ആറാം ക്ലാസിൽ തോറ്റു, ഇന്ന് ഇന്ത്യയിലെ ഫ്രഷ് ഫുഡ് ബിസിനസിലെ അതികായൻ; അദ്ഭുതകഥ

HIGHLIGHTS
  • കണക്കിൽ മാത്രം ഫോക്കസ് ചെയ്യാൻ അധ്യാപകൻ ഉപദേശിച്ചു.
  • തോറ്റവന്റെ ഈ വിജയകഥ ഒരു സിനിമാക്കഥയൊന്നുമല്ല.
musthafa-p-c
SHARE

കൽപറ്റക്കാരനാണവൻ. ചെറിയ ക്ലാസുകളിൽ പഠിക്കാൻ മോശമായിരുന്നു. അവൻ ആറാം ക്ലാസിൽ തോറ്റു. തോൽവിയോടെ പഠനം നിർത്താൻ അവൻ തീരുമാനിച്ചു. താഴത്തെ ക്ലാസിലെ കുട്ടികളോടൊപ്പം പഠനം തുടരാൻ അവനു മനസ്സില്ലായിരുന്നു. 

കർഷകത്തൊഴിലാളിയായ അച്ഛന്റെ കൂടെ ഇഞ്ചിക്കൃഷിക്കും മറ്റും അവൻ പോയിത്തുടങ്ങി. മൂന്നാലു മാസം അച്ഛന്റെ കൂടെ ജോലി ചെയ്തപ്പോഴേക്ക് അവനെ പഠനത്തിലേക്കു തിരികെയെത്തിക്കാൻ സ്കൂളിലെ അധ്യാപകൻ മാത്യു വന്നു. അച്ഛനും അതിനു പിൻബലമായി. 

മനസ്സില്ലാമനസ്സോടെ, തൊട്ടുതാഴത്തെ ക്ലാസിലെ കുട്ടികളോടൊപ്പമിരുന്ന് അവൻ പഠനം തുടങ്ങി. ഒപ്പമുള്ള കുട്ടികളോടൊന്നും കാര്യമായി ഇടപഴകാതിരുന്ന അവനെ എങ്ങനെയെങ്കിലും വിജയിപ്പിച്ചു കാണിക്കണമെന്നു മാത്യു സാറിനു വാശിയായിരുന്നു. മാത്യു സാർ അവനോട് ഒരു ചെറിയ വാചകമേ പറഞ്ഞുള്ളൂ, അതു പക്ഷേ ഇന്നു വിജയത്തിന്റെ വലിയ പടവുകളിൽ നിൽക്കുമ്പോഴും അവൻ മറന്നിട്ടില്ല. 'Always take small steps'–ഇതായിരുന്നു ആ ഉപദേശം. 

കണക്കിൽ മാത്രം ഫോക്കസ് ചെയ്യാനായിരുന്നു സാറിന്റെ നിർദേശം. ആ വർഷം ആ ക്ലാസിൽ കണക്കിന് ഏറ്റവും കൂടുതൽ മാർക്ക് അവനായിരുന്നു എന്നു കേട്ടാൽ വിശ്വാസം തോന്നണമെന്നില്ല. എല്ലാവർക്കും അദ്ഭുതം മാത്രമല്ല, അവനോടു പ്രത്യേക മതിപ്പും തോന്നിത്തുടങ്ങി. 

തരിയോട് ഹൈസ്കൂളിലായിരുന്നു ഹൈസ്കൂൾ പഠനം. അവിടെ അവൻ കണക്കിനു മാത്രമല്ല, മൊത്തം പരീക്ഷകളിലും സ്കൂളിലെ ടോപ്പറായി! കോഴിക്കോട് ഫാറൂഖ് കോളജിൽ പ്രീഡിഗ്രി കഴിഞ്ഞ്, ആരും പ്രവേശനം കൊതിക്കുന്ന സ്ഥാപനങ്ങളിലൊന്നായ കോഴിക്കോട് എൻഐടിയിൽ കംപ്യൂട്ടർ സയൻസ് ബ്രാഞ്ചിൽ പഠനം. അതു കഴിഞ്ഞ് ഇന്ത്യയിലെ ടോപ് ഐഐഎമ്മുകളിലൊന്നായ ബെംഗളൂരു ഐഐഎമ്മിൽ ഉപരിപഠനം. 

പല കമ്പനികളിലും ജോലി ചെയ്തശേഷം ഈ ചെറുപ്പക്കാരനും ബന്ധുക്കളായ നാസർ, ഷംസു, ജാഫർ, നൗഷാദ് എന്നിവരും ചേർന്ന് ഒരു ബിസിനസ് തുടങ്ങാൻ തീരുമാനിച്ചു. ആ ബിസിനസ് എന്താണെന്നു കേട്ടാൽത്തന്നെ ചിരി വരും. ഇഡ്ഡലിയുടെയും ദോശയുടെയും മാവ് കൃത്രിമമായി ഒന്നും ചേർക്കാതെ പായ്ക്കറ്റിലാക്കി വിൽക്കലായിരുന്നു ആ ബിസിനസ്. തമാശയായല്ല, സീരിയസായാണ് അവനും കൂട്ടുകാരും ആ ബിസിനസിനെ കണ്ടത്. 

ഇന്ന് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഫ്രഷ് ഫുഡ് സ്ഥാപനങ്ങളിലൊന്നാണിത്. ഇപ്പോൾ അവർക്കില്ലാത്ത ഉൽപന്നങ്ങളില്ല. 50 ചതുരശ്ര അടിയിൽ തുടങ്ങിയ ബിസിനസ് ഇന്ന് ഇന്ത്യയ്ക്കു പുറത്തേക്കും വളർന്നിരിക്കുന്നു. വിവിധയിടങ്ങളിൽ ഫാക്ടറികളായി. പായ്ക്കറ്റിൽനിന്നു മാവ് വരുമ്പോഴേ ഉഴുവന്നുവടയിൽ തുള വീഴുന്ന വിദ്യ കണ്ടുപിടിച്ചും ഈ ബിസിനസ് കൂട്ടാളികൾ ശ്രദ്ധ നേടി. 

തോറ്റവന്റെ ഈ വിജയകഥ ഒരു സിനിമാക്കഥയൊന്നുമല്ല. നമ്മുടെ കൺമുന്നിൽ കാണുന്ന ജീവിതോദാഹരണമാണ്. രണ്ടാമതൊരു അവസരം കൊടുക്കാൻ തയാറാകുന്നവരും ആ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നവരും കാണിച്ച മാതൃകയാണ് ഈ അനുഭവകഥയിലെ വലിയ പാഠങ്ങൾ. തോൽവിക്കു മുന്നിൽ മുട്ടുമടക്കാൻ ആർക്കും കഴിയും. പക്ഷേ, ചെറിയ ചുവടുകളിലൂടെ വലിയ പാദമുദ്രകൾ പതിപ്പിക്കാനുള്ള മനസ്സുണ്ടാക്കിയെടുക്കൽ അത്ര എളുപ്പമല്ല. 

ഇനി ആ കുട്ടിയുടെ പേരു പറയാം–പി.സി.മുസ്തഫ. വിതച്ചാൽ കൊയ്യാമെന്നു കാണിച്ചുതന്ന മുസ്തഫയ്ക്കു മാത്രമല്ല, അതിനു നിലമൊരുക്കിക്കൊടുത്ത മാത്യൂ സാറിനുമുള്ളതാണ് ഇത്തവണത്തെ സല്യൂട്ട്! 

Content Summary : Vijayatheerangal Column By G.Vijayaraghavan Success Story Of Musthafa PC

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA