ADVERTISEMENT

പിഎസ്‌സി പരീക്ഷകളുടെ ചോദ്യ പേപ്പർ തയാറാക്കുന്നതിൽ നിലവിലുള്ള രീതി തുടരുമെന്ന് പിഎസ്‌സി െചയർമാൻ എം.കെ.സക്കീർ. ബിരുദ നിലവാര പ്രാഥമിക പരീക്ഷകളിൽ മുതൽ ചോദ്യങ്ങളുടെ നിലവാരം ഉയർന്നതിനെത്തുടർന്നുള്ള സംശയങ്ങൾക്കു ‘തൊഴിൽവീഥി’യുടെ പ്രത്യേക അഭിമുഖത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. 

 

? ചോദ്യ ശൈലിയിലെ മാറ്റം മുൻകൂട്ടി അറിയിച്ചില്ലെന്ന പരാതി വ്യാപകമാണ്... 

 

കൃത്യമായ സിലബസ് മുൻകൂട്ടി പ്രസിദ്ധീകരിച്ചാണ് പരീക്ഷ നടത്തിയത്. അതിനാൽ ഉദ്യോഗാർഥികളെ അറിയിക്കാതെയാണു മാറ്റം നടപ്പാക്കിയതെന്നു പറയാനാവില്ല. സിലബസിനുള്ളിൽനിന്നു തന്നെയായിരുന്നു ചോദ്യങ്ങളെല്ലാം. ബിരുദനിലവാര പരീക്ഷയെ അഭിനന്ദിച്ചുകൊണ്ടു ധാരാളം ഉദ്യോഗാർഥികൾ പ്രതികരണങ്ങൾ അറിയിച്ചിട്ടുണ്ട്. 

 

? പഴയ ശൈലിയിലെ ചോദ്യങ്ങളും അത്തരം പരിശീലനവും ഇനിയുള്ള കാലത്തു പ്രയോജനപ്പെടില്ല എന്നാണോ? 

പിഎസ്‌സി പരീക്ഷയിൽ കറക്കിക്കുത്തി ഉത്തരമെഴുതുന്ന കാലം അവസാനിച്ചു. പാഠപുസ്തകങ്ങളും പത്രവും കൃത്യമായി വായിക്കുന്നവർക്കേ ഇനി പരീക്ഷയിൽ ശോഭിക്കാനാവൂ. ദിവസവും രണ്ടു പത്രമെങ്കിലും കൃത്യമായി വായിച്ച് ആനൂകാലിക സംഭവങ്ങളിൽ ഗഹനമായ അറിവു നേടാൻ ഉദ്യോ ഗാർഥികൾ ശ്രദ്ധിക്കണം. ഒബ്ജക്ടീവ് രീതിയിലെ ചോദ്യോത്തരങ്ങൾ മാത്രം കാണാപ്പാഠം പഠിച്ച് പരീക്ഷയെ അഭിമുഖീകരിക്കുന്നവർ ഇനി പിന്തള്ളപ്പെട്ടു പോകാൻ സാധ്യതയുണ്ട്. പരന്ന  വായനയുള്ളവർക്കേ ശോഭിക്കാനാവൂ. 

 

? പ്രിലിമിനറി, മെയിൻ പരീക്ഷാരീതികൾ തുടരുമോ? 

പ്രാഥമിക പരീക്ഷ എന്നത് എലിമിനേഷൻ ടെസ്റ്റാണ്. ലക്ഷക്കണക്കിന് അപേക്ഷകരിൽ കുറച്ചു പേരെ ഒഴിവാക്കുക എന്ന രീതിയിലാണ് ഈ പരീക്ഷ നടത്തുന്നത്. യുപിഎസ്‌സി ഉൾപ്പെടെ ഈ രീതിയിലാണു പരീക്ഷകൾ നടത്തുന്നത്. ഇതിൽ മാറ്റം വരുത്താൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. പരീക്ഷയെ ഗൗരവത്തോടെ കണ്ടു പഠനം ആസൂത്രണം ചെയ്യാൻ ഉദ്യോഗാർഥികൾ ശ്രദ്ധിക്കുകയാണു വേണ്ടത്. 

 

? പ്ലസ് ടു ലെവൽ ലിസ്റ്റിലെ ഫയർമാൻ പോലുള്ള തസ്തികകളിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം കുറവാണെന്നു പരാതിയുണ്ട്... 

പ്ലസ് ടു ലെവൽ പ്രാഥമിക പരീക്ഷാഫലം ഡിസംബർ പകുതിയോടെ പ്രസിദ്ധീകരിക്കും. ലിസ്റ്റ് തയാറാക്കുന്ന നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്. എസ്എസ്എൽസി ലെവൽ പരീക്ഷാഫലം പോലെതന്നെ ആവശ്യത്തിന് ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയാവും ഓരോ ലിസ്റ്റും പ്രസിദ്ധീകരിക്കുക. ഉദ്യോഗാർഥികൾക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ട. 

 

?ബിരുദതല പരീക്ഷയും തസ്തിക തിരിച്ചായിരിക്കുമോ? സെക്രട്ടേറിയറ്റ് അസിസ്റ്റന്റും എസ്ഐയും ഉൾപ്പെടെ സുപ്രധാന പരീക്ഷകൾ ഇതിൽ ഉൾപ്പെടുമല്ലോ...? 

 

എസ്എസ്എൽസി ലെവൽ മെയിൻ പരീക്ഷപോലെ ബിരുദതല മെയിൻ പരീക്ഷയും പ്രത്യേകം പ്രത്യേകം നടത്തും. വിവിധ തസ്തികകൾക്കു വ്യത്യസ്ത മെയിൻ പരീക്ഷയായിരിക്കും. തസ്തികയുടെ സ്വഭാവമനുസരിച്ച് ഏകീകരിച്ചു നടത്താനാവുന്നവയുണ്ടെങ്കിൽ അങ്ങനെയും ആലോചിക്കും. 

 

? രണ്ടാം കെഎഎസ് വിജ്ഞാപനം ഉടനുണ്ടാകുമോ? 

കെഎഎസിന്റെ പുതിയ വിജ്ഞാപനം സംബന്ധിച്ചു സർക്കാരിൽനിന്ന് അറിയിപ്പു ലഭിച്ചശേഷമേ തീരുമാനമുണ്ടാകൂ. ഈ വർഷം വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി സജ്ജമാണ്. സർക്കാർ തീരുമാനം വന്ന ശേഷം ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കും. 

 

Content Summary: Interview With Kerala PSC Chairman 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com