ADVERTISEMENT

ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിലുള്ള ജീവനക്കാരില്‍ 40 ശതമാനത്തിനടുത്ത് ഈ വര്‍ഷം നിലവിലെ തൊഴിലിടങ്ങള്‍ വിട്ട് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ സാധ്യതയുണ്ടെന്ന് സര്‍വേ. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നതാണ് ഈ നിരക്കെന്ന് ക്വാള്‍ട്രിക്‌സ് 2022 എംപ്ലോയീ എക്‌സ്പീരിയന്‍സ് ട്രെന്‍ഡ്‌സ് സര്‍വേ റിപ്പോര്‍ട്ട് (Qualtrics 2022 Employee Experience Trends Report) ചൂണ്ടിക്കാട്ടുന്നു.

 

സര്‍വേയില്‍ പങ്കെടുത്തവരില്‍ 89 ശതമാനവും തൊഴിലിടങ്ങളിലെ ക്ഷേമത്തെക്കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും 62 ശതമാനം പേര്‍ മാത്രമേ ഇതേ സ്ഥാപനത്തില്‍ അടുത്ത 12 മാസം തുടരുമെന്ന് പ്രതികരിച്ചുള്ളൂ. ടയര്‍-2, ടയര്‍-3 നഗരങ്ങള്‍ പുതിയ റിക്രൂട്ട്‌മെന്റുകള്‍ക്കുള്ള ടാലന്റ് ഹബുകളായി ഉയര്‍ന്നു വരികയാണെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. നല്ല ജീവനക്കാരെ ആകര്‍ഷിക്കാനും പിടിച്ചു നിര്‍ത്താനും നല്ലൊരു തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് സര്‍വേ നിര്‍ദ്ദേശിച്ചു.

 

സ്ഥാപനങ്ങള്‍ ഹൈബ്രിഡ് തൊഴില്‍ നയങ്ങള്‍ പിന്തുടരേണ്ടതിന്‍റെ പ്രാധാന്യവും സര്‍വേ ഓര്‍മ്മിപ്പിക്കുന്നു. മുന്‍പത്തെ പോലെ മുഴുവന്‍ സമയവും ഓഫീസിലെത്തണമെന്ന നിബന്ധന വച്ചാല്‍ പുതിയ ജോലി നോക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം പേരും പറഞ്ഞു. ആഗോള ശരാശരിയായ 35 ശതമാനത്തിന്‍റെ ഇരട്ടിയോളമാണ് ഇത്. മൂന്ന് ദിവസം വര്‍ക്ക് ഫ്രം ഹോം, രണ്ട് ദിവസം ഓഫീസ് എന്നതാണ് പല ജീവനക്കാര്‍ക്കും പ്രിയപ്പെട്ട ഹൈബ്രിഡ് തൊഴില്‍ സംവിധാനം. നാലു ദിവസം വര്‍ക്ക് ഫ്രം ഹോമും ഒരു ദിവസം ഓഫീസും ആവശ്യപ്പെടുന്നവരും കുറവല്ല. 

 

ഹൈബ്രിഡ് തൊഴില്‍ സങ്കല്‍പ്പങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ വേണ്ടി ജീവനക്കാര്‍ക്ക് ഒരുക്കുന്ന സാങ്കേതിക വിദ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും സര്‍വേ ശുപാര്‍ശ ചെയ്യുന്നു. ഇപ്പോള്‍ നല്‍കുന്ന സാങ്കേതിക സൗകര്യങ്ങള്‍ തങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമാണെന്ന് 54 ശതമാനം പേരും അഭിപ്രായപ്പെട്ടു. 2021 ഓഗസ്റ്റ്-ഡിസംബര്‍ കാലഘട്ടത്തില്‍ 18 വയസ്സിന് മുകളിലുള്ള 1024 പേരെ ഉള്‍ക്കൊള്ളിച്ചാണ് സര്‍വേ നടത്തിയത്. വിവിധ വ്യവസായങ്ങളിലായി മുഴുവന്‍ സമയ ജോലി ചെയ്തിരുന്നവരാണ് ഇവര്‍.

 

Content Summary : 40% of workers in India could switch jobs this year : Qualtrics 2022 Employee Experience Trends Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com