പുതുവത്സരത്തെ സ്വാഗതം ചെയ്യാം – ദൃഢനിശ്ചയത്തോടെ

HIGHLIGHTS
  • പുതുലക്ഷ്യങ്ങൾ നിർവചിക്കാൻ പ്രായം ഘടകമേയല്ല
  • ഏറ്റവും അടുപ്പമുള്ളവർക്ക് വല്ലപ്പോഴുമെങ്കിലും കൈകൊണ്ട് എഴുതിയ കത്തയയ്ക്കുക
life-goal-ulkazcha-column-by-b-s-warrier-how-to-set-and-stick-to-your-new-year-s-resolutions
Representative Image / Photo Credit : G-Stock Studio / Shutterstock.com
SHARE

‘‘ഞാൻ സുപ്രധാന പുതുവത്സരപ്രതി‍ജ്ഞയെടുത്തു’’

‘‘എന്താണാവോ വലിയ പുതുമ?’’

‘‘ മേലാൽ പുകവലിയ്ക്കില്ല’’

‘‘കഷ്ടം! ഇതാണോ ഇത്ര വലിയ പ്രതിജ്ഞ? എത്രയോ പ്രാവശ്യം ഞാൻ ഈ പ്രതിജ്ഞയെടുത്തിരിക്കുന്നു.’’

ഇതു പഴയ ഫലിതം. പക്ഷേ ഇതിന് എന്നും പ്രസക്തിയുണ്ട്. പ്രതിജ്ഞയെടുത്തു നടപ്പാക്കാൻ ഇച്ഛാശക്തിയില്ലാത്തവർക്കുള്ള മുന്നറിയിപ്പ് ഇക്കഥ നർമ്മത്തിലൂടെ സൂചിപ്പിക്കുന്നു.

ഓരോ വർഷവും  പിറക്കുമ്പോൾ മിക്കവരും ചിന്തിക്കും – പുതുവർഷത്തിൽ പുതുരീതികൾ തുടങ്ങണം, അവ നടപ്പാക്കി വിജയത്തിലേക്കും ഐശ്വര്യത്തിലേക്കും നീങ്ങണം എന്നിങ്ങനെ. ചില തീരുമാനങ്ങളെടുക്കുകയും ചെയ്യും. തീരുമാനങ്ങളെടുക്കുംപോലെ  പ്രധാനമാണ് അവ നടപ്പാക്കുന്നത്. ഇക്കാര്യത്തിൽ ഉപേക്ഷ വരുന്നതെന്തുകൊണ്ട്? മുഖ്യകാരണങ്ങൾ രണ്ട്.

ഒന്ന് മടി. ഏതു തീരുമാനവും നടപ്പാക്കാൻ സാധാരണഗതിയിൽ കൂടുതൽ പ്രയത്നിക്കേണ്ടിവരും. അതിനു തടസ്സം മടിയാണ്. ഉത്സാഹികളെയാണ് വിജയം പുൽകുന്നത്. ‘മനുഷ്യന്റെ ഏറ്റവും  വലിയ ശത്രു അവനിൽത്തന്നെ; അത് ആലസ്യമാണ്’ എന്ന് സംസ്കൃതമൊഴി. ആ ശത്രുവിനെ കീഴടക്കണം. പ്രയത്നിച്ചതുകൊണ്ട് ആർക്കും ദോഷം വരില്ലല്ലോ. വിയർപ്പിൽ മുങ്ങി മരിച്ചവരില്ല.

തീരുമാനം നടപ്പിൽ വരാത്തതിനുള്ള രണ്ടാമത്തെ കാരണം താൽക്കാലിക അസൗകര്യം സഹിക്കാനുള്ള വിമുഖത. ദീർഘകാലവിജയം നേടണമെങ്കിൽ ഇപ്പോൾ ചില അസൗകര്യങ്ങൾ സഹിക്കേണ്ടിവരും. മനസ്സുവച്ചു പഠിക്കാതെ ആർക്കെങ്കിലും ബിരുദം നേടാനാവുമോ? പക്ഷേ, മൂന്നോ നാലോ വർഷം തെല്ലു പ്രയാസപ്പെട്ടു പഠിച്ചാൽ അതിന്റെ ഗുണം ജീവിതകാലം മുഴുവൻ കിട്ടിക്കൊണ്ടിരിക്കും. താൽക്കാലികസുഖങ്ങളിൽ മാത്രം താൽപര്യം കാട്ടിയാൽ ദീർഘകാലസൗകര്യങ്ങൾ ഇല്ലാതെ പോകും

പുതുവത്സരത്തിൽ എടുക്കാവുന്ന തീരുമാനങ്ങൾ ഓരോരുത്തർക്കും ഓരോ തരമായിരിക്കും. എങ്കിലും പൊതുവായ സമീപനം ഇവയിലുണ്ട്. മടി കുറയ്ക്കുമെന്നതു പോലെ. 

ulkazcha-column-by-b-s-warrier-how-to-set-and-stick-to-your-new-year-s-resolutions-artilce-image
Representative Image / Photo Credit : Creativa Images / Shutterstock.com

പുതുവർഷപ്രതിജ്ഞ നടക്കാതെ പോയേക്കാമെന്ന നിഷേധചിന്ത വേണ്ട. പഴയ ശീലങ്ങൾ മാറ്റി, പുതിയ ശീലങ്ങൾ തുടങ്ങുന്നത് എളുപ്പമല്ലെന്നു വരാം. പക്ഷേ തടസ്സങ്ങളെ തരണം ചെയ്യാൻ ദൃഢനിശ്ചയത്തിനും ഇച്ഛാശക്തിക്കും കഴിയും. വേണമെങ്കിൽ ആറു മാസത്തിനു ശേഷം ജൂലൈ ഒന്നിന് തിരിഞ്ഞു നോക്കി കാര്യങ്ങളുടെ പോക്കു വിലയിരുത്തി പരിഷ്കരിക്കാം.

തീരുമാനങ്ങൾ ക്ലേശകരമാകുമെന്ന ചിന്ത വെടിഞ്ഞ്, തെല്ല് നർമ്മത്തോടെ ഏതിനെയും സമീപിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. ജോലി ചെയ്യുന്നത് ആഹ്ലാദകരമെന്നു വിചാരിച്ചാൽ അതിലെ പ്രയാസം കുറയും. കൂടുതൽ ജോലി ചെയ്യുന്നതിന് അതു വഴിവയ്ക്കും.

ഏകാഗ്രതയാണ് പലർക്കും പ്രശ്നം. ശ്രദ്ധതിരിക്കുന്ന നിരവധി കാര്യങ്ങൾ സമൂഹത്തിലുണ്ട്. നമ്മുടെ ശ്രദ്ധയും സമയവും തട്ടിയെടുക്കാൻ കച്ചകെട്ടിയവർ ധാരാളമുണ്ടാകും. അവരുടെ രീതിയിലേക്കു നമ്മെ വലിച്ചുകൊണ്ടുപോകാൻ ശ്രമങ്ങൾ വന്നാൽ, നമ്മുടെ വഴിയിൽ ഉറച്ചു നിൽക്കാനുള്ള ഇച്ഛാശക്തി കാട്ടണം. ലക്ഷ്യം നേടിക്കഴിയുമ്പോഴുണ്ടാകുന്ന സന്തോഷം അതിലേക്കുള്ള യാത്രയിലും വേണം. ലക്ഷ്യംപോലെ പ്രധാനമാണ് യാത്രയും. ചിലപ്പോൾ യാത്ര തെല്ലു സാഹസികമാകാം. അതും രസകരമെന്നു കരുതിയാൽ കാര്യങ്ങൾ എളുപ്പമാകും.

കൈവരിച്ച നേട്ടങ്ങളിൽ സന്തോഷിക്കണമെന്നതു ശരി. പക്ഷേ അവയോർത്തു മേനിപറ‍ഞ്ഞു നടക്കുക മാത്രമായാൽ പുതുവിജയങ്ങളുണ്ടാവില്ല. നല്ല ഒന്നിന്റെ അവസാനം  നല്ല മറ്റൊന്നിന്റെ  തുടക്കമാകണം. 

ഇടയ്ക്കു ചില തിരിച്ചടികൾ ആർക്കുമുണ്ടാകും. അവയോർത്ത് നൈരാശ്യത്തിന്റെ പടുകുഴിയിൽ വീണുകൂടാ. ‘The tougher the setback, the better the comeback.’ സുഖമുള്ള സ്ഥലത്തു ദുഃഖവുമുണ്ട്. ‘സുഖമൊരു ദുഃഖം കൂടാതേകണ്ടൊരുവനുമുണ്ടോ?’ എന്ന് ഭാഗവതകീർത്തനം.

career-ulkazcha-column-by-b-s-warrier-how-to-set-and-stick-to-your-new-year-s-resolutions
Representative Image / Photo Credit : Serhii Yevdokymov/ Shutterstock.com

പുതുലക്ഷ്യങ്ങൾ നിർവചിക്കാൻ പ്രായം ഘടകമേയല്ല. പ്രായത്തെ വെറും സംഖ്യയായി കരുതിയാൽ ഏവർക്കും മുന്നേറാം. പക്ഷേ ഏറ്റവും പ്രധാനം ലക്ഷ്യം തന്നെ. അതു നേടാൻ കേവലം ആഗ്രഹം പോരാ. തീവ്രമായ അഭിവാഞ്ഛ തന്നെ വേണം. ‘ഇന്നലത്തേതിൽനിന്നു പഠിച്ച്, ഇന്നു ജീവിച്ച്, നാളെയെ പ്രതീക്ഷിക്കുക’ എന്ന് ഐൻസ്റ്റൈന്റെ  നിർദ്ദേശം. 

പുതിയ സാമ്പത്തികവർഷത്തിനു മുൻപ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും. നമുക്കു പല ബജറ്റുകളും വേണം. പണത്തിന്റെ, നേരത്തിന്റെ, പ്രയത്നത്തിന്റെ, സേവനത്തിന്റെ, യാത്രയുടെ, നിത്യവ്യായാമത്തിന്റെ. അങ്ങനെ പലതിന്റെയും. വിദ്യാർത്ഥികൾ ദിവസവും ഒരു പത്രമെങ്കിലും വായിക്കാൻ നേരം കണ്ടെത്തണം. മാസം ഒരു നല്ല പുസ്തകമെങ്കിലും വായിക്കുകയും വേണം. ‘ഒരു വായ്ക്ക് രണ്ടു ചെവി. പറയുന്നതിന്റെ ഇരട്ടിശ്രദ്ധിച്ചു കേൾക്കുക’ എന്ന് യവനദാർശനികൻ എപിക്റ്റേറ്റസ്.

വലിയ ഫലം നൽകുന്ന ചെറിയ തീരുമാനങ്ങളുണ്ട്. കാലത്ത് എഴുനേൽക്കുമ്പോൾ മെത്തയും വിരിപ്പും നേരേയാക്കിയാകട്ടെ തുടക്കം. ദയയും കാരുണ്യവും അടങ്ങുന്ന കാര്യങ്ങൾ ചെയ്യുക. തന്നോടു തന്നെ കരുണ കാട്ടാൻ മറക്കരുത്. ഏഷണി പറയാതിരിക്കുക. കേട്ടറിഞ്ഞ ആരോപണങ്ങൾ ആവർത്തിക്കാതിരിക്കുക. പരദൂഷണം തീർത്തും ഒഴിവാക്കുക. സ്ഥിരംപരാതിക്കാരെയും നിഷേധചിന്തക്കാരെയും ഒഴിവാക്കുക. ആവശ്യപ്പെടാതെ ഉപദേശിക്കാൻ പോകാതിരിക്കുക. സോഷ്യൽ മീഡിയയിൽ മയമില്ലാത്ത ഭാഷ ഉപയോഗിക്കാതിരിക്കുക. അഭിനന്ദനം അർഹിക്കുന്നവരെ അഭനന്ദിക്കുക. ഉപയോഗിക്കാത്ത നല്ല വസ്ത്രങ്ങൾ സ്വീകരിക്കുന്നവർക്കു നൽകുക. പരിസ്ഥിതി മലിനമാക്കാതിരിക്കുക. 

അന്യരുടെ സ്വകാര്യതയിൽ ഇടപെടാതിരിക്കുക. എസ്എംഎസും ഇ–മെയിലും വാട്സ്ആപ്പും കൂടാതെ അടുപ്പമുള്ളവരോട് ഇടയ്ക്കു സംസാരിക്കുക.  ഏറ്റവും അടുപ്പമുള്ളവർക്ക് വല്ലപ്പോഴുമെങ്കിലും കൈകൊണ്ട് എഴുതിയ കത്തയയ്ക്കുക. ജീവിതം മുഴുവൻ മൂന്നു സ്ക്രീനുകളിൽ ഒതുക്കാതിരിക്കുക –– മൊബൈൽ ഫോൺ, കംപ്യൂട്ടർ, ടിവി എന്നിവയുടെ സ്ക്രീനുകൾക്കപ്പുറമുള്ള ലോകം വിസ്മരിച്ചുകൂടാ. ഹോബിയില്ലാത്തവർ അത് ആരംഭിക്കുക. ഉള്ളവർ അത് ശക്തിപ്പെടുത്തുക.

ഭക്ഷണം നിയന്ത്രിക്കുക. സൗജന്യ ഓഫറുകളും സമാനപരസ്യങ്ങളും കണ്ട് ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടാതിരിക്കുക. ലിഫ്റ്റുള്ള സ്ഥലങ്ങളിൽ ഇടയ്ക്കു കോണിപ്പടി കയറിപ്പോകുക. ചിലപ്പോഴെങ്കിലും ലക്ഷ്യസ്ഥാനത്തിനു തെല്ലകലെ വാഹനം പാർക്കു ചെയ്ത് ബാക്കി നടന്നുപോകുക. സ്വന്തം മുറി ആഴ്ചയിലൊരിക്കൽ‍ തീർത്തും വൃത്തിയാക്കി ചിട്ടപ്പെടുത്തുക. കുടുംബാംഗങ്ങളൊത്ത് ചെറുയാത്രകൾ ചെയ്യുക. ക്രെഡിറ്റ് കാർഡുകാർ കടം വേഗം വീട്ടുക. കാർഡ്‌വഴി  പോകുന്നതും പണംതന്നെയെന്ന് ഇടയ്ക്ക്  ഓർക്കുക.

career-tips-ulkazcha-column-by-b-s-warrier-how-to-set-and-stick-to-your-new-year-s-resolutions
Representative Image / Photo Credit : saurabhpbhoyar / Shutterstock.com

ഒന്നും എഴുതാത്ത പുറങ്ങളുള്ള നോട്ടുബുക്കാണ് നവവത്സരദിനത്തിൽ  നമ്മുടെ മുന്നിലുള്ളത്. എന്തെഴുതണമെന്നു നമുക്കു തീരുമാനിക്കാം. ഏറ്റവും നല്ലതു മാത്രമെഴുതാം. ‘കഴിഞ്ഞ വർഷത്തെ ഭാഷയ്ക്കു കഴിഞ്ഞ വർഷത്തെ  വാക്കുകൾ. ഈ വർഷത്തെ വാക്കുകൾ മറ്റൊരു നാദം കാത്തിരിക്കുന്നു’ എന്ന് പ്രശസ്തകവി ടി എസ് എലിയറ്റ്.

‘തിരിയെ വിളിക്കാൻ തരപ്പെടാതെ

തെരുതെരെപ്പായുന്നു വത്സരങ്ങൾ’

വർഷങ്ങൾ അതിവേഗം പാഞ്ഞുപോകും. കാലത്തെ തിരികെപ്പിടിച്ചെടുക്കാൻ ആർക്കാണു കഴിയുക! വേണ്ടതെല്ലാം വേഗംവേഗം ചെയ്യാം.  പുതുവത്സരത്തെ ആഹ്ലാദത്തിന്റെ അന്തരീക്ഷത്തിൽ ദൃഢനിശ്ചയത്തോടെ സ്വാഗതം ചെയ്യാം.

Content Summary : Ulkazcha Column by B.S. Warrier - How to set and stick to your New Year’s resolutions

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA