ADVERTISEMENT

പുതിയ ഐടി ഇടനാഴികൾ, കണ്ണൂരിൽ ഐടി പാർക്ക്, 20 സാറ്റലൈറ്റ് ഐടി പാർക്കുകൾ, 2 ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ... സംസ്ഥാന ബജറ്റിൽ ഐടി മേഖലയുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങളാണിത്. കോവിഡ് കാലത്തും കേരളത്തിന്റെ ഐടി മേഖല കുതിക്കുകയായിരുന്നു. വർക് ഫ്രം ഹോം എന്ന പുതിയ തൊഴിൽ സംസ്കാരം രൂപപ്പെടുന്നതിനൊപ്പം തൊഴിലവസരങ്ങളും വർധിച്ചു. ഇതു വിദ്യാഭ്യാസ മേഖലയിലും പ്രതിഫലിക്കുന്നുണ്ട്. കുറച്ചു വർഷങ്ങളായി എൻജിനീയറിങ്ങിന് ഉയർന്ന റാങ്കുള്ള കുട്ടികളുടെ ചോയ്സ് കംപ്യൂട്ടർ സയൻസാണ്. ഐടി മേഖലയിലെ തൊഴിലവസരങ്ങളെക്കുറിച്ചും വേണ്ട കഴിവുകളെക്കുറിച്ചും കേരള ഐടി പാർക്സ് സിഇഒ ജോൺ     എം.തോമസ്  സംസാരിക്കുന്നു.

 

സോഫ്റ്റ്‍വെയർ കയറ്റുമതി വർധിക്കുന്നതനുസരിച്ചു ജോലി സാധ്യത സൃഷ്ടിക്കപ്പെടുന്നുണ്ടോ. കേരളത്തിലെ ഐടി പാർക്കുകൾ വളരുകയാണ്. വലിയ കമ്പനികൾ എത്തുന്നു. സജീവമായ സ്റ്റാർട്ടപ് അന്തരീക്ഷവും നിലനിൽക്കുന്നു. ഇതിനു സമാന്തരമായി ഇവിടെയുള്ള ചെറിയ കമ്പനികളും വളരുന്നു. അതിനാൽ തൊഴിലവസരങ്ങൾ വർധിക്കും എന്നതിൽ സംശയമില്ല.

 

എന്നാൽ, വൈദഗ്ധ്യമുള്ള ആളുകളെ കമ്പനികൾക്കു ലഭിക്കുന്നില്ല എന്നതു യാഥാർഥ്യമാണ്. എൻട്രി ലവലിൽ മാത്രമല്ല, കമ്പനികളിലെ ഉയർന്ന തസ്തികകളിലേക്കും ആവശ്യത്തിനു നൈപുണ്യമുള്ള ആളുകളെ ലഭിക്കുന്നില്ല.

career-guru-kerala-it-parks-ceo-john-m-thomas

 

നൈപുണ്യം വേണ്ട മേഖലകൾ.

വളർച്ചയുള്ള മേഖലകൾ കണ്ടെത്തി അതിനനുസരിച്ചു തയാറെടുക്കുക എന്നതാണു പ്രധാനം. ബിഗ് ഡേറ്റ, ഡേറ്റ അനലിറ്റിക്സ്, മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ പരിചയസമ്പത്തും വൈദഗ്ധ്യ വുമുള്ള ആളുകളില്ല. ലോകം മുഴുവൻ ഇത്തരമൊരു പ്രതിസന്ധിയുണ്ട്. നമ്മുടെ നാട്ടിൽ അൽപം കൂടുതലാണെന്നു മാത്രം. ആശയവിനിമയ ശേഷിയിലും നമ്മുടെ കുട്ടികൾ ഇനിയും മുന്നേറാനുണ്ട്.

 

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത മാത്രം പോരെന്നാണോ.

ഉദ്യോഗാർഥിയുടെ മനോഭാവമാണ് (ആറ്റിറ്റ്യൂഡ്) പ്രധാനം. സ്കൂളിൽ ഒരു പ്രോജക്ട് ചെയ്യുന്നതു പോലും പ്രവൃത്തിപരിചയമാകും. ഫ്രീലാൻസായി ചെയ്യുന്ന ഒട്ടേറെ ഗിഗ് ഇക്കണോമി ജോലികൾ ലഭ്യമാണ്. ഗൂഗിളും മൈക്രോസോഫ്റ്റും ഉൾപ്പെടയുള്ളവർ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. സ്റ്റാർട്ടപ് മിഷൻ പോലെയുള്ളവ നടത്തുന്ന ഹാക്കത്തണിൽ നിന്നു കമ്പനികൾ വരെ പിറവിയെടുക്കുന്നു. കുറഞ്ഞപക്ഷം അതിൽ പങ്കെടുക്കാനെങ്കിലും മനസ്സുകാണിക്കാം. മികച്ച മനോഭാവമുള്ള ഒരു വിദ്യാർഥി ഇത്തരം അവസരങ്ങൾ തേടിപ്പിടിക്കും. ജോലിക്കായുള്ള മത്സരത്തിൽ ഇതു മുൻതൂക്കം നൽകും. പോരാടാനുള്ള മനോഭാവമുള്ളവർ ഉയരങ്ങളിലെത്തുമെന്നു കമ്പനികൾക്കറിയാം.

 

ഐടി വളർച്ച മറ്റു മേഖലകളിൽ എങ്ങനെ സ്വാധീനിക്കും.

ഇൻഡസ്ട്രി 4.0യിൽ വേണ്ടതു മൾട്ടിഡിസിപ്ലിനറി സ്കില്ലുകളാണ്. മനുഷ്യനും യന്ത്രവും തമ്മിലുള്ള അന്തരം കുറയ്ക്കുന്ന സാങ്കേതികവിദ്യയാണു വരുന്നത്. മെക്കട്രോണിക്സും ഇൻസ്ട്രുമെന്റേഷനുമൊക്കെ ചേർന്നാണ് ഇന്റർനെറ്റ് ഓഫ് തിങ്സ് രൂപപ്പെടുന്നത്. ബയോ ടെക്നോളജിയിൽ വലിയ കുതിച്ചുചാട്ടം നടക്കുന്നു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഐടി തുടങ്ങിയവ ചേർന്നാ‍ൽ മാത്രമേ റോബട്ടിക്സ് എന്ന മേഖലയുണ്ടാകൂ. വിദ്യാർഥികൾ ഇതു തിരിച്ചറിഞ്ഞു കഴിവുകൾ ആർജിക്കുക എന്നതാണു പ്രധാനം.

 

വർക് ഫ്രം ഹോമിന്റെ കാലമാണല്ലോ

ഉൽപാദനക്ഷമതയിൽ കുറവൊന്നും വരാതെ വർക് ഫ്രം ഹോം നടപ്പാക്കാമെന്നു കോവിഡ് കാലം തെളിയിച്ചു. വീട്ടിലെ ഉത്തരവാദിത്തങ്ങൾ കാരണം ജോലി ഉപേക്ഷിക്കേണ്ടി വന്നവർക്കും വർക് ഫ്രം ഹോം പ്രയോജനപ്പെട്ടു. ഭിന്നശേഷിക്കാർക്കും സൗകര്യപ്രദമാണ്. യാത്രകൾ കുറയുന്നതു പ്രകൃതിക്കു ഗുണകരമായി. വലിയ നഗരങ്ങളിലുള്ള കമ്പനികൾക്കായി ലോകത്ത് എവിടെയിരുന്നും ജോലി ചെയ്യാമെന്നതിനാൽ വികേന്ദ്രീകൃത വികസനത്തിനും വഴി തെളിയുന്നു. എന്നാൽ, മടിപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഓഫിസ് ജോലിക്കൊപ്പം വീട്ടിലെ ജോലികൾക്കും കുറവില്ലാത്ത സാഹചര്യമുണ്ട്. സ്ത്രീകളെയാണ് ഇതു കൂടുതൽ ബാധിച്ചത്. വർക് ഫ്രം ഹോമും ഓഫിസ് ജോലിയും ചേർന്ന ഹൈബ്രിഡ് സംവിധാനമാണ് വേണ്ടതെന്നു തോന്നുന്നു.

 

Content Summary: Interview With Kerala IT Park CEO John M Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com