12–ാം വയസ്സിൽ കാഴ്ച നഷ്ടമായി, ഇന്ന് ലോകമറിയുന്ന ടിബറ്റോളജിസ്റ്റ്; അദ്ഭുതപ്പെടുത്തും സബ്രിയെയുടെ ജീവിതം

HIGHLIGHTS
  • കാഴ്ചയെ വെല്ലുന്ന കാഴ്ചപ്പാടുകൊണ്ട് അതിശയിപ്പിച്ച് സബ്രിയെ
  • ഒട്ടേറെ ജീവിതങ്ങളിൽ വെളിച്ചം നിറയ്ക്കുന്നു
Sabriye Tenberken & Paul Kronenberg
പോളും സബ്രിയെയും.
SHARE

സബ്രിയെ ടെംബെക്കെൻ എന്ന ജർമൻകാരിയുടെ അദ്ഭുതജീവിതമാണ് ഇത്തവണ പറയുന്നത്. 1970 ൽ ജർമനിയിലെ കൊളോണിലാണു സബ്രിയെയുടെ ജനനം. അധികം പ്രായമെത്തുംമുൻപേ സബ്രിയെയുടെ കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു മാതാപിതാക്കൾക്കു മനസ്സിലായി. 

വൈദ്യശാസ്ത്രത്തിന് ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പന്ത്രണ്ടാം വയസ്സിൽ സബ്രിയെയുടെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. എന്നാൽ, അതിനു മുൻപേ പറ്റുന്നിടത്തോളം സ്ഥലങ്ങൾ മാതാപിതാക്കൾ അവളെ കൊണ്ടുപോയി കാണിച്ചിരുന്നു. അത്രയും ദൃശ്യങ്ങളുടെ ഓർമ അവളുടെ മനസ്സിൽ നിറയ്ക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. കാഴ്ച നഷ്ടപ്പെട്ടെങ്കിലും സബ്രിയെയുടെ ജീവിതത്തിൽ ഇരുട്ടു നിറയുകയായിരുന്നില്ല. ബോൺ യൂണിവേഴ്സിറ്റിയിൽനിന്ന് അവൾ ഉന്നതവിദ്യാഭ്യാസം നേടി. ചൈനീസ്, ടിബറ്റൻ ഭാഷകൾ പഠിച്ചു. ഇന്നു രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന ടിബറ്റോളജിസ്റ്റാണു സബ്രിയെ. 

ഇരുപത്തിരണ്ടു വയസ്സു തികയും മുൻപാണു സബ്രിയെ ടിബറ്റിലെത്തുന്നത്. കാഴ്ചയില്ലാത്തവരോടുള്ള ചൈനീസ് സർക്കാരിന്റെ അവഗണനയോടു സബ്രിയെയ്ക്കു പൊരുതേണ്ടിവന്നു. ടിബറ്റൻ ഭാഷയിൽ ബ്രെയിൽ ലിപിക്കു രൂപം നൽകാനുള്ള പ്രവർത്തനത്തിനു തുടക്കമിട്ടതു സബ്രിയെയാണ്. ടിബറ്റിൽ പരിചയപ്പെട്ട പോൾ ക്രൂണൻബർഗുമായി ചേർന്ന് 1998 ൽ ടിബറ്റിൽ കാഴ്ചയില്ലാത്തവർക്കുള്ള സ്കൂൾ തുടങ്ങാനും സബ്രിയെ മുൻകയ്യെടുത്തു. 2002 ൽ ബ്രെയിൽ വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടനയായി അതു രൂപാന്തരം പ്രാപിച്ചു. കാഴ്ചയില്ലാത്തവരുടെ ഏറ്റവും പ്രധാന രാജ്യാന്തര സംഘടനകളിലൊന്നായി അതു വളർന്നു. 

വിവിധ ആഫ്രിക്കൻ, ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യയിലുമൊക്കെ പോൾ ഇടക്കാലത്തു സഞ്ചരിച്ചിരുന്നു. സാമൂഹികമാറ്റം വരുത്താൻ സാധ്യതയുള്ള സംരംഭകരെ രൂപപ്പെടുത്താനുള്ള സ്ഥാപനം തുടങ്ങുകയെന്ന ആശയം പോളിനും സബ്രിയെക്കും ഏറെക്കാലമായി മനസ്സിലുണ്ടായിരുന്നു. അതിന് അവർ തിരഞ്ഞെടുത്തതോ, നമ്മുടെ തിരുവനന്തപുരവും! 2007 ൽ, സാമൂഹികസംരംഭകർക്കുള്ള രാജ്യാന്തര ഇൻസ്റ്റിറ്റ്യൂട്ടിനു തിരുവനന്തപുരത്ത് അവർ തുടക്കമിട്ടു. ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു പേരു നിശ്ചയിച്ചപ്പോഴും അവർ മലയാളികളെ മറന്നില്ല. ‘കാന്താരി ഇൻസ്റ്റിറ്റ്യൂട്ട്’ എന്നായിരുന്നു ആ പേര്. ചെറിയ മനുഷ്യരെ വളർച്ചയിലേക്കു കൈപിടിച്ചുയർത്തുന്ന സ്ഥാപനത്തെ ഓർമിപ്പിക്കുന്നതാണ്, കാന്താരി മുളക് എന്ന ചെറിയ പച്ചക്കറി വിഭവത്തിൽനിന്ന് അവരിട്ട പേരെന്നു സബ്രിയെ വിശദീകരിച്ചിട്ടുണ്ട്. 

‌വർഷംതോറും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഈ ഇൻസ്റ്റിറ്റ്യൂട്ടിലെത്തി ഒരു വർഷ കോഴ്സിൽ പങ്കെടുക്കുന്നു. അവരിൽ മിക്കവരും ഭിന്നശേഷിക്കാരോ സമൂഹത്തിന്റെ അരികുകളിലേക്കു മാറ്റിനിർത്തപ്പെട്ടവരോ ആണ്. ഉന്നതപരിശീലനത്തിനുശേഷം നാട്ടിൽ തിരികെ ചെന്ന് അവർ തുടങ്ങുന്ന പ്രോജക്ടുകൾ ഒട്ടേറെപ്പേർക്കു ജീവിതോപാധിയായി മാറുന്നു. നൂറിലേറെപ്പേരെങ്കിലും ഈ പരിശീലനം നേടി ലോകത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപനങ്ങൾ തുടങ്ങിയിട്ടുണ്ട്. ജർമൻകാരിയായ സബ്രിയെയും ഡച്ചുകാരനായ പോളും രാജ്യാന്തര നിലവാരത്തിലെ സ്ഥാപനം തുടങ്ങാൻ കണ്ടുപിടിച്ചതു തിരുവനന്തപുരത്തെ വെള്ളായണിയാണെന്നതു നമുക്കൊക്കെ അഭിമാനം തോന്നിക്കേണ്ട കാര്യമാണ്. 

സബ്രിയെയുടെ കണ്ണാണു പോൾ എന്നു പറയാം. നമ്മുടെ ശബ്ദംകൊണ്ടോ ഹസ്തദാനംകൊണ്ടോ ഒക്കെ സബ്രിയെ നമ്മളെ തിരിച്ചറിയും! പ്രയാസങ്ങളും കുറവുകളുമൊക്കെ ജീവിതത്തിൽ തളർന്നുപോകാനുള്ളതല്ലെന്നു നമ്മെ എപ്പോഴും ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നതാണു സബ്രിയെയുടെ ജീവിതോദാഹരണം. ഇല്ലായ്മകളുടെ വല പൊട്ടിച്ചെറിഞ്ഞ് വിശാലമായ ലോകത്തേക്കു പറന്നുയരാൻ കൂടുതൽ പേർക്കു സബ്രിയെ പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നു. 

Content Summary : Career Column Vijayatheerangal By G.Vijayaraghavan- Success Story of Sabriye Tenberken 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS