അജിത്തിന്റെ കരിയറിൽ മിന്നിത്തിളങ്ങിയത് ആയിരത്തിലേറെ പേറ്റന്റുകൾ

career-guru-patent-ajith-kumar-k
SHARE

ആശയങ്ങളുടെ ബൾബ് മിന്നുമ്പോഴാണ് ഓരോ പേറ്റന്റും പിറക്കുന്നത്. അജിത്തിന്റെ കരിയറിൽ ഈ മിന്നിത്തിളക്കമുണ്ടായത് ആയിരത്തിലേറെത്തവണ...

പേറ്റന്റുകൾ കരിയറിന്റെ ഭാഗമാണിന്ന്. ചെറുതും വലുതുമായ കണ്ടുപിടിത്തങ്ങളുണ്ടാകും. അംഗീകരിക്കപ്പെടുന്നവയെക്കാൾ കൂടുതലാകും തള്ളിപ്പോകുന്നവ. തിരുവനന്തപുരം സ്വദേശിയായ കെ.അജിത് കുമാറിനു യുഎസിൽ മാത്രം 357 പേറ്റന്റുകളുണ്ട്; ലോകമെങ്ങുമായി ആയിരത്തിലേറെ. യുഎസിലെ ജനറൽ ഇലക്‌ട്രിക് (ജിഇ) കമ്പനിയിൽ 42 വർഷം എൻജിനീയറായിരുന്ന അജിത് ഇന്നു വാബ്ടെക് കമ്പനിയിൽ സാങ്കേതിക നവീകരണ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റാണ്. ജിഇയുടെ വാഹന വിഭാഗവുമായി കൈകോർത്താണ് വാബ്ടെക്കിന്റെ പ്രവർത്തനം. 

ഉപരിപഠനത്തിനു യുഎസിൽ ചെന്നപ്പോൾ എൻജിനീയറിങ്ങിനു തിരഞ്ഞെടുത്ത ബ്രാഞ്ച് തെറ്റിപ്പോയെന്ന് അജിത്കുമാറിനു തോന്നിയിരുന്നു. മെക്കാനിക്കലിനു ചേരാനുള്ള മാർക്ക് ഉണ്ടായിരുന്നിട്ടും 1968ൽ അജിത് തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ (സിഇടി) ഇലക്ട്രിക്കലാണു തിരഞ്ഞെടുത്തത്. അന്നു കോഴ്സിന്റെ പേര് ബിഎസ്‌സി ഇലക്ട്രിക്കൽ എൻജിനീയറിങ്. ഒന്നാം റാങ്കോടെ പാസായശേഷം അവിടെത്തന്നെ അധ്യാപകനായി; പിന്നീട് സിൻഡിക്കറ്റ് ബാങ്കിൽ. ഇലക്ട്രിക്കലിനോടുള്ള കമ്പം കെൽട്രോണിലെത്തിച്ചു. അവിടെ 3 വർഷം ജോലി ചെയ്തശേഷമാണ് ഉപരിപഠനത്തിനു യുഎസിലെത്തിയത്. ഐടിയുടെ ആദ്യകാലം. അജിത് എന്തായാലും ഇലക്ട്രിക്കലിൽ തന്നെ നിലയുറപ്പിച്ചു. ആ തീരുമാനം കാലം ശരിവയ്ക്കുകയും ചെയ്തു.

ദിവസം 5 ലക്ഷം ലീറ്റർ ഡീസൽ ലാഭമോ !!!

ജിഇയിലെ ജോലി ഓട്ടമൊബീൽ വിഭാഗവുമായി ബന്ധപ്പെട്ടായിരുന്നു. ഇലക്ട്രിക് സംവിധാനങ്ങളിലൂടെ വാഹനങ്ങളുടെ കാര്യക്ഷമത കൂട്ടണം. ആദ്യം പേറ്റന്റിനു ശ്രമിച്ചത് എൻജിൻ ഇല്ലാത്ത ബസിനാണ്. ന്യൂയോർക്കിലെ ബസ് സ്റ്റോപ്പുകളിൽ ആളിറങ്ങുന്ന സമയം ഫ്ലൈവീൽ ചാർജ് ചെയ്യുന്ന സംവിധാനമാണു വികസിപ്പിച്ചത്. എന്നാൽ കമ്പനി അത് പേറ്റന്റിനു അയച്ചില്ല. ബസിൽനിന്നു പതിയെ ഇലക്ട്രിക് ലോക്കോമൊട്ടീവുകളിലേക്കെത്തി. അജിത്കുമാർ വികസിപ്പിച്ചെടുത്ത ട്രിപ്പ് ഓപ്റ്റിമൈസർ എന്ന കണ്ടുപിടിത്തം വഴി പ്രതിദിനം 5 ലക്ഷം ലീറ്റർ ഡീസൽ ട്രെയിനുകളിൽ ലാഭിക്കുന്നു. ഇത്തരത്തിൽ ഇതുവരെ 400 കോടി ലീറ്റർ ഡീസലാണ് ലോകമെമ്പാടുമുള്ള ലാഭം. ട്രെയിൻ ബ്രേക്ക് ചെയ്യുമ്പോൾ കൂടുതൽ ഇന്ധനം വേണ്ടിവരും. നിർത്തേണ്ട സ്ഥലത്തിനു മുൻപ് ട്രെയിനിന്റെ വേഗം കുറയ്ക്കുകയും അതുവഴി ബ്രേക്ക് ചെയ്യുമ്പോൾ വേണ്ടിവരുന്ന ഇന്ധനത്തിന്റെ അളവ് കുറയുകയും ചെയ്യുന്ന സംവിധാനമാണ് അജിത് വികസിപ്പിച്ചത്. വർഷംതോറും അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്ന കാർബൺ ഡൈഓക്സൈഡിന്റെ തോത് 5 ലക്ഷം ടൺ കുറയ്ക്കാനും ഇതു സഹായകരമായി.

ഇനി ബാറ്ററി ട്രെയിൻ...

പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനായിരുന്നു അടുത്ത ലക്ഷ്യം. അതിനായി വേണ്ടിവന്നത് 21 വർഷം ! 100 കാർ ബാറ്ററികളുടെ വലുപ്പത്തിലുള്ള ബാറ്ററി അതിനായി നിർമിച്ചു. വരുംവർഷങ്ങളിൽ ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള ട്രെയിനുകൾ കാണാൻ കഴിയുമെന്ന് അജിത് ഉറപ്പു പറയുന്നു. പ്രതിദിനം 28,000 ലീറ്റർ ഡീസൽ ലാഭിക്കാം. 69 ടൺ കാർബൺഡൈഓക്സൈഡ് ബഹിർഗമനം ഒഴിവാക്കാം. യുഎസിലെ പെൻസിൽവേനിയയിൽ ജോലി ചെയ്യുന്ന അജിത്, സിഇടിയിലെ ഗണിതശാസ്ത്ര പ്രഫസറായിരുന്ന പരേതനായ കുട്ടൻനായരുടെയും എജ്യുക്കേഷനൽ ഡയറക്ടറായിരുന്ന പരേതയായ സി.മാധവിയമ്മയുടെയും മകനാണ്.

Content Summary: Success Story Of Ajith Kumar

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA