ADVERTISEMENT

ശിശുവിന്റെ നിഷ്കളങ്കപ്പുഞ്ചിരി മുതൽ രാക്ഷസന്റെ അട്ടഹാസം വരെ ചിരി എത്രയോ തരം! വലിയ വളവുകൾപോലും വേഗം നിവർത്തുന്ന ചെറുവളവാണ് പുഞ്ചിരി. ഒരു പൈസപോലും ചെലവാക്കാതെ തൂകാമെങ്കിലും പുഞ്ചിരിയിൽ പിശുക്കു കാട്ടുന്നവരേറെ. മുഖം മനസ്സിന്റെ കണ്ണാടിയാകയാൽ പുഞ്ചിരിക്കുന്നയാളിന്റെ മനോഭാവം ഹൃദ്യമെന്ന മൗനസന്ദേശമുണ്ടാകും. ഭൂമിയുടെ ചിരിയാണു പൂക്കളെന്ന് എമേഴ്സൻ.

 

ചിരിക്കുന്ന ഏകമൃഗം മനുഷ്യനാണ്. ആ വരദാനം ഉപയോഗിക്കാൻ മടിക്കേണ്ട. ഹയേനയെന്ന ഒരുതരം കഴുതപ്പുലി മനുഷ്യന്റെ ചിരിയെ ഓർമ്മിപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കും. അതിനാൽ, ‘ഹയേനയെപ്പോലെ ചിരിക്കുക’ എന്ന ശൈലി ഇംഗ്ലിഷിലുണ്ട്. ഭ്രാന്തമായ ചിരിയെ ഇതു സൂചിപ്പിക്കുന്നു. ശരിയായ ചിരി മനുഷ്യന്റെ കുത്തക തന്നെ. പുഞ്ചിരിക്കൊരു ഗുണമുണ്ട്. ആരെയെങ്കിലും നോക്കി പുഞ്ചിരിച്ചുനോക്കൂ. ഒട്ടുമിക്കപ്പോഴും അതു തിരികെക്കിട്ടും. പലപ്പോഴും അത് സൗഹൃദത്തിനു തുടക്കം  കുറിക്കുകയും ചെയ്യും. പക്ഷേ നേരവും കാലവും നോക്കാതെ ഏവരെയും  ഇളിച്ചുകാട്ടുന്നത് അരോചകമാകുമെന്നും ഓർക്കണം.

ulkazcha-b-s-warrier-column-why-smile-is-important-in-our-life

 

നിഷ്കളങ്കശിശുവിന്റെ പാൽപ്പുഞ്ചിരി ഏതു കഠിനഹൃദയനെയും നന്മയെപ്പറ്റി ചിന്തിപ്പിക്കും. ദുഷ്ടകഥാപാത്രങ്ങളുടെ അട്ടഹാസം സജ്ജനങ്ങളിൽ ഭീതിയോ നിന്ദയോ ജനിപ്പിക്കാം. ഏതു സാഹചര്യത്തിലും വിവേകശാലികൾ ഒഴിവാക്കേണ്ട പെരുമാറ്റീതി.

 

ഏതു കള്ളച്ചിരിയും കാണികൾ പെട്ടെന്നു മനസ്സിലാക്കും. പരീക്ഷിച്ചു വിജയിക്കാനാവാത്ത അഭ്യാസമാണിത്. എങ്കിലും എല്ലാവരിലും ഏതു സമയത്തും നല്ല അഭിപ്രായം സൃഷ്ടിക്കാമെന്ന് വ്യാമോഹിച്ച് പല രാഷ്ട്രീയപ്രവർത്തകരും ഈ അടവ് പയറ്റിക്കൊണ്ടേയിരിക്കും. കാപട്യത്തിന്റെ ലേബൽ നെറ്റിയിൽ സ്വയം  ഒട്ടിച്ചു വയ്ക്കുന്ന വൈകല്യം. ‘One may smile, and smile, and be a villain’ എന്നു ഷേക്സ്പിയർ (ഹാംലെറ്റ്–1:5).

 

ulkazcha-b-s-warrier-column-why-smile-is-important-in-our-life-motivational-inspiration
Representative Image. Photo Credit : Shutter Grey / Shutterstock.com

ചിലരുടെ ചിരി നിഗൂഢമാവാം. ഉദ്ദേശം അവ്യക്തമായിരിക്കും. ലോകത്തെ നൂറ്റാണ്ടുകളായി കുഴക്കുന്നതാണല്ലോ മോണാ ലിസ എന്ന ഡാവിഞ്ചി ചിത്രത്തിലെ ചിരി. ‘കഴിയുമ്പോഴെല്ലാം ചിരിക്കുക. ചെലവു കുറഞ്ഞ ഔഷധമാണത്’ എന്ന് പ്രശസ്തകവി ലോർ‍ഡ് ബൈറൻ. നല്ലൊരു ചിരി പല മുറിവുകളെയും ഉണക്കുമെന്ന് അമേരിക്കൻ എഴുത്തുകാരി മാഡെലൈൻ ലെ’എങ്ഗിൾ. ദുഃഖങ്ങൾ മറക്കാൻ ശുഭാപ്തിവിശ്വാസി ചിരിക്കും; അശുഭദർശിയാകട്ടെ ചിരിക്കാനേ മറക്കും.

 

ulkazcha-b-s-warrier-column-why-smile-is-important-in-our-life-motivational
Representative Image. Photo Credit : Lal Nallath / Shutterstock.com

ദ്രൗപദി ചിരിച്ചോ?

 

മഹാശിൽപ്പിയായിരുന്ന മയൻ അന്നോളം ആരും സൃഷ്ടിച്ചില്ലാത്തവിധം അതിസങ്കീർണവും 

 

അത്യാകർഷകവും ആയ സഭ യുധിഷ്ഠിരന് ഇന്ദ്രപ്രസ്ഥത്തിൽ നിർമ്മിച്ചുകൊടുത്തു (മഹാഭാരതം – സഭാപർവം). യുധിഷ്ഠിരന്റെ രാജസൂയത്തിൽ പങ്കെടുത്തശേഷം ഈ വിസ്മയരാജമന്ദിരം കാണാൻ ദുര്യോധനൻ ചെന്നു. കണ്ണഞ്ചിക്കുന്ന കാഴ്ചകണ്ട് മനസ്സിൽ അസൂയയുടെ കനൽ കത്തി. സ്ഫടികതുല്യമായ കൽത്തളത്തിലെത്തിയപ്പോൾ അവിടെ ജലമെന്നു തെറ്റിദ്ധരിച്ച് വസ്ത്രം തെല്ലുയർത്തി നടന്നു. തുടർന്ന്, തിളങ്ങുന്ന തറ‌യെന്നുകരുതി നടന്നപ്പോൾ ജലാശയത്തിൽ വീണ് വസ്ത്രം നനഞ്ഞ് പരിഹാസ്യനായി. സ്ഥലജലഭ്രംകൊണ്ട് വെള്ളത്തിൽ വീണ ദുര്യോധനനെക്കണ്ട് ഭീമൻ പൊട്ടിച്ചിരിച്ചു. അനുജന്മാരും കൂടെച്ചിരിച്ചു. അസൂയ നിറഞ്ഞ ദുര്യോധനൻ അപമാനിതനായി. ഇതിനു പകരം വീട്ടാനുറച്ചത് മഹായുദ്ധത്തിലേക്കുള്ള നീക്കത്തിന് ആക്കം കൂട്ടി.

career-ulkazcha-b-s-warrier-column-why-smile-is-important-in-our-life
Representative Image. Photo Credit : 4 PM production / Shutterstock.com

 

ഇതുമായി ബന്ധപ്പെട്ട് വ്യാസഭാരതത്തിലില്ലാത്ത കഥയ്ക്കു വമ്പിച്ച പ്രചാരമുണ്ട്. 14–ാം നൂറ്റാണ്ടിൽ വില്ലിപുത്തുർ ആഴ്‌വാർ രചിച്ച വില്ലിഭാരതത്തിൽ ദ്രൗപദി ഈ രംഗത്തു വരുന്നതായി ആദ്യമായി സൂചിപ്പിച്ചിരുന്നു. ധർമ്മവീരഭാരതിയെന്ന പ്രശസ്ത ഹിന്ദിസാഹിത്യകാരൻ രചിച്ച ‘അന്ധയുഗ്’ എന്ന ആക്ഷേപഹാസ്യനാടകത്തിൽ ‘അന്ധന്റെ പുത്രനും അന്ധൻ’ എന്ന് രാജ്ഞി പറയുന്ന സന്ദർഭമുണ്ട്. ഇതു കടമെടുത്ത് ബി ആർ ചോപ്ര അതിപ്രസിദ്ധ മഹാഭാരതം സീരിയലിൽ ആ വാക്കുകൾ ചേർത്തു. വെളളത്തിൽ വീണ് ഇളിഭ്യനായ ദുര്യോധനനെ നോക്കി ചക്രവർത്തിനിക്കു ചേരാത്ത ആ വാക്കുകൾ പറഞ്ഞ് ദ്രൗപദി ഉറക്കെയുറക്കെ പൊട്ടിപ്പൊട്ടിച്ചിരിച്ചു. അഭിമാനിയായ ദുര്യോധനനു മാനഹാനി വരാൻ ഇതിലേറെയെന്തു വേണം!  പക്ഷേ അത് വലിയ കൊലച്ചിരിയായിപ്പോയി. വസ്ത്രാക്ഷേപത്തിലേക്കും അസംഖ്യം മനുഷ്യർ വധിക്കപ്പെട്ട മഹാഭാരതയുദ്ധത്തിലേക്കും നയിച്ച  ചിരി.

 

കൊലച്ചിരി മറ്റു വിധത്തിലുമുണ്ട്. തൂക്കാൻ കൊണ്ടുപോകുമ്പോൾ മരണം തൊട്ടുമുൻപിൽ കാണുമ്പോഴുണ്ടാക്കുന്ന കൃത്രിമച്ചിരി. ചിരി മനസ്സിന്റെ മുഖംമൂടിയെന്ന ചൊല്ല്  വിളംബരം ചെയ്യുന്ന ദുഃഖച്ചിരി. അമളി പിണയുമ്പോൾ, തനിക്കൊന്നും പറ്റിയിട്ടില്ലെന്നു തെളിയിക്കാൻ വിഫലശ്രമം നടത്തുന്നതിലെ പച്ചച്ചിരിയുമുണ്ട്. ഒരുതരം വിഡ്ഢിച്ചിരി.

 

ചിരിയുടെ മുഖങ്ങൾ

 

പ്രശസ്ത ബ്രിട്ടീഷ് ഫിലിം പേഴ്സനാലിറ്റി പീറ്റർ യൂസ്തിനോവ് : ‘അഭേദ്യബന്ധമാണ് എനിക്ക് ചിരിയോട്. ലോകത്തിലെ ഏറ്റവും സംസ്കാരബദ്ധമായ സംഗീതമായി അതിന്റെ നാദം എനിക്ക് അനുഭവപ്പെട്ടു.’ ‘രണ്ടുപേർക്കിടയിലെ ഏറ്റവും കുറഞ്ഞ ദൂരമാണ് ചിരി’ എന്ന് വിക്റ്റർ യൂഗോ. അഭിപ്രായഭേദങ്ങൾ മായ്ച്ചുകളയാൻ ചിരി ഉപകരിക്കും. മുഖത്തെ ശിശിരത്തെ  ആട്ടിയോടിക്കുന്ന സൂര്യനാണ് ചിരിയെന്നും യൂഗോ. ബഞ്ചമിൻ ഫ്രാങ്ക്ലിൻ മുന്നറിയിപ്പു നൽകി, ‘പരിഹാസച്ചിരിക്കു വിധേയനാകേണ്ടെങ്കിൽ നിങ്ങളെയോർത്ത് ആദ്യം ചിരിക്കുന്നയാളാകുക.’

 

തെല്ലിടകൂടിയെന്‍ മുന്നിലേവം ചിരി- 

 

ച്ചുല്ലസിച്ചാല്‍ നിനക്കെന്തു ചേതം?’ 

 

എന്നു മാഞ്ഞ മഴവില്ലിനോടു ചോദിക്കുന്ന കവി ഉല്ലാസം പകരാൻ ചിരിക്കുള്ള കഴിവിനെ വാഴ്ത്തുന്നു (ചങ്ങമ്പുഴയുടെ തളിത്തൊത്തുകൾ – ‘മാഞ്ഞ മഴവില്ല്’).

 

പ്രായമാകുമ്പോൾ ചിരിയുപേക്ഷിച്ച് ഗൗരവക്കാരാകുന്നവരുണ്ട്. ചിരിയുപേക്ഷിക്കുന്നവരാണ് വേഗം വൃദ്ധരാകുന്നതെന്നോർക്കാം. ചിരിയെപ്പറ്റി രസകരമായ വിലയിരുത്തലാണ് ചാൾസ് ഡിക്കൻസിന്റേത് : ‘ചിരിയും നർമ്മവും പോലെ തടഞ്ഞുനിർത്താനാകാത്തവിധം പടര്‍ന്നുപിടിക്കുന്ന മറ്റൊന്നില്ല.’ ചിരിക്കാൻ കഴിയില്ലെങ്കിൽ നമുക്കു ഭ്രാന്തുപിടിക്കുമെന്നു കവി റോബർട്ട് ഫ്രോസ്റ്റ്.

 

ഐറിഷ് നാടകകൃത്ത് ഷോൺ ഓ’കേസീ അതിമധുരമായി ഓർമ്മിപ്പിച്ചു, ‘മൃദുവായ ചിരി, ആഴത്തിലുള്ള ചിരി, തെല്ലു ഗൗരവമുള്ള ചിരി – ആത്മാവിന്റെ മുന്തിരിച്ചാറാണ്. ജീവിക്കുന്നതിലർത്ഥമുണ്ടെന്ന് ചിരി ആഹ്ലാദഭരിതമായി പ്രഖ്യാപിക്കുന്നു.’

 

അസ്ഥാനത്തു ചിരിക്കരുത്. പരിഹസിച്ചുചിരിക്കരുത്. പക്ഷേ വേണ്ടപ്പോൾ വേണ്ടവിധം ചിരിച്ചേ മതിയാകൂ. വ്യക്തിബന്ധങ്ങളുറപ്പിക്കാൻ ചിരി വേണം. നല്ല വ്യക്തിബന്ധങ്ങളിലുടെയാണല്ലോ സമൂഹത്തിൽ ഏവരും വളരുന്നത്.

 

Content Summary : Ulkazcha - Why smile is important in our life?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com