ADVERTISEMENT

പുറംമോടിയിൽ മയങ്ങിയതുകൊണ്ടു മാത്രം കരിയറിൽ ഒരു വലിയ അബദ്ധം സംഭവിച്ച അനുഭവം പങ്കുവയ്ക്കുകയാണ് കോർപറേറ്റ് ട്രെയിനറും ബിസിനസ് കോച്ചുമായ മുഹമ്മദ് സാദിഖ്. തന്റെ പ്രവാസ ജീവിതത്തിനിടയിൽ സംഭവിച്ച വലിയൊരു അമളിയെക്കുറിച്ച് മുഹമ്മദ് സാദിഖ് പറയുന്നു...

 

2003-2004 കാലഘട്ടം. ദുബായ് ഷെയ്ഖ് സായിദ് റോഡ് നാലാം ഇന്റർ ചേഞ്ചിന് സമീപം ഹൈഡ്രോ ടർഫ് ഇന്റർനാഷനൽ (Hydroturf International) എന്ന ബ്രിട്ടിഷ് കമ്പനിയിൽ വിപണന വിഭാഗത്തിൽ ജോലി ചെയ്യുന്ന അവസരം. ക്ലബ് കാർ (Club Car) എന്ന അമേരിക്കൻ ബ്രാൻഡ് ഗോൾഫ് കാറുകളാണ് വിൽപന നടത്തുന്ന ഉൽപന്നം. വോക് ഇൻ കസ്റ്റമർ ആയിരുന്നു എന്റെ പ്രഖ്യാപിത ലക്ഷ്യം. ആര്  അന്വേഷിച്ച് വന്നാലും അവരെക്കൊണ്ട് കാറുകൾ വാങ്ങിപ്പിക്കുക. ശമ്പളം കൂടാതെ ഓരോ വിൽപനയ്ക്കും എനിക്ക് കമ്മിഷൻ ലഭിക്കുന്ന ഇടപാട്.  രാവിലെ എട്ടു മുതൽ ഷോറൂമിൽ മഴ കാത്ത് നിൽക്കുന്ന വേഴാമ്പൽ പക്ഷിയെപ്പോലെ നിൽക്കാൻ തുടങ്ങും. ഓരോ ആളനക്കവും പ്രതീക്ഷയുടെ കൂമ്പാരം മനസ്സിൽ വാരി വിതറും.  

 

ഒരു ദിവസം രാവിലെ ടീഷർട്ടും ഷോർട്സും ധരിച്ച് ഒരു യുവാവ് ഷോറൂമിലെത്തി. അവസരം പാഴാക്കാതെ ഞാൻ മുമ്പിൽ പ്രത്യക്ഷനായി.  ഒറ്റ നോട്ടത്തിൽ ആളെ എനിക്കങ്ങ് പിടിച്ചില്ല. എന്നേക്കാൾ പൊക്കക്കുറവാണ് കക്ഷിക്ക്. വേഷവിധാനം ഒക്കെ കണ്ട് ഒരു സാമാന്യ മലയാളിക്ക് ഒരു ഫിലിപ്പിനോയോട് തോന്നുന്ന ഒരു അനിഷ്ടമൊക്കെ എനിക്കും തോന്നി.  സമയം കൊല്ലാൻ രാവിലെതന്നെ കയറി വന്നോളും ഓരോന്ന്, നിനക്കൊക്കെപ്പോയി വേറേ പണി നോക്കിക്കൂടേ എന്നൊക്കെയുള്ള ചിന്തകൾ എന്റെ മനസ്സിലേക്ക് വന്നു. വേറെ വഴിയില്ലാതെ അയാളോട് ഉൽപന്നം, വില, സേവനം, വാറന്റി തുടങ്ങിയ എല്ലാക്കാര്യങ്ങളും ഞാൻ വിശദീകരിക്കാൻ തുടങ്ങി.  പെട്ടെന്ന് തൂവെളള വസ്ത്രധാരിയായ ഒരു സ്വദേശി അറബി വില കൂടിയ ജർമൻ നിർമിത ആഡംബരക്കാറിൽ ഷോറൂം അങ്കണത്തിൽ പ്രത്യക്ഷപ്പെട്ടു. നല്ല ഒന്നാന്തരം ഇര, എന്റെ കയ്യിൽനിന്ന് എത്ര കാറുകൾ എപ്പോൾ വാങ്ങിയെന്ന് ചോദിച്ചാൽ മതി എന്നൊക്കെയുള്ള ചിന്തകളാൽ ഞാൻ മനസ്സിൽ ലഡു വിതരണം ചെയ്തു തുടങ്ങി. പ്രതീക്ഷകൾ മൊട്ടിട്ടു. കിട്ടാൻ പോകുന്ന സെയിൽസ് കമ്മിഷന്റെ ബാലൻസ് ഷീറ്റ് തയാറായി. ആഗതന്റെ ഓരോ അംഗവിക്ഷേപവും എന്നെ കോരിത്തരിപ്പിച്ചു കൊണ്ടിരുന്നു. കയ്യിലുള്ള ഫിലിപ്പിനോ ലുക്കുള്ള ഉപഭോക്താവിനെ നിഷ്കരുണം പാതി വഴിയിൽ ഉപേക്ഷിക്കുന്നത് തെറ്റാണെന്ന് അറിയാമായിരുന്നിട്ടും ജഗതി ശ്രീകുമാർ ജൂനിയർ മാൻഡ്രേക്കിൽ പറയുന്നതു പോലെ ഇൗ പണം വല്ലാത്ത മോഹിപ്പിക്കുന്ന വസ്തു തന്നെ. ഫിലിപ്പിനോ സ്തബ്ധനായി നോക്കി നിൽക്കെത്തന്നെ, പറക്കുന്ന അറബിപ്പക്ഷിയെ പിടിക്കാൻ തീരുമാനിച്ചു, കയറിപ്പിടിച്ചു എന്ന് ചുരുക്കം.  

 

തന്നെ പാതി വഴിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ എന്നെ നോക്കി ആദ്യത്തെ ഉപഭോക്താവ് എന്തെല്ലാം വികാരങ്ങളാണ് എനിക്കെതിരെ പ്രകടിപ്പിച്ചതെന്നു പറയാൻ പ്രയാസമാണ്.  അദ്ദേഹത്തിന്റെ മാന്യത കൊണ്ട് പൊട്ടിത്തെറിച്ചില്ല. തീർത്തും നിരാശനായി, കോപിഷ്ഠനായി, അസന്തുഷ്ടനായി, നിസ്സഹായനായി എന്തു ചെയ്യണം എന്നറിയാതെ നിൽക്കുന്ന ഉപഭോക്താവിനെ എന്റെ വകുപ്പു മാനേജർ തക്ക സമയത്തു പരിഗണിക്കാൻ സന്മനസ്സു കാണിച്ചത് എന്റെ മാത്രമല്ല, കമ്പനിയുടെ മൊത്തം ഭാഗ്യമാണ്. പിന്നീട് മാനേജർ അദ്ദേഹത്തെ കൂട്ടി ഓഫിസിലേക്ക് പോകുന്നത് ഇടം കണ്ണ് കൊണ്ട് ഞാൻ കാണുന്നുണ്ടായിരുന്നു.  

 

അറബി ഉപഭോക്താവിനെ സർവ ആദരവും അംഗീകാരവും കൊടുത്തു സ്വീകരിച്ച്, വിശദീകരണങ്ങൾ കൊടുത്ത്  ഒരു പഴയ വാഹനം വിൽക്കാൻ ശ്രമിച്ച എന്റെ ശ്രമം ഫലം കണ്ടു. എനിക്ക് കമ്മിഷൻ ഉറച്ചു, സമാധാനം ആയി. ഇവിടെ പാലുകാച്ച് അവിടെ കല്യാണം, തിരക്കോടു തിരക്ക്. ഞാൻ ഉപേക്ഷിച്ച ഉപഭോക്താവ് മാനേജരുടെ റൂമിൽ ചർച്ചയോടു ചർച്ച, മണിക്കൂറുകൾ നീണ്ട ചർച്ച.  ഉച്ചഭക്ഷണം പോലും കാബിനിൽത്തന്നെ. ഓഫിസ് അടയ്ക്കുന്ന സമയം വരെ ചർച്ച തുടർന്നു. 

 

ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയ ഫിലിപ്പിനോ ടൈപ്പ് കസ്റ്റമർ വളരെ സന്തുഷ്ടനായി പോകുന്നത് ഞാൻ കണ്ടു. പിന്നീട് മാനേജർ എന്നെ കാബിനിലേക്ക്‌ വിളിച്ച് അന്നത്തെ ദിവസത്തെപ്പറ്റി ചോദിച്ചു. രാവിലെ വന്ന കസ്റ്റമർക്ക് എന്നിൽനിന്ന് നേരിട്ട ദുരനുഭവം മാനേജർ വിശദീകരിച്ചു തന്നപ്പോൾ എനിക്കു ചെറിയ തോതിൽ ആശങ്ക ഉണ്ടായിരുന്നു. എന്നിട്ട് മാനേജർ എന്നോടു ചോദിച്ചു. ആ വന്ന കസ്റ്റമർ ആരായിരുന്നു എന്ന് അറിയാമോ?

 

career-channel-work-experience-series-muhammed-sadique-memoir
മുഹമ്മദ് സാദിഖ്

‌ഞാൻ : ഇല്ല

 

മാനേജർ:  അത് ലോകത്തെ ഏറ്റവും വലിയ പണക്കാരിൽ പെട്ട ബ്രൂണെ സുൽത്താന്റെ സഹോദരൻ ആണ്. അദ്ദേഹം എന്താണു വാങ്ങിയത് എന്നറിയുമോ?

 

ഞാൻ: ഇല്ല

 

മാനേജർ: രാജ്യ തലസ്ഥാനത്ത് പുതുതായി തുടങ്ങാൻ പോവുന്ന ഗോൾഫ് കോഴ്സിന് വേണ്ടി 250 പുതുപുത്തൻ ഗോൾഫ് കാറുകൾക്ക് ഓർഡർ ഉറപ്പിച്ചിട്ടാണ് അദ്ദേഹം ഇവിടെനിന്ന് ഇറങ്ങിപ്പോയത്. കണ്ണിൽനിന്നു പൊന്നീച്ച പാറുക എന്നു പറയുന്നത് കേൾക്കുക മാത്രമേ അതുവരെ ചെയ്തിട്ടുള്ളൂ. അന്നത് ഞാൻ കണ്ടു.

 

ഇപ്പോൾ ഗൾഫ് ജോലി മതിയാക്കി നാട്ടിൽ കോർപറേറ്റ് ട്രെയിനർ ആയി ഇന്ത്യയിലെയും വിദേശത്തെയും വൻകിട കമ്പനികളുടെ എക്സിക്യൂട്ടീവ് മാനേജർമാർക്ക് പരിശീലനം കൊടുക്കുമ്പോൾ ‘‘A customer is the most important visitor on our premises. He is not dependent on us. We are dependent on him. He is not an interruption on our work. He is the purpose of it. He is not an outsider on our business. He is part of it. We are not doing him a favor by serving him. He is doing us a favor by giving us an opportunity to do so’’. – Mahatma Gandhi എന്നു കൂടി പഠിപ്പിച്ചു കൊടുക്കാറുണ്ട്. ഉപഭോക്താവിനെ എങ്ങനെ സമീപിക്കണം എന്ന്  ലോകം മുഴുവൻ അന്നും ഇന്നും എന്നും ഉരുവിട്ടു കൊണ്ടിരിക്കുന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ.

 

ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തി വിഡ്ഢി ആവരുത് എന്നും പറയാറുണ്ട്.  പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒന്നു കൂടി  ഉറപ്പിക്കാൻ മുകളിൽ പറഞ്ഞ  ബിസിനസ് സ്റ്റോറിയും കൂടി പറഞ്ഞു കൊടുക്കും. കഥയിലെ പ്രതിനായക വേഷം എന്റേതാണെങ്കിൽ കൂടി

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Career Guru Work Experience Series - Muhammed Sadique Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com