ADVERTISEMENT

കേൾവിശേഷിക്കുറവുള്ള രണ്ടു പെൺകുട്ടികളുടെ പിതാവാണു ഞാൻ. സമാനമായ സാഹചര്യത്തിലെ മറ്റൊരു പെൺകുട്ടിയെക്കുറിച്ചാണ് എനിക്കു പറയാനുള്ളത്. 

ഐശ്വര്യ വിനോദ് കുമാർ, തിരുവനന്തപുരം സ്വദേശി. അച്ഛൻ: ഡോ. വിനോദ് കുമാർ കേശവൻ, അമ്മ: അധ്യാപികയായ മഞ്ജു. അനവദ്യ എന്നൊരു സഹോദരിയുമുണ്ട്. ഞാൻ മുൻകയ്യെടുത്തു തിരുവനന്തപുരത്ത് ആരംഭിച്ച നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) ആയിരുന്നു 1999 മുതൽ 2003 വരെ ഐശ്വര്യയുടെ പ്രാഥമികപഠനം. (എന്റെ പെൺമക്കളുടെ അവസ്ഥയാണ് ഇങ്ങനെയൊരു സ്ഥാപനം തുടങ്ങാനുള്ള ചുവടുവയ്പിന് എനിക്കു പ്രേരണയായത്). അന്നു കേരളത്തിൽ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ ആരംഭിച്ചിട്ടില്ല. 

വളരെ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ഐശ്വര്യ. തിരുവനന്തപുരം ഗുഡ്ഷെപ്പേർഡ് സ്കൂളിലായിരുന്നു പ്ലസ് ടു വരെ വിദ്യാഭ്യാസം. 2008 ൽ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തി. കേൾവിശേഷി വർധിക്കാൻ ഇതു സഹായകമായി. പ്ലസ് ടു കഴിഞ്ഞു തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ (സിഇടി) പ്രവേശനം ലഭിച്ചു. സഹപാഠികളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണ സിഇടി പഠനകാലത്ത് ഐശ്വര്യയെ വളരെയധികം സഹായിച്ചു. നല്ല മാർക്കോടെ ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം പൂർത്തിയാക്കി. 

ലോകത്തെ മുൻനിര സർവകലാശാലകളിൽ ഏതിലെങ്കിലും മാസ്റ്റേഴ്സ് പഠിക്കണമെന്ന മോഹത്തിലേക്കുള്ള കഠിനാധ്വാനമായിരുന്നു പിന്നെ. ഇലക്ട്രോണിക്സ് പഠനത്തിനു ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സർവകലാശാലകളിലൊന്നായ, യുഎസിലെ കാർനികി മെലൻ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ചു. അതുവരെ രക്ഷാകർത്താക്കൾക്കൊപ്പം നിന്നു പഠിച്ച ഐശ്വര്യയ്ക്ക് യുഎസിലെ പഠനത്തിന്റെ ആരംഭകാലം വലിയ വെല്ലുവിളിയായി. ആദ്യ ഒന്നുരണ്ടു സെമസ്റ്ററുകൾ ശരിക്കും കഷ്ടപ്പെട്ടു. അതിനിടയിലാണു കോവിഡിന്റെ വരവ്. സാഹചര്യങ്ങൾ ആകെ മാറി. 

പക്ഷേ, ഇതൊന്നും ഐശ്വര്യയുടെ ഉള്ളിലെ നിശ്ചയദാർഢ്യത്തെ ഉലച്ചില്ല. മാസ്റ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി ചില പ്രോജക്റ്റുകൾ വിജയകരമായി പൂർത്തിയാക്കി. ക്യാംപസിലെ വിവിധ കാര്യങ്ങളിൽ ഇടപെട്ടും ഒഴിവുസമയത്തു ജോലി ചെയ്തുമൊക്കെ ഐശ്വര്യ തന്റെ വൈകല്യത്തിന്റെ അതിരുകളെ അകറ്റിനിർത്തി. അതിനൊക്കെ തന്നെ ഏറെ സഹായിച്ചത് ‘നിഷി’ലെ അധ്യാപകർ പരിപോഷിപ്പിച്ച വായനാതാൽപര്യമാണെന്ന് ഐശ്വര്യ പറഞ്ഞിട്ടുണ്ട്. സ്വയം കാര്യങ്ങൾ പഠിക്കാനും കേൾവിക്കുറവുമൂലമുള്ള കുറവുകൾ പരമാവധി ഒഴിവാക്കാനുമുള്ള ‘നിഷി’ലെ പ്രായോഗികപരിശീലനം യുഎസിലെ ജീവിതകാലത്ത് ഐശ്വര്യക്ക് ഏറെ പിൻബലമേകി. 

വിദേശ സർവകലാശാലകളിൽ ക്യാപസ് റിക്രൂട്മെന്റുകൾ സാധാരണമല്ല. സ്വയംപരിശ്രമത്തിലൂടെ ഐശ്വര്യ ആ സാഹചര്യവും മറികടന്നു. അടുത്തിടെ ഐശ്വര്യ യ്ക്കു പ്ലേസ്മെന്റ് ലഭിച്ചത് ആരും മോഹിക്കുന്ന ‘ആപ്പിൾ’ കമ്പനിയിലായിരുന്നു! 

ഐ ഫോണും ഐ പാഡും മാക് കംപ്യൂട്ടറുകളുമൊക്കെ ഉണ്ടാക്കുന്ന, ആരും അഭിമാനചിഹ്നമായി കാണുന്ന ‘ആപ്പിൾ’ ഉൽപന്നങ്ങൾ പുറത്തുവരുന്ന ആ കമ്പനിയിൽ വൈകല്യമില്ലാത്തവർക്കുപോലും ജോലി കിട്ടാൻ അത്ര എളുപ്പമല്ല. ഐശ്വര്യ നൽകുന്ന ജീവിതസന്ദേശം വളരെ ലളിതമാണ്. തനിക്ക് എന്തോ കുറവുണ്ടെന്ന തോന്നലാണ് ഇത്തരക്കാരെ മിക്കപ്പോഴും മറ്റുള്ളവരിൽനിന്ന് അകറ്റി നിർത്താറുള്ളത്. ഇടപെടുന്നവർക്കു മനസ്സിലായാലും ഇല്ലെങ്കിലും അവരുമായി സംവദിക്കുക. പതുക്കെപ്പതുക്കെ അവർക്കു നമ്മെ ഉൾക്കൊള്ളാൻ സാധിക്കും. വൈകല്യമുള്ളവർക്കു മാത്രമല്ല, ഒരു പ്രശ്നവുമില്ലാത്തവർക്കുപോലും മാതൃകയാണ് ഐശ്വര്യയെന്നു പറഞ്ഞാൽ നിങ്ങളും അംഗീകരിക്കുമെന്ന് എനിക്കുറപ്പുണ്ട്. 

Content Summary : Vijayatheerangal - Career Column by G Vijayaraghavan - Success story of Aiswarya Vinod Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com