അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ ചിലപ്പോഴൊക്കെ ഓർക്കാനേറെയിഷ്ടമുള്ള ഓർമകളിലേക്കു കൂട്ടിക്കൊണ്ടു പോകാറുണ്ട്. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് ദോഹയിൽ ജോലിചെയ്യുന്ന അനസ്. തിരക്കു പിടിച്ച പട്ടണജീവിതത്തിനിടയിൽ സംഭവിച്ച ഒരു ബസ്‌യാത്ര ഗൃഹാതുരമായ ഓർമകളിലേക്കു തന്നെ കൂട്ടിക്കൊണ്ട് പോയതിനെക്കുറിച്ച് അനസ് പറയുന്നു...
ഡൽഹിയിലെയും മുംബൈയിലെയും ചെന്നൈയിലെയും കൊച്ചിയിലെയും ഒക്കെ വെപ്രാളം തുളുമ്പുന്ന പ്രഭാതത്തെക്കുറിച്ചും ജോലിക്കു പോകുമ്പോഴും വരുമ്പോഴുമുള്ള തിരക്കിനെക്കുറിച്ചും കേട്ടിട്ടുണ്ടെങ്കിലും പ്രവാസിയായതിൽപ്പിന്നെയാണ് അതനുഭവിച്ചറിയാനായത്. ജോലിക്ക് പോകുന്നതും വരുന്നതും മെട്രോയിലാക്കിയ ശേഷമാണ് ഈ തിരക്ക്. ആറേകാലിന്റെ മെട്രോ പിടിക്കാനുള്ള ഓട്ടം. മുഷരിബ് സ്റ്റേഷൻ എത്തിയാൽ ചാടിയിറങ്ങി അടുത്ത ഗ്രീൻ ലൈൻ മാറി കയറാനുള്ള ഓട്ടം. എയർപോർട്ട് സ്റ്റേഷൻ എത്തിയാൽ ഓഫിസ് ലക്ഷ്യമാക്കി സമയത്ത് പഞ്ച് ചെയ്യാനുള്ള ഓട്ടം. വൈകുന്നേരവും തഥൈവ.
രാവിലെ മെട്രോ യാത്രയ്ക്കിടയിൽ സാങ്കേതിക കാരണങ്ങളാൽ മുൻപോട്ടുള്ള യാത്ര തടസ്സപ്പെട്ടിരിക്കുന്നുവെന്ന് അറിയിപ്പ് കിട്ടി. ഉടൻ യാത്രക്കാരെയെല്ലാം മെട്രോ ലിങ്ക് ബസിൽ കയറ്റി അതാത് സ്റ്റേഷനുകളിലേക്ക് എത്തിക്കാൻ അധികൃതർ സംവിധാനം ഒരുക്കി. ആ അവസരത്തിലാണ് ഞാൻ മനസ്സുകൊണ്ട് മറ്റൊരു യാത്ര കൂടി തരപ്പെടുത്തിയത്. പതിമൂന്ന് വർഷങ്ങൾക്കു ശേഷമാണ് സൂചി കുത്താൻ ഇടയില്ലാത്ത ബസിൽ സഞ്ചരിക്കുന്നത്.
ആ സമയത്താണ് പ്ലസ് ടു, കോളജ് കാലങ്ങളിലെ ബസ് യാത്രയിലേക്ക് ഓർമകളെ തിരിച്ചു വിട്ടത്. ബസിനു പിന്നിലുള്ള കലപിലക്കിടയിലും കണ്ണുകൾ ബസിനു മുന്നിൽ നിൽക്കുന്ന പെൺകുട്ടികളിലേക്ക് നീളും. വല്ലപ്പോഴുമൊക്കെ ഫുഡ്ബോഡിൽനിന്ന് ഡോർ തുറക്കാനും അടയ്ക്കാനുമൊക്കെ അവസരം ലഭിക്കുമ്പോൾ എല്ലാം തികഞ്ഞെന്നൊരു ഭാവം തോന്നും. തലേന്നു കണ്ട ക്രിക്കറ്റ് കളിയിലെ റോബിൻ സിങ്ങിന്റെ ഫീൽഡിങ്ങിനെയും അജയ് ജഡേജയുടെ വെടിക്കെട്ട് ബാറ്റിങ്ങിനെയും കുറിച്ചുള്ള വിലയിരുത്തൽ നടത്തും.
‘‘അളിയാ, കൊമേഴ്സിലെ അവളിന്നെന്നെ നോക്കിയെടാ’’ എന്ന് കൂടെനിൽക്കുന്നവനോടുള്ള പുളുവടി കേട്ട് സീറ്റിൽ ഇരിക്കുന്ന പ്രായമുള്ള വല്യപ്പൻ കലിപ്പിച്ചു നോക്കും. അനുവാദം ചോദിക്കാതെ, സീറ്റിലിരിക്കുന്ന യാത്രക്കാരന്റെ മടിയിലേക്ക് അയാൾക്ക് ചെയ്തുകൊടുക്കുന്ന വലിയ ഔദാര്യം പോലെ ബാഗ് വയ്ക്കുന്നതും അതിന്റെ മുകളിൽ ഒന്നൊന്നായി അട്ടിയടുക്കപ്പെടുന്ന ബാഗുകളിലേക്ക് അയാൾ ദയനീയമായി നോക്കും. കണ്ടക്ടറുടെ കണ്ണൊന്നു തെറ്റിയാൽ കൺസഷൻ പൈസ കൊടുക്കാതെ ചാടും. അങ്ങനെ ലാഭിച്ച പൈസകൊണ്ട് സിപ്പപ്പോ റോജാപാക്കോ എക്ലെയ്‌റോ നുണയും. പിന്നെ രണ്ടു ദിവസത്തേക്ക് ആ ബസ് പോകുന്നതു വരെ വെയ്റ്റിങ് ഷെഡിൽ പതുങ്ങിയിരിക്കും. ബസിറങ്ങി നടക്കുമ്പോൾ ഓടിയകലുന്ന ബസിലേക്ക് തിരിഞ്ഞു നോക്കാൻ തോന്നും. നോക്കിയാൽ ചില ദിവസങ്ങളിൽ ഡ്രൈവർ ചേട്ടന്റെ പിന്നിലെ ജനലിൽനിന്ന് ഇന്നും അജ്ഞാതമായ ആ വളയിട്ട കൈകൾ ടാറ്റാ തരും. അങ്ങനെ എത്രയെത്ര സുന്ദരമായ ഓർമകൾ. 13 വർഷത്തിനു ശേഷം അതെല്ലാം മനസ്സിലൂടെ വന്നുപോയ്ക്കൊണ്ടിരുന്നു.
അപ്രതീക്ഷിതമായി മെട്രോയിൽ വന്ന താമസം കാരണം ഓഫിസിലെത്താൻ സമയം വൈകിയതു കൊണ്ട് ബസ് നിർത്തിയ ഉടനെ സ്റ്റാഫ് എല്ലാവരും സമയത്ത് പഞ്ച് ചെയ്യാൻ ചിതറിയോടി. ഞാൻ മാത്രം നിരാശനായി. കോളജ് പടിയിൽനിന്നു മുണ്ടക്കയം തിയറ്റർ പടി വരെ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. നൊസ്റ്റാൾജിയയിൽ മുങ്ങി നിന്ന ഞാൻ. ഓടിപ്പിടിച്ച് ഓഫിസിൽ എത്തിയപ്പോൾ ‘എന്തേ വൈകിയതെന്ന്’ ടീം ലീഡർ.
പണ്ടത്തേക്കൊരു യാത്രപോയെന്നു ഞാൻ.
‘‘എന്തൊക്കെയാണ് പണ്ടത്തെ വിശേഷങ്ങൾ?. ഒന്നു രണ്ട് ദിവസം തങ്ങിയിട്ട് പോന്നാൽ പോരായിരുന്നോ’’ എന്ന് സരസനായ ട്യുണീഷ്യക്കാരൻ ടീം ലീഡർ.
വളരെ നാളുകൾക്കു ശേഷം ഒരു ബസ് യാത്ര സമ്മാനിച്ച ഓർമകളുടെ ബാക്കി താത്കാലികമായി രാത്രിയിലത്തേക്ക് മാറ്റി വച്ചു. കംപ്യൂട്ടർ തുറന്ന് ജോലിയിൽ മുഴുകി. ‘ഉപ്പും മുളകി’നും ശേഷം അടുത്ത പരമ്പര അതാവട്ടെ എന്നുറപ്പിച്ചു. ഇടയ്ക്കൊന്ന് അടുത്തിരിക്കുന്ന പാക്കിസ്ഥാനിയെ നോക്കിയപ്പോൾ അവൻ കസേരയിൽ തലയും ചായ്ച്ചു മുകളിലേക്ക് നോക്കി എന്തോ ആലോചിക്കുന്നു. ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയുമുണ്ട്. അതുതന്നെ. അവനും എന്റെ വാക്കുകൾ കടമെടുത്ത് ഒരുയാത്രപോയെന്നു തോന്നുന്നു. പോയകാലത്തേക്ക്...

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും
Content Summary : Career Guru Work Experience Series - Anas Doha Memoir