ADVERTISEMENT

അഖിലേന്ത്യാ തലത്തിലെ എംബിബിഎസ് – ബിഡിഎസ് – ബിഎസ്‌സി നഴ്സിങ് പ്രവേശന വ്യവസ്ഥകളിൽ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിൽ ഇത്തവണ പല മാറ്റങ്ങളുമുണ്ട്.

 

∙ 15% ഓൾ ഇന്ത്യ ക്വോട്ടയിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി– Medical Counselling Committee) ദേശീയതലത്തിൽ 4 റൗണ്ട് കൗൺസലിങ് നടത്തും – ഒന്നാം റൗണ്ട്, രണ്ടാം റൗണ്ട്, മോപ് അപ് റൗണ്ട്, സ്ട്രേ വേക്കൻസി റൗണ്ട്.

 

∙ രണ്ടാം റൗണ്ടിനുശേഷം ഒഴിവുള്ള ഓൾ ഇന്ത്യ ക്വോട്ട സീറ്റുകൾ പഴയതുപോലെ സംസ്ഥാനങ്ങൾക്ക് അലോട്മെന്റിനായി നൽകില്ല. പകരം, എംസിസി തന്നെ മോപ് അപ് / സ്ട്രേ വേക്കൻസി റൗണ്ടുകൾവഴി അലോട്ട് ചെയ്യും.

∙ 1, 2, മോപ്–അപ് റൗണ്ടുകളിൽ പുതിയ റജിസ്ട്രേഷനുണ്ട്. സ്ട്രേയിൽ പുതിയ റജിസ്ട്രേഷനില്ല.

 

∙ ഒന്നാം റൗണ്ടിൽ മാത്രം അപ്ഗ്രഡേഷൻ / ഫ്രീ എക്സിറ്റ് സൗകര്യമുണ്ടായിരിക്കും. (അലോട്മെന്റ് കിട്ടിയെങ്കിലും കോളജിൽ ചേരാതെ, അടുത്ത റൗണ്ടുകളിൽ പങ്കെടുക്കാനായി സെക്യൂരിറ്റി തുക നഷ്ടപ്പെടാതെതന്നെ വിട്ടുപോരാനുള്ള സൗകര്യമാണ് ഫ്രീ എക്സിറ്റ്).

 

∙ രണ്ടാം റൗണ്ടിൽനിന്ന് മോപ്–അപ്പിലേക്ക് അപ്ഗ്രഡേഷനില്ല.

 

∙ രണ്ടാം റൗണ്ടിലും മോപ്–അപ്, സ്ട്രേ വേക്കൻസി റൗണ്ടുകളിലും അലോട്മെന്റ് കിട്ടി കോളജിൽ ചേർന്നവർക്കു വിട്ടുപോരാൻ കഴിയില്ല. തുടർന്ന് ഇന്ത്യയിൽ എംബിബിഎസ് / ബിഡിഎസ് പ്രവേശനത്തിന് ഒരു കൗൺസലിങ്ങിലും പങ്കെടുക്കാനും കഴിയില്ല.

 

∙ രണ്ടാം റൗണ്ടിൽ അലോട്മെന്റ് കിട്ടിയെങ്കിലും കോളജിൽ ചേർന്നില്ലെങ്കിൽ, സെക്യൂരിറ്റി തുക നഷ്ടമാക്കി, മോപ്–അപ്പിനു പുതിയ റജിസ്ട്രേഷൻ നടത്താം.

 

∙ ഓൾ ഇന്ത്യ ക്വോട്ടയിലെ സംവരണത്തോത് ഇപ്രകാരം: പട്ടികജാതി 15%, പട്ടികവർഗം 7.5%, പിന്നാക്കം 27%, കേന്ദ്രമാനദണ്ഡമനുസരിച്ച് സാമ്പത്തികപിന്നാക്കം 10%. (ബാക്കി 40.5% ജനറൽ). ഓരോ വിഭാഗത്തിലും 5% ഭിന്നശേഷിക്ക്. സംവരണവിഭാഗത്തിൽപെട്ടവരിൽ ജനറലിനുവേണ്ട റാങ്കുള്ളവർക്കു ജനറൽ വിഭാഗത്തിൽ സിലക്‌ഷൻ നൽകും.

 

കൗൺസലിങ് സംബന്ധിച്ച പൂർണവിവരങ്ങൾക്ക് വെബ് സൈറ്റ്: www.mcc.nic.in

 

പ്രവേശനം ഈ വിഭാഗങ്ങളിൽ

medical-counselling-committee-online-neet-ug-medical-counselling-details

 

∙ സർക്കാർ മെഡിക്കൽ / ഡെന്റൽ കോളജുകളിലെ 15% ഓൾ ഇന്ത്യ ക്വോട്ട

 

∙ കൽപിത സർവകലാശാലകൾ (മുഴുവൻ സീറ്റും)

 

∙ എയിംസ് സ്ഥാപനങ്ങൾ

 

∙ കേന്ദ്ര സർവകലാശാലകൾ (‍‍‍ഡൽഹി സർവകലാശാല – ലേഡി ഹാർഡിഞ്ച്, യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസ്, മൗലാന ആസാദ് / ഇന്ദ്രപ്രസ്ഥ സർവകലാശാല – വർധമാൻ മഹാവീർ, അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് / ബനാറസ് ഹിന്ദു / അലിഗഡ് മുസ്‌ലിം / ജാമിയ മില്ലിയ – ‍ബിഡിഎസ്)

 

∙ ജിപ്മെർ പുതുച്ചേരി / കാരയ്ക്കൽ

 

∙ ഇഎസ്ഐ മെഡിക്കൽ കോളജുകൾ

 

∙ എഎഫ്എംസി പുണെ (ആദ്യഘട്ട ചോയ്സ് ഫില്ലിങ് മാത്രം).

 

∙ നഴ്സിങ് കോഴ്സിന് നഴ്സിങ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ മാത്രം.

 

ചില സ്ഥാപനങ്ങളിലെ കുറെ സീറ്റുകൾ വിശേഷവിഭാഗങ്ങൾക്കായി വകയിരുത്തി, ബാക്കിയാണ് ഈ കൗൺസലിങ്ങിൽ വരിക.

 

Content Summary : Medical Counselling Committee - Online NEET - UG Medical Counselling Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com