ADVERTISEMENT

ഒരു ബഹുരാഷ്ട്ര കമ്പനി ഈയിടെ കേരള സർക്കാരിനു കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷനെ സമീപിച്ചു. 500 ബികോം ബിരുദധാരികളെ വേണം. എന്തെളുപ്പം എന്നു പറയാൻ വരട്ടെ. അവർ ടാലിയും ഐഎഫ്ആർഎസും (ഇന്റർനാഷനൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് സ്റ്റാൻഡേഡ്സ്) കൂടി അറിഞ്ഞിരിക്കണം. പല ക്യാംപസുകളിലും തിരഞ്ഞെങ്കിലും മൂന്നു യോഗ്യതകളുമുള്ള 500 പേരെ കിട്ടിയില്ല. 30,000 രൂപ പ്രാരംഭ ശമ്പളം കിട്ടുമായിരുന്ന 500 ജോലികൾ അങ്ങനെ കേരളത്തിനു നഷ്ടം. 

 

അഞ്ചു വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്കു ജോലി ലക്ഷ്യമിട്ടുള്ള കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിയുടെ വിശദാംശങ്ങൾ ആരാഞ്ഞപ്പോഴാണ് മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർമാനും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. കെ.എം.ഏബ്രഹാം ഈ അനുഭവം പറഞ്ഞത്. 

 

നോളജ് ഇക്കോണമി മിഷൻ പദ്ധതിയെക്കുറിച്ച് ഇപ്പോഴും ചോദ്യങ്ങളേറെയാണ്. എന്തുതരം ജോലികൾ, ആർക്കൊക്കെ, എങ്ങനെ ? ഡോ. കെ.എം.ഏബ്രഹാമിനോടു തന്നെ ചോദിക്കാം.

 

ലക്ഷക്കണക്കിനു പേർക്കു തൊഴിൽ ലഭ്യമാക്കുമെന്ന് ഇടയ്ക്കിടെ പ്രഖ്യാപനങ്ങളുണ്ടാകുമെ
ങ്കിലും നടപ്പാകാറില്ല. 5 വർഷം കൊണ്ട് 20 ലക്ഷം തൊഴിൽ പ്രായോഗികമാണോ?

സാങ്കേതികവിദ്യാ വളർച്ചയ്ക്കൊപ്പം തൊഴിൽ രംഗത്തു വലിയ മാറ്റങ്ങളാണുണ്ടാകുന്നത്. നിലവിലെ ജോലികൾ പലതും ഇല്ലാതാകുകയും പുതിയ ജോലികൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഈ മാറ്റം കേരളത്തിലെ അഭ്യസ്തവിദ്യർക്കു പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യം. മികച്ച ജോലികൾ നേടാൻ അവരെ സജ്ജരാക്കണം. അതിനുള്ള ഇക്കോസിസ്റ്റം വികസിപ്പിക്കണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയുള്ള വൈജ്ഞാനിക മുന്നേറ്റമാണു ലക്ഷ്യം.

മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനും കൃഷി, വ്യവസായ, തൊഴിൽ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാർ അംഗങ്ങളുമായ കെ-ഡിസ്ക് (കേരള ഡവലപ്മെന്റ് & ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) ഗവേണിങ് ബോഡിയാണു നേതൃത്വം നൽകുന്നത്. 

 

എത്തരത്തിലുള്ള ജോലികളാകും ലഭ്യമാക്കുക?

നോളജ് ഇക്കോണമി അധിഷ്ഠിത ‍ഡിജിറ്റൽ ജോലികൾക്കാണ് ഊന്നലെങ്കിലും ആദ്യം മറ്റു മേഖലകളിലെ ജോലികളുമുണ്ടാകും. 12 ലക്ഷം പേർക്കു വിദേശ സ്ഥാപനങ്ങളിലും 8 ലക്ഷം പേർക്ക് ഇന്ത്യൻ സ്ഥാപനങ്ങളിലും ജോലി കിട്ടുമെന്നാണു പ്രതീക്ഷ.

 

പദ്ധതി ഇപ്പോൾ ഏതു ഘട്ടത്തിലാണ്?

പൈലറ്റ് പദ്ധതിയായി 10,000 പേർക്കു തൊഴിൽ ലഭ്യമാക്കണമെന്നാണ് സർക്കാരിന്റെ നിർദേശം. ഇതിലെ അനുഭവങ്ങൾ കൂടി വിലയിരുത്തി അന്തിമ രൂപരേഖ തയാറാക്കും.

 

കമ്പനികളെയും ഉദ്യോഗാർഥികളെയും എങ്ങനെ കൂട്ടിയിണക്കും?

ഇരുകൂട്ടരെയും ഒപ്പം പരിശീലകരെയും ഡിജിറ്റൽ വർക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം എന്ന സംവിധാനത്തിലൂടെ ഏകോപിപ്പിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടമേഷൻ സാധ്യതകൾ പ്രയോജനപ്പെടുത്തും. ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാനും സ്വന്തം പ്രൊഫൈൽ തയാറാക്കാനും അതു വിലയിരുത്താനും ഓട്ടമേറ്റഡ് സൗകര്യമുണ്ടാകും. വെർച്വലായും അല്ലാതെയും തൊഴിൽ മേളകളും നടത്തും.

 

അവസരം ആർക്കൊക്കെ?

നൈപുണ്യ പരിശീലനം നൽകി വിദ്യാർഥികളെ തൊഴിൽസജ്ജരാക്കും. തിരിച്ചുവരുന്ന പ്രവാസികളെയും പഠനം കഴിഞ്ഞു ജോലി കിട്ടാത്തവരെയും പഠനവും ജോലിയും ഇടയ്ക്കു നിർത്തേണ്ടിവരുന്നവരെയും – പ്രത്യേകിച്ച് സ്ത്രീകളെ– ഉൾപ്പെടുത്തും. കരിയർ ബ്രേക്ക് വേണ്ടിവരുന്ന സ്ത്രീകൾക്കായി ഉപപദ്ധതി വേണ്ടിവന്നേക്കാം. 

 

തൊഴിൽനൈപുണ്യം എങ്ങനെ മെച്ചപ്പെടുത്തും?

സ്കൂളുകളിലും കോളജുകളിലും നൈപുണ്യ വികസന പ്രോഗ്രാമുകൾ നടത്തും. പാഠ്യപദ്ധതിയിലും മാറ്റത്തിനുള്ള ചർച്ച തുടങ്ങി. പദ്ധതിയിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് ഗ്രൂമിങ് ഉണ്ടാകും. ഇന്റർവ്യൂവിലും മറ്റും പരാജയപ്പെട്ടാൽ പോരായ്മകൾ വിലയിരുത്താനും പരിശീലനത്തിലൂടെ മെച്ചപ്പെടാനും അവസരമൊരുക്കും.

 

പദ്ധതിയുടെ നടത്തിപ്പ് എങ്ങനെയായിരിക്കും?

ഡിജിറ്റൽ യൂണിവേഴ്സിറ്റി, കുടുംബശ്രീ, അസാപ് (അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം), കെയ്സ് (കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ്), ഐസിടി അക്കാദമി തുടങ്ങിയവയുടെ സഹകരണമുണ്ടാകും. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്കിൽ സെന്ററുകൾ തുടങ്ങാൻ മിഷൻ സഹായം നൽകും. മോൺസ്റ്റർ, ഫ്രീലാൻസർ പോലുള്ള തൊഴിൽ പ്ലാറ്റ്ഫോമുകളും വ്യവസായ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി–ടെക് തുടങ്ങിയവയും കൈകോർക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ മിനി ടെക്നോപാർക്ക് പോലുള്ള വർക് സ്പേസ് വികസിപ്പിക്കണം. ഐടി മാത്രമല്ല, കേരളത്തിനു പറ്റിയ മറ്റു മേഖലകളിലും വ്യവസായ സംരംഭങ്ങൾ ഉയർന്നുവരണം.

 

തൊഴിലന്വേഷണത്തിനുള്ള സ്വകാര്യ പ്ലാറ്റ്ഫോമുകളായ മോൺസ്റ്ററിനെയും ഫ്രീലാൻസറിനെയും പങ്കാളികളാക്കുന്നതിൽ വിമർശനമുണ്ടല്ലോ?

നിലവിലെ സാഹചര്യത്തിൽ രാജ്യാന്തര നെറ്റ്‌വർക്കുള്ള തൊഴിൽ പ്ലാറ്റ്ഫോം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കില്ല. എളുപ്പത്തിൽ സൃഷ്ടിച്ചെടുക്കാനും പറ്റില്ല. അതുകൊണ്ടാണ് ഇവരുടെ സഹായം തേടുന്നത്. പക്ഷേ, കർശന നിബന്ധനകളുണ്ടാകും. പിഴവുകൾ വന്നാൽ തിരുത്തി മുന്നോട്ടുപോകണം.

 

കോവിഡ് അനന്തര തൊഴിൽ സാഹചര്യം വെല്ലുവിളിയാകുമോ?

ജോലികൾ ഡിജിറ്റലാകുന്നത് അനുകൂലഘടകമാണ്. വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള ഒട്ടേറെ അവസരങ്ങൾ ലോകമെങ്ങുമുണ്ട്. അവ ലഭ്യമാക്കാനാണു ശ്രമം.

 

കൂടുതൽ വിവരങ്ങൾക്ക്: https://knowledgemission.kerala.gov.in

 

Content Summary: Interview With Kerala Knowledge Economy Mission Executive Vice Chairman Dr KM Abraham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com