ADVERTISEMENT

ഇന്ത്യയില്‍ ഈ വര്‍ഷം ഏറ്റവുമധികം ശമ്പള വർധന ലഭിക്കാന്‍ പോകുന്നത് ലൈഫ് സയന്‍സസ്, ഐടി രംഗത്തെ ജീവനക്കാര്‍ക്കായിരിക്കുമെന്ന് ഡിലോയ്റ്റ് ഇന്ത്യ നടത്തിയ സര്‍വേ പ്രവചിക്കുന്നു. ഇന്ത്യയിലെ വിവിധ തൊഴില്‍ മേഖലകളിലായി ഈ വര്‍ഷം ശരാശരി 9.1 ശതമാനത്തിന്റെ വർധന ശമ്പളത്തില്‍ ഉണ്ടാകുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഇത് എട്ട് ശതമാനമായിരുന്നു. 

 

34 ശതമാനം സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാര്‍ക്ക് രണ്ടക്കത്തിലുള്ള ഇന്‍ക്രിമെന്റ് നടപ്പാക്കാനൊരുങ്ങുകയാണെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. 2021ല്‍ ഇത് 20 ശതമാനവും 2020ല്‍ ഇത് 12 ശതമാനവുമായിരുന്നു. ജൂനിയര്‍ മാനേജ്‌മെന്റ് തലത്തിലെ ജീവനക്കാര്‍ക്ക് 2022ല്‍ രണ്ടക്കത്തിലുളള ശമ്പള വർധന ലഭിക്കാമെന്നും സര്‍വേ പറയുന്നു. 

 

ഐടി, ലൈഫ് സയന്‍സസ് മേഖലയിലെ കമ്പനികള്‍ക്ക് പുറമേ ഫിന്‍ടെക്, ഐടി-ഉത്പന്ന കമ്പനികള്‍, ഡിജിറ്റല്‍-ഇകൊമേഴ്‌സ് കമ്പനികള്‍ തുടങ്ങിയവയിലും രണ്ടക്കത്തിലെ ശമ്പളവർധന ഈ വര്‍ഷം പ്രതീക്ഷിക്കാം. 92 ശതമാനം സ്ഥാപനങ്ങളും വ്യക്തിഗത പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിവിധ ജീവനക്കാര്‍ക്കുള്ള ശമ്പള വർധന നിരക്ക് തീരുമാനിക്കുകയെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ടോപ് പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്ക് ശരാശരി പ്രകടനക്കാരെ അപേക്ഷിച്ച് 1.7 മടങ്ങ് ശമ്പളവർധന ഉണ്ടായേക്കാം. പകുതിയിലധികം കമ്പനികളും മാനേജ്‌മെന്റ് തലത്തിന്റെ വ്യത്യാസം അനുസരിച്ച് ശമ്പള വർധനവിന്റെ നിരക്ക് തീരുമാനിച്ചേക്കാം. 

 

ഈ വര്‍ഷം പ്രമോഷന്‍ ലഭിക്കാവുന്ന ജീവനക്കാരുടെ എണ്ണം 12.4 ശതമാനമായി വർധിക്കാമെന്നും സര്‍വേ സൂചിപ്പിക്കുന്നു. 2021ല്‍ ഇത് 11.7 ശതമാനമായിരുന്നു. 90 ശതമാനത്തിലധികം സ്ഥാപനങ്ങളും 2022ല്‍ ബോണസ് നല്‍കാനും പദ്ധതിയിടുന്നതായി സര്‍വേ കൂട്ടിച്ചേര്‍ത്തു. 1994ന് ശേഷം ജനിച്ച ജനറേഷന്‍ Z ല്‍ പെട്ടവരാണ് വൈറ്റ് കോളര്‍ ജീവനക്കാരില്‍ 20 ശതമാനക്കാരെന്നും സര്‍വേ കണ്ടെത്തി. കമ്പനികളുടെ ആകെ തൊഴില്‍ ശേഷിയുടെ പകുതിയിലധികവും ഈ തലമുറയില്‍പ്പെട്ട മില്ലേനിയലുകളാണ്. ഏഴ് മേഖലകളിലും 27 ഉപമേഖലകളിലുമായി 450ഓളം സ്ഥാപനങ്ങള്‍ ഡിലോയ്റ്റ് ഇന്ത്യയുടെ ഈ സര്‍വേയില്‍ പങ്കാളികളായി. 

 

Content Summary: IT Sector Will Get Highest Salary Increase In This Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com