ADVERTISEMENT

കണക്കുപരീക്ഷയിൽ 100 മാർക് നേടണമെന്നു നിശ്ചയിച്ചു പഠിക്കുന്ന കുട്ടിയെ നാമെല്ലാം അഭിനന്ദിക്കും. ലക്ഷ്യബോധം, ലക്ഷ്യം നേടാനുള്ള സ്ഥിരപരിശ്രമം എന്നിവ തീർച്ചയായും അഭികാമ്യമാണ്. പക്ഷേ ഇങ്ങനെ കടുത്ത ലക്ഷ്യം വച്ചു പ്രയത്നിക്കുമ്പോൾ, ചിത്രത്തിന്റെ മറുപുറവും ഓർക്കണം. ആ ലക്ഷ്യം പൂർണമായി നേടാൻ‌ കഴിഞ്ഞില്ലെങ്കിൽ കടുത്ത നൈരാശ്യം പിടികൂടും. എന്നല്ല, 99 മാർക് കിട്ടിയാൽപ്പോലും  താൻ തോറ്റെന്ന ചിന്തയുണ്ടാകും. കിട്ടിയ 99നെക്കുറിച്ചാവില്ല, കൈവിട്ടുപോയ ഒരു മാർക്കിനെക്കുറിച്ചാകും മനസ്സിലെ ചിന്ത മുഴുവൻ. 

 

‘എനിക്കെപ്പോഴും സന്തോഷിക്കണം’ എന്നു പറയുന്നവരുണ്ട്. നല്ല കാര്യം. പക്ഷേ നടപ്പില്ലാത്ത കാര്യം. ‘ഈ ലോകത്തിൽ സുഖമസുഖവും മിശ്രമായ്ത്താനിരിക്കും’ എന്ന ശാശ്വതസത്യത്തെ വെല്ലാൻ ആർക്കും സാധ്യമല്ല. സാധ്യമെന്നു സ്വപ്നംകണ്ടു ജീവിച്ചാൽ, ചെറുദുഃഖം പോലും  ആകെത്തകർത്തുകളഞ്ഞേക്കാം.

 

ഇത്തരം ആശയങ്ങളെ സൂചിപ്പിക്കുന്ന പിന്നാക്കനിയമം (Backwards Law) രുപപ്പെടുത്തിയത് അലൻ വാട്സ് (1915–1973) എന്ന പാശ്ചാത്യദാർശനികൻ. പൗരസ്ത്യചിന്തകൾ ആഴത്തിൽ പഠിച്ച്, ഹിന്ദു, ബുദ്ധ മതങ്ങളെയും ചീനയിലെ താവോമതത്തെയും പാശ്ചാത്യർക്കു പരിചയപ്പെടുത്തിക്കൊടുത്ത ചിന്തകൻ. അദ്ദേഹത്തിന്റെ പ്രശസ്ത വാക്യം : ‘വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ ശ്രമിച്ചാൽ മുങ്ങും, മുങ്ങാൻ ശ്രമിച്ചാൽ പൊങ്ങും, സുരക്ഷിതനാകാൻ നോക്കിയാൽ ഫലം അരക്ഷിതത്വം.’

 

ഇത് അദ്ദേഹത്തിന്റെ കണ്ടുപിടിത്തമെന്നു പറയാൻ വയ്യ. തത്ത്വശാസ്ത്രത്തിൽ ഏറെയൊന്നും ഊന്നാതെ ധ്യാനത്തെ മുഖ്യമായും അടിസ്ഥാനമാക്കിയ സെൻ ബുദ്ധമതത്തിലെ ആശയമാണിത്. 

 

99 മാർക്കു കിട്ടിയ കുട്ടി മാത്രമല്ല, 99 റണ്ണിൽ വിക്കറ്റ് പോയി സെഞ്ച്വറി  നഷ്ടപ്പെടുമ്പോൾ, ഏതു ബാറ്റ്സ്മനും ദുഃഖിക്കുക പതിവ്. ദുഃഖിക്കുക  മാത്രമല്ല, തെല്ലു ലജ്ജിച്ചെന്നുമിരിക്കും. ‘ഓ, ഞാൻ എത്ര നല്ലവണ്ണം ബാറ്റു ചെയ്ത് 99 റൺ നേടി ടീമിനെ സഹായിച്ചു!’ എന്ന് എത്ര പക്വതയുള്ള ബാറ്റ്സ്മനും ചിന്തിക്കില്ല, പറയില്ല. കിട്ടാതെ പോയ ഒരു റൺ മനസ്സു നിറഞ്ഞുനിൽക്കും. ഒരുപക്ഷേ 70 റണ്ണിലേ ഔട്ടായിരുന്നെങ്കിൽ അങ്ങനെ ഈ കളിക്കാരൻ ചിന്തിച്ചില്ലെന്നു വരാം.

 

ഏതെങ്കിലും സുഹൃത്തുക്കളോ, സ്വന്തം കുട്ടികൾ തന്നെയോ തരിമ്പും കുറവില്ലാതെ തന്നെ എക്കാലവും സ്നേഹിക്കുമെന്നു പ്രതീക്ഷിക്കുന്നയാൾ, പ്രതീക്ഷയ്ക്കു തെല്ലു മങ്ങലേറ്റാൽ ആകെത്തകരും. നേരേമറിച്ച്, അവർ സ്നേഹിക്കുന്നിടത്തോളം സ്നേഹിച്ചുകൊള്ളട്ടെയെന്നു കരുതി, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അങ്ങോട്ടു സ്നേഹിച്ചാൽ, ഒരു സാഹചര്യത്തിലും ഏറെ തളരില്ല.

ഉൽക്കണ്ഠ പാടില്ലെന്നു വിചാരിക്കാൻ ബോധപൂർവം ശ്രമിക്കുന്നയാൾ വെറുതേ ഉൽക്കണ്ഠയെ ക്ഷണിച്ചുവരുത്തുന്നു. ഒരു ചിന്തയെയും അതിരുവിട്ടു നിയന്ത്രിക്കാൻ ബദ്ധപ്പെടാതിരിക്കാം.

 

നീലയാനയുടെ കഥ നിങ്ങൾ കേട്ടിരിക്കും. ഒരാൾ നീലയാനയെക്കുറിച്ച് ചിന്തിക്കുകയേ പാടില്ലെന്നു വിചാരിക്കുന്നുവെന്നു കരുതുക. ഇതിനു ശ്രമിക്കുന്നിടത്തോളം നീലയാന മനസ്സിൽനിന്നു മായില്ല. അത് മനസ്സിൽനിന്നു വിട്ടുമാറാതെ കുടിയിരുന്നതുതന്നെ. ഇത് ആനയുെട കാര്യമല്ല. കോപമോ നൈരാശ്യമോ മുഷിവോ ഏതു തന്നെയായാലും കഥ ഇതുതന്നെ. ഏതെങ്കിലും തിരിച്ചടി വരുമ്പോൾ അസംതൃപ്തി പാടില്ലെന്നു ശക്തമായി ചിന്തിക്കുന്നയാൾ അസംതൃപ്തനായി തുടരും. ഇച്ഛാശക്തികൊണ്ട് ഇത്തരം നിഷേധചിന്തകളെ കീഴ്പ്പെടുത്താമെന്ന് സാധാരണമായി പറയാറുള്ളത് മുഴുവൻ ശരിയല്ലെന്ന സൂചന ഇതിലുണ്ട്. ഏതും അതിരു കവിയാതെ  നോക്കണം.

 

ഏതെങ്കിലും കാര്യത്തിനായി അതിരുവിട്ടു ശ്രമിച്ചാൽ, അത് വഴുതിപ്പോയി നിരാശപ്പെടുത്തിയേക്കാമെന്ന് പിന്നാക്കനിയമം മുന്നറിയിപ്പു നൽകുന്നു. ഒരാൾ ധനികനായി മാറി സന്തോഷിക്കാൻ ശ്രമിക്കുന്നുവെന്നു  കരുതുക. ഒരു നിലവാരമൊക്കെയെത്തിയാൽ, ‘ഇത്ര മതി’ എന്ന വിചാരം മനസ്സിൽ വയ്ക്കാം. ഇല്ലെങ്കിൽ കൈവശമുള്ള ധനം കൂടുന്തോറും ഗോൾപോസ്റ്റ് അനന്തമായി മുന്നോട്ടു നീങ്ങിനീങ്ങിപ്പോകും. 

ജ്ഞാനപ്പാനയിൽ പൂന്താനം എഴുതിയ പ്രശസ്തവരികളോർക്കാം :

‘അർത്ഥമെത്ര വളരെയുണ്ടായാലും

തൃപ്തിയാകാ മനസ്സിന്നൊരുകാലം

പത്തു കിട്ടുകിൽ നൂറു മതിയെന്നും

ശതമാകിൽ സഹസ്രം മതിയെന്നും

ആയിരം പണം കൈയിലുണ്ടാകുമ്പോൾ

അയുതമെങ്കിലാശ്ചര്യമെന്നതും’ (അർത്ഥം = ധനം, അയുതം = പതിനായിരം).

 

എത്ര കിട്ടിയാലും പോരെന്നു കരുതുന്നവർ പണമുണ്ടാക്കി സന്തോഷിക്കുന്നതിനു പകരം, കൂടുതൽ കിട്ടാതെ ദുഃഖിക്കുന്ന നിലയിൽ എന്നും തുടരും. 

‘അന്നരക്കാശെനിക്കില്ലായിരുന്നു, ഞാൻ

മന്ദസ്മിതാസ്യനായ് നിന്നിരുന്നു.

ഇന്നു ഞാൻ വിത്തവാൻ, തോരുന്നതില്ലെന്റെ

കണ്ണുകൾ! – കഷ്ട്മിതെന്തുമാറ്റം?’ 

 

എന്നത് നിഷേധചിന്തയായി തള്ളിക്കളയേണ്ട. പിന്നാക്കനിയമം അറിയാത്ത കവി ജീവിതസത്യം ആവിഷ്കരിച്ചതാണത് (ചങ്ങമ്പുഴ :  ഓണപ്പൂക്കൾ – അവതാരിക). നാം സാധാരണഗതിയിൽ ചിന്തിക്കാത്ത കാര്യം പിന്നാക്കനിയമം വരച്ചുബോധ്യപ്പെടുത്തുന്നു.

കിട്ടാത്ത മധുരമുന്തിരിക്കുവേണ്ടി ശ്രമിച്ചു പരാജയപ്പെട്ട്  വിഷമിക്കുന്നതിനെക്കാൾ നന്ന്, തെല്ലു മധുരം കുറഞ്ഞ മുന്തിരി നേടി സന്തോഷിക്കുന്നതല്ലേ? അപ്രാപ്യമെന്നു തീർച്ചയുള്ളതിനെയോർത്തു വിഷാദിക്കാതിരിക്കാം. അസംതൃപ്തി പെരുകുന്തോറും മനോവേദനയും കൂടും. കൈവരിച്ച നേട്ടങ്ങളിൽ സന്തോഷിച്ച്, കൈയിലൊതുങ്ങുന്ന മറ്റു േനട്ടങ്ങൾക്കായി പ്രയത്നത്തെ തിരിച്ചുവിടാം. ‘അസാധ്യമായി ഒന്നുമില്ല’ എന്ന മൊഴി ഭംഗിവാക്കായി കരുതിയാൽ മതി.

 

കിട്ടാക്കനിക്കു മധുരമേറും. പക്ഷേ അതു കൈയിലെത്തുന്നപക്ഷം സ്വപ്നം കണ്ടത്ര മാധുര്യമില്ലെന്നു വേഗം തിരിച്ചറിയും. മോഹിച്ചതെല്ലാം കിട്ടിക്കഴിയുമ്പോഴുണ്ടാകുന്ന സന്തോഷവും ശാശ്വതമല്ല. കുറെക്കഴിഞ്ഞ് ‘എനിക്ക് അതില്ലല്ലോ, ഇതില്ലല്ലോ’ എന്നു തോന്നിത്തുടങ്ങുകയും ഇല്ലാത്ത ചെറുകാര്യംപോലും കൈയിലുള്ളതിനെക്കാൾ വിലപ്പെട്ടതെന്ന ചിന്ത ഉടലെടുക്കുകുയും ചെയ്യും. ഇതുകൊണ്ടൊക്കെയാണ് മോഹത്തിന് അതിരു വരയ്ക്കണമെന്നു പറയുന്നത്. കൂടുതൽ കൂടുതൽ ധനികനാകാൻ മോഹിക്കുന്തോറും ഇല്ലാത്ത ദാരിദ്ര്യം അനുഭവിക്കുന്നുവെന്ന മിഥ്യാധാരണയിൽക്കുരുങ്ങി വേദനിക്കുന്ന ദുരവസ്ഥയിലാകും.

 

ചൈനീസ് ദാർശനികൻ ലാവോട്സു പറഞ്ഞ ചിലതുകൂടി കേൾക്കുക : ‘പൂർണത േതടിയാൽ അപൂർണത തോന്നും. അപൂർണ‌തയെ അംഗീകരിച്ചാൽ പൂർണത അനുഭവപ്പെടും. ഏകാന്തതയെ ഒഴിവാക്കാൻ ശ്രമിച്ചാൽ ഏകാന്തത ദുരിതപൂർണമാകും. ഏകാന്തതയെ അംഗീകരിച്ചാൽ ഏകാന്തതയിൽ സംതൃപ്തി അനുഭവപ്പെടും. ദുരിതാനുഭവങ്ങളെ പരാജയപ്പെടുത്താൻ നോക്കിയാൽ രണ്ടുതവണ പരാജയപ്പെടും.’

 

തത്ത്വജ്ഞാനികൾ നല്ല പല ഉപദേശങ്ങളും നൽകും. അവ നാം ശ്രദ്ധിക്കണം. പക്ഷേ ഒന്നു നാം മറന്നുകൂടാ. പരിശ്രമിക്കാതെ ഒന്നും കൈവരില്ലെന്നത് ശാശ്വതസത്യമാണ്. 42 കിലോമീറ്ററിലേറെ വരുന്ന മാരതൺ ഓട്ടം പൂർത്തിയാക്കണമെങ്കിൽ ദീർഘകാലം പരിശീലിച്ചേ മതിയാകൂ. സ്റ്റാമിനയും ടെക്നിക്കും നിശ്ചയമായും മെച്ചപ്പെടുത്തണം. ലക്ഷ്യം മുന്നിൽ വച്ച് സ്ഥിരപരിശ്രമം ‌നടത്തണം. ‘ഉദ്യോഗിനം പുരുഷസിംഹമുപൈതി ലക്ഷ്മീ’ എന്നതിനു മാറ്റം വരില്ല. (പരിശ്രമശാലികളിലേക്ക് ഐശ്വര്യം വന്നെത്തുന്നു). 

 

Content Summary : Ulkazcha - Backwards Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com