വിദേശത്ത് പിഎച്ച്ഡി ചെയ്യാനാണോ ആഗ്രഹം; കുറഞ്ഞ ചെലവിൽ പഠിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

education
Representative Image. Photo Credit: F8 studio/ Shutterstock.com
SHARE

ചോദ്യം: എംഎസ്‌സി കെമിസ്ട്രിക്കു ശേഷം ഗവേഷണമാണു ലക്ഷ്യം. വിദേശ രാജ്യങ്ങളിലെ ഡോക്ടറൽ പഠനാവസരങ്ങൾ വിശദമാക്കാമോ? -  ഷർമിനാസ്, എംജി സർവകലാശാല

ഉത്തരം: മൂന്നു മുതൽ ഏഴു വരെ വർഷമാകാം പിഎച്ച്ഡി പ്രോഗ്രാമുകളുടെ കാലാവധി. ഉന്നതനിലയിൽ ഡിഗ്രിയും പിജിയും പൂർത്തിയാക്കുന്നവർക്കു നല്ല അവസരങ്ങളുണ്ട്. മിക്ക സ്ഥാപനങ്ങളിലും സ്കോളർഷിപ് / റിസർച് അസോഷ്യേറ്റ്ഷിപ് ലഭിക്കുമെന്നതിനാൽ പഠനച്ചെലവു കുറവായിരിക്കും. വിദേശ സർവകലാശാലകളുടെ വെബ്സൈറ്റിൽ കയറി ഫാക്കൽറ്റി പ്രൊഫൈലുകൾ പരിശോധിച്ച് നമ്മുടെ താൽപര്യത്തിനിണങ്ങുന്ന മേഖലയിൽ ഗവേഷണം നടത്തുന്ന അധ്യാപകരെ കണ്ടെത്തണം. അവരെ ഇമെയിലിൽ ബന്ധപ്പെട്ട് ഗവേഷണ താൽപര്യം അറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 

അനൗപചാരികമായുള്ള ഈ ആശയവിനിമയത്തിനു ശേഷം സർവകലാശാല നിഷ്കർഷിക്കുന്ന രീതിയിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകരുടെ അക്കാദമിക നിലവാരം, ഗവേഷണ അഭിരുചി, സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് (SoP), ലെറ്റേഴ്സ് ഓഫ് റെക്കമെന്റേഷൻ (LoR ) എന്നിവ വിലയിരുത്തിയാകും പ്രവേശനം. സാധാരണ ഗതിയിൽ എട്ടോ പത്തോ സ്ഥാപനങ്ങളിലേക്ക് അപേക്ഷകൾ നൽകേണ്ടിവരും. 

യുഎസ്, കാനഡ, സിംഗപ്പൂർ തുടങ്ങി മിക്ക രാജ്യങ്ങളിലും ഗ്രാജ്വേറ്റ് റെക്കോർഡ് എലിജിബിലിറ്റി (GRE) ടെസ്റ്റിലെ സ്കോറും പ്രവേശനത്തിനു മാനദണ്ഡമാക്കും. ഐഇഎൽടിഎസ്, ടോഫൽ തുടങ്ങിയ ഇംഗ്ലിഷ് ഭാഷാനൈപുണ്യ പരീക്ഷകളിലൊന്നിലെ മികച്ച സ്കോറും അനിവാര്യം. ഇവയ്ക്കുള്ള തയാറെടുപ്പുകൾ നേരത്തേ ആരംഭിക്കണം. മെഡിസിനൽ കെമിസ്ട്രി, നാനോ സയൻസ്, ബയോ കെമിസ്ട്രി, മെറ്റീരിയൽ കെമിസ്ട്രി, സിസ്റ്റം ബയോളജി, എൻവയൺമെന്റൽ സയൻസ്, എനർജി സയൻസ് എന്നിങ്ങനെ വിവിധ മേഖലകളിൽ ഗവേഷണസാധ്യതയുണ്ട്.

കെമിസ്ട്രിയിൽ പി.എച്ച്ഡി പൂർത്തിയാക്കുന്നവർക്ക് സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും വ്യാവസായിക മേഖലകളിലുമായി ഗവേഷണം, അധ്യാപനം, ക്വാളിറ്റി കൺട്രോൾ, ഉൽപാദനം എന്നിങ്ങനെ വിവിധ തുറകളിലായി മികച്ച തൊഴിലവസരങ്ങളുണ്ട്. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സ്റ്റാൻഫഡ്, ഹാർവഡ്, കേംബ്രിജ്, യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബർക്‌ലി, ഓക്സ്ഫഡ്, നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, നന്യാങ് ടെക്നളോജിക്കൽ യൂണിവേഴ്സിറ്റി, ഇടിഎച്ച് സൂറിക്, സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി– ലോസാൻ (ഇപിഎഫ്എൽ) എന്നിവയാണ് കെമിസ്ട്രി പഠനത്തിന് ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകൾ.

Content Summary: Research From Foreign Universities

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS