ADVERTISEMENT

ലോക്‌ഡൗൺ കാലത്തേക്കാൾ ജീവിതത്തിനു വേഗം കൂടി. ഇതു നമ്മുടെ സമയം പങ്കിട്ടെടുക്കുന്നുണ്ട്. ലഭ്യമാകുന്ന സമയത്തെ പഠനത്തിനും പരിശീലനത്തിനും ഉപയോഗിക്കുന്നതെങ്ങനെ എന്ന പ്ലാനാണു വേണ്ടത്. ഓരോരുത്തരുടെയും സാഹചര്യവും സമയലഭ്യതയും വ്യത്യസ്തമായിരിക്കും. അതനുസരിച്ചു പഠനാസൂത്രണവും വ്യത്യാസപ്പെടും. ഏതു തരത്തിലായാലും, ആസൂത്രണത്തോടെ പഠിക്കുന്നവരേ മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടാറുള്ളൂ എന്നറിയുക. 

പൊതുവായ പ്ലാൻ 

∙രാവിലെ 5.30 നോ ആറു മണിക്കകമോ എഴുന്നേൽക്കുക. 

∙സാധിക്കുമെങ്കിൽ രാവിലെ ഒരു മണിക്കൂറെങ്കിലും പഠനത്തിനു മാറ്റിവയ്ക്കുക. കൂടുതൽ വേഗത്തിൽ കാര്യങ്ങൾ ഗ്രഹിക്കാൻ ഈ സമയം സഹായിക്കും. മെമ്മറി ട്രിക്സ് പോലുള്ള കാര്യങ്ങൾ ഈ സമയത്തു പരിശീലിക്കാവുന്നതാണ്. 

∙പത്രങ്ങൾ വായിച്ച് ഏറ്റവും പുതിയ വിവരങ്ങൾ മനസ്സിലാക്കുക. സിലബസുമായി ബന്ധപ്പെട്ട പുതിയ അറിവുകൾ ഡയറിയിൽ കുറിച്ചുവയ്ക്കുന്നതു നല്ലതാണ്. 

∙ജോലിക്കോ മറ്റു പഠനത്തിനോ പോകാത്തവർക്കു രാവിലെ 9 മുതൽ 1 മണിവരെ പഠനത്തിനു ലഭിക്കുന്ന വലിയ സമയമാണ്. സിലബസിൽ ഏറ്റവും കൂടുതൽ മാർക്കുള്ള വിഷയങ്ങളിൽ മൂന്നെണ്ണമെങ്കിലും ഊഴം വച്ചു പഠിക്കാൻ ഈ സമയം വിനിയോഗിക്കാം. ഒരു മണിക്കൂറിൽ കൂടുതൽ ഒരു വിഷയവും പഠിക്കേണ്ട. 

∙വീട്ടിലാണെങ്കിൽ, ഉച്ചയൂണു കഴിഞ്ഞ് പരമാവധി ഒരു മണിക്കൂർ വിശ്രമിക്കാം. 

∙4 മണിയോടെ വീണ്ടും പഠനമുറിയിലേക്ക്. സാധ്യമാകുമെങ്കിൽ കംബൈൻഡ് സ്റ്റഡിക്ക് ഈ സമയം മാറ്റിവയ്ക്കാം. വീട്ടിലുള്ള കുട്ടികളോട് അവരുടെ ടെക്സ്റ്റ് ബുക്കിലെ ചോദ്യങ്ങൾ ചോദിപ്പിച്ചു പഠിക്കുന്ന രീതിയും പരീക്ഷിക്കാം. 

∙ചായകുടി പഠനത്തിനൊപ്പമാകട്ടെ. 

∙രാത്രി 7 മുതൽ 10 വരെ മാതൃകാപരീക്ഷകൾക്കും മുൻകാല ചോദ്യ പേപ്പറുകൾ എഴുതിപ്പഠിക്കാനുമുള്ള സമയമാക്കാം. ഒഎംആർ രീതിയിൽത്തന്നെ മാതൃകാപരീക്ഷകൾ ചെയ്തുപഠിക്കണം. സ്വയം സമയനിയന്ത്രണവും വയ്ക്കണം. മാതൃകാപരീക്ഷകളുടെ മാർക്ക് നോക്കിയിട്ടു കിടക്കാമെന്നു വിചാരിക്കരുത്. എല്ലാ പരീക്ഷയിലും ഉയർന്ന മാർക്ക് കിട്ടണമെന്നില്ല. രാവിലെ എഴുന്നേറ്റു ശാന്തമായി മാത്രം ഈ മാർക്ക് നോക്കുക. എന്തൊക്കെ തെറ്റുകൾ വന്നു എന്നും എവിടെയൊക്കെ പിഴച്ചു എന്നും തിരിച്ചറിഞ്ഞു പഠനം ക്രമീകരിക്കുക. 

∙11 മണിയോടെ ഉറക്കത്തിലേക്ക്. 

∙വാരാന്ത്യങ്ങൾ ഗ്രൂപ് സ്റ്റഡിക്കു മാറ്റിവയ്ക്കാം. അതിനു താൽപര്യമില്ലെങ്കിൽ, തൊട്ടുമുൻപത്തെ ആഴ്ച പഠിച്ചതിന്റെ റിവിഷനാകാം. 

career-channel-expert-mansoorali-kappungal-psc-coach
മൻസൂർ അലി കാപ്പുങ്ങൽ

∙ജോലിക്കോ മറ്റു പഠനങ്ങൾക്കോ പോകുന്നവർക്കു രാത്രി കൂടുതൽ പഠനസമയം കണ്ടെത്താം. രാത്രി 8 മുതൽ 11 വരെ വിഷയം തിരിച്ച് ഊഴംവച്ചു പഠിക്കുക. ദിവസം ഒരു മാതൃകാപരീക്ഷയെങ്കിലും എഴുതുക. അവധിദിവസങ്ങളിലും വാരാന്ത്യങ്ങളിലും പഠനത്തിനു കൂടുതൽ സമയം മാറ്റിവയ്ക്കാൻ ശ്രദ്ധിക്കണം. പരീക്ഷയോടടുപ്പിച്ച് അവധിയെടുത്തു പരിശീലിക്കാൻ സാധിക്കുമെങ്കിൽ അതും പ്രയോജനപ്പെടും. 

∙മുറിക്കുള്ളിൽ വർഷങ്ങൾ, പിരിയോഡിക് ടേബിൾ, പ്രധാന തീയതികൾ തുടങ്ങിയവ ചാർട്ടായി എഴുതിവച്ച് നിരന്തരം പഠിക്കുക. 

∙ഒരു ദിവസം ഒരു സംസ്ഥാനത്തെയോ ജില്ലയെയോ സംബന്ധിച്ച പത്തോ ഇരുപതോ കാര്യങ്ങൾ പഠിക്കുക. ഇതിന്റെ എണ്ണം കൂട്ടിക്കൊണ്ടുവരികയും ചെയ്യാം. 

വിശ്രമവും വിനോദവും 

∙ഈ ഷെഡ്യൂൾ പ്രകാരം, വീട്ടിലിരുന്നു പഠിക്കുന്നവർക്കു ശരാശരി 8 മണിക്കൂറെങ്കിലും ഒരു ദിവസം കിട്ടുന്നുണ്ട്. രാത്രി 8 മണിക്കൂർവരെ ഉറങ്ങിയാലും 8 മണിക്കൂറോളം ബാക്കിയാണ്. ആവശ്യത്തിനു വിശ്രമത്തിനും ഇഷ്ടപ്പെട്ട കാര്യങ്ങൾക്കും സമയമുണ്ടെന്നർഥം. 

∙ജോലിക്കും മറ്റു പഠനങ്ങൾക്കും പോകുന്നവർക്കു കഠിനമായി ശ്രമിച്ചാലും ദിവസം 5 മണിക്കൂറിലധികം പഠിക്കാൻ ലഭിക്കുന്നില്ല. രാത്രി വൈകി പഠിക്കാൻ സാധിക്കുന്നവർക്ക് അങ്ങനെ കുറച്ചുകൂടി സമയം കണ്ടെത്താം. ആവശ്യത്തിനു വിശ്രമമില്ലാതെ പഠിക്കുന്നത് ആരോഗ്യത്തെ ബാധിക്കാതെ നോക്കുകയും വേണം. 

∙ഫോൺ, ടിവി, വീട്ടുകാരുമായി സംസാരിച്ചിരിക്കൽ, ഭക്ഷണം എന്നിങ്ങനെ കുറേ സമയം മാറ്റിവയ്ക്കേണ്ടതുണ്ട്. ഫോണിലെ മെസേജുകൾ നോക്കാനും വിവരങ്ങൾ കൈമാറാനും സമൂഹമാധ്യമങ്ങളിൽ ചെലവഴിക്കാനുമൊക്കെ പഠനശേഷമുള്ള ഇടവേളകളിലും വൈകുന്നേരവുമൊക്കെ സമയം കണ്ടെത്താം. രാത്രി കിടക്കുംമുൻപു മെസേജുകൾ ഒരിക്കൽക്കൂടി നോക്കി ഉറങ്ങാൻ പോകാം. 

പഠനസാങ്കേതികവിദ്യ 

∙പഠനസമയം ക്രമീകരിച്ച് മൊബൈലിൽ അലാം സെറ്റ് ചെയ്തുവയ്ക്കുക. പഠിക്കാനുള്ള കുറിപ്പുകളും മെമ്മറി ട്രിക്സും മറ്റും മൊബൈലിൽത്തന്നെ സേവ് ചെയ്തുവയ്ക്കാം. ഇടയ്ക്കിടെ എടുത്തുനോക്കുകയും യാത്രാവേളയിൽപോലും പ്രയോജനപ്പെടുത്തുകയുമാകാം. 

∙ഗ്രൂപ് കോൾ പോലുള്ള സൗകര്യങ്ങൾ പഠനത്തിനു പ്രയോജനപ്പെടുത്താവുന്നതാണ്. 

∙എളുപ്പത്തിൽ പഠിക്കാനും ഓർത്തുവയ്ക്കാനും സഹായിക്കുന്ന വിഡിയോകൾ മൊബൈലിൽ സേവ് ചെയ്തുവയ്ക്കാം. 

∙കേട്ടുപഠിക്കാൻ സാധിക്കുന്ന ഓഡിയോ ക്ലാസുകളും ഉപയോഗപ്പെടുത്താം. 

(പ്രശസ്തനായ പിഎസ്‌സി പരീക്ഷാപരിശീലകനാണു ലേഖകൻ) 

(മലയാള മനോരമ തൊഴിൽവീഥിയുടെ 2022 ലെ ‘കരിയർ പ്ലാനർ’ ഇൻഫോ ഡയറിയിൽനിന്ന്. ദിവസവിശേഷങ്ങൾ, കേരളത്തിലെ ആദ്യസംഭവങ്ങൾ, കേരളത്തിലെ ജില്ലകൾ, രാജ്യത്തെ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ സമ്പൂർണവിവരം, പിഎസ്‌സി പരീക്ഷാ തയാറെടുപ്പുകൾക്കു സഹായകമായ ക്യുആർ കോഡ് പാഠങ്ങൾ, മോട്ടിവേഷനൽ കുറിപ്പുകൾ തുടങ്ങി ഒട്ടേറെ അറിവനുഭവങ്ങൾ ഉൾപ്പെട്ടതാണ് ‘കരിയർ പ്ലാനർ’. ഇപ്പോൾ തൊഴിൽവീഥി വരിക്കാരാകുന്നവർക്കു ‘കരിയർ പ്ലാനർ’ സൗജന്യം

thozhilveedhi-career-plus-article-image

 

Content Summary : Kerala PSC Exam Preparation Tips and Strategies by Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com