ADVERTISEMENT

തന്റെ ഡ്രൈവറുടെ ബുദ്ധിയെക്കുറിച്ചോർത്ത് ആദ്യം അഭിമാനിക്കുകയും പിന്നെ അതോർത്ത് ഞെട്ടുകയും ചെയ്ത അനുഭവ കഥയാണ് ഹമീദ്ഷാ ഷാഹുദ്ദീൻ പങ്കുവയ്ക്കുന്നത്. അയാൾ ചെയ്ത വലിയൊരു അബദ്ധത്തെക്കുറിച്ച് വളരെ ലാഘവത്തോടെ ഡ്രൈവർ തന്നോടു വിശദീകരിച്ച കഥ ഹമീദ്ഷാ പങ്കുവയ്ക്കുന്നതിങ്ങനെ...

അബുദാബി നാഷനൽ ഓയിൽ കമ്പനിയുടെ (ADNOC) ആശുപത്രിയിൽ ബയോമെഡിക്കൽ എൻജിനീയർ ആയി 14 കൊല്ലം ഞാൻ ജോലി ചെയ്തത് റുവൈസ് എന്ന സ്ഥലത്താണ്. കുറെയേറെ പ്രത്യേകതകളുള്ള സ്ഥലമാണിത്. യുഎഇ എന്ന രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത നിലനിർത്തുന്ന എല്ലാ വ്യാവസായിക കാര്യങ്ങളും നടക്കുന്ന സ്ഥലം. ക്രൂഡ് ഓയിൽ ഖനനം, ശുചീകരണം, വാണിജ്യം എല്ലാം പ്രധാനമായും നടക്കുന്നത് റുവൈസുമായി ബന്ധപ്പെട്ടാണ്. രാജ്യത്തിന്റെ തലസ്ഥാനവും ഏറ്റവുമടുത്തുള്ള പട്ടണവുമായ അബുദാബിക്ക് റുവൈസിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ ദൂരമുണ്ട്. എന്നാൽ സൗദി അറേബ്യയുടെ ബോർഡറിലേക്കു കേവലം 110 കിലോമീറ്ററുകൾ മാത്രം ദൂരമേയുള്ളൂ. ഇപ്പോൾ അബുദാബി മുതൽ സൗദി ബോർഡർ വരെ പുതുക്കിപ്പണിത 8 വരി പാത (4 അങ്ങോട്ടും 4 എതിർ ദിശക്കും ) വന്നതിനാൽ ഡ്രൈവിങ് വളരെ സുഖമാണ്. എന്നാൽ 2015 ന് മുൻപുവരെ അവസ്ഥ അത്ര നല്ലതല്ലായിരുന്നു. സൗദി, ഖത്തർ അടക്കം മറ്റ് അയൽ രാജ്യങ്ങളിലേക്കുള്ള ട്രക്കുകൾ റോഡ് വാണിരുന്ന കാലം. 

ആ കാലയളവിൽ വണ്ടി ഓടിച്ച് അബുദാബിയിലോ ദുബായിലോ പോകാൻ വല്യ പേടിയായിരുന്നു. പലപ്പോഴും ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി അബുദാബിയിൽ പോയിരുന്നത് ആശുപത്രി വക വാഹനത്തിലായിരുന്നു. 

ഒരു ട്രാൻസ്‌പോർട്ട് കോൺട്രാക്ടിങ് കമ്പനി വഴിയാണ് ആംബുലൻസ്, മറ്റ് വാഹനങ്ങൾ എന്നിവ ഓടിക്കാനുള്ള ഡ്രൈവേഴ്സിനെ ആശുപത്രിയിൽ ഏർപ്പാടാക്കിയിട്ടുള്ളത്. കൂടുതലും പാക്കിസ്ഥാനികൾ ആയിരുന്നു ഡ്രൈവർമാരായി ആദ്യമൊക്കെ ജോലി ചെയ്തിരുന്നത്. ഇപ്പോൾ തുല്യ അളവിൽ മലയാളികളും ഉണ്ട്. 

പാക്കിസ്ഥാനി ഡ്രൈവർമാരെക്കൊണ്ടുള്ള ആകെ ഒരു കുഴപ്പം ഇവിടന്ന് യാത്ര തുടങ്ങിയാൽ അങ്ങ് അബുദാബി എത്തുന്നത് വരെയും നമ്മളോട് സംസാരിച്ചുകൊണ്ടിരിക്കും. അവിടെ നമ്മൾ ഇറങ്ങാൻ നേരത്ത് അവർ പറയും. ഹമീദ് ഭായി ഒന്ന് മിസ് കോൾ ചെയ്യാമോ? ആവശ്യം വന്നാൽ തിരിച്ചു വിളിക്കാനാണ്. എന്നുവച്ചാൽ നമ്പർ മൊബൈലിൽ സേവ് ചെയ്യുന്ന ശീലം അവർക്കില്ല. 

ഒരുദിവസം രാവിലെ ഏഴുമണിക്ക് എന്നെക്കൂട്ടി അബുദാബിക്ക് പോകാൻ വണ്ടിയുമായി ഞാൻ താമസിക്കുന്ന വീടിനു താഴെയെത്തിയത് പതിവുപോലെ ഒരു പാക്കിസ്ഥാനി സുഹൃത്തായിരുന്നു. 2007 ൽ ആണെന്നാണ് ഓർമ്മ. ഞങ്ങൾ പുറപ്പെട്ടു ഏകദേശം പകുതി ദൂരം പിന്നിട്ട് താരിഫ് എന്ന സ്ഥലത്തെത്തിയപ്പോൾ വിജനമായ ഒരു സ്ഥലത്ത് ഇദ്ദേഹം വണ്ടി റോഡരികിൽ നിർത്തി. ഉടനെ വരാമെന്ന് എന്നോട് പറഞ്ഞിട്ട് അയാൾ വണ്ടിയിൽ നിന്ന് ഇറങ്ങിപ്പോയി. ഞാൻ കരുതി മൂത്രമൊഴിക്കാൻ പോയതാകുമെന്ന്.

പക്ഷേ അയാൾ നേരെ പോയത്‌ അവിടെ റോഡരികിലുള്ള ഒരു മൈൽക്കുറ്റിയുടെ അടുത്തേക്കാണ്. കൈയിലുണ്ടാ യിരുന്ന ഒരു കുഞ്ഞ് പൊതി അയാൾ ആ മൈൽക്കുറ്റിയുടെ ചുവട്ടിൽ കുഴിച്ചിട്ടു. എന്നിട്ട് വീണ്ടും വന്ന് വണ്ടിയിൽ കയറി. ഞങ്ങൾ യാത്ര തുടർന്നു. ആകാംക്ഷ അടക്കാനാകാത്തതിനാൽ ഞാൻ ചോദിച്ചു. എന്താ അവിടെ കുഴിച്ചിട്ടത് ? അയാളുടെ ഒരു സുഹൃത്ത് താരിഫ് എന്ന ആ സ്ഥലത്തിനടുത്തു ജോലി ചെയ്യുന്നുണ്ടത്രേ. അയാൾ ഉച്ചകഴിഞ്ഞേ ഫ്രീ ആകൂ. അതുകൊണ്ടു അതവിടെ കുഴിച്ചിട്ടു. ഇനി അയാളെ വിളിച്ച് മൈൽക്കുറ്റിയുടെ നമ്പർ പറഞ്ഞ് കൊടുക്കുമ്പോൾ സൗകര്യം പോലെ അയാൾ വന്ന് എടുത്തോളും.

ഞാൻ ആലോചിച്ചു. ഹോ! നല്ല ഐഡിയ. നമ്മൾ മലയാളികൾക്കു പോലുമില്ല ഇത്രയും ഐഡിയകൾ. പാക്കിസ്ഥാൻകാരുടെ ബുദ്ധിയെ തെറ്റിദ്ധരിച്ചതിൽ ലേശം കുറ്റബോധവും തോന്നി. ഉടൻ തന്നെ അയാൾ ഫോൺ എടുത്ത് കൂട്ടുകാരനോട് പാഷ്തു ഭാഷയിൽ എന്തൊക്കെയോ പറയുന്നതു കേട്ടു. ഫോൺ സംഭാഷണം തീർന്നപ്പോൾ ഞാൻ അയാളോട് ചോദിച്ചു. എന്തായിരുന്നു കുഴിച്ചിട്ട പൊതിയിൽ ?

ഓ! അതോ... ആ കൂട്ടുകാരന്റെ പാസ്പോർട്ട്‌. ലാഘവത്തോടെയുള്ള അയാളുടെ ആ ഉത്തരം കേട്ട് ‘‘കുട്ടിമാമാ.. ഞാൻ ഞെട്ടിമാമാ’’

അവരുടെ ബുദ്ധിയെക്കുറിച്ചോർത്ത് കുറച്ചു മുൻപു തോന്നിയ കുറ്റബോധം അലിഞ്ഞു ഇല്ലാണ്ടാവുകയും ചെയ്തു. 

career-channel-work-experience-series-hamidsha-shahudeen-memoir-author-image
ഹമീദ്ഷാ ഷാഹുദ്ദീൻ

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - Hamidsha Shahudeen Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com