ADVERTISEMENT

കൊല്ലം ജില്ലയിലെ കുണ്ടറയ്ക്കടുത്ത് ഉൾനാടൻ മത്സ്യത്തൊഴിലാളിയുടെ മകനാണു പ്രതീപ്. ഏഴു മക്കളിൽ ഏറ്റവും ഇളയവൻ. കുണ്ടറയ്ക്കടുത്തു പടപ്പക്കര സെന്റ് ജോസഫ്സ് എച്ച്എസ്എസിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കൊല്ലം എസ്എൻ കോളജിൽനിന്നു പ്രീഡിഗ്രി. തുടർന്ന് കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽനിന്നു കംപ്യൂട്ടർ സയൻസിൽ ബിടെക് നേടി. 

 

ബിടെക് പരീക്ഷ കഴിഞ്ഞ സമയത്താണ് 2005 ൽ എൽഡി ക്ലാർക്ക് പരീക്ഷയ്ക്കു പിഎസ്‌സി വിജ്ഞാപനം വരുന്നത്. സെപ്റ്റംബറിൽ നടന്ന പരീക്ഷയുടെ ഫലം ഡിസംബറിൽത്തന്നെ വരുന്ന കാലമായിരുന്നു അത്! 192–ാം റാങ്ക് നേടി പ്രതീപ് ജോലി ഉറപ്പാക്കി. 2006 മേയിൽ കോഴിക്കോടിനടുത്തു രാമനാട്ടുകര ഗ്രാമപഞ്ചായത്തിൽ എൽഡി ക്ലാർക്കായി പ്രതീപ് ജോലിക്കു കയറി. 

 

കിട്ടിയ ജോലിയിൽ സുഖമായിരിക്കുകയല്ല പ്രതീപ് ചെയ്തത്. വീണ്ടും മികച്ച തസ്തികകളിലെ പിഎസ്‍സി പരീക്ഷകൾക്കായി തയാറെടുത്തുകൊണ്ടിരുന്നു. 2007 ൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ എഴുതി. 2011 ൽ എഴുതിയ ജൂനിയർ എംപ്ലോയ്മെന്റ് ഓഫിസർ പരീക്ഷയിൽ 12–ാം റാങ്ക് നേടി തിരുവനന്തപുരത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജൂനിയർ എംപ്ലോയ്മെന്റ് ഓഫിസറായി. 2016 ൽ ഏഴാം റാങ്കോടെ ദേശീയ സമ്പാദ്യ പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ ജോലിയിലേക്കും പ്രതീപ് നടന്നുകയറി. 

 

പരിശീലന സ്ഥാപനങ്ങളിൽ പോകാതെ സ്വയം തയാറെടുത്താണ് ഇത്രയും ജോലികൾ പ്രതീപ് സ്വന്തമാക്കിയതെന്ന് അറിയണം. അചഞ്ചലനായ ദൈവവിശ്വാസിയാണ്. തന്റെ നേട്ടങ്ങളിൽ ദൈവത്തിന്റെ അനുഗ്രഹം പ്രതീപ് എപ്പോഴും ഒരുപടി മുന്നിൽ കാണുന്നു. ഒപ്പം പ്രതീപ് നടത്തിയ തയാറെടുപ്പുകളുടെ രീതിയും ശ്രദ്ധേയമാണ്. സ്കൂൾ പാഠപുസ്ത കങ്ങൾ ആസ്പദമാക്കി പിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കുന്ന രീതി വ്യാപകമായത് അടുത്തിടെയാണെങ്കിലും, 2005 ൽ എൽഡി ക്ലാർക്ക് പരീക്ഷ എഴുതിയപ്പോഴേ പ്രതീപ് 7 മുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തകമാണു പരിശീലനത്തിനു പ്രധാനമായി ഉപയോഗപ്പെടുത്തിയിരുന്നത്! മുൻകാല പരീക്ഷകളെ ആസ്പദമാക്കിയും തയാറെടുത്തു. 

 

എൽഡി ക്ലാർക്ക് ഒഴികെയുള്ള പരീക്ഷകളുടെ സമയത്തെല്ലാം പ്രതീപിന് ഒരു ജോലിയുണ്ട്. തയാറെടുപ്പിനു സമയം കുറവ്. എങ്കിലും, കിട്ടിയ സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തി. ട്രെയിനിൽ ജോലിക്കു പോകുമ്പോൾ മുകളിലെ ബർത്തിൽ കയറിയിരിക്കും. വലിയ ശല്യമില്ലാതെ തയാറെടുക്കാൻ കിട്ടുന്ന സമയമാണത്. ഇഷ്ടമുള്ള വിഷയങ്ങൾക്കു കൂടുതൽ സമയം ചെലവഴിക്കുകയും ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ മാറ്റിവയ്ക്കുകയുമാണു ഭൂരിഭാഗം പേരും ചെയ്യാറുള്ളതെന്നു പ്രതീപ് പറയുന്നു. പ്രതീപ് നേരേ തിരിച്ചായിരുന്നു. ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്കു കൂടുതൽ സമയം മാറ്റിവച്ചു. ക്രമേണ ആ വിഷയങ്ങളോടുള്ള അകലം കുറച്ചുകൊണ്ടുവന്നു. 

 

2019 വിജ്ഞാപനം വന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്കായിരുന്നു അടുത്ത തയാറെടുപ്പ്. പരീക്ഷയ്ക്കു തൊട്ടുമുൻപ് പ്രതീപിനടക്കം വീട്ടിൽ എല്ലാവർക്കും കോവിഡ് ബാധിച്ചു. ഇതേ സമയത്താണു വീടുപണി. ഇതിനെല്ലാമിടയിലും കെഎഎസിന്റെ ആദ്യ പരീക്ഷയ്ക്കു കഠിനമായിത്തന്നെ പ്രതീപ് തയാറെടുത്തു. ആ റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ട പ്രതീപ് ഇപ്പോൾ കെഎഎസ് ആദ്യ ബാച്ചിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്നു. ഭാവിയിൽ ഒരു കേരള കേഡർ ഐഎഎസുകാരനായി പ്രതീപ് മാറിക്കൂടെന്നില്ല. 

 

സാഹചര്യങ്ങൾ നമ്മെ നയിക്കുന്ന വഴിയുണ്ട്. ഒപ്പം നമ്മൾ സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ നമ്മെ എത്തിക്കുന്ന വഴികളുമുണ്ട്. വിജയത്തിന്റെ അത്തരം വഴികൾ സ്വയം സൃഷ്ടിച്ച പ്രതീപിനെപ്പോലുള്ളവരെയാണ്, മത്സരപ്പരീക്ഷകൾക്കു തയാറെടുക്കുന്നവർ മാതൃകയാക്കേണ്ടത്. 

 

Content Summary : Column Vijayatheerangal By G Vijayaraghavan - Success Story Of Pratheep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com