച് ആഴ്ച. ബാച്‍ലർ ബിരുദം മതി. മാനവികവിഷയങ്ങളിലേത് അഭികാമ്യം. ഇതിനു പുറമെ സയൻസ് ബിരുദധാരികൾക്ക് ബുക് കൺസർവേഷൻ - ഹ്രസ്വകാല കോഴ്സുമുണ്ട്. വെബ് : nationalarchives.nic.in 

 

NUMISMATICS

∙  University of Mumbai : MA in Numismatics & Archaeology / Diploma in Indian Numismatics

∙  St Xavier’s College, Mumbai : Online Certificate in Epigraphy & Numismatics of Ancient India

∙  Indian Institute of Research in Numismatic Studies, Nashik (Private institution) : Short-term Courses

 

 തൊഴിലവസരങ്ങൾ

ഏതാനും വിശേഷകോഴ്‌സുകളെപ്പറ്റിയാണ് നാം ഇതുവരെ പറഞ്ഞത്. ഇവ കഴിഞ്ഞാൽ എവിടെയാണു ജോലി കിട്ടുക? സർക്കാർ മേഖലയിലാണ്‌ അവസരങ്ങളിൽ ബഹുഭൂരിപക്ഷവും.

 

ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയിൽ ഡയറക്റ്റർ ജനറൽ മുതൽ ക്യൂറേറ്റർ / ടെക്നിക്കൽ അസിസ്റ്റന്റു വരെ ഒട്ടേറെ തസ്തികകളിൽ നിഷ്‌കൃഷ്ടയോഗ്യത നേടിയവരെയാണ്‌ നിയമിക്കുക. ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്താൻ വേണ്ട ഉൽഖനന പ്രവർത്തനങ്ങൾക്കും പുരാവസ്തുക്കൾ സശ്രദ്ധം സംരക്ഷിക്കുന്നതിനും യോഗ്യതയുള്ളവർ കൂടിയേ തീരൂ. ഈ വകുപ്പിൽ പല വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുണ്ട്‌.

 

നാഷനൽ ആർക്കൈവ്സ്‌ ഓഫ്‌ ഇന്ത്യ, ഇന്ത്യൻ കൗൺസിൽ ഓഫ്‌ ഹിസ്റ്റോറിക്കൽ റിസർച്ച്, സംസ്ഥാന പുരാവസ്തു വകുപ്പുകൾ, ചരിത്രഗവേഷണസ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റി വകുപ്പുകൾ, മ്യൂസിയങ്ങൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ അവസരം ലഭിക്കും.

കേന്ദ്ര വാർത്താ വിതരണവകുപ്പിലെ ഇൻഫർമേഷൻ / ഫീൽഡ് പബ്ലിസിറ്റി / പബ്ലിക്കേഷൻ ഓഫിസർ, ന്യൂസ് എഡിറ്റർ, ഇന്റർപ്രെട്ടർ, ടൂറിസം / സാംസ്കാരിക / വിദേശകാര്യ വകുപ്പുകളിലെ തസ്തികകൾ, വിജ്ഞാനകോശങ്ങൾ സംബന്ധിച്ച പ്രവൃത്തികൾ മുതലായവയിൽ ചരിത്രം പഠിച്ചവർക്ക് ഫലപ്രദമായി സേവനം അനുഷ്ഠിക്കാൻ കഴിയും.

 

പുരാവസ്തുക്കളിലെ തട്ടിപ്പും ചതിക്കുഴിയും

പഴക്കം കൂടുന്തോറും ആർക്കിയോളജിയുടെ നോട്ടത്തിൽ വസ്തുക്കളുടെ മൂല്യം വർദ്ധിക്കും. ഈ തത്ത്വം മുതലെടുത്ത് സാധാരണക്കാരെ മാത്രമല്ല, ആർക്കിയോളജിസ്റ്റുമാരെപ്പോലും ചതിക്കുഴിയിൽ വീഴ്ത്തിയ നിരവധി സംഭവങ്ങളുണ്ട്.

 

പിൽറ്റ്ഡൗൺമാൻ ഏറെ  കുപ്രസിദ്ധി നേടിയ തട്ടിപ്പാണ്. മനുഷ്യക്കുരങ്ങ് മനുഷനായി മാറിയ പരിണാമത്തിൽ ഇടയ്ക്ക് ഏതോ കണ്ണി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു ശാസ്ത്രജ്ഞൻ വിശ്വസിച്ചുപോന്നു. അതു കണ്ടെത്താനുള്ള ഗവേണങ്ങൾ നടക്കുന്നുണ്ടായിരുന്നു. ആ പശ്ചാത്തലത്തിലാണ് ചാൾസ് ഡോസൻ, ആർതർ  സ്മിത്ത് വുഡ്‌വേഡ് എന്ന രണ്ടു ബ്രിട്ടീഷ് ശാസ്ത്രജ്ഞർ 1912ൽ ഈ കണ്ണിയായ പിൽറ്റ്ഡൗൺമാനെ കണ്ടെത്തിയ അവകാശവാദവുമായി വന്നത്. സസക്സിൽ നടത്തിയ ഉൽഖനനത്തിൽ ഈ കണ്ണിയിൽപ്പെട്ട ജീവിയുടെ തലയോട് അവർക്കു കിട്ടിയെന്നു പറഞ്ഞ് പ്രദർശിപ്പിച്ചു. ഇക്കഥ നാലു  പതിറ്റാണ്ടോളം ശാസ്ത്രജ്ഞർ പോലും വിശ്വസിച്ചു. മനുഷ്യന്റെ തലയോടും ഒറാങ്ങുട്ടാന്റെ താടിയും ചിംപാൻസിയുടെ പല്ലും കൂട്ടിയോജിപ്പിച്ചുണ്ടാക്കിയ കൃത്രിമത്തലയോടായിരുന്നു അത്.

 

Alceo Dossena (1878–1937) എന്ന ഇറ്റലിക്കാരൻ നിരവധി ‘പ്രാചീന’ശില്പങ്ങൾ വിറ്റ് വഞ്ചന നടത്തി. ജെറൂസലം സ്വദേശി Moses Wilhelm Shapira  (1830 – 1884) ബൈബിളുമായി ബന്ധപ്പെട്ട കൃത്രിമവസ്തുക്കളുണ്ടാക്കി ജനങ്ങളെ ചതിക്കുഴിയിൽ വീഴ്ത്തി; ഒടുവിൽ  ആത്മഹത്യ ചെയ്തു.

 

1961ൽ ജനിച്ച Shaun Greenhalgh എന്ന ബ്രിട്ടീഷുകാരൻ കുടുംബാംഗങ്ങളോടൊത്ത് നിരവധി ‘പ്രാചീന’കലാരൂപങ്ങളുണ്ടാക്കി, പ്രശസ്ത മ്യൂസിയങ്ങൾക്കു വരെ വിറ്റ് പത്തുലക്ഷം പവനോളം സമ്പാദിച്ചു.

 

2020 ഒക്ടോബറിൽ ബലൂചിസ്റ്റാനിൽ പ്രത്യക്ഷപ്പെട്ട പേർഷ്യൻ മമ്മി പഴയ പേർഷ്യൻ രാജകുമാരിയുടെ ശരീരമാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. വധിക്കകപ്പെട്ട ഏതോ സ്ത്രീയുടെ ശരീരമായിരുന്നു അത്.

 

പുരാവസ്തുക്കളെന്ന  അവകാശവാദത്ത ആർക്കിയോളജിസസ്റ്റുമാർ കണ്ണടച്ചു വിശ്വസിക്കാറില്ല. കാലപ്പഴക്കം നിർണയിക്കാൻ റേഡിയോകാർബൺ റേറ്റിങ്, ന്യൂട്രോൺ ആക്റ്റിവേഷൻ അനാലിസിസ് തുടങ്ങിയ ശാസ്ത്രീയരീതികൾ ഉപയോഗിച്ചുവരുന്നു.

           

                 

ആർക്കിയോളജി : ക്വിസും നർമ്മവും

ക്വിസ് : പുരാവസ്തുവിദഗ്ധൻ കുഴിച്ചെടുത്ത വളരെ പഴയ നാണയം പ്രദർശിപ്പിച്ചു.  അതിൽ King John I –  BC 201- 140 എന്നു കണ്ടു. നിങ്ങളുടെ കമന്റ്?

വിദഗ്ധന്റെ അവകാശവാദം കപടം. കിങ് ജോൺ രണ്ടാമൻ ഉണ്ടായിക്കഴിഞ്ഞേ ആദ്യത്തെ ജോൺ രാജാവിനെ കിങ് ജോൺ ഒന്നാമൻ എന്നു വിളിക്കൂ. അതുവരെ കിങ് ജോൺ മാത്രം. ക്രിസ്തു ജനിക്കുന്നതിന് രണ്ടു  നൂറ്റാണ്ടു മുൻപേ ബിസി എന്ന് എഴുതാൻ ആർക്കും കഴിയില്ല.

 

നർമ്മം : ബ്രിട്ടീഷ് ഹാസസാഹിത്യകാരൻ നാട്ടിലെ  പെൺകുട്ടികളെ ഉപദേശിച്ചു : വിവാഹം കഴിക്കുന്നെങ്കിൽ  ആർക്കിയോളജസ്റ്റിനെ കഴിക്കുക. നിങ്ങളുടെ പഴക്കം കൂടുന്തോറും ഭർത്താവിനു നിങ്ങളോടുള്ള സ്നേഹവും  കൂടിവരും.

 

(കോഴ്സ്‌വിവരങ്ങൾ ലേഖകന്റെ ‘ഏതു കോഴ്സിനു ചേരണം?’ എന്ന പുതിയ പുസ്തകത്തിൽ നിന്ന് – മനോരമ ബുക്സ്)

 

English Summary: Career And Scope Of Archaeology

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com